കൊച്ചി : ബിഹാറില്‍ നിന്ന് ബാലവേലയ്ക്കായി ട്രെയിനില്‍ കടത്തിക്കൊണ്ടു വന്ന ബിഹാര്‍ സ്വദശികളായ പ്രായപൂര്‍ത്തിയാകാത്ത ഒമ്പത് ആണ്‍കുട്ടികളെ രക്ഷപെടുത്തിയ സംഭവത്തില്‍ കുട്ടികളെ എത്തിച്ച ഏജന്റിനായി റെയില്‍വേ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. മണിക്കൂറില്‍ 50 രൂപ കൂലി വാഗ്ദാനം ചെയ്താണ് കുട്ടികളെ പെരുമ്പാവൂരിലെ പ്ലൈവുഡ് ഫാക്ടറിയിലേക്ക് എത്തിച്ചതായാണ് വിവരം. കുട്ടികളെ എത്തിക്കാന്‍ ആവശ്യപ്പെട്ട മലയാളി ഏജന്റിനെ കണ്ടെത്താനായാണ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുന്നത്.
ശനിയാഴ്ച വൈകിട്ട് ഏഴിന് പാറ്റ്ന - എറണാകുളം എക്സ്പ്രസ് സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ നടത്തിയ പരിശോധനയ്ക്കിടെയിലാണ് സംശയാസ്പദ സാഹചര്യത്തില്‍ ഒമ്പത് കുട്ടികളെയും രണ്ടു മുതിര്‍ന്നവരെയും കണ്ടെത്തിയത്.
ബിഹാറിലെ വിവിധ ജില്ലകളില്‍ നിന്നുള്ള കുട്ടികള്‍ ജോലി അന്വേഷിച്ച് എറണാകുളത്ത് എത്തിയതാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. തങ്ങളുടെ ഗ്രാമങ്ങളിലെ കടുത്ത സാമ്പത്തിക പ്രതിസന്ധിയും തൊഴിലില്ലായ്മയും കാരണമാണ് ഈ യാത്രയെന്നും കുടുംബാംഗങ്ങളുടെ അറിവോടും സമ്മതത്തോടും കൂടിയാണ് വന്നതെന്നും കുട്ടികള്‍ പറഞ്ഞു. കുട്ടികള്‍ക്കൊപ്പമുണ്ടായിരുന്ന ബിഹാര്‍ ഗോപാല്‍ ഗഞ്ച് സ്വദേശികളായ സുനില്‍ മണ്ഡല് (22), വബ്ലു നട്ട് (25) എന്നിവരെ എറണാകുളം റെയില്‍വെ പ്രൊട്ടക്ഷന്‍ ഫോഴ്സും ക്രൈം ഇന്റലിജന്‍സ് ബ്രാഞ്ചും ചേര്‍ന്ന് അറസ്റ്റ് ചെയ്തു.
കുട്ടികളുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും മുന്‍ഗണന നല്കി ആര്‍പിഎഫ് സംഘം ഉടന്‍ തന്നെ എറണാകുളം ചൈല്‍ഡ് ഹെല്‍പ്പ് ഡെസ്കുമായി ബന്ധപ്പെട്ടു. തുടര്‍ന്ന് വിശദ പരിശോധനകള്‍ക്കും തുടര്‍ നിയമനടപടികള്‍ക്കുമായി പതിനൊന്ന് പേരെയും എറണാകുളം റെയില്‍വേ പോലീസിന് കൈമാറി.
രക്ഷപ്പെടുത്തിയ ഒമ്പത് കുട്ടികളില്‍ അഞ്ചു പേരെ സംരക്ഷണത്തിനും പുനരധിവാസത്തിനുമായി കറുകുറ്റി ഗലീല ചില്‍ഡ്രന്‍സ് ഹോമിലും നാലു പേരെ പള്ളുരുത്തിയിലുള്ള ബോസ്കോ നിലയത്തിലും പ്രവേശിപ്പിച്ചു. അറസ്റ്റിലായ ബിഹാര്‍ സ്വദേശികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.