കോഴിക്കോട്: വലിയങ്ങാടി കുറ്റിച്ചിറ റോഡിൽ ഹൽവ ബസാർ റോഡരികിൽ ഗുരുതരമായ അപകടാവസ്ഥയിലുള്ള പഴക്കമേറിയ കെട്ടിടം അറ്റകുറ്റപണി നടത്തി സുരക്ഷിതമാക്കാനോ പൊളിച്ചു നീക്കാനോ നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കോഴിക്കോട് കോർപറേഷൻ സെക്രട്ടറിക്ക് നിർദ്ദേശം നൽകി.
നടപടി സ്വീകരിക്കുന്നതുവരെ കെട്ടിടത്തിലേക്ക് പൊതുജനങ്ങൾ പ്രവേശിക്കുന്നത് തടയുന്നതിനും പരിസരവാസികളുടെയും വഴിയാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും മുൻകരുതൽ നടപടികൾ തുടർന്നും സ്വീകരിക്കണമെന്ന് ഉത്തരവിൽ പറഞ്ഞു. ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ സമയബന്ധിതമായി കമ്മിഷനിൽ സമർപ്പിക്കണം.
കെട്ടിടം കേരള സംസ്ഥാന വഖഫ് ബോർഡിന്റെ അധീനതയിലുള്ളതാണെന്ന് കോർപറേഷൻ സെക്രട്ടറി കമ്മിഷനെ അറിയിച്ചു. പൊതുജനങ്ങൾക്കുണ്ടാകുന്ന അപകടങ്ങളുടെ ഉത്തരവാദിത്തം വഖഫ് ബോർഡിനായിരിക്കുമെന്നും നോട്ടീസിൽ പറഞ്ഞിട്ടുള്ളതായി സെക്രട്ടറി അറിയിച്ചു.
എന്നാൽ വഖഫ് ബോർഡ് ഫലപ്രദമായ നടപടികൾ ഇതുവരെ സ്വീകരിച്ചിട്ടില്ലെന്ന് റിപ്പോർട്ടിൽ പറഞ്ഞു. കെട്ടിടത്തിൽ ആരും പ്രവേശിക്കരുതെന്ന് ആവശ്യപ്പെട്ട് സീൽ ചെയ്തിട്ടുണ്ട്. ഇതിനുശേഷം കെഎസ്ഇബി ജീവനക്കാർ കെട്ടിടത്തിലെ വൈദ്യുതി കണക്ഷനുകൾ വിഛേദിച്ചിട്ടുണ്ടെന്ന് കെഎസ്ഇബി അസിസ്റ്റന്റ് എൻജിനിയർ കമ്മിഷനെ അറിയിച്ചു. അപകടാവസ്ഥയിലുള്ള കെട്ടിടം നിലനിൽക്കുന്നത് പൊതുസുരക്ഷക്ക് ഭീഷണിയായി തുടരുകയാണെന്ന് ഉത്തരവിൽ പറഞ്ഞു.
അതിനാൽ കെട്ടിട ഉടമയോ ബന്ധപ്പെട്ട അധികാരികളോ അടിയന്തരമായി കെട്ടിടം അറ്റകുറ്റപണി നടത്തി സുരക്ഷിതമാക്കുകയോ പൊളിച്ചു നീക്കുകയോ ചെയ്തതായി ഉറപ്പാക്കണം. അതിന് വീഴ്ച വരുത്തിയാൽ കേരള മുൻസിപ്പാലിറ്റി നിയമം 1994 ലെ പ്രസക്തമായ വ്യവസ്ഥകൾ പ്രകാരം കോർപറേഷൻ നേരിട്ട് നടപടി സ്വീകരിക്കണമെന്ന് കെ. ബൈജുനാഥ് നിർദ്ദേശിച്ചു. പന്നിയങ്കര സ്വദേശി റോസ് മസൂദ് സമർപ്പിച്ച പരാതിയിലാണ് നടപടി.