മേലൂർ: പഞ്ചായത്തിലെ വീട്ടിൽ പട്ടാപ്പകൽ കവർച്ച. ശാന്തിപുരം വടക്കേപ്പാടം റോഡിൽ താമസിക്കുന്ന ചെറിയപ്പിള്ളി സുബ്രഹ്മണ്യൻ (കുട്ടപ്പൻ ആശാരി)യുടെ വീട്ടിലാണ് കവർച്ച. ഒരുപവൻ വീതം തൂക്കമുള്ള രണ്ട് സ്വർണവളകൾ, മൂന്നു ഗ്രാം തൂക്കമുള്ള സ്വർണമോതിരം, ചികിത്സാ ആവശ്യത്തിനായി സൂക്ഷിച്ചിരുന്ന 46,000 രൂപ എന്നിവയാണ് മോഷണംപോയത്.
ഇന്നലെ രാവിലെ 9.15നും 10.45നും ഇടയിലായിരുന്നു സംഭവം. വീട്ടുസാധനങ്ങൾ വാങ്ങാനായി സുബ്രഹ്മണ്യൻ പുറത്തുപോയ സമയത്ത് വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. തിരിച്ചെത്തിയപ്പോൾ വീടിന്റെ മുൻവാതിൽ കുത്തിത്തുറന്ന നിലയിലും അലമാരയിൽ സൂക്ഷിച്ചിരുന്ന സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലുമാണ് കണ്ടെത്തിയത്. വാർഡ് അംഗം അറിയിച്ചതിനെത്തുടർന്ന് കൊരട്ടി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അന്വേഷണം ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു.