മലപ്പുറം: തിരൂര്‍ റവന്യു സബ്ഡിവിഷന് പരിധിയിലെ തീരദേശ പ്രദേശങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ചിഹ്നങ്ങളും അടയാളങ്ങളുമായി സ്ഥാപിച്ചിട്ടുള്ള അനധികൃത സ്തൂപങ്ങള്‍, ഷെഡുകള്‍, ബോര്‍ഡുകള്‍, കട്ടൗട്ടുകള്‍, കൊടിതോരണങ്ങള്‍ എന്നിവ ഞായറാഴ്ച വൈകീട്ട് അഞ്ചിനകം സ്വമേധയാ നീക്കം ചെയ്യണമെന്ന് തിരൂര്‍ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റും സബ് കളക്ടറുമായ ദിലീപ് കെ. കൈനിക്കര ഉത്തരവിട്ടു. ഭാരതീയ നാഗരിക് സുരക്ഷാ സംഹിത സെക്ഷന്‍ 163 പ്രകാരമാണ് അടിയന്തര നിര്‍ദേശം.
താനൂര്‍ പൊലിസ് സ്റ്റേഷന് പരിധിയിലെ നിറമരുതൂര്‍ പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന ഉണ്യാല്‍ ബീച്ചിലും പരിസര പ്രദേശങ്ങളിലും സമാധാന അന്തരീക്ഷം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് നടപടി. നിശ്ചിത സമയപരിധിക്കുള്ളില്‍ പാര്‍ട്ടികള്‍ ഇവ നീക്കം ചെയ്യാത്തപക്ഷം തഹസില്‍ദാരുടെയും പൊലിസിന്റെയും നേതൃത്വത്തില്‍ അവ പൊളിച്ചുമാറ്റുകയും അതിനുള്ള ചെലവ് ബന്ധപ്പെട്ട പാര്‍ട്ടികളില്‍നിന്ന് ഈടാക്കുകയും ചെയ്യും. ബീച്ചിലെ പൊതു ചുവരുകളിലെ രാഷ്ട്രീയ പാര്‍ട്ടി ചിഹ്നങ്ങള്‍ മായ്ച്ച് നിഷ്പക്ഷമായ പെയിന്റ് അടിക്കാനും നിര്‍േദശമുണ്ട്.
ജില്ലാ കളക്ടറുടെയും പൊലിസിന്റെയും റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ സബ് കളക്ടറുടെ കാര്യാലയത്തില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തിലാണ് തീരുമാനം. വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളും റവന്യു, പൊലിസ് ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.
പ്രദേശത്തെ സദാചാര പൊലിസിംഗിനെതിരേ ശക്തമായ നിയമനടപടി സ്വീകരിക്കാന്‍ യോഗത്തില്‍ തീരുമാനമായി. ബീച്ചിലെ ഷെഡുകള്‍ മറയാക്കി നടക്കുന്ന കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരിമരുന്ന് ഉപയോഗത്തിനെതിരേ പൊലിസ് പരിശോധന ശക്തമാക്കും.
പ്രദേശത്ത് സമാധാനം ഉറപ്പാക്കാന്‍ യുവാക്കളെ ഉള്‍പ്പെടുത്തി പ്രാദേശിക സമിതികള്‍ പുനഃസംഘടിപ്പിക്കാനും വെള്ളിയാഴ്ചകളില്‍ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്താനും യോഗത്തില്‍ തീരുമാനമായി.