വൈക്കം: അനധികൃതമായി കക്കത്തോട് കടത്തുന്നതിനെതിരേ ഫിഷറീസ് വകുപ്പ് നടപടി ശക്തമാക്കുന്നു.അടുത്ത കാലത്ത് നടന്ന രണ്ട് റെയ്ഡുകളിൽ വെച്ചൂർ, കുലശേഖരമംഗലം എന്നിവടങ്ങളിൽ നിന്നായി അനധികൃതമായി കക്കത്തോട് കടത്തുന്നതിനിടയിൽ ഫിഷറീസ് അധികൃതർ വാഹനങ്ങൾ പിടികൂടി കേസെടുത്തിരുന്നു.
കഴിഞ്ഞ ദിവസം ഫിഷറീസ് വകുപ്പിന്റെ പതിവ് പട്രോളിംഗിന്റെ ഭാഗമായി ബണ്ട് റോഡ്, വൈക്കം, മറവൻതുരുത്ത്, മേക്കര പ്രദേശങ്ങളിൽ നടത്തിയ പരിശോധനയിൽചെമ്മനാകരി, കെഎസ് മംഗലം എന്നീ ഭാഗങ്ങളിൽനിന്നും രണ്ടു ലോറികളിലായി അനധികൃതമായി കടത്താൻ ശ്രമിച്ച 9.5 ടൺ കക്കത്തോട് പിടിച്ചെടുത്തിരുന്നു.
കക്ക സഹകരണ സംഘങ്ങൾക്ക് അനുവദിക്കുന്ന കടത്ത് പെർമിറ്റ് ഇല്ലാതെയാണ് കക്കാത്തോട് കൊണ്ടുപോകാൻ ശ്രമിച്ചത്. സ്വകാര്യ വ്യക്തികൾക്ക് 200 കിലോയിൽ കൂടുതൽ കക്കയോ കക്കത്തോടോ കക്ക ഇറച്ചിയോ ജലമാർഗമോ കരമാർഗമോ കൊണ്ടുപോകണമെങ്കിൽ പെർമിറ്റ് അനിവാര്യമാണ്. ഫിഷറീസ് വകുപ്പ് നൽകുന്ന പെർമിറ്റിന്റെ അടിസ്ഥാനത്തിൽ കക്ക സംഘങ്ങൾ അനുവദിക്കുന്ന പാസ് ഉപയോഗിച്ച് മാത്രമേ കക്കത്തോട് വാഹനങ്ങളിൽ കൊണ്ടുപോകാൻ സാധിക്കുകയുള്ളു. നിയമലംഘനം നടത്തിയവർക്കെതിരേ കെഐഎഫ്എ നിയമപ്രകാരം പിഴ ഈടാക്കി.
കോട്ടയം ജില്ല ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ പി.ശ്രീകുമാറിന്റെ നിർദ്ദേശപ്രകാരം അസിസ്റ്റന്റ് ഡയറക്ടർ എ.കൃഷ്ണകുമാരിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ വൈക്കം ഫിഷറീസ് ഇൻസ്പെക്ടർ ഓഫിസിലെ അസിസ്റ്റന്റ് ഫിഷറീസ് എക്സ്റ്റൻഷൻ ഓഫിസർ മറ്റംമെറിറ്റ് കുര്യൻ, ഫിഷറീസ് ഓഫിസർ അയനരാജപ്പൻ, പി.എ.ജിഷ്ണു, ജെ.ഗിരീഷ്, ആർ.സ്വാതിഷ് എന്നിവർ ഉൾപ്പെട്ട സംഘമാണ് കക്ക കടത്തിയ വാഹനങ്ങൾ പിടികൂടിയത്.
മല്ലികക്ക വാരുന്നതുമൂലം കക്ക ലഭ്യത കുറഞ്ഞു
വേമ്പനാട്ടുകായലിൽ സ്വകാര്യ ലോബികൾ വൻതോതിൽ മല്ലികക്കവാരുന്നത് പരമ്പരാഗത കക്കവാരൽ തൊഴിലാളികളുടെ തൊഴിൽ പ്രതിസന്ധിയിലാക്കുകയും കക്ക വ്യവസായ സംഘങ്ങളെ അടച്ചുപൂട്ടേണ്ട സ്ഥിതിയിലാക്കിയതായും തൊഴിലാളികളും സംഘം ഭാരവാഹികളും ആരോപിക്കുന്നു. വലിയ കക്കയുടെ നാലിലൊന്നിൽ താഴെ വലിപ്പമുളളവയാണ് മല്ലികക്കകൾ. തണ്ണീർമുക്കം ബണ്ട് നിശ്ചിത സമയത്ത് തുറക്കാത്തതുമൂലം കക്കയുടെ ഉത്പാദനത്തിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ടെന്ന് തൊഴിലാളികൾ പറയുന്നു. കക്ക ലഭ്യത കുറഞ്ഞതോടെ കോട്ടയം ആലപ്പുഴ ജില്ലകളിലുണ്ടായിരുന്ന ഭൂരിഭാഗം കക്ക സംഘങ്ങളും പ്രവർത്തനം നിർത്തി.
വൈക്കത്തും പൂത്തോട്ടയിലുമൊക്കെയുള്ള തൊഴിലാളികൾ മുഹമ്മവരെ പോയികക്ക വാരേണ്ട സ്ഥിതിയാണെന്ന് തൊഴിലാളികൾ പറയുന്നു. കായലിൽ സ്വകാര്യ ലോബികൾ തൊഴിലാളികളെ ഉപയോഗിച്ച് മല്ലികക്കയടക്കം വാരി കടത്തുന്നതുമൂലമാണ് കക്കാ ലഭ്യത കുറഞ്ഞതെന്നാണ് തൊഴിലാളികളുടെ ആരോപണം. അനധികൃത മണൽവാരലിനെതിരേ ബോട്ടിൽ പട്രോളിംഗ് നടത്തി നിയമ ലംഘനം ചെറുത്തതുപോലെ കായലിലെ അനധികൃത കക്കവാരലിനെതിരേ നടപടി ശക്തമാക്കണമെന്നാണ് പരമ്പരാഗത തൊഴിലാളികളും സംഘം അധികൃതരും ആവശ്യപ്പെടുന്നത്.