തൊടുപുഴ: പൊലിസ് വാഹനത്തില്‍നിന്നു മദ്യക്കുപ്പി കണ്ടെത്തിയ സംഭവത്തില്‍ സസ്പെൻഷനിലായ പൊലിസുകാരന് വീണ്ടും മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയില്‍. കരിമണ്ണൂര്‍ സ്റ്റേഷനിലെ സിപിഒ ആയിരുന്ന ജിജോ ആന്റണിയെയാണ് തൊടുപുഴ പൊലിസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജൂലൈയില്‍ ഡ്യൂട്ടിയിലിരിക്കെ മദ്യപിച്ച് വാഹനമോടിച്ചതിന് ഇയാളെ സസ്പെന്‍ഡ് ചെയ്തിരുന്നു.
ഇന്നലെ വൈകുന്നേരം ആറോടെ തൊടുപുഴ വെങ്ങല്ലൂര്‍ സിഗ്നല്‍ ജംഗ്ഷനിലാണ് സംഭവം. ജംഗ്ഷനില്‍ വാഹനാപകടം ഉണ്ടായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് കയറ്റിവിട്ട് തിരിച്ചെത്തിയ നാട്ടുകാര്‍ക്കിടയിലേക്കാണ് മദ്യലഹരിയിലായിരുന്ന ജിജോ ആന്റണി അപകടകരമായ രീതിയില്‍ കാറോടിച്ചെത്തിയത്.
വാഹനമോടിക്കാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു ഇയാളെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇതോടെ നാട്ടുകാര്‍ തൊടുപുഴ പൊലിസില്‍ വിവരമറിയിച്ചു. എന്നാല്‍ സ്ഥലത്തെത്തിയ പൊലിസ് ജിജോയെ ന്യായീകരിക്കാന്‍ ശ്രമിച്ചെന്ന് നാട്ടുകാര്‍ പറഞ്ഞു.
നാട്ടുകാര്‍ പ്രതിഷേധിച്ചതോടെ പൊലിസ് ജീപ്പില്‍ കയറ്റിക്കൊണ്ടുപോയി. ജില്ലാ ആശുപത്രിയില്‍ വൈദ്യപരിശോധന പൂര്‍ത്തിയാക്കി സ്റ്റേഷനിലെത്തിച്ചു. മദ്യപിച്ച് അപകടരമായ രീതിയില്‍ വാഹനമോടിച്ചതിന് ജിജോ ആന്റണിക്കെതിരേ കേസെടുക്കുമെന്ന് തൊടുപുഴ പൊലിസ് പറഞ്ഞു.
കഴിഞ്ഞ ജൂലൈ 20നാണ് ജിജോ ആന്റണി ഓടിച്ചിരുന്ന കരിമണ്ണൂര്‍ സ്റ്റേഷനിലെ ജീപ്പില്‍നിന്ന് മദ്യക്കുപ്പിയും നിരോധിത പുകയില ഉത്പന്നവും ചീട്ടും കണ്ടെത്തിയത്. ഇയാളും ഒപ്പമുണ്ടായിരുന്ന എസ്ഐ എന്‍.എസ്. റോയിയും മദ്യപിച്ചിരുന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് ഇരുവരെയും സസ്പെന്‍ഡ് ചെയ്യുകയായിരുന്നു.