Business
ജപ്പാൻ ഒസാക്കയിൽ റബറിനു താങ്ങായി കാലാവസ്ഥയും വിനിമയ വിപണിയിലെ ചാഞ്ചാട്ടങ്ങളും. നിക്ഷേപകരും വ്യവസായികളും റബറിൽ തണുപ്പൻ മനോഭാവം പുലർത്തി.
കേരളത്തിൽ ഷീറ്റ് പുതിയ റിക്കാർഡ് സ്ഥാപിച്ചു. ഏലക്ക ഉത്പാദനം കുറയുമെന്ന വിലയിരുത്തൽ ഉയർന്ന വിലയ്ക്ക് വഴിയൊരുക്കാം, ഇറക്കുമതി രാജ്യങ്ങൾ ലേല കേന്ദ്രങ്ങളിലെ ചലനങ്ങളെ സസൂക്ഷ്മം നിരീക്ഷിക്കുന്നു. അന്തർസംസ്ഥാന ഇടപാടുകാരും ഊഹക്കച്ചവടക്കാരും കിണഞ്ഞ് ശ്രമിച്ചിട്ടും കുരുമുളകിനെ തളർത്താനായില്ല. ചിങ്ങത്തിലെ വൻ ഡിമാൻഡിൽ കൊപ്രയാട്ട് മില്ലുകാർ പ്രതീക്ഷ നിലനിർത്തിയതോടെ വെളിച്ചെണ്ണ ചൂടുപിടിക്കുന്നു.
റബർ അവധി വ്യാപാര കേന്ദ്രങ്ങളിൽ നിക്ഷേപകർ സ്വീകരിച്ച തണുപ്പൻ മനോഭാവത്തിനിടയിൽ കർഷക രക്ഷയ്ക്ക് കാലാവസ്ഥയും ഫോറെക്സ് മാർക്കറ്റിൽ യെന്നിന്റെ മൂല്യത്തകർച്ചയും തുണയായി. ജാപ്പനീസ് എക്സ്ചേഞ്ചിൽ റബർ സാങ്കേതികമായി സെല്ലിംഗ് മൂഡിലേക്ക് പ്രവേശിച്ചതിനാൽ സിംഗപ്പുർ, ചൈനീസ് മാർക്കറ്റുകളും ഇടപാടുകാർ പുതിയ ബാധ്യതകളിൽ നിന്നും അൽപ്പം വിട്ടുനിന്നത് വിപണിയുടെ അടിത്തറ അല്പം ദുർബലമാക്കി.
വാരാരംഭത്തിൽ തായ്ലൻഡിലെ ശക്തമായ മഴ ഷീറ്റ് ലഭ്യതയ്ക്ക് കാലതാമസമുണ്ടാകുമെന്നു ഭയന്ന് ഊഹക്കച്ചവടക്കാർ വില്പനകൾ തിരിച്ചുപിടിക്കാൻ മത്സരിച്ചത് ജപ്പാനിൽ റബറിനെ 418 യെന്നിൽനിന്ന് 435ലേക്ക് ഉയർത്തി. 50 ദിവസങ്ങളിലെ ശരാശരിയായ 422ലെ പ്രതിരോധം തകർത്താൽ 433 – 438 യെൻ വരെ മുന്നേറാമെന്നു മുൻ ലക്കം നൽകിയ സൂചന ഇതിനിടയിൽ വിപണി ശരിവച്ചു. അതേസമയം പിന്നിട്ട മൂന്നാഴ്ചകളിൽ സൂചിപ്പിച്ച 422ലെ പ്രതിരോധത്തിനു മുകളിൽ അധിക നേരം പിടിച്ചുനിൽക്കാനായില്ല, ഇടപാടുകാർ ലാഭമെടുപ്പിനു പ്രകടിപ്പിച്ച തിടുക്കത്തിൽ 418ലേക്ക് വാരാന്ത്യം ഇടിഞ്ഞു.
പുതിയ സാഹചര്യത്തിൽ ജപ്പാനീസ് റബറിൽ 422 - 435 യെന്നിൽ പ്രതിരോധം. ഇത് മറികടക്കാനായാൽ 478 യെൻ വരെ കുതിക്കാം. ആദ്യ പ്രതിരോധ മേഖലയിൽ കാലിടറിയാൽ റബർ 410-400 യെന്നിലേക്ക് വീണ്ടും പരീക്ഷണങ്ങൾ നടക്കും. 400 യെന്നിലെ നിർണായക താങ്ങ് നിലനിൽക്കുവോളം ഉത്പാദക രാജ്യങ്ങൾക്ക് ആശങ്ക വേണ്ട.
തായ്ലൻഡ് അടക്കമുള്ള തെക്ക് കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ റബർ ടാപ്പിംഗ് വൈകാതെ ശക്തമാക്കും. ബാങ്കോക്കിൽ റബർ കിലോ 287 രൂപയിൽ നിന്നും 293 രൂപ വരെ കയറിയ ശേഷം 288ലാണ്. തൊട്ട് മുൻവാരവും ക്ലോസിംഗിൽ 288 രൂപയിലെ പ്രതിരോധം തകർക്കാനാവാഞ്ഞത് ദുർബലാവസ്ഥയ്ക്ക് ഇടയാക്കാം. അതേസമയം, പശ്ചിമേഷ്യൻ സംഘർഷത്തിനിടയിൽ ആഗോള ക്രൂഡ് ഓയിൽ വില ഉയരുന്നത് കൃത്രിമ റബർ വിലയും ഉയർത്തും, ഇത് സ്വാഭാവിക റബറിനു താങ്ങാകും.
ഇന്ത്യൻ ടയർ നിർമാതാക്കൾ കൊച്ചി, കോട്ടയം വിപണികളിലെ ഷീറ്റ് ക്ഷാമത്തിൽ നട്ടം തിരിയുന്നു. നാലാം ഗ്രേഡ് കിലോ 280 രൂപയിൽ നിന്നും 283 രൂപ വരെ ഉയർത്തിയെങ്കിലും ക്ലോസിംഗിൽ 280ലാണ്. അഞ്ചാം ഗ്രേഡ് 276 രൂപയിലും. ഒട്ടുപാൽ നാലു രൂപ ഉയർന്ന് 184 രൂപയിലെത്തി. ലാറ്റക്സ് 172ൽനിന്നു 177 രൂപയായും വർധിച്ചു. റെയിൻ ഗാർഡ് ഇട്ടതോട്ടങ്ങളിൽ വെട്ട് നടക്കുന്നുണ്ടെങ്കിലും പകൽ ഉയർന്ന താപനില അനുഭവപ്പെടുന്നത് മരങ്ങളിൽ നിന്നുള്ള യീൽഡ് ചുരുങ്ങാൻ ഇടയാക്കി.
ഏലത്തോട്ടങ്ങൾ പരുങ്ങലിൽ
കാലവർഷത്തിനിടയിൽ അപൂർവം മാത്രം സംഭവിക്കുന്ന ഉയർന്ന പകൽ താപനില മൂലം ഹൈറേഞ്ചിലെ ഏലത്തോട്ടങ്ങളുടെ സ്ഥിതി പരുങ്ങലിൽ. എൽ - നിനോ കാലാവസ്ഥ പ്രതിഭാസത്തിനിടയിൽ മഴയുടെ ലഭ്യത കുറഞ്ഞത് കാർഷിക മേഖലയിൽ ആശങ്കപരത്തി. സാധാരണ കാലവർഷത്തിന്റെ വരവ് ആഘോഷമാക്കി ഓഗസ്റ്റിൽ ഏലത്തോട്ടങ്ങളിൽ ബംപർ വിളവെടുപ്പിന് അവസരം ലഭിച്ചിരുന്നു. എന്നാൽ, ഇക്കുറി മഴ ചതിച്ചതോടെ കർഷകർ പ്രതിസന്ധിലായി. പല തോട്ടങ്ങളിലും യഥാസമയം വള പ്രയോഗങ്ങൾക്ക് പോലും അവസരം ലഭിച്ചില്ല. ചില തോട്ടങ്ങൾ കീടബാധ ആക്രമണങ്ങളും വ്യാപകമായി. മുന്നിലുള്ള മാസങ്ങളിൽ ഉത്പാദനം ചുരുങ്ങാൻ ഇടയുണ്ട്.
ഓഗസ്റ്റ്-ഒക്ടോബറിലെ ഉത്തരേന്ത്യൻ ഉത്സവ ഡിമാൻഡും ചരക്ക് ക്ഷാമവും നിലവിലെ കിലോ 3001 രൂപയിൽ നിന്നും ഏലത്തെ 3500-4000 വരെ ഉയർത്താം. ദക്ഷിണേന്ത്യൻ ഏലത്തോട്ടങ്ങൾ അഭിമുഖീകരിക്കുന്ന കാലാവസ്ഥാ മാറ്റങ്ങൾ മുൻനിർത്തി അറബ് രാജ്യങ്ങളിൽനിന്നും യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും അന്വേഷണങ്ങൾ എത്തി.
കാപ്പി വില ഉയർന്നേക്കും
രാജ്യാന്തര കാപ്പി വില ഉയരാൻ സാധ്യത. കാപ്പി ഉത്പാദനത്തിലും കയറ്റുമതിയിലും മുന്നിലുള്ള ബ്രസീലിൽ വിളവ് ചുരുങ്ങുമെന്നാണ് ഏറ്റവും പുതിയ വിവരം. കനത്ത മഴയിൽ വിളവെടുപ്പ് വേണ്ട വിധം പൂർത്തിയാക്കാനായില്ല. നിലവിൽ എൽ - നിനോ പ്രതിഭാസത്തെ തുടർന്നു പകൽ താപനില ഉയർന്നത് അടുത്ത സീസണിൽ അറബിക്ക കാപ്പിയുടെ ഗുണനിലവാരത്തെയും വിളവിനെയും ബാധിക്കുമെന്ന ആശങ്കയിലാണ് ബ്രസീലിയൻ കർഷകർ. അടുത്ത സീസണിൽ വിളവ് ഇരുപത് ശതമാനം വരെ കുറയാം.
ദക്ഷിണേന്ത്യയിൽ കാപ്പി ഉത്പാദനം കഴിഞ്ഞ സീസണിനേക്കാൾ ഉയരുമെന്നാണ് കർണാടകത്തിലെ വൻകിട തോട്ടങ്ങളിൽനിന്നുള്ള സൂചന. കേരളത്തിൽ റോബസ്റ്റ, അറബിക്ക കാപ്പി ഉത്പാദനവും വർധിക്കാം. വയനാടൻ കാപ്പി പരിപ്പ് 38,500 രൂപയിലും ഉണ്ട കാപ്പി 54 കിലോ 11,700 രൂപയിലുമാണ്.
വില ഉയർന്ന് കറുത്തപൊന്ന്
ഉത്തരേന്ത്യൻ വ്യവസായികൾ ചുളു വിലയ്ക്ക് കുരുമുളക് കൈക്കലാക്കാൻ നടത്തിയ ശ്രമം വിജയിക്കാതെ വന്നതോടെ വാരത്തിന്റെ രണ്ടാം പകുതിയിൽ അവർ നിരക്ക് ഉയർത്തി. ഹൈറേഞ്ചിൽ നിന്നും മറ്റ് ഭാഗങ്ങളിൽനിന്നും ടെർമിനൽ മാർക്കറ്റിലേക്കുള്ള നാടൻ മുളക് വരവ് കുറഞ്ഞു. അൺഗാർബിൾഡ് കുരുമുളക് 69,600 രൂപയിൽനിന്നും 70,000 രൂപയായി. ഗാർബിൾഡ് 73,000 രൂപയിലുമാണ്. അന്താരാഷ്ട്ര മാർക്കറ്റിൽ ഇന്ത്യൻ മുളക് വില ടണ്ണിന് 7650 ഡോളർ. ഇന്തോനേഷ്യ 6600 ഡോളറിനും ബ്രസീൽ 6000 ഡോളറിനും വിയറ്റ്നാം 6200 ഡോളറിനും ക്വട്ടേഷൻ ഇറക്കി.
വെളിച്ചെണ്ണ പ്രതീക്ഷയിൽ
ചിങ്ങത്തിലെ വൻ ഡിമാൻഡ് മുന്നിൽകണ്ട് കൊപ്രയാട്ട് വ്യവസായികൾ വെളിച്ചെണ്ണയിൽ സ്വപ്നങ്ങൾ നെയ്തുകൂട്ടുന്നു. തമിഴ്നാട്ടിലെ കൊപ്രയാട്ട് വ്യവസായികൾ കനത്തതോതിൽ എണ്ണ ശേഖരിച്ചിട്ടുള്ളതായാണ് അവിടെ നിന്നുള്ള രഹസ്യ വിവരം. കൊച്ചിയിൽ വെളിച്ചെണ്ണ 22,500 രൂപയിൽ നിന്ന് 23,000 രൂപയായി.
കൊപ്ര 500 രൂപയുടെ മികവിൽ 14,200 രൂപയിലെത്തി. മുൻ വാരം സൂചന നൽകിയതാണു കർക്കടകത്തിൽ വിപണിയെ 23,000നു മുകളിൽ പിടിച്ചുനിർത്താനായാൽ ചിങ്ങത്തിൽ വെളിച്ചെണ്ണയെ 25,000 കടത്തുകയാണ് അവരുടെ ലക്ഷ്യമെന്ന്.
Business
അനുകൂല കാലാവസ്ഥ ചവിട്ടുപടിയാക്കി ചെറുകിട കർഷകർ റബർ വെട്ടിന് ഉത്സാഹിച്ചപ്പോൾ പല വൻകിട തോട്ടങ്ങളും ഇതര സംസ്ഥാന തൊഴിലാളികളുടെ വരവിനായി കാത്തിരിക്കുന്നു. കൊപ്രയുടെ വില തകർച്ച നാളികേര കർഷകരെ പ്രതിസന്ധിലാക്കി. ഹൈറേഞ്ചിൽനിന്നുള്ള കുരുമുളക് നീക്കം ചുരുങ്ങി, നിരക്ക് ഉയർത്താതെ അന്തർസംസ്ഥാന വ്യാപാരികൾ സംഘടിതരായി ദക്ഷിണേന്ത്യൻ സ്റ്റോക്കിസ്റ്റുകളെ വെല്ലുവിളിക്കുന്നു. കാലാവസ്ഥ അനുകൂലമായതോടെ ഏലത്തോട്ടങ്ങൾ വീണ്ടും സജീവം.
കർഷകർ ടാപ്പിംഗിൽ
സംസ്ഥാനത്തിന്റെ ഒട്ടുമിക്ക ഭാഗങ്ങളിലെയും ചെറുകിട കർഷകർ ടാപ്പിംഗിനു മത്സരിക്കുന്നു. വിപണി വില പുതിയ ഉയരങ്ങളിലേക്കു ചുവടുവയ്ക്കുന്നതിനാൽ ഉത്പാദനം പരമാവധി ഉയർത്താനുള്ള എല്ലാ ശ്രമങ്ങളും കർഷക കുടുംബങ്ങൾ നടത്തുന്നുണ്ട്. ജൂൺ രണ്ടാം പകുതിയിലേക്ക് പ്രവേശിക്കുമ്പോൾ ഷീറ്റും ലാറ്റക്സും അവർ വില്പനയ്ക്ക് ഇറക്കിത്തുടങ്ങും. നാലാം ഗ്രേഡ് റബർ വില കിലോ 273 രൂപ വരെ ഉയർന്നതു കർഷകർക്കു വിപണിയിലുള്ള വിശ്വാസം ഇരട്ടിപ്പിച്ചു. കഴിഞ്ഞ വർഷം ഇതേ സന്ദർഭത്തിൽ നിരക്ക് 197 രൂപ മാത്രമായിരുന്നു.
ഏഷ്യൻ അവധി വ്യാപാര കേന്ദ്രങ്ങളിൽ റബർ ചാഞ്ചാട്ടത്തിലായിരുന്നു. ജപ്പാനിൽ നിരക്ക് കിലോ 424 യെന്നിൽ നിന്നും വാരമധ്യം 415 യെന്നിലേക്ക് ഇടിഞ്ഞ ശേഷം ശക്തമായ തിരിച്ചുവരവിൽ 431ലേക്ക് ഉയർന്നു. കഴിഞ്ഞ വർഷം ഇതേ സന്ദർഭത്തിൽ നിരക്ക് കിലോ 290 യെന്നായിരുന്നു.
ചൈനീസ് വ്യാവസായിക മേഖലയിൽ നിന്നുള്ള ആവശ്യക്കാരുടെ അഭാവം നിലനിന്നു. ഏഷ്യൻ ഉത്പാദക രാജ്യങ്ങൾ ടാപ്പിംഗ് സീസണിന് ഒരുങ്ങുന്നതിനാൽ മാസാവസാനതോടെ ഷീറ്റ് ലഭ്യത ഉയരുമെന്ന കണക്കുകൂട്ടലിലാണു വ്യവസായികൾ. ഇതിനിടയിൽ ബാങ്കോക്കിൽ റബർ വില 302 രൂപ വരെ ഉയർന്നത് ഇറക്കുമതി രാജ്യങ്ങളിൽ ഞെട്ടലുളവാക്കി. 300 രൂപയിലേക്ക് വിപണി ഒരിക്കലും പ്രവേശിക്കില്ലെന്ന കണക്കുകൂട്ടലിലായിരുന്നു ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലെ പല വൻകിട ടയർ നിർമാതാക്കളും.
വില ഉയരാതെ നാളികേരോത്പന്ന വിപണി
നാളികേരോത്പന്നങ്ങൾ തുടർച്ചയായ വില ഇടിവിനിടയിൽ സ്ഥിരതയ്ക്ക് ശ്രമം നടത്തിയെങ്കിലും കൊപ്രാ വിപണിയോട് മില്ലുകാർ കാണിച്ച തണുപ്പൻ മനോഭാവം തിരിച്ചടിയായി. പച്ചത്തേങ്ങയ്ക്കും കൊപ്രയ്ക്കും വ്യാവസായിക ആവശ്യം ഉയർന്നാൽ മാത്രമേ വിലക്കയറ്റത്തിനു സാഹചര്യം ഒരുങ്ങൂ. പ്രാദേശിക മാർക്കറ്റുകളിലും വിദേശത്തും വെളിച്ചെണ്ണയ്ക്ക് ആവശ്യക്കാർ കുറവാണ്. വാരാന്ത്യം കൊച്ചിയിൽ വെളിച്ചെണ്ണ 22,200 രൂപയിലും കൊപ്ര 12,900 രൂപയിലും ക്ലോസിംഗ് നടന്നു. ദക്ഷിണേന്ത്യയിൽ നാളികേര ഉത്പാദനം ഉയർന്നതും മുന്നേറ്റത്തിനു തടസമായി.
കുരുമുളകിൽ ആശ്വാസം
അന്തർസംസ്ഥാന വ്യാപാരികൾ ഒടുവിൽ വില ഉയർത്തി കുരുമുളക് ശേഖരിച്ചു. ഹൈറേഞ്ചിലെയും മറ്റ് ഭാഗങ്ങളിലെയും കർഷകർ നാടൻ ചരക്ക് വില്പന നിയന്ത്രിച്ചതാണു നിരക്ക് ഉയർത്താൻ വാങ്ങലുകാരെ പ്രേരിപ്പിച്ചത്. ഉത്സവ കാല ആവശ്യങ്ങൾക്ക് ഉത്തരേന്ത്യയിൽ ഉയർന്ന അളവിൽ ചരക്ക് ആവശ്യമുണ്ട്. എന്നാൽ, നിരക്ക് ഇടിച്ച് പരമാവധി ചരക്ക് കൈക്കലാകാൻ അവർ എല്ലാ അടവുകളും വിപണിയിൽ പരീക്ഷിക്കുന്നുണ്ട്. ഇതിനിടയിൽ കർണാടകത്തിലെ അർധസർക്കാർ സ്ഥാപനം കർഷകരിൽനിന്നും കുരുമുളക് സംഭരണത്തിന് ഉത്സാഹിച്ചു. വില ഉയരുമെന്ന വിശ്വാസത്തിൽ അവിടത്തെ കർഷകർ കാര്യമായി ചരക്ക് വില്പന നടത്തുന്നില്ല. കൊച്ചിയിൽ അൺഗാർബിൾഡ് കുരുമുളക് 69,600 രൂപ. അന്താരാഷ്ട്ര മാർക്കറ്റിൽ മലബാർ മുളക് വില ടണ്ണിന് 7650 ഡോളർ.
ഏലത്തോട്ടങ്ങൾ സജീവമാകുന്നു
കാലാവസ്ഥ മാറ്റങ്ങൾക്കിടയിൽ ഏലത്തോട്ടങ്ങൾ വീണ്ടും സജീവമാക്കുന്നു. മാസാന്ത്യതോടെ വിളവെടുപ്പ് വീണ്ടും സജീവമാകുമെന്ന നിഗമനത്തിലാണ് ഒരു വിഭാഗം കർഷകർ. കയറ്റുമതിക്കാരും അന്തർസംസ്ഥാന വാങ്ങലുകാരും ലേല കേന്ദ്രങ്ങളിൽനിന്നും ലഭ്യമാവുന്ന ചരക്കത്രയും ശേഖരിക്കുന്നുണ്ട്. ശരാശരി ഇനങ്ങൾ കിലോ 2648 രൂപയിലും മികച്ചയിനങ്ങൾ 3489 രൂപയിലും വാരാന്ത്യം ഇടപാടുകൾ നടന്നു.
District News
ഉപ്പുതറ: മാമരത്ത് മുട്ടയിൽ വയൽതറ വീട്ടിൽ പി. രഘുവിന്റെ രണ്ടേക്കറോളം വരുന്ന ഏലത്തോട്ടം വൈദ്യുതിലൈൻ പൊട്ടിവീണ് കത്തിനശിച്ചു. വെള്ളിയാഴ്ചയാണ് സംഭവം. എൽടി ലൈൻ പൊട്ടിവീഴുന്നതു കണ്ട് ഉടമ ഓടിയെത്തിയപ്പോഴേക്കും തോട്ടത്തിന്റെ ഭൂരിഭാഗവും അഗ്നിക്കിരയായിരുന്നു.
ലക്ഷക്കണക്കിനു രൂപയുടെ നഷ്ടമാണ് ഉണ്ടായിരി ക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് രഘു കെഎസ്ഇബി. അസിസ്റ്റന്റ് എൻജിനിയർക്ക് പരാതി നൽകി.. ഏലത്തിന് തണലേകാൻ കെട്ടിയിരുന്ന പച്ച നെറ്റ് കാറ്റിൽ മുകളിലേക്ക് ഉയർന്ന് ലൈനിൽ തട്ടിയതാകാം തീപിടിത്തത്തിന് കാരണമെന്ന് കെഎസ്ഇബി അധികൃതർ പറഞ്ഞു.
വർഷങ്ങളോളം പരിപാലിച്ചുപോന്ന കൃഷി നശിച്ചതോടെ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് രഘു.. കൃത്യമായ അന്വേഷണം നടത്തി അർഹമായ നഷ്ടപരിഹാരം നൽകണമെന്നാണ് രഘുവിന്റെ ആവശ്യം.
Kerala
കട്ടപ്പന: ഹൈറേഞ്ച് വറുതിയിലേക്ക്. അന്തരീക്ഷ ഊഷ്മാവ് ശരാശരിയും കടന്ന് ഉച്ചസ്ഥായിലേക്കു നീങ്ങുകയാണ്. ഇന്നലെ വണ്ടന്മേട് മേഖലയിൽ ചൂട് 32 ഡിഗ്രി സെൽഷസിലെത്തി. ദിവസവും ചൂട് വർധിക്കുന്നതോടെ ഏലം കൃഷി നാശത്തിന്റെ വക്കിലാണ്.
ഏലം പരമാവധി 30 ഡിഗ്രി സെൽഷസ് വരെ നിലനിൽക്കുമെന്നാണ് നിലവിലെ കണക്ക്. അതിനു മുകളിലേക്കു ചൂട് വർധിച്ചാൽ ഏലച്ചെടി ഉണങ്ങി നശിക്കും. രണ്ടു വർഷം മുന്‍പ് ഏലം മേഖലയിൽ ചൂട് 36 ഡിഗ്രിവരെ എത്തിയിരുന്നു.
അന്ന് ഏലച്ചെടികൾ വ്യാപകമായി ഉണങ്ങി നശിച്ചു. ഇത്തവണയും മണ്‍സൂണ്‍ വൈകുമെന്നാണ് കാലാവസ്ഥാ പ്രവചനമുള്ളത്. മഴ വൈകുകകൂടി ചെയ്താൽ ഏലം കൃഷി പിടിച്ചുനിൽക്കില്ല. ഹൈറേഞ്ചിലെ ഏറ്റവും പ്രധാന കാർഷികവിള ഏലമാണ്. ഇതിനുണ്ടാകുന്ന പ്രതിസന്ധി ഹൈറേഞ്ചിന്റെ സാന്പത്തിക മേഖലയെ തകിടംമറിക്കും.
ഇപ്പോൾ കൃഷി 60,000 ഹെക്ടർവരെ വ്യാപിച്ചിട്ടുണ്ടെന്നാണ് ഏകദേശ കണക്ക്. ചെറുകിട മേഖലയിലാണ് കൃഷിവ്യാപനം ഉണ്ടായിട്ടുള്ളത്.ചൂട് വർധിക്കുന്നത് ചെറുകിട മേഖലയെയാണ് പ്രധാനമായും പ്രതികൂലമായി ബാധിക്കാൻ സാധ്യതയുള്ളത്. തോട്ടം മേഖലയിലെ മണ്ണും തണലും കൃഷിയെ ഒരു പരിധിവരെ സംരക്ഷിച്ചു നിർത്താൻ ഉപയുക്തമാണെങ്കിലും ചെറുകിട മേഖലയിൽ ഇത് അത്ര പര്യാപ്തമല്ല.
മൂന്നു വർഷമായി ഏലത്തിനു സാമാന്യം ഭേദപ്പെട്ട വില ലഭിക്കുന്നുണ്ട്. ഇന്നലെ ഏലം കിലോക്ക് 4,000 രൂപ ഉയർന്ന വിലയും 2,700 രൂപ ശരാശരി വിലയും ലഭിച്ചു. വേനൽ കൂടിയാൽ വില ഇനിയും വർധിക്കാനാണ് സാധ്യത. എന്നിരുന്നാലും കായ് പിടിച്ചുവയ്ക്കുന്നത് ഗുണകരമാകില്ലെന്നും പറയുന്നുണ്ട്.
ഏലം ഉത്പാദനത്തിന്റെ ചെലവും ക്രമാതീതമായി വർധിപ്പിച്ചിട്ടുണ്ട്.
ഒരുകിലോ ഏലം ഉദ്പാദിപ്പിക്കാൻ 700 മുതൽ 1000 രൂപവരെ ചെലവുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ ഇത് 1,200നു മുകളിലായിട്ടുണ്ട്. വളം, കീടനാശിനികളുടെ വിലവർധനവും തൊഴിലാളികളുടെ വേതന വർധനവും തൊഴിലാളികളുടെ തൊഴിൽസമയത്തെ കുറവുമാണ് ചെലവു വർധിപ്പിക്കുന്നത്. ഏലത്തിനു വില ഇടിഞ്ഞാലും ചെലവു കുറയാനുള്ള സാധ്യത തീരെ ഇല്ല.
വേനൽ മൂലമുണ്ടാകുന്ന ഉത്പാദന കുറവുംകൂടി ആയാൽ പ്രതിസന്ധി രൂക്ഷമാകും. ഇന്നത്തെ നിലയിൽ വേനൽ 15 ദിവസത്തിൽ കൂടുതൽ നിലനിന്നാൽ പ്രതിസന്ധി രൂക്ഷമാകും. ഓഗസ്റ്റിൽ ആരംഭിക്കേണ്ട വിളവെടുപ്പു സീസണ് മഴ മാറിനിന്നാൽ വൈകും. ജൂണിൽ മഴ ലഭിച്ചാൽ മാത്രമേ ഓഗസ്റ്റിൽ വിളവെടുപ്പ് ആരംഭിക്കാനാകൂ.
District News
ഇടുക്കി: മികച്ച ചെറുകിട ഏലം കര്‍ഷകര്‍ക്ക് സ്പൈസസ് ബോര്‍ഡ് നല്കുന്ന അവാര്‍ഡുകള്‍ ചെയര്‍പേഴ്സണ്‍ അഡ്വ. സംഗീത വിശ്വനാഥന് ഇന്നു രാവിലെ 11ന് നെടുങ്കണ്ടത്ത് വിതരണം ചെയ്യും.
2023 മുതല്‍ 2026 വരെ മൂന്ന് വര്‍ഷങ്ങളിലെ വിജയികള്‍ക്കുള്ള അവാര്‍ഡുകളാണ് വിതരണം ചെയ്യുന്നത്. 2023 - 24 വര്‍ഷം തമിഴ്നാട് ബോഡിനായ്ക്കനൂര്‍ സ്വദേശി എസ്. മാധവനാണ് ഒന്നാം സമ്മാനം. തേനി സ്വദേശി ജെ.ബി. മുരുകേശന്, പത്തനംതിട്ട സ്വദേശിനി ടെസി എഫ്. ഉമ്മന്‍ എന്നിവര്‍ രണ്ടാം സമ്മാനം നേടി.
2024-25 വര്‍ഷത്തില്‍ തമിഴ്നാട് ഡിണ്ടിഗല്‍ സ്വദേശി സി. തമിഴ് വേടന് ഒന്നാം സമ്മാനവും ഡിണ്ടിഗല്‍ സ്വദേശി ആര്. മുത്തുപ്പാണ്ടി, ഇടുക്കി സ്വദേശിനി സി.കെ. രാധ എന്നിവര്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. 2025 - 26 വര്‍ഷം പുറ്റടി സ്വദേശി പയസ് ജോസഫിനാണ് ഒന്നാം സമ്മാനം. മുരിക്കുംതൊട്ടി സ്വദേശി എ.യു. തങ്കച്ചന്, ഉടുമ്പന്‍ചോല സ്വദേശിനി എസ്. പൂര്‍വിഷ എന്നിവര്‍ രണ്ടാം സമ്മാനം കരസ്ഥമാക്കി.
വിജയികള്‍ക്ക് യഥാക്രമം ഒരു ലക്ഷം, 50,000 രൂപ കാഷ് അവാര്‍ഡുകള്‍ക്കു പുറമേ പ്രശസ്തി പത്രവും സമ്മാനിക്കും. കര്‍ഷകരില്‍നിന്ന് ഏലക്ക ശേഖരിച്ച് സ്പൈസസ് ബോര്‍ഡ് ലബോറട്ടറിയില്‍ പരിശോധിച്ച് കീടനാശിനി അവക്ഷിപ്തം ഇല്ലെന്ന് ഉറപ്പുവരുത്തിയാണ് അവാര്‍ഡിന് പരിഗണിച്ചത്. നൂതന കാര്‍ഷിക രീതികള്‍ അവലംബിച്ച് ഉത്പാദനക്ഷമതയും ഗുണമേന്മയും വര്‍ധിപ്പിച്ചതിനാണ് അവാര്‍ഡ്.
Kerala
തിരുവനന്തപുരം: ഇടുക്കി ജില്ലയിലെ ഏലം കൃഷിക്കുണ്ടായ നാശത്തിന് നഷ്ടപരിഹാരം അനുവദിക്കാൻ മന്ത്രിസഭാ തീരുമാനം.
ഏലം കൃഷിനാശത്തിന് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയായി അഞ്ച് കോടി രൂപ ഇടുക്കി പാക്കേജിന്റെ മാർഗരേഖയിൽ ഇളവു നൽകി അനുവദിച്ചു.
ഫണ്ട് അടിയന്തരമായി കൃഷിവകുപ്പിന് നൽകണമെന്ന വ്യവസ്ഥയിലാണ് അനുമതി നൽകിയത്.
District News
വണ്ടന്മേട്: പരിഷ്കരിച്ച തൊഴില്‍ നിയമങ്ങള്‍ എന്ന വിഷയത്തില്‍ കാര്‍ഡമം പ്ലാന്റേഴ്സ് ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ ഏകദിന ശില്പശാല നടത്തി. വണ്ടന്മേട് ആമയാര്‍ പാലാട്ട് ഓഡിറ്റോറിയത്തില്‍ നടന്ന ശില്പശാല ജില്ലാ ലേബര്‍ ഓഫീസര്‍ പദ്മ ഗിരീഷ് ഉദ്ഘാടനം ചെയ്തു. ഫെഡറേഷന് ചെയര്മാന് സ്റ്റെന്നി പോത്തന് അധ്യക്ഷത വഹിച്ചു.
കര്‍ഷകരെ അനുകൂലമായും പ്രതികൂലമായും ബാധിക്കുന്ന നിരവധി ഭേദഗതികള്‍ ഉള്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പുതുക്കിയ തൊഴില്‍ നിയമങ്ങളെക്കുറിച്ച് കില ഫാക്കല്‍റ്റി മെംബര്‍ അഡ്വ. വര്ക്കിച്ചന് പെട്ട ക്ലാസെടുത്തു.
പാമ്പാടുംപാറ പഞ്ചായത്ത് അംഗവും ഫെഡറേഷന് അംഗവുമായ ബിനോയ് ചാക്കോയെ ചടങ്ങില്‍ ആദരിച്ചു. ഫെഡറേഷന്റെ ജനറല്‍ബോഡി യോഗവും നടന്നു.
ഫെഡറേഷന് സെക്രട്ടറി പി.ആര്. സന്തോഷ്, ആര്. മണിക്കുട്ടന്, ആഷിഷ്, ഡിപിന് പൊന്നപ്പന്, വി.ജെ. ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നായി ഇരുനൂറിലധികം ഏലം കര്‍ഷകര്‍ യോഗത്തില്‍ പങ്കെടുത്തു.
Business
കാർഷികമേഖല ക്രിസ്മസ് ആഘോഷങ്ങളിലേക്ക് ശ്രദ്ധതിരിക്കുന്നത് ഉത്പന്ന വിപണികളെ തളർത്തും. കുരുമുളക് ലഭ്യത ചുരുങ്ങിയതു വിലക്കയറ്റത്തിനു വഴിതെളിച്ചു. പുതിയ ഏലം വിറ്റുമാറാൻ ഉത്പാദകർ മത്സരിച്ചു. മഞ്ഞുവീഴ്ച രൂക്ഷമായതോടെ തേയില ഉത്പാദനം സ്തംഭിച്ചു. നാളികേരോത്പന്നങ്ങൾ രൂക്ഷമായ വിലത്തകർച്ചയിൽ, വെളിച്ചെണ്ണയുടെ വില തകർച്ചയിൽ തമിഴ്നാട്ടിലെ പല മില്ലുകളും സാമ്പത്തിക പ്രതിസന്ധിയിൽ. ജാപ്പനീസ് നാണയത്തിനു വീണ്ടും കാലിടറുന്നു, അവസരം നേട്ടമാക്കാൻ റബറിനാവുമോ?
കുരുമുളക് ലഭ്യതക്കുറവ്
കാർഷികമേഖല ഉത്സവദിനങ്ങളിലേക്കു ശ്രദ്ധതിരിക്കുന്നതിനാൽ മുൻനിര ഉത്പന്ന നീക്കം ചുരുങ്ങും. ഓഫ് സീസൺ കാലയളവായതിനാൽ ഉത്പാദന മേഖലകളിൽ കുരുമുളക് ലഭ്യത ചുരുങ്ങി. വിളവെടുപ്പിന് ഇനിയും കാത്തിരിക്കണം, അതുകൊണ്ടുതന്നെ സ്റ്റോക്കിന് ആകർഷകമായ വില ഉറപ്പുവരുത്താനാവുമെന്ന നിഗമനത്തിലാണു പല വൻകിട കർഷകരും.
ഇതിനിടയിൽ ആവശ്യാനുസരണം മുളക് ലഭിക്കാത്തതിനാൽ നിരക്ക് ഉയർത്തി വില്പനക്കാരെ വിപണിയിലേക്ക് അടുപ്പിക്കാൻ അന്തർസംസ്ഥാന ഇടപാടുകാർ ശ്രമം നടത്തി. എന്നാൽ, ലഭ്യത അവരുടെ കണക്കുകൂട്ടലിനൊത്ത് ഉയർന്നതുമില്ല. വാരാന്ത്യം അൺഗാർബിൾഡ് കുരുമുളക് 69,400 രൂപയിലും ഗാർബിൾഡ് 71,400ലുമാണ്. അന്താരാഷ്ട്ര മാർക്കറ്റിൽ മലബാർ മുളക് വില ടണ്ണിന് 8200 ഡോളർ.
വിയറ്റ്നാം നടപ്പു വർഷം 1.6 ബില്യൺ ഡോളറിന്റെ കുരുമുളക് കയറ്റുമതി പ്രതീക്ഷിക്കുന്നതായി വിയറ്റ്നാം പെപ്പർ ആൻഡ് സ്പൈസ് അസോസിയേഷൻ പ്രസിഡന്റ് ഹോങ് തീ ലിയൻ. പ്രതിസന്ധികൾക്കിടയിൽ ഈ വർഷം അവർ ആഗോള വ്യാപാരത്തിൽ ശക്തമായ മുന്നേറ്റമാണു കാഴ്ചവച്ചത്. ഉയർന്ന വില ഉറപ്പ് വരുത്താനായത് വരും വർഷങ്ങളിൽ കൃഷി വ്യാപിപ്പിക്കാൻ ഉത്പാദകരെ പ്രേരിപ്പിക്കും. വിയറ്റ്നാമിൽ കുരുമുളക് വില കിലോഗ്രാമിന് ഒന്നര ലക്ഷം ഡോങ് വരെ കയറി.
ഏലക്കയിൽ ആശ്വാസം
ഏലക്ക ലേലകേന്ദ്രങ്ങളിൽ ഉയർന്ന അളവിൽ ചരക്ക് വില്പനയ്ക്ക് എത്തുന്നു. പല ദിവസങ്ങളിലും രണ്ട് ലേലം വീതം നടന്നു. ഈ അവസരത്തിലും വില്പനയ്ക്ക് ഇറങ്ങിയ ചരക്കിൽ ഏറിയ പങ്കും പൂർണമായി വിറ്റഴിഞ്ഞു. ഉത്തരേന്ത്യൻ വ്യാപാരികളും കയറ്റുമതിക്കാരും ഏലക്ക വാങ്ങാൻ മത്സരിച്ചത് ശരാശരി ഇനങ്ങളെ കിലോയ്ക്ക് 2400 രൂപയ്ക്ക് മുകളിൽ നിലനിർത്തി. ക്രിസ്മസ് വേളയായതിനാൽ കൂടുതൽ ആകർഷകമായ വിലയ്ക്ക് അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണു കാർഷിക മേഖല.
തേയിലയ്ക്കു ഭീഷണിയായി അതിശൈത്യം
ശൈത്യം ശക്തമായതോടെ തോട്ടം മേഖലയിൽ തേയില കൊളുന്ത് നുള്ള് സ്തംഭിച്ചു. ഇടുക്കി ജില്ലയിൽ ഏറ്റവും താഴ്ന്ന താപനിലയിലാണ്. മൂന്നാറിൽ താപനില പൂജ്യം ഡിഗ്രിലേക്ക് താഴ്ന്നത് തേയില ഉത്പാദന മേഖലയ്ക്കു കനത്ത സാമ്പത്തികനഷ്ടം വരുത്തിവയ്ക്കും. ദക്ഷിണേന്ത്യയിൽ തേയില ഉത്പാദനം മൂന്നു മാസമായി കുറവാണ്. ഒക്ടോബറിലും നവംബറിലും ഉത്പാദനം ചുരുങ്ങി, തണുപ്പ് കനത്ത സാഹചര്യത്തിൽ ഡിസംബറിലും ഉത്പാദനം ചുരുങ്ങുമെന്നാണ് തോട്ടം മേഖലയിൽനിന്നുള്ള സൂചന. വിദേശത്തുനിന്നും തേയിലയ്ക്ക് ശക്തമായ ഡിമാൻഡ് തുടരുന്നത് ഉയർന്ന വിലയ്ക്ക് വഴിയൊരുക്കി. ഇലത്തേയിലകൾ കിലോ രണ്ട് മുതൽ അഞ്ച് രൂപ വരെ കയറിയപ്പോൾ പൊടിത്തേയിലകൾക്ക് എട്ട് രൂപ വരെ വർധിച്ചു.
വിലയിടിഞ്ഞ് നാളികേരോത്പന്നങ്ങൾ
നാളികേരോത്പന്നങ്ങൾക്ക് കനത്ത വിലത്തകർച്ച. തമിഴ്നാട്ടിലെ മില്ലുകാർ കൊപ്ര സംഭരണത്തിൽനിന്നു പിൻവലിഞ്ഞ് സ്റ്റോക്കുള്ള വെളിച്ചെണ്ണ വിറ്റഴിക്കാൻ കാണിച്ച തിടുക്കം വിപണിയെ പിടിച്ചുലച്ചു. ക്രിസ്മസ് വേളയിൽ എണ്ണയ്ക്ക് ഉയർന്ന വില ഉറപ്പുവരുത്താമെന്ന കണക്കുകൂട്ടലിലായിരുന്നു വാരാരംഭം മുതൽ മില്ലുകാർ. എന്നാൽ, കേരളത്തിൽനിന്നും പ്രതീക്ഷയ്ക്കൊത്ത് ഡിമാൻഡ് ഉയരുന്നില്ലെന്നു വ്യക്തമായതോടെ വിലയിടിച്ചു ചരക്കു വിറ്റുമാറാനുള്ള അവസാന തന്ത്രം അവർ പ്രയോഗിച്ചു. കാങ്കയത്ത് വെളിച്ചെണ്ണ 25,350 രൂപയിൽ നിന്നും 23,000ലേക്ക് ഇടിഞ്ഞു. കൊപ്രയ്ക്ക് 2100 രൂപ കുറഞ്ഞ് 16,200 യായി.
അയൽ സംസ്ഥാനത്ത് നിന്നുള്ള പ്രതികൂല വാർത്തകൾ കൊച്ചി വിപണിയെയും പിടിച്ചുലച്ചു. വാരാന്ത്യം വെളിച്ചെണ്ണ 31,900 രൂപയായും കൊപ്ര 19,100 രൂപയായും ഇടിഞ്ഞു. പുതുവർഷം പിറക്കുന്നതോടെ വിപണി കൂടുതൽ സമ്മർദത്തിൽ അകപ്പെടുമോയെന്ന ആശങ്കയിലാണു നാളികേര കർഷകർ.
റബറിനു തിരിച്ചടിതന്നെ
ഏഷ്യൻ ടയർ വ്യവസായികൾ രാജ്യാന്തര വിപണിയിൽനിന്നും അകന്നത് റബറിനു തിരിച്ചടിയായി. ജപ്പാൻ പലിശ നിരക്ക് 30 വർഷത്തിനിടയിലെ ഏറ്റവും ഉയർന്നതലത്തിലേക്ക് എത്തിച്ചത് ഒസാക്ക എക്സ്ചേഞ്ചിൽ നിന്നും വിദേശ നിക്ഷേപകരെ അകറ്റി. യെൻ ശക്തിപ്രാപിക്കുമെന്ന വിലയിരുത്തൽ റബറിന്റെ ആകർഷണം കുറച്ചു. ഇതോടെ ഷീറ്റ് വില 333 യെന്നിൽനിന്നും 328ലേക്ക് ഇടിഞ്ഞു.
പലിശനിരക്കിൽ അവർ മാറ്റം വരുത്തിയെങ്കിലും നാണയത്തെ ബാധിച്ച തളർച്ച വിട്ടുമാറിയില്ല. യെന്നിന്റെ മൂല്യം 154ൽനിന്നും 157ലേക്ക് ഇടിഞ്ഞതു വിദേശ നിക്ഷേപകരെ ആകർഷിക്കും. എന്നാൽ, ഉത്സവ ദിനങ്ങളായതിനാൽ അവർ വിപണിയിൽ താത്പര്യം കാണിക്കുമെന്ന കാര്യത്തിൽ ഉറപ്പുവരുത്താനാവില്ല. സംസ്ഥാനത്ത് നാലാം ഗ്രേഡ് റബർ 18,300 രൂപയിലും അഞ്ചാം ഗ്രേഡ് 18,000 രൂപയിലുമാണ്.