ഫ്രാങ്ക്ഫർട്ട്: യൂറോപ്യൻ യൂണിയന്റെ പുതിയ ബയോമെട്രിക് അതിർത്തി സുരക്ഷാ സംവിധാനമായ ഇഇഎസ് (Entry/Exit System - EES) പ്രാബല്യത്തിൽ വന്നതോടെ ജർമനിയിലെ പ്രധാന വിമാനത്താവളങ്ങളിൽ യാത്രാദുരിതം കടുക്കുന്നു. ഫ്രാങ്ക്ഫർട്ട്, മ്യൂണിക് വിമാനത്താവളങ്ങളിൽ പാസ്പോർട്ട് കൺട്രോൾ വിഭാഗത്തിലെ കാത്തിരിപ്പ് സമയം മുൻവർഷത്തേക്കാൾ ഇരട്ടിയായി ഉയർന്നതായി ഫിനാൻഷ്യൽ ടൈംസ് പുറത്തുവിട്ട പുതിയ യാത്രാ കണക്കുകൾ വ്യക്തമാക്കുന്നു.
യൂറോപ്യൻ യൂണിയന് പുറത്തുനിന്നുള്ള ഹ്രസ്വകാല സന്ദർശകർക്കായി നടപ്പിലാക്കിയ ഈ സംവിധാനം ജർമനിയിലേക്ക് എത്തുന്ന പ്രവാസികളെയും വിനോദസഞ്ചാരികളെയും ഒരുപോലെ വലയ്ക്കുകയാണ്.
ക്യൂ നിൽക്കേണ്ട സമയം മണിക്കൂറുകൾ
യാത്രാ ഡാറ്റാ ഏജൻസിയായ (Non-EU) നൽകുന്ന വിവരങ്ങൾ അനുസരിച്ച് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് (2025 ജൂലൈ) ജർമൻ വിമാനത്താവളങ്ങളിലെ കാത്തിരിപ്പ് സമയം ഇരട്ടിയോളമായി:
ഫ്രാങ്ക്ഫർട്ട് എയർപോർട്ട്: മുൻപ് ശരാശരി 60 മിനിറ്റായിരുന്ന കാത്തിരിപ്പ് സമയം 2026 ജൂലൈ ആയപ്പോഴേക്കും 120 മിനിറ്റായി (2 മണിക്കൂർ) ഉയർന്നു. EES സിസ്റ്റത്തിന്റെ മന്ദഗതി വിമാനങ്ങൾ വൈകുന്നതിനും സർവീസുകൾ തടസ്സപ്പെടുന്നതിനും കാരണമാകുന്നുണ്ടെന്ന് ഫ്രാങ്ക്ഫർട്ട് എയർപോർട്ട് വക്താവ് സ്ഥിരീകരിച്ചു.
മ്യൂണിക് എയർപോർട്ട്: മ്യൂണിക്കിൽ പരമാവധി ക്യൂ നിൽക്കേണ്ടി വരുന്ന സമയം 31 മിനിറ്റിൽ നിന്നും 60 മിനിറ്റിലേക്ക് വർധിച്ചു.
ബ്രിട്ടീഷ്അമേരിക്കൻ യാത്രക്കാർക്ക് തിരിച്ചടി: ബ്രിട്ടൻ, യുഎസ് ഉൾപ്പെടെയുള്ള ഇ.യു ഇതര രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികളെയാണ് ഇത് ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത്. റോം വിമാനത്താവളത്തിൽ യുകെ നിവാസികളുടെ പരിശോധനാ സമയം 7 മിനിറ്റിൽ നിന്ന് 20 മിനിറ്റായി ഉയർന്നു.
തിരക്ക് നിയന്ത്രിക്കാൻ സിസ്റ്റം ’ഓഫ്’ ചെയ്ത് എയർപോർട്ടുകൾ
മണിക്കൂറുകളോളം നീളുന്ന നീണ്ട ക്യൂവും യാത്രാ തടസങ്ങളും ഒഴിവാക്കാൻ പല പ്രമുഖ യൂറോപ്യൻ വിമാനത്താവളങ്ങളും ഈ ബയോമെട്രിക് ചെക്കിംഗ് സിസ്റ്റം താൽക്കാലികമായി ഓഫ് ചെയ്തു വെക്കുന്നതിലേക്ക് വരെ കാര്യങ്ങളെത്തി എന്ന് പൊളിറ്റിക്കോ റിപ്പോർട്ട് ചെയ്യുന്നു.
സെപ്റ്റംബറിന് ശേഷവും തിരക്കുള്ള സമയങ്ങളിൽ ഇഇഎസ് സിസ്റ്റത്തിൽ നിന്ന് ഇളവുകൾ അനുവദിക്കണമെന്ന് പല ഇയു രാജ്യങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഒരു വ്യക്തിക്ക് ഇഇഎസ് പ്രോസസ്സിംഗിന് ശരാശരി 70 സെക്കൻഡ് മാത്രമേ ആവശ്യമുള്ളൂവെന്നും തടസങ്ങൾ പരിഹരിക്കാൻ അംഗരാജ്യങ്ങളുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്നും യൂറോപ്യൻ കമ്മീഷൻ അറിയിച്ചു.
യൂറോപ്പിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികളും വിനോദസഞ്ചാരികളും വിമാനത്താവളങ്ങളിലെ ഈ പുതിയ പരിശോധനാ സമയക്രമം കണക്കിലെടുത്ത് മതിയായ സമയം മുൻകൂട്ടി കണ്ട് യാത്രകൾ പ്ലാൻ ചെയ്യണമെന്ന് അധികൃതർ നിർദ്ദേശിക്കുന്നു.