Kerala
കൊച്ചി: കേരള ഹൈക്കോടതിയുടെ 40-ാമത് ചീഫ് ജസ്റ്റീസായി ജസ്റ്റീസ് സൗമെന്‍ സെന്‍ സ്ഥാനമേറ്റു.
ഹൈക്കോടതിയില്‍ സഹജഡ്ജിമാരും ബാര്‍ കൗൺസിൽ അംഗങ്ങളും പങ്കെടുത്ത ഫുള്‍ കോര്‍ട്ട് റഫറന്‍സിലാണ് അദ്ദേഹം സ്ഥാനമേറ്റത്. മലയാളത്തില്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് ചീഫ് ജസ്റ്റീസ് സൗമെന്‍ സെന്‍ തനിക്കു നല്‍കിയ വരവേൽപ്പിന് നന്ദി പറഞ്ഞു.
ചീഫ് ജസ്റ്റീസ് എന്നനിലയില്‍ പ്രഥമ കടമ ജുഡീഷറിയുടെ സ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിക്കുകയും നീതി പ്രാപ്യവും സമയബന്ധിതവും അര്ഥവത്തായതുമാണെന്ന് ഉറപ്പാക്കുകയും ചെയ്യുകയെന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
അഡ്വക്കറ്റ് ജനറൽ കെ. ഗോപാലകൃഷ്ണ കുറുപ്പ്, ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ പ്രസിഡന്റ് പീയൂസ് എ. കൊറ്റം എന്നിവർ പ്രസംഗിച്ചു.
Kerala
തിരുവനന്തപുരം: കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസായി ജസ്റ്റീസ് സൗമൻ സെൻ സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ സത്യപ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു.
മുഖ്യമന്ത്രി പിണറായി വിജയൻ, വ്യവസായ,നിയമ മന്ത്രി പി രാജീവ്,സ്പീക്കർ എ.എൻ. ഷംസീർ, വി.കെ. പ്രശാന്ത് എംഎൽഎ, തിരുവനന്തപുരം കോർപ്പറേഷൻ മേയർ വി.വി. രാജേഷ്, ചീഫ് സെക്രട്ടറി എ. ജയതിലക്, ഡിജിപി റവാഡ ചന്ദ്രശേഖർ, കേരള ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റീസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റീസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റീസ് ശുശ്രുത് എ ധർമാധികാരി, ജസ്റ്റീസ്കെ ബാബു, കേരള ഹൈകോടതി മുൻ ചീഫ് ജസ്റ്റീസ് മഞ്ജുള ചെല്ലൂർ,സുപ്രീം കോടതി മുൻ ജഡ്ജ് ജസ്റ്റീസ് ഇന്ദിര ബാനർജി,വൈസ് ചാൻസലർമാരായ മോഹൻ കുന്നുമ്മൽ, സജി ഗോപിനാഥ്, സിസ തോമസ്, അഡ്വക്കറ്റ് ജനറൽ കെ. ഗോപാലകൃഷ്ണ കുറുപ്പ്, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
National
ന്യൂഡൽഹി: മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റീസ് സൗമെൻ സെന്നിനെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസായി നിയമിക്കാൻ ശിപാർശ.
മലയാളിയും കേരള ഹൈക്കോടതി ജഡ്ജിയുമായ ജസ്റ്റീസ് മുഷ്താഖിനെ സിക്കിം ചീഫ് ജസ്റ്റീസായി നിയമിക്കാനും സുപ്രീംകോടതി കൊളീജിയം ശിപാർശ ചെയ്തു.
നിലവിലെ ചീഫ് ജസ്റ്റീസ് നിതിൻ ജംദാർ വിരമിക്കുന്ന ഒഴിവിലേക്കാണ് ജസ്റ്റിസ് സെന്നിന്റെ നിയമനം. ദീർഘകാലം കോൽക്കത്ത ഹൈക്കോടതി ജഡ്‌ജി ആയിരുന്നു ജസ്റ്റീസ് സൗമെൻ സെൻ.
അലഹബാദ് ഹൈക്കോടതി ജഡ്ജിയായ മനോജ് കുമാർ ഗുപ്തയെ ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റീസായും ബോംബെ ഹൈക്കോടതി ജഡ്ജിയായ രേവതി പി. മോഹിതെ ദേരയെ മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റീസായും ബോംബെ ഹൈക്കോടതിയിലെ ജഡ്ജിയായ എം.എസ്. സോനകിനെ ജാർഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റീസായും ഒഡീഷ ഹൈക്കോടതി ജഡ്ജിയായ സൻഗം കുമാർ സഹോയെ പാറ്റ്ന ഹൈക്കോടതി ചീഫ് ജസ്റ്റീസായും നിയമിക്കാൻ സുപ്രീംകോടതി കൊളീജിയം ശിപാർശ ചെയ്തിട്ടുണ്ട്.
2025 ഒക്ടോബറിലാണ് ജസ്റ്റീസ് സെൻ മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റീസായി ചുമതലയേറ്റത്. 2011ൽ ജസ്റ്റീസ് സെൻ കോൽക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി ചുമതലയേറ്റു. അതിന് മുമ്പ് രണ്ട് പതിറ്റാണ്ടു കാലം കേന്ദ്ര സർക്കാർ അഭിഭാഷകനായിരുന്നു.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, സെബി, സിഡ്ബി തുടങ്ങി പ്രധാനപ്പെട്ട സാമ്പത്തിക സ്ഥാപനങ്ങളുടെ അഭിഭാഷകനായിരുന്നു ജസ്റ്റീസ് സെൻ.
National
ന്യൂഡൽഹി: ബന്ധുബലമില്ലാതെ സുപ്രീംകോടതി ചീഫ് ജസ്റ്റീസായ ഇടത്തരം കർഷക കുടുംബാംഗവും ആദ്യ തലമുറ അഭിഭാഷകനുമാണ് ജസ്റ്റീസ് സൂര്യകാന്ത്. സുപ്രീംകോടതിയിൽ നിലവിലുള്ള 33 ജഡ്ജിമാരിൽ 11 പേർ മുൻ ജഡ്‌ജിമാരുടെ അടുത്ത ബന്ധുതയുള്ളവരാണ്. പ്രമുഖ അഭിഭാഷകരുടെ മക്കളാണു സുപ്രീംകോടതിയിലെ മറ്റു പത്തു ജഡ്‌ജിമാർ.
ഹരിയാനയിൽനിന്നുള്ള ആദ്യ സുപ്രീംകോടതി ജഡ്ജിയും ചീഫ് ജസ്റ്റീസുമാണു കാന്ത്. ജഗദീഷ് സിംഗ് കെഹാർ അടക്കം പഞ്ചാബ് -ഹരിയാന ഹൈക്കോടതിയിൽനിന്നു ചീഫ് ജസ്റ്റീസ് ഉണ്ടായിട്ടുണ്ടെങ്കിലും ഹരിയാനയിൽ ജനിച്ചുവളർന്ന ആദ്യത്തെയാളാണു കാന്ത്. 38-ാം വയസിൽ ഹരിയാനയിലെ പ്രായം കുറഞ്ഞ അഡ്വക്കറ്റ് ജനറലും 42-ാം വയസിൽ ഹൈക്കോടതി ജഡ്ജിയുമായി.
1962 ഫെബ്രുവരി 10ന് ഹരിയാന ഹിസാറിലെ പെട്വാർ ഗ്രാമത്തിൽ ഇടത്തരം കർഷക കുടുംബത്തിലാണു ജനിച്ചത്. സർക്കാർ സ്കൂളിലെ സംസ്കൃത സ്കൂൾ അധ്യാപകനായ മദൻ ഗോപാൽ ശാസ്ത്രിയുടെ അഞ്ചു മക്കളിൽ ഇളയവനാണ്. അമ്മ വീട്ടമ്മയായിരുന്നു. ചണ്ഡിഗഡ് പഞ്ച്കുളയിലെ സർക്കാർ കോളജിൽ പ്രിൻസിപ്പലായി വിരമിച്ച സവിതയാണു ചീഫ് ജസ്റ്റീസ് കാന്തിന്റെ ഭാര്യ.
National
ന്യൂഡൽഹി: ഭരണഘടനയും ഡോ. ബി.ആര്‍. അംബേദ്കറുമാണ് തന്‍റെ വഴികാട്ടികളെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ബി.ആര്‍. ഗവായ്. തന്‍റെ വിധികളിലൂടെ പൗരാവകാശമുയർത്തിപ്പിടിക്കാനാണ് ശ്രമിച്ചതെന്നും അധികാര പദവി ജനസേവനത്തിനുള്ള മാർഗമായിട്ടാണ് കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുനിസിപ്പല്‍ സ്‌കൂളിന്‍റെ നിലത്തിരുന്ന് പഠിച്ച ഒരു കുട്ടിക്ക് ഈ പദവി സ്വപ്‌നം കാണാന്‍ പറ്റുമെന്ന് ഞാൻ കരുതിയിരുന്നില്ല. നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്ന ഭരണഘടനയുടെ നാല് തൂണുകളും എന്‍റെ ജീവിതത്തില്‍ കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുണ്ട്. തന്‍റെ പ്രയാണത്തിൽ സുപ്രീം കോടതിയിലെ സമൂഹം നൽകിയ പിന്തുണ വലുതാണെന്നും ബി.ആർ. ഗവായ് പറഞ്ഞു.
സുപ്രീം കോടതി അഡ്വക്കറ്റ്‌സ് ഓണ്‍ റെക്കോര്‍ഡ് അസോസിയേഷന്‍ (എസ്‌സിഎഒആര്‍എ) നല്‍കിയ യാത്രയയപ്പ് ചടങ്ങിലായിരുന്നു ഗവായിയുടെ വൈകാരിക പ്രസംഗം. ഈ മാസം 23നാണ് ബി.ആര്‍. ഗവായ് വിരമിക്കുന്നത്. ഇന്നാണ് അദ്ദേഹത്തിന്‍റെ അവസാന പ്രവൃത്തി ദിവസം. സുപ്രീംകോടതി ബാർ അസോസിയേഷന്‍റെ ഔദ്യോഗികയാത്രയപ്പ് വൈകുന്നേരം നടക്കും. പുതിയ ചീഫ് ജസ്റ്റീസായി ജസ്റ്റീസ് സൂര്യകാന്ത് തിങ്കളാഴ്ച സ്ഥാനമേൽക്കും.
National
ന്യൂഡൽഹി: ചീഫ് ജസ്റ്റീസ് ബി.ആർ. ഗവായിക്കു നേരേ ഷൂ എറിയാൻ ശ്രമിച്ച അഭിഭാഷകൻ രാകേഷ് കിഷോറിനെതിരേ കോടതിയലക്ഷ്യ നടപടികൾ ആരംഭിച്ച് വിഷയത്തിന് അനാവശ്യ പ്രാധാന്യം നൽകണോയെന്നു സുപ്രീംകോടതി.
നടപടി ആവശ്യമില്ലെന്നു ചീഫ് ജസ്റ്റീസ് നിലപാട് സ്വീകരിച്ചിട്ടും കോടതിയലക്ഷ്യത്തിനു കേസെടുക്കുന്നത് രാകേഷ് കിഷോറിന് അനാവശ്യ പ്രാധാന്യം നൽകില്ലേയെന്നും കേസ് പരിഗണിക്കവെ ജസ്റ്റീസുമാരായ സൂര്യകാന്ത്, ജോയ്മല്യ ബാഗ്ജി എന്നിവരുടെ ബെഞ്ച് ചോദിച്ചു.
അതിക്രമശ്രമം നടന്നതിനു പിന്നാലെ അഭിഭാഷകനെ കുറച്ചുനേരം തടഞ്ഞുവച്ചു. എന്നാൽ പിന്നീട് വിട്ടയച്ചപ്പോൾ തന്‍റെ പ്രവൃത്തിയെ മഹത്വവത്കരിക്കുന്ന രീതിയിലുള്ള പ്രസ്താവനകൾ സമൂഹമാധ്യമത്തിലൂടെ അദ്ദേഹം നടത്തിയെന്നും ഇത് അനുവദിക്കാൻ പാടില്ലെന്നും മുതിർന്ന അഭിഭാഷകനും സുപ്രീംകോടതി ബാർ അസോസിയേഷൻ പ്രസിഡന്റുമായ വികാസ് സിംഗ് പറഞ്ഞു. ചീഫ് ജസ്റ്റീസ് മാപ്പ് നൽകിയത് അദ്ദേഹത്തിന്‍റെ വ്യക്തിപരമായ കാര്യമാണ്.
നീതിന്യായ സംവിധാനത്തിനെതിരേ ഉണ്ടായ അതിക്രമത്തിലാണു നടപടി സ്വീകരിക്കേണ്ടത്. അതിനാൽ സംഭവത്തെ വെറുതെ വിടാൻ സാധിക്കില്ലെന്നും വികാസ് സിംഗ് കോടതിയിൽ പറഞ്ഞു.
എന്നാൽ, കോടതിയലക്ഷ്യ നിയമപ്രകാരം നടപടി സ്വീകരിക്കണോ വേണ്ടയോ എന്നതു ബാധിക്കപ്പെട്ട ജഡ്ജിയുടെ തീരുമാനത്തെ ആശ്രയിച്ചിരിക്കുമെന്ന് ബെഞ്ച് വ്യക്തമാക്കി. ഭാവിയിൽ ഇത്തരം സംഭവങ്ങൾ തടയുന്നതിനുള്ള മാർഗനിർദേശം തയാറാക്കുന്നത് പരിഗണിക്കുമെന്നു വ്യക്തമാക്കിയ കോടതി, അഭിഭാഷകനെതിരേ കോടതിയലക്ഷ്യ നടപടിക്ക് ഉത്തരവിടാൻ വിസമ്മതിച്ചു.
National
ന്യൂഡൽഹി: ചീഫ് ജസ്റ്റീസ് ബി.ആർ. ഗവായ് അടുത്ത മാസം 23ന് വിരമിക്കാനിരിക്കെ പിൻഗാമിയെ തെരഞ്ഞെടുക്കാനുള്ള നടപടിക്രമങ്ങൾക്ക് തുടക്കമിട്ട് കേന്ദ്രസർക്കാർ.
നടപടിക്രമങ്ങളുടെ ഭാഗമായി പിൻഗാമിയെ നിർദേശിക്കാൻ ആവശ്യപ്പെട്ടു കേന്ദ്ര നിയമമന്ത്രാലയം ഗവായിക്ക് കത്തു നൽകിയിട്ടുണ്ട്. കീഴ്വഴക്കമനുസരിച്ച് സുപ്രീംകോടതിയിലെ ഏറ്റവും മുതിർന്ന ജഡ്ജിയെയാണു ചീഫ് ജസ്റ്റീസ് തന്‍റെ പിൻഗാമിയായി നിർദേശിക്കുക.
മാനദണ്ഡങ്ങളനുസരിച്ച് ഗവായിക്കുശേഷം സീനിയോറിറ്റിയുള്ള ജസ്റ്റീസ് സൂര്യകാന്ത് സുപ്രീംകോടതിയുടെ 53-ാമത് ചീഫ് ജസ്റ്റീസായി ചുമതലയേൽക്കും.
സ്ഥാനമൊഴിയുന്ന ബി.ആർ. ഗവായ് നൽകുന്ന ശിപാർശയ്ക്കു കേന്ദ്രാനുമതിയും രാഷ്ട്രപതിയുടെ അംഗീകാരവും ലഭിച്ചുകഴിഞ്ഞാൽ നവംബർ 24ന് പുതിയ ചീഫ് ജസ്റ്റീസ് ചുമതലയേൽക്കും. 2027 ഫെബ്രുവരി ഒന്പതുവരെയായിരിക്കും അദ്ദേഹത്തിന്‍റെ കാലാവധി.
National
ന്യൂഡൽഹി: സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ബി.ആർ. ഗവായിക്ക് നേരെയുണ്ടായ അതിക്രമത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സംഭവം എല്ലാ ഇന്ത്യക്കാരെയും പ്രകോപിപ്പിച്ചുവെന്ന് പ്രതികരിച്ച പ്രധാനമന്ത്രി, ബി.ആർ. ഗവായിയോട് സംസാരിക്കുകയും ചെയ്തു.
"ചീഫ് ജസ്റ്റീസ് ജസ്റ്റിസ് ബി.ആർ. ഗവായി ജിയോട് സംസാരിച്ചു. ഇന്ന് രാവിലെ സുപ്രീംകോടതി പരിസരത്ത് വച്ച് അദ്ദേഹത്തിന് നേരെയുണ്ടായ ആക്രമണം ഓരോ ഇന്ത്യക്കാരനെയും രോഷാകുലനാക്കി. നമ്മുടെ സമൂഹത്തിൽ ഇത്തരം നിന്ദ്യമായ പ്രവൃത്തികൾക്ക് സ്ഥാനമില്ല. ഇത് തികച്ചും അപലപനീയമാണ്'.- അദ്ദേഹം എക്സിൽ പോസ്റ്റ് ചെയ്തു.
രാവിലെ കേസ് പരിഗണിക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റീസ് ബി.ആര്‍. ഗവായ്ക്ക് നേരെ ഷൂ ഏറിയാനുള്ള ശ്രമം നടന്നത്. ഡയസിന് അരികിലെത്തിയ അഭിഭാഷകൻ ഷൂ എറിയാന്‍ ശ്രമിക്കുകയായിരുന്നു. സുരക്ഷാ ജീവനക്കാര്‍ ഇയാളെ കീഴ്പ്പെടുത്തി.
എന്നാല്‍ സംഭവമുണ്ടായിട്ടും ചീഫ് ജസ്റ്റീസ് ശാന്തനായി ഇരിക്കുകയും നടപടികള്‍ തുടരുകയും ചെയ്തു. ഇത് തന്നെ ബാധിക്കുന്നതല്ലെന്നും അദ്ദേഹം പ്രതികരിച്ചു. നാടകീയ സംഭവങ്ങളില്‍ കുറച്ചുനേരം പരിഭ്രാന്തി നിലനിന്നെങ്കിലും പിന്നീട് കോടതി നടപടികൾ തുടര്‍ന്നു.
71 വയസുള്ള രാകേഷ് കിഷോർ എന്നയാളാണ് അഭിഭാഷകനാണ് അതിക്രമ ശ്രമം നടത്തിയത്. സനാതന ധര്‍മത്തോടുള്ള അനാദരവ് ഇന്ത്യ സഹിക്കില്ലെന്ന മുദ്രാവാക്യം വിളിച്ചു കൊണ്ടാണ് ഷൂ എറിഞ്ഞതെന്ന് കോടതിയിലുണ്ടായിരുന്ന അഭിഭാഷകര്‍ പറഞ്ഞു. ഇയാളെ പോലീസിന് കൈമാറിയിരുന്നു. പിന്നീട് വിട്ടയച്ചു.
District News
തിരുവനന്തപുരം: സംഘപരിവാർ നട്ടുവളർത്തിയ വിദ്വേഷത്തിന്റെ വിഷമാണ് ഇന്ന് സുപ്രീംകോടതിയിൽ ചീഫ് ജസ്റ്റീസിന് നേരെ ചീറ്റിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചീഫ് ജസ്റ്റീസ് ബി.ആര്‍. ഗവായ്ക്കു നേരെ കോടതി മുറിയിൽ നടന്ന അക്രമശ്രമത്തെ ശക്തമായി അപലപിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
സനാതന ധർമത്തിനെതിരെ പ്രവർത്തിക്കുന്നുവെന്നാരോപിച്ചാണ് ഒരു അഭിഭാഷക വേഷധാരി ഷൂ എറിയാനാഞ്ഞത് എന്നാണ് റിപ്പോർട്ട്. നിലതെറ്റിയ വ്യക്തിയുടെ വികാരപ്രകടനമായി ഈ അതിക്രമത്തെ ചുരുക്കി കാണാൻ കഴിയില്ല.
സംഘപരിവാറിന്റെ വിഷലിപ്തമായ വർഗീയ പ്രചാരണമാണ് അപകടകരമായ ഈ മാനസിക നിലയിലേക്ക് വ്യക്തികളെ കൊണ്ടെത്തിക്കുന്നത്. വെറുപ്പും അപര വിദ്വേഷവും ജനിപ്പിക്കുന്ന പ്രത്യയശാസ്ത്രത്തിന്റെ ഉൽപ്പന്നങ്ങളാണ് പരമോന്നത കോടതിക്കകത്ത് പോലും ഉണ്ടാകുന്ന ഇത്തരം കടന്നാക്രമണങ്ങൾ.
ആർഎസ്എസും അതിന്റെ പരിവാരവും നൂറു വർഷംകൊണ്ടു സൃഷ്ടിച്ചുവച്ച അസഹിഷ്ണുതയാണ് ഇതിന്റെ ഇന്ധനം. മഹാത്മാ ഗാന്ധിക്കു നേരെ നിറയൊഴിക്കാൻ മടിച്ചിട്ടില്ലാത്ത വർഗീയ ഭ്രാന്തിന് ഒട്ടും കുറവു വന്നിട്ടില്ല എന്ന് ഓർമിപ്പിക്കുന്ന സംഭവമാണ് സുപ്രീംകോടതിയിൽ ഇന്നുണ്ടായത്.
ഒറ്റപ്പെട്ട അക്രമ സംഭവമോ സമനില തെറ്റിയ വ്യക്തിയുടെ വിക്രിയയോ ആയി ഇതിനെ നിസാരവൽക്കരിക്കാനാവില്ല. സംഘപരിവാർ മുന്നോട്ടുവയ്ക്കുന്ന അക്രമോത്സുകമായ രാഷ്ട്രീയത്തെ തന്നെയാണ് പരിശോധിക്കേണ്ടതും തുറന്നുകാട്ടേണ്ടതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Editorial
സുപ്രീംകോടതി ചീഫ് ജസ്റ്റീസിൻ്റെ ഒരു നിരീക്ഷണവും കേരള ഹൈക്കോടതിയുടെ ഒരു നിർദേശവും ഇന്ത്യൻ ജനാധിപത്യത്തിന്റെ്റെ വ്യതിചലനങ്ങളെ അഭിസംബോധന ചെയ്യുന്നതാണ്. ജഡ്‌ജിമാർ രാജിവച്ചു തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതും വിരമിച്ചാലുടൻ സർക്കാർ പദവികൾ സ്വീകരിക്കുന്നതും നീതിന്യായ കോടതികളുടെ വിശ്വാസ്യതയെ ബാധിക്കുമെന്നാണ് സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ബി. ആർ. ഗവായ് പറഞ്ഞത്. കേരളതീരത്ത് ലൈബീരിയൻ ചരക്കുകപ്പൽ മുങ്ങിയതിൻ്റെ പ്രത്യാഘാതങ്ങൾ അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ടെന്നും വിശദാംശങ്ങൾ സർക്കാർ പുറത്തുവിടണമെന്നുമാണ് ഹൈക്കോടതി ബെഞ്ചിൻ്റെ നിർദേശം.
ജനങ്ങളുടേതായിരിക്കേണ്ട ജനാധിപത്യാവകാശങ്ങൾ ഭരണകുടങ്ങൾ അൽപ്പാൽപ്പമായി കൈവശപ്പെടുന്നതിനെ ഹൈക്കോടതി ചൂണ്ടിക്കാണിക്കുമ്പോൾ, പ്രലോഭനങ്ങളിലുടെ വശീകരിക്കാനുള്ള ഭരണകൂട ശ്രമങ്ങൾക്ക് ജുഡീഷറി വഴങ്ങുന്നെന്ന ചിന്തപോലും ഒഴിവാക്കണമെന്ന് ചീഫ് ജസ്റ്റീസ് ചൂണ്ടിക്കാണിക്കുന്നതായി നിരീക്ഷിക്കാം. ഭരണകർത്താക്കളും ന്യായാധിപരും ഇക്കാര്യങ്ങൾ ശ്രദ്ധിക്കുമെന്നു പ്രത്യാശിക്കുകയും ചെയ്യാം.
സുപ്രീംകോടതി ജഡ്‌ജി ബി. ആർ. ഗവായിയുടെ അഭിപ്രായം ഉയർന്നത്, ലണ്ടനിൽ ഇന്ത്യയിലെയും ഇംഗ്ലണ്ടിലെയും ജഡ്‌ജിമാർ പങ്കെടുത്ത യുകെ സുപ്രീംകോടതി ചർച്ചയിലാണ്. ജുഡീഷൽ സ്വാതന്ത്ര്യം, ഭരണഘടനാപരമാ യ മേധാവിത്വം, കോടതി നടപടികളുടെ തത്സമയ സംപ്രേഷണം, സോഷ്യൽ മീഡിയയുടെയും വർധിച്ചുവരുന്ന പൊതുജന നിരീക്ഷണത്തിൻ്റെയും യുഗത്തിൽ ജുഡീഷറിയുടെ വികസിതമാകുന്ന പങ്ക് തുടങ്ങിയ സങ്കീർണ വിഷയങ്ങളായിരുന്നു ചർച്ചയ്‌ക്കെടുത്തത്. എല്ലാം ഗൗരവമുള്ള വിഷയങ്ങളായിരുന്നെങ്കിലും, ജഡ്‌ജിമാരുടെ അധികാര പങ്കാളിത്തത്തെക്കുറിച്ച് ചീഫ് ജസ്റ്റീസ് ബി.ആർ. ഗവായിയുടെ അഭിപ്രായം ഇന്ത്യൻ പശ്ചാത്തലത്തിൽ കുടുതൽ ശ്രദ്ധ നേടി.
വിരമിച്ചയുടനെ ജഡ്‌ജിമാർ സർക്കാർ പദവി സ്വീകരിക്കുന്നതും രാജിവച്ച് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതും ജുഡീഷറിയുടെ വിശ്വാസ്യതയെ ബാധിക്കുമെന്നും അത്തരം രീതികൾ ഗൗരവമായ ധാർമികചോദ്യങ്ങൾ ഉയർത്തുന്നുണ്ടെന്നുമാണ് അദ്ദേഹം പറഞ്ഞത്. "വിരമിച്ചശേഷമുള്ള പദവികൾക്കുവേണ്ടി ന്യായാധിപരായിരുന്ന കാലത്ത് ജഡ്‌ജിമാർ തീരുമാനമെടുത്തിട്ടുണ്ടാകാമെന്ന പൊതുബോധം രൂപപ്പെടാൻ ഇതു വഴിതെളിക്കും. ഇത്തരം ആശങ്കകളുടെ പശ്ചാത്തലത്തിലാണ് വിരമിച്ചശേഷം സർക്കാർ പദവികളൊന്നും വേണ്ടെന്ന്താനും സഹപ്രവർത്തകരിൽ ചിലരും തീരുമാനിച്ചത്. ജഡ്‌ജിമാരുടെ നിയമനത്തിനുള്ള കൊളീജിയം വിമർശനത്തിന് അതീതമല്ല. എന്നാൽ, ജുഡീഷറിയുടെ സ്വാതന്ത്ര്യം ഇല്ലാതാക്കിക്കൊണ്ടാകരുത് മറ്റൊരു സംവിധാനം കൊണ്ടുവരുന്നത്. ബാഹ്യ ഇടപെടലുകളിൽനിന്ന് ജഡ്‌ജിമാർ സ്വതന്ത്രരായിരിക്കണം."-ചീഫ് ജസ്റ്റീസ് പറഞ്ഞു.
കോൺഗ്രസ് ഭരണകാലത്തും ജഡ്‌ജിമാർ അധികാരസ്ഥാനങ്ങൾ ഏറ്റെടുത്തിട്ടുണ്ടെങ്കിലും ഇപ്പോഴത് വർധിച്ച രീതിയിലാകുകയും സ്ഥാനമാനങ്ങൾ ഏറ്റെടുത്തവരുടെ മുൻകാലവിധികൾ വിമർശിക്കപ്പെടുകയും ചെയ്‌തതോടെയാണ് ചിലതെങ്കിലും വിവാദമായത്. സുപ്രീംകോടതി ചീഫ് ജസ്റ്റീസുമാരായിരുന്ന പി. സദാശിവം, രഞ്ജൻ ഗൊഗോയ്, ഹൈക്കോടതികളിൽ ചീഫ് ജസ്റ്റീസും സുപ്രീംകോടതി ജഡ്‌ജിയുമായിരുന്ന ജസ്റ്റീസ് അരുൺ മിശ്ര, സുപ്രീംകോടതിയിലും ഹൈക്കോടതിയിലും ജഡ്‌ജിയായിരുന്ന എസ്. അബ്ദുൽ നസീർ തുടങ്ങിയവർ വിരമിച്ചശേഷം സർക്കാരിൽ വിവിധ പദവികൾ സ്വീകരിച്ചിരുന്നു. മലയാളിയായ മുൻ ചീഫ് ജസ്റ്റീസ് കെ.ജി. ബാലകൃഷ്‌ണൻ വിരമിച്ചശേഷം ദേശീയ മനുഷ്യാവകാശ കമ്മീഷൻ്റെ ചെയർമാനായി.
കോൽക്കത്ത ഹൈക്കോടതി ജഡ്‌ജിയായിരിക്കെ രാജിവച്ച അഭിജിത് ഗംഗോപാധ്യായ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കുവേണ്ടി മത്സരിച്ചു ജയിച്ചു. രംഗനാഥ് മിശ്ര, ബഹാറുൾ ഇസ്‌ലാം എന്നിവർ മുമ്പ് കോൺഗ്രസിന്റെ അംഗങ്ങളായി രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരാണ്. ഭരണകർത്താക്കളും ന്യായാധിപരും ഒരുപോലെ ഗൗരവത്തിലെടുക്കേണ്ട വിഷയമാണെങ്കിലും കൊടുക്കൽ വാങ്ങലുകൾ എന്ന് ആക്ഷേപിക്കപ്പെടാനിടയുള്ള ഇത്തരം ക്രിയകളിൽ ഏർപ്പെടുന്നവർ പിൻവാങ്ങുമോയെന്ന് അറിയില്ല. പക്ഷേ, നിഷ്പക്ഷമതികളും എന്തു ചെയ്യണമെന്നു സന്ദേഹമുള്ളവരും തിരുത്താൻ തയാറുള്ളവരുമൊക്കെ ഇത്തരം വിമർശനങ്ങളെ തങ്ങളുടെ തീരു മാനങ്ങൾക്കുള്ള മൂല്യാധിഷ്‌ഠിത മാനദണ്ഡങ്ങളായി സ്വീകരിക്കും.
കൊച്ചി തീരത്തു മുങ്ങിയ എംഎസ്‌സി എൽസ 3 കപ്പലിലെ കണ്ടെയ്‌നറുകളിലുണ്ടായിരുന്ന വസ്‌തുക്കളെക്കുറിച്ച് പൊതുജനങ്ങൾ അറിയേണ്ടതുണ്ടെന്ന ഹൈക്കോടതി നിർദേശവും ജനാധിപത്യ സന്ദേശമാണ്. കണ്ടെയ്‌നറിലുള്ള സാധനങ്ങൾ കടലിൽ കലർന്നാൽ കടലിലും തീരത്തുമുണ്ടാകുന്ന പ്രത്യാഘാതം എന്തൊക്കെയായിരിക്കുമെന്ന വിവരങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്നും രണ്ടാഴ്ചയ്ക്കകം ഹർജി വീണ്ടും പരിഗണിക്കുമ്പോൾ വിശദാംശങ്ങൾ കോടതിയെ അറിയിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. കോൺഗ്രസ് നേതാവ് ടി.എൻ. പ്രതാപന്റെ ഹർജിയിൽ ചീഫ് ജസ്റ്റീസ് നിധിൻ ജാംദാർ, ജസ്റ്റീസ് ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്.
വിവരാവകാശ നിയമം ഇല്ലായിരുന്നെങ്കിൽ ഭരണകൂട-ഉദ്യോഗസ്ഥ ചെയ്‌തികളുടെ, അവർതന്നെ തിരുത്തിയ ഭാഷ്യങ്ങളേ ജനങ്ങൾക്കു വായിക്കാനാകുമായിരുന്നുള്ളു. വ്യക്തിപരമോ വ്യക്തിഹത്യാപരമോ അല്ലാത്ത വിവരങ്ങൾ ജനങ്ങൾ അറിയേണ്ടതുണ്ട്. അതിൻ്റെ ആവശ്യമില്ലെന്നു ഭരണകൂടം പറയുന്നുണ്ടെങ്കിൽ പലതും മറച്ചുവയ്ക്കുന്നുണ്ട് എന്നേ അർഥമുള്ളു. അതു ജനങ്ങളുടെയല്ല ഭരിക്കുന്നവരുടെ ആധിപത്യമാണ്. ഓപ്പറേഷൻ സിന്ദുറിനെക്കുറിച്ച് ചർച്ച ചെയ്യാൻ പാർലമെൻ്റിൻ്റെ പ്രത്യേക സമ്മേളനം വിളിക്കണമെന്ന പ്രതിപക്ഷ ആവശ്യവും ഈ പശ്ചാ ത്തലത്തിൽ പ്രാധാന്യമുള്ളതാണ്. വിദേശരാജ്യങ്ങൾക്കു മുമ്പ്, സ്വന്തം പാർലമെൻ്റിൽ ആദ്യം വിശദീകരിച്ചിരുന്നെങ്കിൽ അതു നൽകുന്ന സന്ദേശം നമ്മുടെ ജനാധിപത്യത്തിൻ്റെ സുതാര്യതയെ കൂടുതൽ വെളിപ്പെടുത്തുമായിരുന്നു.
ജനാധിപത്യം കാലാനുസൃതമായി പുതുക്കുന്നില്ലെങ്കിൽ അത് പുതിയ കാലത്തിൻ്റെ ആവശ്യങ്ങളെ തൃപ്‌തിപ്പെടുത്തുന്നതായിരിക്കില്ല. മറച്ചുവയ്ക്കുന്നിടത്ത് സുതാര്യതയില്ല. ടിക്കറ്റിൻ്റെ ബാക്കി പണം തന്നിരുന്നെങ്കിൽ തനിക്ക് മറ്റെന്തെങ്കിലും ആലോചിച്ചിരിക്കാമായിരുന്നെന്നു യാത്രക്കാരൻ ബസ് കണ്ടക്ടറോട് പറയുന്ന ഒരു സമൂഹമാധ്യമ കുറിപ്പുണ്ട്. അതുപോലെ, കപ്പലിൽ എന്തുണ്ടെന്നതും അതിൻ്റെ പ്രത്യാഘാതങ്ങളും ജനങ്ങളോടു പറഞ്ഞാൽ പിന്നെ കുഴപ്പമില്ലെന്നു പറഞ്ഞ് കുഴയേണ്ട ആവശ്യം സർക്കാരിനും കുഴപ്പമാകുമോ എന്ന് ചിന്തിച്ചുകൊണ്ടിരിക്കേണ്ട ആവശ്യം ജനങ്ങൾക്കും ഇല്ലാതാകും.
നിഷ്പക്ഷമായി നീതി നടപ്പാക്കേണ്ട ന്യായാധിപർ പാർട്ടി പ്രവർത്തകരോ ഔദാര്യം സ്വീകരിക്കുന്നവരോ അല്ലെന്നു ബോധ്യപ്പെട്ടാൽ, ഭരണകുടം ദുഷിച്ചോയെന്ന സംശയമുണ്ടാകുമ്പോഴൊക്കെ അവസാന ആശ്രയമെന്ന നിലയിൽ കോടതികളിലേക്കു നോക്കുന്ന ജനത്തിന് ആശ്വാസമാകും. ഭരണകുടത്തിലെ പങ്കല്ല, ജനാധിപത്യത്തിലെ പങ്കാണ് കോടതികൾ ഉറപ്പാക്കേണ്ടത്. ഭരിക്കുന്നവരോ, നീതിന്യായ വ്യവസ്ഥയെ വിലയ്ക്കെടുക്കാൻ ശ്രമിച്ച് സ്വയം ഇരുട്ടത്തേക്കു മാറിനിൽക്കുകയുമരുത്.