അമ്പലപ്പുഴ: സുഹൃത്തുക്കളുമൊത്ത് കടലിൽ കുളിക്കാനിറങ്ങിയ 16 കാരൻ തിരയിൽപ്പെട്ടു. പുറക്കാട് പഞ്ചായത്ത് പത്തൊൻപതാം വാർഡ് നടുവിലെ മഠത്തിൽ രാജേഷ്-റാണി ദമ്പതികളുടെ മകൻ സൂര്യനെ (16) ആണ് കടലിൽ കാണാതായത്. ശനിയാഴ്ച പകൽ മൂന്നോടെ കരൂർ പടിഞ്ഞാറ് കടലിലായിരുന്നു സംഭവം. അയൽവക്കത്തു തന്നെയുള്ള മുത്തശന്റെ അടിയന്തിരം കഴിഞ്ഞ് മറ്റു മൂന്ന് സുഹൃത്തുക്കളുമൊത്ത് കടലിൽ കുളിക്കാനിറങ്ങിയതായിരുന്നു.
അതിൽ രണ്ടു പേർ ഒഴുക്കിൽപ്പെട്ടു. കണ്ടുനിന്ന മത്സ്യത്തൊഴിലാളികൾ ഒരാളെ രക്ഷപ്പെടുത്തി. സൂര്യനെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും മാലയിൽ പിടിച്ചപ്പോൾ മാല പൊട്ടി സൂര്യൻ താഴ്ന്നു പോയി. ഉടൻ തന്നെ മത്സ്യത്തൊഴിലാളികളും വിവരമറിഞ്ഞെത്തിയ അമ്പലപ്പുഴ പോലീസും തകഴിയിൽ നിന്നെത്തിയ അഗ്നിരക്ഷാ സേനയും തോട്ടപ്പള്ളി കോസ്റ്റൽ പോലീസും തെരച്ചിൽ നടത്തിയെങ്കിലും കണ്ടുകിട്ടിയില്ല.