മൂന്നാര്‍: വിശുദ്ധ വാരാചരണത്തിൽ ക്രൈസ്തവ വിശ്വാസികള്‍ ആരാധനയ്ക്കായി മലമുകളില്‍ സ്ഥാപിച്ച കുരിശിനു മുകളില്‍ കയറിനിന്ന് സഞ്ചാരികളുടെ അതിരുവിട്ട പെരുമാറ്റം. മൂന്നാര്‍ പള്ളിവാസല്‍ കുരിശുമലയില്‍ സ്ഥാപിച്ചിട്ടുള്ള കുരിശിനെയാണ് സഞ്ചാരികൾ അവഹേളിച്ചത്. ഈ മലയില്‍ പൂവിട്ട നീലക്കുറിഞ്ഞി കാണാന്‍ എത്തിയ യുവാക്കളാണ് കുരിശിനെ അവഹേളിച്ചത്.
സംഭവം ഒപ്പമുള്ള സഞ്ചാരികള്‍ മൊബൈൽ ഫോണിൽ പകർത്തി പ്രചരിപ്പിച്ചതോടെ വ്യാപകമായപ്രതിഷേധം ഉയർന്നിട്ടുണ്ട്. പള്ളിവാസല്‍ സെന്റ് ആന്‍സ് ദേവാലയമാണ് കോണ്‍ക്രീറ്റ് കുരിശ് ഇവിടെ സ്ഥാപിച്ചത്.
ദേവാലയത്തിന്റെ നേതൃത്വത്തില്‍ ദുഖഃവെള്ളിയാഴ്ച നൂറു കണക്കിന് വിശ്വാസികള്‍ ഈ മല കയറി ആരാധന നടത്താറുണ്ട്. സംഭവം സംബന്ധിച്ച് പരാതി നല്കുവാനുള്ള ഒരുക്കത്തിലാണ് ദേവാലയ നേതൃത്വം.