പുൽപ്പള്ളി: മേഖലയിലെ കടമാൻതോട്, മുദ്ദള്ളിതോട്, കന്നാരംപുഴ തുടങ്ങിയ തോടുകളിലെ തടയണകളിൽ ഷട്ടറുകൾ സ്ഥാപിക്കാൻ ത്രിതല പഞ്ചായത്തുകളുടെ ഭാഗത്തുനിന്നു നടപടിയുണ്ടാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. മഴ മാറിയതോടെ കടുത്ത ചൂടിൽ തോടുകളിലും മറ്റും ജലവിതാനം കുത്തനെ താഴ്ന്ന അവസ്ഥയാണ്.
ഇതിന് പരിഹാരമായി ഈ തോടുകളിലൂടെ ഒഴുകിപ്പോകുന്ന വെള്ളം തടയണകളിൽ തടഞ്ഞുനിർത്തി പരമാവധി വെള്ളം സംഭരിക്കാനാവശ്യമായ നടപടി വേണം. ഇത്തവണ പുൽപ്പള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിൽ കാലവർഷം മുൻവർഷങ്ങളിൽ ലഭിച്ചതിന്റെ പകുതി പോലും ലഭിക്കാതെ വന്നതോടെ കിണറുകളിലും മറ്റും ജലവിതാനം ഉയരാത്തത് കർഷകരെ ആശങ്കയിലാക്കുകയാണ്.
തുടർച്ചയായി മഴ ലഭിച്ചില്ലെങ്കിൽ കിണറുകളിൽ ഉൾപ്പെടെ ജലവിതാനം കുത്തനെ താഴുമെന്നാണ് കർഷകർ പറയുന്നത്. ഇതിന് പരിഹാരമായി പുൽപ്പള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളുടെ സഹകരണത്തോടെ തോടുകളിൽ ചെറുതടയണകൾ നിർമിച്ച് ഒഴുകിപ്പോകുന്ന വെള്ളം പരമാവധി സംഭരിക്കാനാവശ്യമായ നടപടികൾ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി ആരംഭിക്കണം.
മുൻകാലങ്ങളിൽ മാർച്ച് ഏപ്രിൽ മാസങ്ങളിലായിരുന്നു തോടുകളിൽ തടയണകൾ ഉൾപ്പെടെ നിർമിച്ചിരുന്നത്. ഉടൻ തടയണ നിർമിച്ചാൽ ഇനി പെയ്യുന്ന മഴവെള്ളം പരമാവധി സംഭരിക്കാൻ കഴിയുമെന്നും ചെക്ഡാമുകളിൽ ഷട്ടറുകൾ സ്ഥാപിക്കാനാവശ്യമായ നടപടികൾ ത്രിതല പഞ്ചായത്തുകളുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.