Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഉയർന്ന താപനില മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചു.
തിങ്കളാഴ്ച വരെ കൊല്ലം, പത്തനംതിട്ട, കോട്ടയം, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ, തിങ്കളാഴ്ച വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.
ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ആയതിനാൽ പൊതുജനങ്ങൾ താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കേണ്ടതാണ്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് പകൽച്ചൂട് ഉയരുന്നു. മിക്ക ജില്ലകളിലും പകൽസമയത്തെ കൂടിയ താപനില 35 ഡിഗ്രി സെൽഷസിനും മുകളിലെത്തിയതായാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വ്യക്തമാക്കുന്നത്.
പകൽച്ചൂടിനൊപ്പം യുവി വികിരണത്തിന്റെ തീവ്രതയും തോതുമുയർന്നതും ആശങ്കയ്ക്കിടയാക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ദുരന്തനിവാരണ അഥോറിറ്റി ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. തുറസായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർ രാവിലെ 11 മുതൽ ഉച്ചയ്ക്ക് മൂന്നുവരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്നും ദാഹമില്ലെങ്കിലും നിർജലീകരണം ഒഴിവാക്കാൻ വെള്ളം ധാരാളമായി കുടിക്കണമെന്നുമാണ് പ്രധാന നിർദേശങ്ങൾ.
യുവി വികിരണത്തോത് പല ജില്ലകളിലും അപകടകരമായ രീതിയിൽ തുടരുകയാണ്. ഇടവിട്ടുള്ള വേനൽമഴ നേരിയ തോതിൽ ലഭിക്കുന്നുണ്ടെങ്കിലും പകൽച്ചൂടിനെ നേരിടാൻ ഇതു പര്യാപ്തമല്ലെന്നാണ് നിരീക്ഷണകേന്ദ്രം വ്യക്തമാക്കുന്നത്.
മൂന്നാറിലും കോന്നിയിലും പത്തനംതിട്ടയിലുമാണ് ഇക്കഴിഞ്ഞ ദിവസങ്ങളിൽ യുവി നിരക്ക് അപകടകരമായ നിലയിൽ ഉയർന്നത്. ചെങ്ങന്നൂരും ചങ്ങനാശേരിയും തൃത്താലയും പൊന്നാനിയും യുവി വികിരണ തോതിൽ ജാഗ്രത പാലിക്കേണ്ട സ്ഥലങ്ങളാണെന്നും സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്.
പകൽ താപനില പിടിവിട്ടു കുതിക്കുന്പോൾ, ഇക്കഴിഞ്ഞ 21ന് കോട്ടയത്ത് രേഖപ്പെടുത്തിയ 37.5 ഡിഗ്രി സെൽഷസാണ്; ഫെബ്രുവരിയിൽ സംസ്ഥാനത്ത് രേഖപ്പെടുത്തിയ ഏറ്റവും കൂടിയ പകൽ താപനില. ഫെബ്രുവരി മാസത്തിന്റെ തുടക്കത്തിൽ ശരാശരി 35 ഡിഗ്രിയായിരുന്ന പകൽ താപനിലയാണ് രണ്ടു ഡിഗ്രിയിലേറെ ഉയർന്നത്.
പാലക്കാട്ട് കൂടിയ പകൽ താപനില 36.9 ഡിഗ്രി സെൽഷസിലെത്തി. ഫെബ്രുവരി മാസം തുടങ്ങുന്പോൾ പാലക്കാട്ടെ ശരാശരി പകൽ താപനില 32.4 ഡിഗ്രി സെൽഷസായിരുന്നിടത്തുനിന്നാണ് ഈ ദിവസങ്ങളിൽ നാല് ഡിഗ്രിയിലേറെ വർധനയുണ്ടായത്.പുനലൂരിൽ കൂടിയ പകൽ താപനില 36.6 ഡിഗ്രി സെൽഷസ് വരെയും വെള്ളാനിക്കരയിൽ 36.2 ഡിഗ്രി വരെയും 36.4 ഡിഗ്രി വരെയും കണ്ണൂരിലും കോഴിക്കോട്ടും 35.8 ഡിഗ്രി വരെയും പകൽ താപനില ഉയർന്നു.
Kerala
തിരുവനന്തപുരം: പ്രധാനമായും കുട്ടികളെ ബാധിക്കുന്ന മെനിഞ്ചൈറ്റിസ് രോഗബാധ പടരാതിരിക്കാൻ വാക്സിൻ ഉൾപ്പെടെയുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്ന് ആരോഗ്യവിദഗ്ധർ.
അഞ്ചു വയസിന് താഴെയുള്ള കുട്ടികളും കൗമാരക്കാരും കൂടുതലായും ഇരകളാകുന്ന മെനിഞ്ചൈറ്റിസിന്റെ ആജീവനാന്ത സങ്കീർണതകൾക്കുള്ള സാധ്യത മാതാപിതാക്കൾക്ക് തിരിച്ചറിയാൻ കഴിയാറില്ലെന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയിലെ ക്ലിനിക്കൽ ഡയറക്ടർ ഓഫ് പീഡിയാട്രിക്സും മെഡിക്കൽ സൂപ്രണ്ടുമായ ഡോ. പ്രമീള ജോജി പറഞ്ഞു.
ആഗോളതലത്തിൽ ഓരോ വർഷവും 25 ലക്ഷത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന മെനിഞ്ചൈറ്റിസ് രോഗത്തിന് ഇരയാകുന്നവരിൽ ഏകദേശം 70 ശതമാനം പേരും അഞ്ചു വയസിനു താഴെയുള്ള കുട്ടികളാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.
മസ്തിഷ്ക ജ്വരം എന്ന പേരിലും അറിയപ്പെടുന്ന മെനിഞ്ചൈറ്റിസ് തലച്ചോറിനും സുഷുമ്നാ നാഡിക്കും ചുറ്റുമുള്ള പാളിയുടെ വീക്കമാണ്. ഇത് സാധാരണയായി ബാക്ടീരിയ, ഫംഗസ് അല്ലെങ്കിൽ വൈറൽ അണുബാധ മൂലമാണ് ഉണ്ടാകുന്നത്. പനി, ആശയക്കുഴപ്പം, തലവേദന, ഓക്കാനം, ഛർദി തുടങ്ങിയവയാണ് പൊതുവായ ലക്ഷണങ്ങൾ.
Leader Page
പ്രത്യേക തീവ്ര വോട്ടർ പട്ടിക പുതുക്കൽ (സ്പെഷൽ ഇന്റൻസീവ് റിവിഷൻ -എസ്ഐആർ) സംസ്ഥാനത്ത് ആരംഭിച്ചുകഴിഞ്ഞു. 2025 ഒക്ടോബർ 27 വരെ വോട്ടർ പട്ടികയിൽ ഉണ്ടായിരുന്ന എല്ലാവർക്കും ബിഎൽഒ എന്യുമറേഷൻ ഫോമുകൾ വിതരണം ചെയ്യും. ഇതു പൂരിപ്പിച്ച് നൽകണം. വേണമെങ്കിൽ കളർ ഫോട്ടോ ഫോമിൽ പതിപ്പിക്കാം. പൂരിപ്പിച്ച ഫോമുകൾ ബിഎൽഒയ്ക്ക് കൈമാറി രസീത് വാങ്ങണം. ഫോം പൂരിപ്പിക്കുന്നതിന് ബിഎൽഒമാരുടെ സഹായം തേടാം. ഡിസംബർ നാലു വരെ വീടുകൾ കയറി ബിഎൽഒമാർ കണക്കെടുപ്പ് നടത്തും. ഡിസംബർ ഒമ്പതിന് കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും. അന്നു മുതൽ 2026 ജനുവരി എട്ടു വരെ പരാതി സമർപ്പിക്കാം. 2026 ഫെബ്രുവരി എഴിന് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കും.
എന്താണ് എന്യൂമറേഷൻ ഫോമിന്റെ പ്രത്യേകതകൾ
എന്യുമറേഷൻ ഫോമിന്റെ ആദ്യഭാഗത്തിന്റെ അവസാന കോളത്തിൽ ആണ് പുതിയ ഫോട്ടോ ഒട്ടിക്കേണ്ടത്. അതിന് താഴെയുള്ള കോളങ്ങളിൽ വോട്ടറുടെ നിലവിലെ വിവരങ്ങൾ പൂരിപ്പിക്കണം. അതിന് താഴെ ഇടത് ഭാഗത്ത് ഈ വോട്ടർ 2002ലെ വോട്ടർ പട്ടികയിൽ ഉണ്ടെങ്കിൽ ആ വിവരങ്ങൾ എഴുതണം. 2002ലെ വോട്ടർപട്ടികയിൽ ഉൾപ്പെടാത്ത ആളാണെങ്കിൽ അവരുടെ ബന്ധു ഉൾപ്പെട്ട പട്ടികയുടെ വിവരങ്ങൾ ചേർക്കണം. വോട്ടർ പട്ടികയുടെ വിവരങ്ങൾ ലഭിക്കുന്നതിനായി www.ceo.kerala.gov.in/voter-search എന്ന വെബ്സൈറ്റ് ഉപയോഗിക്കാവുന്നതാണ്. ഇക്കാര്യങ്ങൾ കണ്ടുപിടിക്കാൻ ബിഎൽഒയുടെ സേവനം ലഭിക്കുന്നതാണ്.
ഒരു വീട്ടിൽ താമസിക്കുന്ന ആരുംതന്നെ 2002ലെ മുൻ എസ്ഐആർ സമയത്തെ പട്ടികയിൽ ഉൾപ്പെടുന്നില്ലെങ്കിൽ അവരുടെ മരിച്ചുപോയതോ അല്ലെങ്കിൽ മറ്റ് വീട്ടിൽ താമസിക്കുന്നതോ ആയ ബന്ധുവിന്റെ വിവരങ്ങൾ വലതുവശത്ത് എഴുതണം. മുൻ എസ്ഐആർ വിവരങ്ങൾ ഉൾപ്പെടുന്ന ഭാഗത്തെ വലതു ഭാഗം 2002 ലെ പട്ടികയിൽ പേര് ഇല്ലാത്തവരും ഇടത് 2002 ലെ പട്ടികയിൽ ഉൾപ്പെട്ടവരും പൂരിപ്പിച്ചാൽ മതിയാകും.
മരിച്ചയാളുടെ പേരിൽ ലഭിക്കുന്ന ഫോം
മരിച്ച ആളിന്റെ പേരിലുള്ള ഫോം കുടുംബത്തിലെ ഒരു മുതിർന്ന അഗം ആൾ മരണപ്പെട്ടു എന്ന വിവരം എഴുതി ഒപ്പിട്ട് ബിഎൽഒയ്ക്ക് തിരികെ നല്കേണ്ടതാണ്. എന്യുമറേഷൻ ഫോം രണ്ട് പകർപ്പുകൾ വീതമാണ് ഒരാൾക്ക് നല്കുന്നത്. ഓരോ വോട്ടറും രണ്ട് പകർപ്പുകളും പൂരിപ്പിക്കണം. ഒരു പകർപ്പ് കൈപ്പറ്റുന്ന ബിഎൽഒ രണ്ടാമത്തെ പകർപ്പ് ഒപ്പുവച്ച് രസീതായി വോട്ടർക്ക് തിരിച്ചു നല്കും. ഇത് വോട്ടർ സൂക്ഷിച്ച് വയ്ക്കണം.
ഒരു വോട്ടറുടെ പേര് രണ്ടോ അതിലധികമോ തവണ വോട്ടർപട്ടികയിൽ ഉണ്ടായാൽ
ചിലരുടെ പേര് ഒന്നിലധികം സ്ഥലത്ത് തെറ്റായി ചേർത്തിട്ടുണ്ടാവാം. വോട്ടർ പട്ടികയിലെ ഓരോ എൻട്രിക്കും ഒരു സെറ്റ് എന്യുമറേഷൻ ഫോം പ്രിന്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ഒന്നിലധികം സ്ഥലത്ത് ഒരു വോട്ടറുടെ പേര് ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിൽ ഏത് പട്ടികയിലും മേൽവിലാസത്തിലുമാണോ തുടർന്ന് വോട്ട് ചെയ്യാൻ ആഗ്രഹിക്കുന്നത് ആ സ്ഥലത്തെ മേൽവിലാസത്തിൽ ലഭിച്ചിരിക്കുന്ന ഫോം പൂരിപ്പിച്ച് നല്കേണ്ടതും മറ്റ് ഫോമുകളിൽ നിലവിൽ തുടരാൻ ആഗ്രഹിക്കുന്ന പട്ടികയിൽ ഉൾപ്പെട്ട തിരിച്ചറിയൽ കാർഡിന്റെ നമ്പർ കൂടി എഴുതി വിവരം രേഖപ്പെടുത്തി അധികമായി വന്ന ഫോം ബിഎൽഒയ്ക്ക് തിരികെ നല്കേണ്ടതുമാണ്.
ഒരു വോട്ടറുടെയോ അയാളുടെ ബന്ധുവിന്റെയോ 2002 ലെ എസ്ഐആർ വിവരങ്ങൾ ലഭ്യമല്ല എങ്കിലും ഫോം പൂരിപ്പിച്ച് നൽകാമോ?
നല്കാം. ഇങ്ങനെയുള്ള അവസരത്തിൽ വോട്ടറുടേയോ ബന്ധുവിന്റെയോ വിവരങ്ങൾ ലഭ്യമല്ലെങ്കിൽ ആ ഭാഗം ഒഴിവാക്കി ബാക്കി പൂരിപ്പിച്ച് ബിഎൽഒയ്ക്ക് നല്കി കൈപ്പറ്റ് രസീത് വാങ്ങുക.അങ്ങനെയുള്ള വോട്ടർമാർക്ക് ഇആർഒ നോട്ടീസ് നല്കി നേരിട്ട് കേട്ട് യോഗ്യത പരിശോധിച്ച് ഉറപ്പ് വരുത്തി വേണ്ട നടപടി സ്വീകരിക്കും. ഇത് കരട് വോട്ടർപട്ടിക പ്രസിദ്ധികരിച്ചതിന് ശേഷം മാത്രമേ നടത്തുകയുള്ളു.
എന്യുമറേഷൻ ഫോമിൽ വോട്ടർമാരുടെ ഒപ്പ്
വോട്ടറോ വീട്ടിലെ മുതിർന്ന അംഗമോ ഒപ്പിടുകയോ ഇടത് പെരുവിരലിന്റെ അടയാളം പതിപ്പിക്കുകയോ ചെയ്താൽ മതി. വോട്ടർ തന്നെ ഒപ്പിടണം എന്ന് നിർബന്ധമില്ല.