ന്യൂഡൽഹി: ഇൻസ്റ്റഗ്രാമിൽ ഭരണകക്ഷിയായ ബിജെപിയുടെ ഔദ്യോഗിക പേജിനേക്കാൾ കൂടുതൽ ഫോളോവേഴ്സിനെ സ്വന്തമാക്കിയതിന് പിന്നാലെ, പ്രശസ്ത രാഷ്ട്രീയ പരിഹാസ കൂട്ടായ്മയായ 'കോക്രോച്ച് ജനതാ പാർട്ടി'യുടെ എക്സ് അക്കൗണ്ട് ഇന്ത്യയിൽ റദ്ദാക്കി. നിയമപരമായ ആവശ്യത്തെത്തുടർന്നാണ് നടപടിയെന്ന് എക്സ് വ്യക്തമാക്കി.
ഇന്ത്യൻ രാഷ്ട്രീയത്തെ ഹാസ്യാത്മകമായി വിമർശിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ കൂട്ടായ്മയാണിത്. ഇൻസ്റ്റഗ്രാമിൽ സിജെപിയുടെ ഫോളോവേഴ്സ് കുതിച്ചുയർന്ന് 1.3 കോടി പിന്നിട്ടതോടെയാണ് സംഭവം ചർച്ചയാകുന്നത്. നിലവിൽ ബിജെപിയുടെ ഔദ്യോഗിക പേജിന് 88 ലക്ഷം ഫോളോവേഴ്സ് മാത്രമാണുള്ളത്. ബിജെപിയെക്കാൾ ജനപ്രീതി നേടിയതിന് തൊട്ടുപിന്നാലെയാണ് എക്സ് അക്കൗണ്ടിനെതിരെയുള്ള അടിയന്തര നീക്കം.
സിജെപിയുടെ `@CJP_2029` എന്ന ഔദ്യോഗിക എക്സ് ഹാൻഡിൽ തുറക്കുമ്പോൾ 'അക്കൗണ്ട് തടഞ്ഞുവെച്ചിരിക്കുന്നു' എന്ന സന്ദേശമാണ് കാണിക്കുന്നത്. ഒരു ഔദ്യോഗിക താൽപര്യപ്രകാരം ലഭിച്ച നിയമപരമായ ആവശ്യത്തെ തുടർന്നാണ് ഇന്ത്യയിൽ മാത്രം അക്കൗണ്ട് ലഭ്യമാകാത്തതെന്നാണ് എക്സ് നൽകുന്ന വിശദീകരണം.
"പ്രതീക്ഷിച്ചത് പോലെ തന്നെ കോക്രോച്ച് ജനതാ പാർട്ടിയുടെ അക്കൗണ്ട് ഇന്ത്യയിൽ തടഞ്ഞിരിക്കുന്നു," എന്ന് അക്കൗണ്ട് ബ്ലോക്കായതിന്റെ സ്ക്രീൻഷോട്ട് പങ്കുവെച്ചുകൊണ്ട് സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ കുറിച്ചു. സോഷ്യൽ മീഡിയയിൽ വലിയ പിന്തുണയോടെ മുന്നേറിക്കൊണ്ടിരുന്ന പരിഹാസ പേജിനെതിരെ പെട്ടെന്നുണ്ടായ ഈ ഡിജിറ്റൽ നടപടി വലിയ രീതിയിലുള്ള രാഷ്ട്രീയ ചർച്ചകൾക്കും സൈബർ ഇടങ്ങളിൽ വഴിതുറന്നിട്ടുണ്ട്.
Tags : Cockroach Janta Party Account Blocked Latest News