ന്യൂഡൽഹി: വിവാദങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്ര മന്ത്രിസഭയിൽ അഴിച്ചുപണികൾക്ക് കളമൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. നീറ്റ് യുജി ചോദ്യപേപ്പർ ചോർച്ച വിവാദങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ, എപ്സ്റ്റീൽ ഫയൽസ് വിവാദങ്ങളുടെയും അടിക്കടിയുള്ള രാജ്യത്തെ പെട്രോൾ, പാചകവാതക വില വർധനവിന്റെയും പശ്ചാത്തലത്തിൽ കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി, വിലക്കയറ്റം, അധിക നികുതി എന്നീ സാഹചര്യങ്ങൾ രാജ്യത്തിന്റെ സാന്പത്തിക സ്ഥിതിയെ പ്രതികൂലമായി ബാധിക്കുന്നുവെന്ന വിലയിരുത്തലുകളുടെ പശ്ചാത്തലത്തിൽ കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ എന്നിവർ മന്ത്രിസഭ പുനഃസംഘടനയുടെ ഭാഗമായി അതാത് സ്ഥാനങ്ങളിൽ നിന്നും നീക്കം ചെയ്യപ്പെട്ടേക്കുമെന്നുമാണ് സ്ഥിരീക്കരിക്കപ്പെടാത്ത റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
മൂന്നാം ഊഴത്തിന് മുന്നോടിയായുള്ള മോദി സർക്കാരിന്റെ നിർണായകമായ കേന്ദ്രമന്ത്രിസഭ പുനസംഘടന അടുത്തയാഴ്ച നടന്നേക്കുമെന്ന് സൂചന. ഇതുമായി ബന്ധപ്പെട്ട രാഷ്ട്രീയ നീക്കങ്ങൾ തലസ്ഥാനത്ത് സജീവമായിക്കഴിഞ്ഞു. ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞ ദിവസം രാഷ്ട്രപതി ദ്രൗപദി മുർമുവിനെ സന്ദർശിച്ചിരുന്നു. ഈ കൂടിക്കാഴ്ച മന്ത്രിസഭാ പുനസംഘടനയുടെ മുന്നോടിയായാണെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളിൽ നിന്നുള്ള വിലയിരുത്തൽ. ധനമന്ത്രി നിർമല സീതാരാമൻ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളെ മന്ത്രിസഭയിൽ നിന്ന് മാറ്റിയേക്കുമെന്ന സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത്. വരാനിരിക്കുന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളും പാർട്ടിയുടെ രാഷ്ട്രീയ സമവാക്യങ്ങളും മുൻനിർത്തി വൻ അഴിച്ചുപണിക്കായി ബിജെപി തയ്യാറെടുക്കുന്നതായാണ് രാഷ്ട്രീയവൃത്തങ്ങൾ വ്യക്തമാക്കുന്നത് .
ഭരണരംഗത്തും സാമ്പത്തിക മേഖലയിലും വലിയ മാറ്റങ്ങൾ ലക്ഷ്യമിട്ടുകൊണ്ടുള്ള നീക്കങ്ങളാണ് അണിയറയിൽ നടക്കുന്നത്. പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയും മുൻ ആർബിഐ ഗവർണറുമായ ശക്തികാന്ത ദാസിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ ആലോചനയുള്ളതായാണ് റിപ്പോർട്ട്. സാമ്പത്തിക വിദഗ്ധനായ അദ്ദേഹത്തിന് നിർണായകമായ വകുപ്പ് നൽകിയേക്കുമെന്നാണ് വിവരം.
നിലവിലെ പ്രമുഖ മന്ത്രിമാരായ ധർമേന്ദ്ര പ്രധാൻ, ഹർദീപ് സിംഗ് പുരി എന്നിവർക്ക് മന്ത്രിസ്ഥാനം നഷ്ടമായേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമാണ്. ഇവരെ പാർട്ടി സംഘടന ചുമതലകളിലേക്ക് മാറ്റിയേക്കും. മുൻ കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ വീണ്ടും മന്ത്രിസഭയിലേക്ക് തിരിച്ചെത്തുമെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. സജീവമായ പാർട്ടി പ്രവർത്തനവും യുവനേതൃത്വമെന്ന നിലയിലുള്ള പ്രതിച്ഛായയുമാണ് അദ്ദേഹത്തിന് അനുകൂലമാകുന്നത്.