ഇരിട്ടി: വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ വനം വകുപ്പ് ചെക്ക് പോസ്റ്റിന് സ്ഥിരം സ്ഥലം കണ്ടെത്തി. ഇരിട്ടി ടൗണിനു സമീപം തലശേരി–മൈസൂരു സംസ്ഥാനാന്തര പാതയിൽ പൊലിസ് സ്റ്റേഷന് എതിർവശം, ആറളം വൈൽഡ് വാർഡൻ കാര്യാലയത്തിനു മുന്നിലെ മരാമത്ത് വകുപ്പ് സ്ഥലമാണ് ചെക്ക് പോസ്റ്റിനായി അനുവദിച്ചത്. നിലവിൽ മാടത്തിലിലെ വാടകക്കെട്ടിടത്തിലാണ് ചെക്ക് പോസ്റ്റ് പ്രവർത്തിക്കുന്നത്.
കണ്ടെയ്നർ മാതൃകയിൽ 20 ലക്ഷം രൂപ ചെലവിൽ പുതിയ ചെക്ക്പോസ്റ്റും ഒരുക്കും. നിർമാണ ചുമതലയുള്ള പാലക്കാട് റീജണൽ നിർമിതി കേന്ദ്രം കണ്ടെയ്നർ കെട്ടിടം സ്ഥലത്തെത്തിച്ചിട്ടുണ്ട്. രണ്ടു ദിവസത്തിനകം നിർമാണം പൂർത്തിയാക്കും. ഓഫിസ്, ഹാൾ, കിടപ്പുമുറി, അടുക്കള, ശുചിമുറി തുടങ്ങിയ സൗകര്യങ്ങളോടെയാണ് കെട്ടിടം ഒരുക്കുന്നത്. വൈദ്യുതി കണക്ഷനും സിസിഎഫ് അനുമതിയും ലഭിക്കുന്നതോടെ ചെക്ക് പോസ്റ്റ് മാടത്തുനിന്ന് ഇവിടേക്ക് മാറ്റും.
ചെക്ക്പോസ്റ്റ് കൂട്ടുപുഴയിലേക്ക് മാറ്റുന്നതിനായി നേരത്തേ സ്ഥലം കണ്ടെത്താൻ ശ്രമിച്ചിരുന്നെ ങ്കിലും വിജയിച്ചില്ല. സെപ്റ്റംബർ അഞ്ചിന് ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ കെ. ദീപ, ഡിഎഫ്ഒ പി. കാർത്തിക് എന്നിവരുടെ നേതൃത്വത്തിൽ കൂട്ടുപുഴ, വളവുപാറ, കിളിയന്തൂർ എന്നിവിടങ്ങളിലെ സർക്കാർ സ്ഥലങ്ങൾ പരിശോധിച്ചെങ്കിലും അനുയോജ്യമായ സ്ഥലം കണ്ടെത്താനായില്ല.
മാടത്തെ വാടകക്കെട്ടിടത്തിലെ ചോർച്ചയും സ്ഥലപരിമിതിയും ജീവനക്കാർക്ക് ദുരിതമായിരുന്നു. മൂന്ന് ജീവനക്കാരാണ് ഷിഫ്റ്റ് അടിസ്ഥാനത്തിൽ ഇവിടെ ജോലി ചെയ്യുന്നത്. കർണാടകയിൽ നിന്നുള്ള മരംകടത്ത് തടയുന്നതിനായി ഇരിട്ടി പാലത്തിനു സമീപം പതിറ്റാണ്ടുകളായി പ്രവർത്തിച്ചിരുന്ന ചെക്ക് പോസ്റ്റ് റോഡ് വികസനത്തെ തുടർന്ന് 2017ലാണ് മാടത്തിലിലേക്ക് മാറ്റിയത്.
2020 നവംബറിൽ കൂട്ടുപുഴയിലേക്കും പിന്നീട് 2021ൽ വീണ്ടും മാടത്തിലിലേക്കും മാറ്റി. പുതിയ സ്ഥിരം സ്ഥലം ലഭിച്ചതോടെ വർഷങ്ങളായുള്ള ചെക്ക്പോസ്റ്റിന്റെ സ്ഥലമാറ്റത്തിന് വിരാമമാകുമെന്ന പ്രതീക്ഷയിലാണ് വനംവകുപ്പ്.