കൊച്ചി: സാന്പത്തിക പ്രതിസന്ധി മറികടക്കാനുള്ള കേരളസർക്കാരിന്റെ കടമെടുപ്പിനു കടിഞ്ഞാണിടാൻ കേന്ദ്രം ശ്രമിക്കുന്നുവെന്ന ആരോപണങ്ങൾക്കിടെ, കേന്ദ്രസർക്കാരിനു കീഴിലുള്ള ദേശീയപാത അഥോറിറ്റിയുടെ (എൻഎച്ച്എഐ) കടബാധ്യത കണക്കുകൾ പുറത്ത്. കഴിഞ്ഞ പത്തു വർഷത്തിനിടെ എൻഎച്ച്എഐയുടെ പേരിലുള്ളത് 3.74 ലക്ഷം കോടിയുടെ കടം.
മസാല ബോണ്ടുകളിലൂടെ 3000 കോടി രൂപ അഥോറിറ്റി സമാഹരിച്ചതായും വിവരാവകാശ നിയമപ്രകാരം പുറത്തുവന്ന രേഖകൾ വ്യക്തമാക്കുന്നു.
2019-20 സാമ്പത്തികവർഷത്തിലാണ് എൻഎച്ച്എഐ ഏറ്റവുമധികം തുക കടമെടുത്തത്. 74,986.81 കോടി രൂപയാണ് ആ വർഷം മാത്രമെടുത്ത കടം. 2020-21, 2021-22 സാമ്പത്തികവർഷങ്ങളിൽ യഥാക്രമം 65,079 കോടിയും 65,149 കോടിയും കടമെടുത്തു.
2015-16ൽ 23281.17 കോടി രൂപ കടമെടുത്തപ്പോൾ അടുത്തവർഷം ഇത് 33,117.74 കോടിയായി. 2017-18ൽ അര ലക്ഷം കോടിയിലധികമായാണു കടമെടുപ്പ് വർധിച്ചത്.
അതേസമയം, കഴിഞ്ഞ രണ്ടു സാമ്പത്തികവർഷങ്ങളിൽ എൻഎച്ച്എഐ കടമെടുത്തിട്ടില്ലെന്നും രേഖകൾ ചൂണ്ടിക്കാട്ടുന്നു. മസാല ബോണ്ടുകളിലൂടെ 2017 ലാണ് ദേശീയപാത അഥോറിറ്റി 3000 കോടി സമാഹരിച്ചത്.