ന്യൂഡൽഹി: വോട്ടുകൊള്ള ആരോപണത്തിൽ മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരായ ജനകീയ വിചാരണയ്ക്കു പിന്നാലെ ജനലക്ഷങ്ങളെ അണിനിരത്തി, പ്രതിപക്ഷ ഇന്ത്യ സഖ്യത്തിന്റെ ശക്തിയും ഐക്യവും വിളിച്ചോതി "ചലോ ദില്ലി' മഹാറാലി.
പ്രതിപക്ഷസഖ്യം ഒന്നടങ്കം വോട്ടുകൊള്ളയ്ക്കെതിരേ തെരുവിലിറങ്ങിയപ്പോൾ തലസ്ഥാനനഗരി ഇതുവരെ കാണാത്ത പ്രതിഷേധാരവമാണ് തെരുവുകളിലും രാംലീല മൈതാനത്തും അലയടിച്ചത്.
പ്രതിഷേധക്കാരുടെ വരവ് വിവിധ വഴികളിലൂടെ തടയാൻ ഭരണകൂടം ശ്രമിച്ചെങ്കിലും ലക്ഷക്കണക്കിനു ജനങ്ങളാണ് സമരഭൂമിയിലേക്ക് ഒഴുകിയെത്തിയത്. ഇരുപതിലധികം പ്രതിപക്ഷ പാർട്ടികളും സഖ്യത്തിനു പുറത്തുള്ള വിവിധ യുവജന-വിദ്യാർഥി സംഘടനകളും സമരത്തിൽ അണിചേർന്നു.
ഡൽഹി മിന്റോ ബ്രിഡ്ജ് റോഡിൽനിന്നു രാംലീല മൈതാനത്തേക്കു നടന്ന മാർച്ചിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ സഖ്യത്തിലെ പ്രമുഖ നേതാക്കളായ അഖിലേഷ് യാദവ്, എം.എ. ബേബി, മമത ബാനർജി, തേജസ്വി യാദവ്, ഡി. രാജ, ഫറൂഖ് അബ്ദുള്ള, ദീപാങ്കർ ഭട്ടാചാര്യ, പ്രിയങ്ക ഗാന്ധി, സുപ്രിയ സുലെ എന്നിവർക്കു പിന്നാലെ കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ, തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢി തുടങ്ങിയ നേതാക്കളും പിസിസി അധ്യക്ഷന്മാരും വിവിധ സംസ്ഥാനങ്ങളിലെ മന്ത്രിമാരും എംപിമാരും പ്രത്യേക വാഹനങ്ങളിൽ അണിനിരന്നു.
മിന്റോ റോഡിൽ തടിച്ചുകൂടിയ ജനസഞ്ചയത്തെ നിയന്ത്രിക്കാൻ കനത്ത സുരക്ഷാസന്നാഹങ്ങളാണ് പൊലിസ് ഒരുക്കിയിരുന്നത്.
രാംലീല മൈതാനത്ത് എത്തിച്ചേർന്ന മഹാറാലി രാജ്യത്തിന്റെതന്നെ രാഷ്ട്രീയശ്രദ്ധ ആകർഷിക്കുന്ന വലിയൊരു ജനകീയ മുന്നേറ്റമായി മാറി. ഗ്യാനേഷ് കുമാറാണു തെരഞ്ഞെടുപ്പ് അട്ടിമറികൾക്കു നേതൃത്വം നൽകിയതെന്നും ഇതിനു പിന്നിൽ നരേന്ദ്ര മോദിയും അമിത് ഷായുമാണെന്നും നേതാക്കൾ പ്രസംഗത്തിൽ ആഞ്ഞടിച്ചു. ഗ്യാനേഷിനെ പുറത്താക്കുന്നതുവരെ പോരാട്ടം തുടരുമെന്ന പ്രഖ്യാപനത്തോടെയാണു മഹാറാലി സമാപിച്ചത്.