ബെർലിൻ: ആഗോള വ്യോമയാന മേഖലയിലെ ഏറ്റവും വൃത്തിയുള്ള വിമാനക്കമ്പനികളുടെ പട്ടികയിൽ യൂറോപ്യൻ എയർലൈനുകൾക്ക് കനത്ത തിരിച്ചടി.
ശുചിത്വത്തിന്റെ കാര്യത്തിൽ ലോകത്തെ ആദ്യ പത്ത് സ്ഥാനങ്ങളിൽ ഒരു യൂറോപ്യൻ വിമാനക്കമ്പനിക്ക് പോലും ഇടംപിടിക്കാനായില്ല.
യൂറോപ്യൻ എയർലൈനുകളിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചത് 13-ാം സ്ഥാനത്തുള്ള സ്വിസ് ഇന്റർനാഷണൽ എയർ ലൈൻസ് ആണ്.
ജമനിയുടെ ദേശീയ വിമാനക്കമ്പനിയായ ലുഫ്താൻസയ്ക്ക് 18-ാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
സ്റ്റാർലക്സ് എയർലൈൻസ് ഒന്നാം സ്ഥാനത്ത്
വൻ കുതിച്ചുചാട്ടവുമായി തായ്വാൻ വിമാനക്കമ്പനിയായ സ്റ്റാർലക്സ് എയർലൈൻസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി.
അന്താരാഷ്ട്ര തലത്തിൽ പ്രശസ്തമായ സ്കൈട്രാക്സിന്റെ "വേൾഡ് എയർലൈൻ അവാർഡ്സ് 2026' ലാണ് സ്റ്റാർലക്സ് ലോകത്തെ ഏറ്റവും വൃത്തിയുള്ള എയർലൈനായി തെരഞ്ഞെടുക്കപ്പെട്ടത്.
2025-ൽ ഏഴാം സ്ഥാനത്തായിരുന്ന കമ്പനി.
ആദ്യ പത്തിൽ ഏഷ്യൻ ആധിപത്യം; ഖത്തർ എയർവേയ്സ് ഏഴാമത്
ആദ്യ പത്ത് സ്ഥാനങ്ങളും പൂർണമായും ഏഷ്യൻ, മിഡിൽ ഈസ്റ്റ് വിമാനക്കമ്പനികൾ കൈയടക്കി.
സ്റ്റാർലക്സ് എയർലൈൻസ് (തായ്വാൻ), സിംഗപ്പുർ എയർലൈൻസ് (സിംഗപ്പുർ), എഎൻഎ ഓൾ നിപ്പോൺ എയർവേയ്സ് (ജപ്പാൻ), ഹൈനാൻ എയർലൈൻസ് (ചൈന), കത്തേ പസഫിക് എയർവേയ്സ് (ഹോങ്കോംഗ്), ഇവിഎ എയർ (തായ്വാൻ), ഖത്തർ എയർവേയ്സ് (ഖത്തർ), ജപ്പാൻ എയർലൈൻസ് (ജപ്പാൻ), ചൈന എയർലൈൻസ് (തായ്വാൻ), കൊറിയൻ എയർ (ദക്ഷിണ കൊറിയ).
ലോകമെമ്പാടുമുള്ള നൂറിലധികം രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരുടെ പ്രതികരണങ്ങൾ ശേഖരിച്ചാണ് സ്കൈട്രാക്സ് ഈ വാർഷിക റാങ്കിംഗ് തയ്യാറാക്കിയത്.
ഏഴ് ഭാഷകളിലായി നടന്ന വിപുലമായ സർവേയിൽ ആഗോളതലത്തിലെ 325-ലധികം പ്രമുഖ എയർലൈനുകളാണ് മത്സരിച്ചത്.
വിമാനത്തിനുള്ളിലെ സീറ്റുകൾ, ട്രേ ടേബിളുകൾ, കാർപെറ്റുകൾ, ശുചിമുറികൾ, കാബിൻ പാനലുകൾ എന്നിവയുടെ സൂക്ഷ്മമായ ശുചിത്വ നിലവാരം വിലയിരുത്തി യാത്രക്കാർ നേരിട്ട് നൽകിയ റേറ്റിംഗിന്റെ അടിസ്ഥാനത്തിലാണ് പുരസ്കാരം.
കാബിൻ ശുചിത്വത്തിൽ യാത്രക്കാരുടെ വിശ്വാസ്യത പൂർണമായി നേടിയെടുക്കാൻ ഏഷ്യൻ എയർലൈനുകൾ കാണിക്കുന്ന സൂക്ഷ്മതയാണ് ഈ ആധിപത്യത്തിന് പിന്നിലെന്ന് വ്യോമയാന വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.