മുക്കം : പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിച്ച സ്വകാര്യ ഹോട്ടലിന് മുക്കം നഗരസഭ പിഴ ചുമത്തി. അഗസ്ത്യൻമുഴി അങ്ങാടിയിൽ പ്രവർത്തിക്കുന്ന നഹ്ദി കുഴിമന്തി എന്ന സ്ഥാപനത്തിനാണ് നഗരസഭയുടെ ആരോഗ്യവിഭാഗം പതിനായിരം രൂപ പിഴ ചുമത്തിയയത്.
ഹോട്ടൽ വളപ്പിൽ വൻതോതിൽ പ്ലാസ്റ്റിക് കവറുകളും മറ്റ് അജൈവ മാലിന്യങ്ങളും കൂട്ടിയിട്ട് കത്തിക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നഗരസഭയുടെ അടിയന്തര ഇടപെടൽ.
ഹെൽത്ത് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി നിയമലംഘനം ബോധ്യപ്പെട്ടതിനെ തുടർന്നാണ് നടപടി സ്വീകരിച്ചത്. മാലിന്യങ്ങൾ ഹരിതകർമ്മ സേനയ്ക്ക് കൈമാറാതെ വീട്ടുവളപ്പിൽ കത്തിച്ചതിന് കച്ചേരി ഡിവിഷനിലെ ഒരു വീട്ടുടമയിൽ നിന്നും പിഴ ഈടാക്കിയിട്ടുണ്ട്.