പൂന: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുള്ള രാജ്യവ്യാപക പ്രക്ഷോഭത്തിനു തുടക്കംകുറിച്ച് കോക്രോച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിദീക് ദീപ്കെ. ചോദ്യപേപ്പർ ചോർച്ചയുണ്ടായാൽ വിദ്യാർഥികൾക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ട് പരീക്ഷ പ്രകടന പത്രിക സിജെപി പുറത്തിറക്കി.
സാവിതിബായ് ഫുലെ പൂന യൂണിവേഴ്സിറ്റിയിൽ നടന്ന പ്രതിഷേധത്തിൽ നൂറുകണക്കിനു വിദ്യാർഥികൾ പങ്കെടുത്തു. പരീക്ഷ നടത്തിപ്പിലെ ക്രമക്കേടിന്റെ പേരിൽ ധർമേന്ദ്ര പ്രധാൻ രാജിവച്ചില്ലെങ്കിൽ ഈ മാസം 20നു ഡൽഹിയിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് അഭിജീത് ദിപ്കെ പറഞ്ഞു. “ധർമേന്ദ്ര പ്രധാന്റെ രാജിയാണ് ഞങ്ങളുടെ ഒരേയൊരു ആവശ്യം. ഒരു കോടിയിലേറെ വിദ്യാർഥികൾ അനീതി നേരിട്ടു. എന്നാൽ, ആരും ഉത്തരവാദിത്വം ഏറ്റെടുത്തില്ല.
ഒരു കോടി വിദ്യാർഥികൾക്കാണോ ഒരു കഴിവുകെട്ട മന്ത്രിക്കാണോ പ്രാധാന്യമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി തീരുമാനിക്കണം.
ചോദ്യപേപ്പർ ചോർച്ചയോ പരീക്ഷ നീട്ടിവയ്ക്കുകയോ ഫലം പ്രഖ്യാപനം വൈകുകയോ ചെയ്താൽ വിദ്യാർഥികൾക്ക് 10,000 രൂപ നഷ്ടപരിഹാരം നല്‍കണം’’. - ദീപ്കെ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമുള്ള തന്റെ ചിത്രം വ്യാജമാണെന്നും അത് എഐ നിര്‍മിതമാണെന്ന് തോന്നുന്നതായും ദീപ്കെ പ്രതികരിച്ചു.