ഒരു വിവാഹത്തിന് ഷാരൂഖ് ഖാൻ അതിഥിയായി എത്തിയാലോ? വധൂവരന്മാർക്കൊപ്പം ഫോട്ടോ, കുടുംബാംഗങ്ങളുമായി അൽപനേരം സംസാരിക്കാനുള്ള അവസരം, ഇതൊക്കെ ഏതൊരു സിനിമാപ്രേമിയുടെയും സ്വപ്നമായിരിക്കും.
എന്നാൽ ഈ സ്വപ്നം യാഥാർഥ്യമാക്കാൻ എത്ര രൂപ ചെലവാക്കേണ്ടിവരും? ബോളിവുഡ് താരങ്ങളെ വിവാഹത്തിന് അതിഥികളായോ പ്രത്യേക പെർഫോമർമാരായോ എത്തിക്കാൻ കോടികൾ ചെലവാക്കാൻ തയ്യാറുള്ളവരുണ്ട്.
ദി ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ബോളിവുഡ് താരങ്ങളുടെ വിവാഹ റേറ്റ് കാർഡിനെക്കുറിച്ച് വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരുന്നു.
ഷാരൂഖ് ഖാനാണ് പട്ടികയിൽ ഒന്നാമത്. ഒരു വിവാഹത്തിൽ അതിഥിയായി എത്താൻ മാത്രം അഞ്ച് മുതൽ ആറുകോടി രൂപ വരെയാണ് ഷാരൂഖിന്റെ പ്രതിഫലമെന്നാണ് റിപ്പോർട്ട്. അതായത്, താരം വന്ന് അൽപനേരം ചെലവഴിച്ച് മടങ്ങുന്നതിനുപോലും കോടികൾ നൽകേണ്ടിവരും.
ഷാരൂഖിന് പിന്നാലെ സൽമാൻ ഖാനാണ്. മൂന്ന് മുതൽ നാല് കോടി രൂപ വരെയാണ് സൽമാൻ വാങ്ങുന്നത്. രൺവീർ സിംഗിന് ഏകദേശം രണ്ട് കോടി രൂപയാണ് പ്രതിഫലം. അക്ഷയ് കുമാറിന് 1.25 മുതൽ 1.50 കോടി രൂപ വരെയും നൽകേണ്ടിവരും.
വനിതാ താരങ്ങളുടെ കാര്യത്തിലും നിരക്കുകൾ ഒട്ടും ചെറുതല്ല. നോറ ഫത്തേഹിക്കും തമന്ന ഭാട്ടിയയ്ക്കും 1.25 മുതൽ 1.50 കോടി രൂപ വരെയാണ് പ്രതിഫലമെന്നാണ് റിപ്പോർട്ട്. ജാൻവി കപൂർ, സാറ അലി ഖാൻ, ദിഷ പഠാനി എന്നിവർക്ക് 60 മുതൽ 70 ലക്ഷം രൂപ വരെയും നൽകേണ്ടിവരും.
എന്നാൽ വിവാഹത്തിന് അതിഥിയായി എത്തുന്നതിനും സ്റ്റേജിൽ നൃത്തം ചെയ്യുന്നതിനും വ്യത്യസ്തമായ നിരക്കുകളാണുള്ളത്. വിവാഹവേദിയിൽ ഏതാനും മിനിറ്റുകൾ പെർഫോം ചെയ്യാൻ പോലും കോടികൾ വാങ്ങുന്ന താരങ്ങളുണ്ട്.
ഷാഹിദ് കപൂറിനും വരുൺ ധവാനും ഒരു മുതൽ രണ്ട് കോടി രൂപ വരെയാണ് പെർഫോമൻസ് പ്രതിഫലമെന്നാണ് റിപ്പോർട്ട്. അഞ്ച് മുതൽ ആറ് മിനിറ്റ് വരെയുള്ള സ്റ്റേജ് പെർഫോമൻസിനൊപ്പം അതിഥികളുമായുള്ള ആശയവിനിമയവും ഫോട്ടോയെടുക്കലും ഇതിൽ ഉൾപ്പെടുന്നു.
വിവാഹവേദിയിലെ അവതരണത്തിനും വലിയ വിപണിയുണ്ട്. അവതാരകരായെത്തുന്ന മനീഷ് പോളിന് 12 മുതൽ 15 ലക്ഷം രൂപ വരെയും അപർശക്തി ഖുറാനയ്ക്ക് പത്തുലക്ഷം രൂപ വരെയും പ്രതിഫലം ലഭിക്കുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
ഒരു താരത്തെ ബുക്ക് ചെയ്യുമ്പോൾ പ്രതിഫലം മാത്രമല്ല സംഘാടകർക്ക് ചെലവ്. മാനേജർമാർ, സ്റ്റൈലിസ്റ്റുകൾ, ഹെയർ ആൻഡ് മേക്കപ്പ് വിദഗ്ധർ, സുരക്ഷാ ഉദ്യോഗസ്ഥർ, മറ്റ് സഹായികൾ തുടങ്ങി ഏകദേശം പത്തോളം പേരടങ്ങുന്ന സംഘവും താരത്തിനൊപ്പം എത്തും.
യാത്ര, താമസം, സുരക്ഷ തുടങ്ങിയവയ്ക്കുള്ള ചെലവുകളും ഇതിന് പുറമേയാണ്. ഷാരൂഖ്, സൽമാൻ, രൺവീർ, അക്ഷയ് തുടങ്ങിയ താരങ്ങൾക്ക് വിവാഹ പരിപാടികൾക്കായി സ്വകാര്യ ചാർട്ടർ വിമാനങ്ങൾ ഒരുക്കുന്ന പതിവുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
എന്നാൽ പണം നൽകിയാൽ ഏത് താരത്തെയും ഏത് വിവാഹത്തിനും എത്തിക്കാമെന്ന് കരുതേണ്ട. താരങ്ങളുടെ തിരക്കേറിയ ഷെഡ്യൂൾ, പരിപാടിയുടെ സ്വഭാവം, കുടുംബവുമായുള്ള ബന്ധം, വേദി, സുരക്ഷാ ക്രമീകരണങ്ങൾ എന്നിവയെല്ലാം തീരുമാനത്തെ സ്വാധീനിക്കും.
2024-ൽ ഡൽഹിയിൽ നടന്ന ഒരു വിവാഹത്തിൽ ഷാരൂഖ് ഖാൻ പങ്കെടുത്തപ്പോൾ അദ്ദേഹം കുടുംബത്തിന്റെ സുഹൃത്താണെന്ന് വധുവിന്റെ മേക്കപ്പ് ആർട്ടിസ്റ്റ് വ്യക്തമാക്കിയിരുന്നു.
എന്നാൽ ഇതൊന്നും താരങ്ങൾ ഔദ്യോഗികമായി പ്രസിദ്ധീകരിച്ച റേറ്റ് കാർഡുകളല്ല. വ്യവസായരംഗത്തെ വൃത്തങ്ങളിൽനിന്ന് ലഭിക്കുന്ന ഏകദേശ വിവരങ്ങളാണ്.
സാധാരണക്കാർ വിവാഹത്തിനായി സ്വർണത്തിനും സദ്യയ്ക്കും മണ്ഡപത്തിനും പണം മാറ്റിവെക്കുമ്പോൾ അതിസമ്പന്നരുടെ വിവാഹങ്ങളിൽ താരങ്ങളുടെ സാന്നിധ്യത്തിനും കോടികൾ മാറ്റിവെക്കുന്നു. അങ്ങനെ നോക്കുമ്പോൾ ഒരു കാര്യം ഉറപ്പാണ്; വിവാഹത്തിന് ഷാരൂഖ് ഖാൻ വരണമെങ്കിൽ ക്ഷണക്കത്ത് മാത്രം പോരാ, ബാങ്ക് ബാലൻസിലും കോടികൾ വേണം!