ന്യൂഡൽഹി: ഉപയോക്താക്കൾക്ക് കൂടുതൽ സ്വകാര്യത ഉറപ്പാക്കുന്നതിനായി പുതിയ ഫീച്ചറുമായി ഓപ്പൺഎഐ. ഇനി മുതൽ പ്രധാനപ്പെട്ടതോ വ്യക്തിപരമോ ആയ ചാറ്റ്ജിപിടി സംഭാഷണങ്ങൾ പിൻ അല്ലെങ്കിൽ ഫേസ് ഐഡി ഉപയോഗിച്ച് ലോക്ക് ചെയ്ത് സൂക്ഷിക്കാം.
സുഹൃത്തുക്കൾക്കോ കുടുംബാംഗങ്ങൾക്കോ ഫോണോ ലാപ്ടോപ്പോ നൽകേണ്ടി വരുമ്പോൾ സ്വകാര്യ വിവരങ്ങൾ സുരക്ഷിതമായി സൂക്ഷിക്കാൻ ഈ ഫീച്ചർ ഏറെ സഹായിക്കും. നാലക്ക കസ്റ്റമർ പിൻ കോഡ് ഉപയോഗിച്ചോ, സപ്പോർട്ട് ചെയ്യുന്ന ഡിവൈസുകളിൽ ഫേസ് ഐഡി, ടച്ച് ഐഡി എന്നിവ വഴിയോ ചാറ്റുകൾ ലോക്ക് ചെയ്യാം.
പുതിയ ലോക്ക് ഫീച്ചർ എങ്ങനെ പ്രവർത്തിക്കുന്നു?
ഒരു സംഭാഷണം ലോക്ക് ചെയ്തു കഴിഞ്ഞാൽ അത് സാധാരണ ചാറ്റ് ഹിസ്റ്ററിയിൽ നിന്ന് പൂർണമായും അപ്രത്യക്ഷമാകും. പിൻ ചെയ്ത ചാറ്റുകളിലോ സെർച്ച് ഫലങ്ങളിലോ ഇത് കാണാൻ സാധിക്കില്ല. പകരം, ഇത് 'ലോക്ക്ഡ് ചാറ്റ്സ്' എന്ന പ്രത്യേക വിഭാഗത്തിലേക്ക് മാറ്റപ്പെടും.
താൽക്കാലിക ചാറ്റുകളിൽ നിന്ന് ഇത് തികച്ചും വ്യത്യസ്തമാണ്. താൽക്കാലിക ചാറ്റുകൾ ഹിസ്റ്ററിയിൽ കാണിക്കുകയോ പിന്നീട് അപ്രത്യക്ഷമാവുകയോ ചെയ്യും. എന്നാൽ ലോക്ക്ഡ് ചാറ്റുകൾ സുരക്ഷിതമായി സേവ് ചെയ്യപ്പെടുകയും, പാസ്വേഡ് നൽകി എപ്പോൾ വേണമെങ്കിലും വീണ്ടും തുറന്നു നോക്കുകയും ചെയ്യാം.
ഈ അപ്ഡേറ്റിലെ ഏറ്റവും മികച്ച സവിശേഷതകളിലൊന്ന് ചാറ്റ്ജിപിടിയുടെ മെമ്മറി കൈകാര്യം ചെയ്യുന്ന രീതിയാണ്. മെമ്മറി ഫീച്ചർ ഓൺ ചെയ്തിട്ടുണ്ടെങ്കിൽ, ലോക്ക് ചെയ്ത ചാറ്റുകൾക്കായി പ്രത്യേക മെമ്മറി സ്പേസ് ലഭിക്കും. ഈ രഹസ്യ വിവരങ്ങൾ നിങ്ങളുടെ സാധാരണ ചാറ്റുകളിലേക്ക് ലീക്ക് ആകില്ലെന്ന് ഇത് ഉറപ്പാക്കുന്നു. എങ്കിലും, ചാറ്റ് ലോക്ക് ചെയ്യുന്നതിന് മുൻപ് ചാറ്റ്ജിപിടി ഓർമിച്ചുവെച്ച വിവരങ്ങൾ ഇതിൽ ബാധകമല്ല.
നിങ്ങൾ നാലക്ക പിൻ നമ്പർ മറന്നുപോവുകയും അത് റീസെറ്റ് ചെയ്യാൻ തീരുമാനിക്കുകയും ചെയ്താൽ, ലോക്ക് ചെയ്തിട്ടുള്ള എല്ലാ ചാറ്റുകളും പ്രൈവറ്റ് മെമ്മറികളും ഓപ്പൺഎഐ ശാശ്വതമായി ഡിലീറ്റ് ചെയ്യും. ഇത് തിരികെ ലഭിക്കില്ലെന്ന് കമ്പനി വ്യക്തമാക്കുന്നു.
വെബ്, മാക്, വിൻഡോസ് ഡെസ്ക്ടോപ്പ് ആപ്പുകൾ, ഐഒഎസ്, ആൻഡ്രോയിഡ് മൊബൈൽ ആപ്പുകൾ എന്നിവയിലെല്ലാം ഈ ഫീച്ചർ ലഭ്യമായി തുടങ്ങിയിട്ടുണ്ട്. ഫ്രീ, പ്ലസ്, പ്രോ, ബിസിനസ് അടക്കമുള്ള മിക്ക പ്ലാനുകളിലും ഇത് ലഭിക്കും. എന്നാൽ ഹെൽത്ത് കെയർ പ്ലാനുകളിൽ ഈ ഫീച്ചർ ലഭ്യമല്ല.
താൽക്കാലിക ചാറ്റുകൾ, ഗ്രൂപ്പ് ചാറ്റുകൾ തുടങ്ങിയവയിൽ ലോക്ക് ഓപ്ഷൻ പ്രവർത്തിക്കില്ല. ഫീച്ചർ പൂർണ്ണമായും ലഭ്യമാകുവാൻ ഏതാനും ദിവസങ്ങൾ എടുത്തേക്കാം.