ഇരിട്ടി: ആറളം ഫാം പുനരധിവാസ മേഖലയിൽ നിർമിക്കുന്ന ആനമതിലിന്റെ തൂണുകൾ കാട്ടാന തകർത്ത സംഭവം ഗൗരവമായി കാണുന്നുണ്ടെന്നും നിർമാണത്തിലെ അപാകതയാണ് തകർച്ചയ്ക്ക് കാരണമെന്ന് സംശയിക്കുന്നതായും വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. വാഴ നടന്ന ലാഘവത്തോടെയാണ് മതിലിന്റെ തൂണുകൾ നിർമിച്ചതെന്നാണ് ദൃശ്യങ്ങൾ കാണുമ്പോൾ മനസിലാകുന്നത്. ആന തട്ടിയപ്പോഴാണ് തൂണുകൾ ചെരിഞ്ഞു വീണത്.
ഈ തൂണുകളിൽ നിർമിക്കുന്ന മതിലിന് എത്ര ബലം ഉണ്ടെന്ന് ഊഹിക്കാവുന്നതേയുള്ളൂ. വനം മന്ത്രി തന്നെയാണ് ഈ ദൃശ്യം തനിക്ക് അയച്ചുതന്നതെന്ന് ഇരിട്ടി താലൂക്ക് സഭ യോഗത്തിൽ വൈദ്യുതി മന്ത്രി സണ്ണി ജോസഫ് പറഞ്ഞു.
ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്ന് യോഗത്തിൽ വിശദീകരണം തേടിയ മന്ത്രി വിശദീകരണം തൃപ്തികരമല്ലെന്നും പറഞ്ഞു. വാഴയ്ക്ക് പകരം തെങ്ങും കമുകുമായിരുന്നെങ്കിലും ഇതിലും വലിയ കുഴിയെടുക്കുമായിരുന്നു.ആനമതിലിന്റെ തൂണിന് അതുപോലും ഉണ്ടായിട്ടില്ല. നിർമാണത്തിലെ ഓരോഘട്ടത്തിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ വിലയിരുത്തിയിരുന്നോ എന്നും മന്ത്രി ആരാഞ്ഞു. നിർമാണത്തിലെ കാലതാമസം കാരണം ഒരു വർഷം മുമ്പ് ഒഴിവാക്കിയ കരാറുകാരൻ നിർമിച്ച ഭാഗമാണ് കാട്ടാന തകർത്തതെന്ന് മതിലിന്റെ നിർമാണ ഏജൻസിയായ പൊതുമരാമത്ത് കെട്ടിട നിർമാണ വിഭാഗം എക്സിക്യൂട്ടീവ് എൻജിനിയർ യോഗത്തിൽ പറഞ്ഞു.
എക്സിക്യുട്ടീവ് എൻജിനിയർ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ, എൻജിനിയർ എന്നിവർ നിർമാണം പരിശോധിക്കുന്നുണ്ടെന്നും അതിന്റെ റിപ്പോർട്ട് ഉടൻ സമർപ്പിക്കുമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ യോഗത്തെ അറിയിച്ചു. 50 കോടിയിലധികം മുടക്കിയാണ് മതിൽ നിർമിക്കുന്നതെന്ന കാര്യം മന്ത്രി ബന്ധപ്പെട്ടവരെ ഓർമിപ്പിച്ചു.
അന്വേഷണത്തിൽ പിഴവ് കണ്ടെത്തിയാൽ കർശന നടപടി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ആറളം പുനരധിവാസ മേഖലയിലെ ആദിവാസി കുടുംബങ്ങളെ കാട്ടാന ഭീഷണിയിൽ നിന്ന് രക്ഷിക്കാൻ വനാതിർത്തിയിൽ 10 കിലോമീറ്റർ ദൂരത്തിൽ നിർമിക്കുന്ന ആനമതിലിന്റെ രണ്ടു തൂണുകൾ കഴിഞ്ഞ ദിവസമാണ് കാട്ടാന തകർത്തത്.