തിരുവനന്തപുരം: അനധികൃതമായി സംസ്ഥാനത്ത് എത്തുന്ന മരുന്നുകൾക്ക് പൂട്ടിടാൻ സർക്കാർ. ചരക്ക് സേവന നികുതിയുടെ മറവിൽ സംസ്ഥാനത്തേക്ക് നികുതി അടയ്ക്കാതെ യാതൊരു പരിശോധനയും കൂടാതെ മരുന്നുകൾ എത്തുന്നുണ്ടെന്നു സംസ്ഥാന ഡ്രഗ്സ് കണ്ട്രോളർ വകുപ്പ് കണ്ടെത്തിയതിനെ തുടർന്നാണ് അന്തർസംസ്ഥാന മരുന്ന് വിതരണങ്ങൾക്കു താത്കാലിക നിരോധനം ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചത്.
ഡ്രഗ്സ് കണ്ട്രോൾ വകുപ്പ്, പോലീസ്, എക്സൈസ്, തൂഫാൻ വാരിയേഴ്സ് തുടങ്ങിയവരുടെ സംയുക്തനീക്കമാണ് സർക്കാർ നടത്താൻ ഒരുങ്ങുന്നത്. കാലാവധി കഴിഞ്ഞ മരുന്നുകളും ഇതിലൂടെ ലഹരിക്കടത്തും സംശയിക്കുന്നു. പല മെഡിക്കൽ സ്റ്റോറുകളിൽ പല വിലയാണ് മരുന്നുകൾക്ക് ഈടാക്കുന്നത്. ചില മെഡിക്കൽ സ്റ്റോറുകളിൽ അൻപത് ശതമാനം വരെ കിഴിവും നൽകുന്നു. ഇത് അനധികൃതമായി സംസ്ഥാനത്ത് എത്തിയ മരുന്നുകൾ ആണെന്നാണ് ഡ്രഗ്സ് കണ്ട്രോളർ വകുപ്പിന്റെ കണ്ടെത്തൽ. എല്ലാ മരുന്നുകളും നിർമാതാക്കളിൽ നിന്ന് നേരിട്ട് അംഗീകൃത പ്രാദേശിക സ്റ്റോക്കിസ്റ്റുകളിലേക്ക് എത്തുന്നത് നിർബന്ധമാക്കാനാണ് തീരുമാനം.
അതേസമയം, നിരോധനം ശാശ്വതമായിരിക്കില്ലെങ്കിലും മരുന്നുകളുടെ വരവും വിൽപനയും കർശന നിരീക്ഷണത്തിലാകുന്പോൾ വ്യാജ മരുന്നുകളുടെ വരവ് ഒരു പരിധി വരെ നിയന്ത്രിക്കാൻ കഴിയുമെന്ന് സർക്കാർ വിലയിരുത്തുന്നു.
ജിഎസ്ടിക്ക് പിന്നാലെ
ജിഎസ്ടി നടപ്പിലാക്കിയതിനു പിന്നാലെയാണ് കാലാവധി കഴിഞ്ഞതുവരെയുള്ള മരുന്നുകൾ അനധികൃതമായ സംസ്ഥാനത്തേക്ക് ഒഴുകി തുടങ്ങിയത്. ഇൻസുലിൻ പോലുള്ള മരുന്നുകൾ ശതമാനം കിഴിവിൽ ഫാർമസികളിൽ നൽകുന്നു. പാരസെറ്റമോൾ തുടങ്ങിയ മരുന്നുകളും വൻ വിലക്കുറവിലാണ് വിൽക്കുന്നത്. ഇത് കാലവധി കഴിഞ്ഞതോ അല്ലെങ്കിൽ ഉത്പാദനത്തിലുണ്ടായ പിഴവ് മൂലം നശിപ്പിക്കാൻ മാറ്റിയ മരുന്നുകളും ആകാമെന്നാണ് ഡ്രഗസ് കണ്ട്രോൾ വിഭാഗം പറയുന്നത്. ആഗ്ര, മഥുര(യുപി), ഹൈദരാബാദ്, മധുര( തമിഴ്നാട്) എന്നിവിടങ്ങളിലെ ബൾക്ക് ഡീലർമാർ വഴിയാണ് കേരളത്തിലേക്ക് അനധികൃത മരുന്നെത്തുന്നതെന്നാണ് കണ്ടെത്തൽ.
ഓണ്‍ലൈനിൽ
രാജ്യത്ത് മരുന്നുത്പാദനവും വിപണനവും നിയന്ത്രിക്കുന്നതു കേന്ദ്രനിയമമായ ഡ്രഗ്സ് ആൻഡ് കോസ് മെറ്റിക്സ് ആക്ട് 1940 ഉം അതിന്റെ കീഴിലുള്ള ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് റൂൾസ് 1945 പ്രകാരവുമാണ്. പ്രസ്തുതനിയമങ്ങൾ പ്രകാരം മരുന്നുകളുടെ ഓണ്‍ലൈൻ വില്പന രാജ്യത്ത് അനുവദിച്ചിട്ടില്ല. എന്നാൽ രാജ്യത്ത് വ്യാപകമായി ഓണ്‍ലൈൻ വ്യാപരം നടക്കുന്നുണ്ടെന്നു നിയമസഭയിൽ ആരോഗ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കൊറിയർ വഴി ഷെഡ്യൂൾ എച്ച് വിഭാഗത്തിൽപ്പെടുന്ന മരുന്നുകൾ ഓണ്‍ലൈനായി വിൽപന നടത്തുന്ന സംഘവും കേരളത്തിൽ പിടിക്കപ്പെട്ടിട്ടുണ്ട്.