മാനന്തവാടി: സംസ്ഥാന സർക്കാരിന്റെ ശ്രേഷ്ഠ വിദ്യാലയ പുരസ്കാരം നേടിയ എടവക മൂളിത്തോട് നാഷണൽ എൻപി സ്കൂളിൽ "ശ്രേഷ്ഠം 2026’ വിജയോത്സവം സംഘടിപ്പിച്ചു. പ്രൈമറി വിഭാഗത്തിൽ സംസ്ഥാനതലത്തിൽ മൂന്നാം സ്ഥാനമാണ് സ്കൂളിനെ തേടിയെത്തിയത്. സംസ്ഥാനതലത്തിൽ ഒരു ലക്ഷം രൂപയും ജില്ലാതലത്തിൽ അന്‍പതിനായിരം രൂപയുമാണ് സ്കൂളിനു ലഭിച്ചത്. പരിപാടി ഉഷ വിജയൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. കത്തോലിക്ക സഭയിലെ മരിയൻ സന്യാസിനി സമൂഹമായ ഷേണ്‍സ്റ്റാട്ട് സിസ്റ്റേഴ്സ് ഓഫ് മേരിയുടെ കീഴിൽ പാഠ്യപാഠ്യേതര മേഖലകളിൽ പുലർത്തിയ മികവ് കണക്കിലെടുത്താണ് വിദ്യാലയത്തിന് ശ്രേഷ്ഠ വിദ്യാലയ പുരസ്കാരം ലഭിച്ചത്.
1951ൽ പ്രവർത്തനം ആരംഭിച്ച വിദ്യാലയത്തിൽ 250 കുട്ടികളും 13 അധ്യാപകരുമാണുള്ളത്. എടവക പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ സുധാകരൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, ജില്ലാ പഞ്ചായത്ത് അംഗം ജിൽസണ്‍ തൂപ്പുങ്കര, ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ ചിന്നമ്മ ജോസ്, എടവക പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ ലീലാ ബാലൻ, കല്ലോടി സെന്റ് ജോർജ് ഫൊറോന വികാരി ഫാ. സജി കോട്ടായിൽ, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ വി.എ. ശശീന്ദ്രവ്യാസ്, എഇഒ എം. സുനിൽകുമാർ, ഡയറ്റ് പ്രിൻസിപ്പൽ കെ.എം. സെബാസ്റ്റ്യൻ, സ്കൂൾ പ്രധാന അധ്യാപിക സിസ്റ്റർ സിനി ഫ്രാൻസിസ്, ജോർജ് പടകൂട്ടിൽ തുടങ്ങിയവർ പ്രസംഗിച്ചു.