Kerala
പാലക്കാട്: കിണർ വൃത്തിയാക്കാൻ വേണ്ടി ഇറങ്ങിയ യുവാവ് സ്ലാബ് തകർന്ന് വീണ് മരിച്ചു. ചെത്തല്ലൂർ കൊട്ടിലിങ്ങൽ അബ്ദുൾ ജബ്ബാറിന്റെ മകൻ റിയാസ്(35) മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം.
പൂവ്വത്താണിയിലെ അരിക്കാട്ടുപറമ്പിൽ ഷമീറിന്റ വീടിന്റെ കിണർ നന്നാക്കാൻ വേണ്ടി ഇറങ്ങിയതായിരുന്നു.
ബുധനാഴ്ച കിണർ വൃത്തിയാക്കിയിരുന്നെങ്കിലും പണി പൂർണമായും കഴിയാത്തതിനെ തുടർന്ന് ഇന്ന് രാവിലെയും കിണറിൽ ഇറങ്ങുകയായിരുന്നു. ഇതിനിടെയാണ് മുകളിൽ നിന്നും സ്ലാബ് പൊട്ടിവീണത്. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Kerala
കൊല്ലം: അറബിക്കടലിൽനിന്നു വീശിയടിച്ച രാഷ്ട്രീയ കൊടുങ്കാറ്റിൽ കൊല്ലത്തെ ചുവപ്പു കോട്ടകൾ തകർന്നടിഞ്ഞു. ചരിത്രത്തിലാദ്യമായി ജില്ല ത്രിവർണത്തിൽ മുങ്ങി.
കൊല്ലം കീഴടക്കുന്നവർ കേരളം ഭരിക്കുമെന്ന കീഴ്വഴക്കം അന്വർഥമാക്കി കൊല്ലം യുഡിഎഫ് എടുത്തു. യുഡിഎഫ് തരംഗത്തിൽ പതിനൊന്നു സീറ്റിൽ എട്ടു സീറ്റും നേടിയപ്പോൾ ചാത്തന്നൂരിലൂടെ ബിജെപി കൊല്ലത്തും അക്കൗണ്ട് തുറന്നു. കൊട്ടാരക്കരയും പുനലൂരും മാത്രമാണ് എൽഡിഎഫിനു നേടാൻ കഴിഞ്ഞത്.
മന്ത്രിമാരിൽ ഗതാഗതമന്ത്രി കെ.ബി. ഗണേഷ്കുമാറിന്റെയും ക്ഷീരവകുപ്പ് മന്ത്രി ചിഞ്ചുറാണിയുടെയും പരാജയം എൽഡിഎഫിനു കനത്ത പ്രഹരമായി. മന്ത്രി കെ.എൻ. ബാലഗോപാലിനു മാത്രമാണ് മുഖം രക്ഷിക്കാൻ സാധിച്ചത്. കെ.ബി. ഗണേഷ്കുമാറിന്റെ കേരള കോൺഗ്രസ് ബിയുടെയും കോവൂർ കുഞ്ഞുമോന്റെ ആർഎസ്പി ലെനിനിസ്റ്റിന്റെയും സന്പൂർണപരാജയത്തിനും കൊല്ലം സാക്ഷിയായി. മുസ്ലിം ലീഗ് മത്സരിച്ച പുനലൂർ സീറ്റിലും ദയനീയപരാജയമായിരുന്നു.
കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ പരാജയം രുചിച്ച യുഡിഎഫ് സ്ഥാനാർഥികളായ ബിന്ദുകൃഷ്ണ, ജ്യോതികുമാർ ചാമക്കാല, ഉല്ലാസ് കോവൂർ തുടങ്ങിയവർ മണ്ഡലത്തിൽനിന്നു മാറാതെ പ്രവർത്തിച്ചതിന്റെ ഫലമാണ് ഉറച്ച കോട്ടകളെ ഇടിച്ചുതകർക്കാൻ സാധിച്ചത്.
ആർഎസ്പിയുടെ ഉയിർത്തെഴുന്നേല്പ്പു കണ്ട തെരഞ്ഞെടുപ്പുകൂടിയായിരുന്നു. ജില്ലയിൽ ആർഎസ്പി മത്സരിച്ച മൂന്നു സീറ്റിലും വിജയിച്ചു. ഇതിൽ ചവറ മണ്ഡലത്തിലെ സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണിന്റെയും സ്ഥാനാർഥി പ്രഖ്യാപനത്തിലൂടെ വിവാദമായ ഇരവിപുരത്തെ വിഷ്ണുമോഹന്റെയും അഞ്ചാം തവണ മത്സരത്തിനിറങ്ങിയ കോവൂർ കുഞ്ഞുമോനെ പരാജയപ്പെടുത്തിയ ഉല്ലാസ് കോവൂരിന്റെ വിജയവും ശ്രദ്ധേയമാണ്. ജില്ലയിൽനിന്നു പുതുമുഖങ്ങളാണ് ഭൂരിപക്ഷവും ഇക്കുറി നിയമസഭയിലേക്കു പോകുന്നത്. പതിനൊന്നുപേരിൽ ഏഴുപേരും പുതുമുഖങ്ങളാണ്.
ശക്തമായ മത്സരം നടക്കുന്പോഴും നോട്ടയ്ക്ക് വോട്ട് ചെയ്തു പ്രതിഷേധിക്കുന്നവരുടെ എണ്ണം വർധിക്കുന്നുവെന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നു. ഭൂരിപക്ഷം മണ്ഡലങ്ങളിലും നാലാം സ്ഥാനത്താണ് നോട്ട. ചവറയിൽ 1289 പേർ നോട്ടയ്ക്ക് വോട്ട് ചെയ്തപ്പോൾ പുനലൂരിൽ 1281ഉം ഇരവിപുരത്ത് 921-മായിരുന്നു നോട്ട വോട്ടുകൾ.
Kerala
ആലപ്പുഴ: മാന്നാറിൽ സൈക്കിൾ യാത്രയ്ക്കിടെ വയോധികൻ കുഴഞ്ഞുവീണ് മരിച്ചു. പ്ലംബിംഗ് ഇലക്ട്രിക്കൽ തൊഴിലാളിയായ ചെന്നിത്തല തൃപ്പെരുന്തുറ പൈനുംതറയിൽ പ്രസാദ് (72) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ പത്തരയോടെ മാന്നാർ ഗവൺമെന്റ് ആശുപത്രി ജംഗ്ഷന് പടിഞ്ഞാറുവശത്താണ് സംഭവം.
സൈക്കിളിൽ വരികയായിരുന്ന പ്രസാദ് റോഡിൽ കുഴഞ്ഞുവീഴുകയായിരുന്നു. നാട്ടുകാർ ഉടൻതന്നെ തൊട്ടടുത്ത മാന്നാർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിലെത്തുന്നതിന് മുൻപ് തന്നെ മരണം സംഭവിച്ചിരുന്നതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.
അതേസമയം, ആശുപത്രിയിലെ നടപടിക്രമങ്ങൾ വൈകിയത് മൂലം മൃതദേഹം വിട്ടുകിട്ടാൻ ആറു മണിക്കൂറിലധികം കാലതാമസം നേരിട്ടതായി ബന്ധുക്കൾ പരാതിപ്പെട്ടു. വൈകിട്ട് അഞ്ചരയോടെയാണ് മൃതദേഹം വിട്ടുനൽകിയതെന്നും ഇവർ ആരോപിക്കുന്നു.
എന്നാൽ പോലീസിൽ നിന്നുള്ള റിപ്പോർട്ട് വൈകിയതും ബന്ധുക്കൾ ആദ്യം നൽകിയ റിപ്പോർട്ടിലെ അവ്യക്തതയുമാണ് കാലതാമസത്തിന് കാരണമായതെന്ന് ആശുപത്രി അധികൃതർ വിശദീകരിച്ചു. പോസ്റ്റ്മോർട്ടം ഒഴിവാക്കണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടെങ്കിലും നിയമപരമായ നടപടിക്രമങ്ങളുടെ ഭാഗമായി ഇത് സാധ്യമല്ലെന്ന് പോലീസ് അറിയിക്കുകയായിരുന്നു.
തുടർന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം മാവേലിക്കര ജില്ലാ ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറുമെന്ന് പോലീസ് അറിയിച്ചു. പരേതയായ പ്രീതയാണ് പ്രസാദിന്റെ ഭാര്യ. മക്കൾ: പ്രിയങ്ക, പ്രതിഭ. മരുമക്കൾ: രാജീവ്, രാജീവ്.
Kerala
തിരുവനന്തപുരം: ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് തകർന്നു. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു
താന്നിമൂട് ആണ് അപകടം ഉണ്ടായത്. ഗൃഹനാഥനും മകനുമാണ് പരിക്ക് പറ്റിയത്. അടുക്കളയിൽ വെച്ചിരുന്ന തുറക്കാത്ത ഗ്യാസ് സിലിണ്ടർ ആണ് പൊട്ടിത്തെറിച്ചത്.
Sports
അഹമ്മദാബാദ്: ഐസിസി ട്വന്റി 20 ലോകകപ്പ് ഫൈനലിൽ തകർന്നടിഞ്ഞ് ന്യൂസിലൻഡ് ബാറ്റിംഗ് നിര. ഇന്ത്യ ഉയർത്തിയ 256 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ന്യൂസിലൻഡ് 159 റൺസിൽ ഓൾഔട്ടായി.
ഓപ്പണർ ടിം സൈഫർട്ടിനും ക്യാപ്റ്റൻ മിച്ചൽ സാന്റ്നറിനും മാത്രമാണ് കിവീസ് ബാറ്റിംഗ് നിരയിൽ തിളങ്ങാനായത്. സൈഫർട്ട് 52 റൺസും സാന്റ്നർ 43 റൺസുമാണ് എടുത്തത്.
ഡാരിൽ മിച്ചൽ 17 റൺസെടുത്തു. മറ്റാർക്കും കിവീസ് നിരയിൽ രണ്ടക്കം കടക്കാനായില്ല. ദക്ഷിണാഫ്രിക്കയ്ക്കെതിരായ സെമിയിൽ സെഞ്ചുറി നേടിയ ഫിൻ അലൻ ഒന്‍പത് റൺസ് മാത്രം എടുത്ത് പുറത്തായി.
നാല് വിക്കറ്റെടുത്ത ജസ്പ്രീത് ബുംറയും മൂന്ന് വിക്കറ്റെടുത്ത അക്സർ പട്ടേലും ചേർന്നാണ് കിവീസ് ബാറ്റിംഗ് നിരയെ തകർത്തെറിഞ്ഞത്. ഹാർദിക് പാണ്ഡ്യ, വരുൺ ചക്രവർത്തി, അഭിഷേക് ശർമ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Kerala
കൊല്ലം: പുനലൂർ കോട്ടവട്ടത്ത് വീട് ഇടിഞ്ഞു വീണ് 12 വയസുകാരന് പരിക്കേറ്റു. കോട്ടവട്ടം സ്വദേശി വിനോദിന്റെ വീടിന്റെ മേൽക്കൂരയടക്കമാണ് നിലംപതിച്ചത്. ഇന്ന് പുലർച്ചെ മൂന്നോടെയാണ് സംഭവം.
വിനോദും ഭാര്യയും രണ്ട് മക്കളും വീട്ടിനുള്ളിൽ ഉറങ്ങി കിടന്ന സമയത്തായിരുന്നു അപകടം. സംഭവ സമയത്ത് പ്രദേശത്ത് മഴയുണ്ടായിരുന്നു. കാലപഴക്കം കാരണം ചോർച്ചയുണ്ടായ വീടിന്റെ മേൽക്കൂരയിൽ ടാർപ്പോളിൽ കെട്ടിയിരുന്നു.
മൺകട്ട ഉപയോഗിച്ച് കെട്ടിയ വീടിന്റെ ചുമരുകളും വിണ്ടു കീറിയ നിലയിലായിരുന്നു. വീടിന്റെ ഒരു ഭാഗം പൂര്‍ണമായും തകര്‍ന്നു. പരിക്കേറ്റ 12വയസുകാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
District News
പുൽപ്പള്ളി: മുള്ളൻകൊല്ലി, പഞ്ചായത്തുകളിലുടെ കടന്നുപോകുന്ന ഷെഡ്-മുള്ളൻകൊല്ലി റോഡ് തകർന്നു. പാതയുടെ പലഭാഗങ്ങളിലും വലിയ കുഴികൾ രൂപപ്പെട്ടിരിക്കുകയാണ്. 10 വർഷത്തിനിടെ റോഡിൽ അറ്റകുറ്റപ്പണി മാത്രമാണ് നടന്നത്. മുള്ളൻകൊല്ലി പഞ്ചായത്തിലുള്ളവർക്ക് പുൽപ്പള്ളി ടൗണിൽ പ്രവേശിക്കാതെ ബത്തേരി, കൽപ്പറ്റ ഭാഗങ്ങളിലേക്ക് സഞ്ചരിക്കാൻ ഉതകുന്നതാണ് പാത.
സ്കൂളുകളും രണ്ട് കോളജുകളും ഈ റോഡിന്റെ വിവിധ ഭാഗങ്ങളിലായി ഉണ്ട്. നൂറുകണക്കിന് വിദ്യാർഥികളാണ് സ്കൂൾ, കോളജ് പ്രവൃത്തി ദിവസങ്ങളിൽ ഈ വഴി യാത്രചെയ്യുന്നത്. വീതികൂട്ടി ലെവലൈസ്ഡ് റോഡ് നിർമിക്കുന്നതിന് രണ്ടുവർഷം മുന്‍പ് 5.5 കോടി രൂപ വകയിരുത്തിയിരുന്നു. എന്നാൽ തുടർ നടപടി ഉണ്ടായില്ല. പാതയുടെ ശോച്യാവസ്ഥയ്ക്ക് സത്വര പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
District News
കോതമംഗലം: ഗ്രാമസഭാ യോഗത്തിനിടെ കുഴഞ്ഞു വീണ് മരിച്ചു. നേര്യമംഗലം തേക്കുംപ്ലാന്റേഷന് മൂന്ന് സെന്റ് കോളനിയില്‍ കിളിയേലില്‍ ചന്ദ്രന് (62) ആണ് മരിച്ചത്. കവളങ്ങാട് പഞ്ചായത്ത് എട്ടാം വാര്‍ഡ് ഗ്രാമസഭ ഇന്നലെ രാവിലെ 10.30ന് നടക്കുന്നതിനിടെയാണ് സംഭവം.
കസേരയില്‍ ഇരിക്കുകയായിരുന്ന ചന്ദ്രന് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് കോതമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംസ്കാരം ഇന്ന് രാവിലെ 11ന് നേര്യമംഗലം സെവന്ത് ഡെ പള്ളിയില്‍ ശുശ്രൂഷയ്ക്ക് ശേഷം ഉച്ചയ്ക്ക് ഒന്നിന് കൂത്താട്ടുകുളം സെവൻത് ഡേ സെമിത്തേരിയില്‍. ഭാര്യ: ബെറ്റി (നേര്യമംഗലം ജില്ല ഫാം തൊഴിലാളിയാണ്). മക്കള്‍: ബിന്‍സി, ബിനി, ബിനു. മരുമക്കള്‍: ഷാന്‍, സുരേഷ്.
District News
വൈക്കം: തെക്കേനടയിൽ റോഡരികിലെ ഓടയുടെ മീതേയുള്ള സ്ലാബ് തകർന്നത് അപകടഭീഷണിയായി. വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ തെക്കേനട മുതൽ വൈദ്യുതിഭവൻ വരെയുള്ള റോഡിന്റെ പടിഞ്ഞാറു ഭാഗത്തുള്ള ഓടയുടെ സ്ലാബ് നാലിടങ്ങളിലാണ് തകർന്നു കിടക്കുന്നത്. തകർന്ന സ്ലാബിലെ തുരുമ്പിച്ച കമ്പികൾ പുറത്തേക്ക് തള്ളിനിൽക്കുകയാണ്.
ബസുകളും ടോറസടക്കമുള്ള ഭാരവാഹനങ്ങളും വരുമ്പോൾ കാൽനടയാത്രികർ ഓടിമാറുന്നത് ഈ തകർന്ന സ്ലാബിന് മീതേയ്ക്കാണ്. കഴിഞ്ഞ ദിവസം ബസ് വരുന്നതിനിടയിൽ കാൽനട യാത്രികൻ ഓടി മാറിയപ്പോൾ സ്ലാബ് തകർന്ന ഭാഗത്ത് വീണു പരിക്കേറ്റിരുന്നു.
വൈക്കം മഹാദേവ ക്ഷേത്രത്തിലേക്കും തെക്കേനടയിലെ വിവിധ ഓഫീസുകൾ, സ്കൂളുകൾ എന്നിവിടങ്ങളിലേക്ക് വിദ്യാർഥികടക്കം നിരവധി പേർ കടന്നുപോകുന്ന പ്രധാന നിരത്തിലെ ഓടയിലെ സ്ലാബുകളാണ് അപകടക്കെണിയാകുന്നത്. തകർന്ന സ്ലാബുകൾ നീക്കി പുതിയവ സ്ഥാപിച്ച് അപകടം ഒഴിവാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
District News
തലയോലപ്പറമ്പ്: മറവൻതുരുത്ത്-ചെമ്പ് പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിച്ച് മൂവാറ്റുപുഴയാറിന് കുറുകെ നിർമിക്കുന്ന മൂലേക്കടവ് പാലത്തിനു സമീപം വീടിനോട് ചേർന്ന പുരയിടം പുഴയിലേക്ക് ഇടിഞ്ഞു താഴുന്നു. മറവൻതുരുത്ത് പഞ്ചായത്തിലെ വാളമ്പള്ളി പടിഞ്ഞാറേ നമ്പ്യാട്ടിൽ എൻ.പി. കാർത്തികേയന്റെ വീടിരിക്കുന്ന പുരയിടത്തിന്റെ 10 മീറ്ററോളം ഭാഗത്തെ മരങ്ങൾ ഉൾപ്പെടെയാണ് ഇതിനകം പുഴയിലേക്ക് ഇടിഞ്ഞുതാഴ്ന്നത്.
2023ലാണ് മറവൻതുരുത്ത്-ചെമ്പ് പഞ്ചായത്തുകളെ ബന്ധിപ്പിച്ചു മുവാറ്റുപുഴയാറിന് കുറുകെ മുലേക്കടവ് പാലം നിർമാണം ആരംഭിച്ചത്. പൈലിoഗ് ജോലികൾ ആരംഭിച്ച ഘട്ടത്തിൽ ഒരു മീറ്റർ വീതിയിലും 15 മീറ്റർ നീളത്തിലും അന്ന് തീരം ഇടിഞ്ഞുതാഴ്ന്നിരുന്നു.
പുഴയുടെ തീരംവഴിയുണ്ടായിരുന്ന നടപ്പാത പൂർണമായും പുഴയിലേക്ക് ഇടിഞ്ഞു. പാലം നിർമാണവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കുകയും തീരം ഇടിയാതിരിക്കാൻ താത്കാലികമായി ഏരികൾ താഴ്ത്തി സുരക്ഷിതമാക്കാമെന്നും പിന്നീട് ഇവരുടെ വീടിരിക്കുന്ന പുഴയുടെ തീരം കരിങ്കല്ല് കെട്ടി സംരക്ഷിച്ചു നൽകാമെന്നും ഉറപ്പുനൽകിയെങ്കിലും പാലിച്ചില്ല.
ദിവസേന തീരമിടിയുകയാണ്. ശേഷിക്കുന്ന ഭാഗത്തും വിള്ളൽ രൂപപ്പെട്ടതിനാൽ വീടുകൂടി പുഴയെടുത്ത് വഴിയാധാരമാകുമെന്ന ഭീതിയിലാണെന്ന് കാർത്തികേയൻ പറഞ്ഞു. പുഴയുടെ തീരം കല്ലുകെട്ടി ബലപ്പെടുത്തി പുരയിടവും ജീവിതവും സുരക്ഷിതമാക്കണമെന്നാണ് നിർധന കുടുംബത്തിന്റെ ആവശ്യം.
National
മുംബൈ: മഹാരാഷ്ട്രയിലെ നാഗ്പുരിൽ വാട്ടർ ടാങ്ക് തകർന്നുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. ആറ് പേർക്ക് പരിക്കേറ്റു.
നാഗ്പുരിലെ ബുട്ടിബോറിയിലുള്ള സോളാർ പാനൽ നിർമാണശാലയിലാണ് അപകടമുണ്ടായത്. അവാഡ കമ്പനിയിലെ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. തൊഴിലാളികൾ വാട്ടർ ടാങ്കിന്റെ സമീപം ജോലിയിൽ ഏർപ്പെട്ടിരുന്ന സമയത്താണ് ടാങ്ക് തകർന്നത്.
പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേയ്ക്ക് മാറ്റി. മൂന്ന് പേരുടെ നില ഗുരുതരമാണ്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
Kerala
തൃശൂര്‍: പുന്നയൂര്‍ക്കുളം ചമ്മനൂര് മാഞ്ചിറക്കലിൽ ബിഎംബിസി നിലവാരത്തില്‍ നിർമിച്ച പാലം തകർന്നുവീണു. ഉച്ചയോടെ ആയിരുന്നു പാലം തകർന്നത്. 2018 മാര്‍ച്ചില്‍ ആയിരുന്നു 13 കോടി രൂപ ചെലവഴിച്ച് പാലം നിർമിച്ചത്.
പാലം തകര്‍ന്നതിനെ തുടര്‍ന്ന് റോഡിലെ വൈദ്യുതി പോസ്റ്റുകളും തോട്ടിലേക്ക് മറിഞ്ഞു. ഇതേ തുടർന്ന് പ്രദേശത്ത് ഏറെ നേരം വൈദ്യുതി വിതരണം തടസപ്പെട്ടു. റോഡിലൂടെയുള്ള വലിയ വാഹനങ്ങളുടെ ഗതാഗതം പൂര്‍ണമായും നിരോധിച്ചിരിക്കുകയാണ്.
റോഡിലെ മണ്ണ് പൂര്‍ണമായി തോട്ടിലേക്ക് ഇടിഞ്ഞു വീണ് വെള്ളത്തിന്റെ ഒഴുക്ക് തടസപെട്ടത് നെല്‍ കര്‍ഷകരെ സാരമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ. മൂന്നുമാസം മുമ്പ് പാലത്തിന്റെ സമീപം 25 മീറ്ററോളം ഭാഗം ഇടിഞ്ഞിരുന്നു. അധികൃതരുടെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാര്‍ പറയുന്നു.
National
ലക്നോ: ഉത്തർപ്രദേശിലെ ബല്ലിയ ജില്ലയിൽ ഒരു വിവാഹ ചടങ്ങിനിടെ വേദി തകർന്ന് വീണ് നിരവധി ബിജെപി നേതാക്കൾക്ക് പരിക്കേറ്റു. നവദമ്പതികളെ അനുഗ്രഹിക്കാൻ നേതാക്കൾ വേദിയിൽ ഒരുമിച്ച് കയറിയപ്പോഴാണ് അപകടം സംഭവിച്ചത്.
സ്ഥലത്തെ പ്രധാന ബിജെപി പ്രവർത്തകനായ അഭിഷേക് സിംഗ് എഞ്ചിനീയറുടെ സഹോദരന്റെ വിവാഹ റിസപ്ഷൻ വേദിയിലാണ് അപകടമുണ്ടായത്. ബല്ലിയ ജില്ലാ ബിജെപി അധ്യക്ഷൻ സഞ്ജയ് മിശ്ര, മുൻ എംപി ഭരത് സിംഗ് എന്നിവരുൾപ്പെടെ നിരവധി പാർട്ടി നേതാക്കൾ വേദിയിലുണ്ടായിരുന്നപ്പോഴാണ് സംഭവം.
നേതാക്കൾ നവദമ്പതികൾക്ക് അനുഗ്രഹം നൽകുന്നതിനിടെ പെട്ടെന്നാണ് സ്റ്റേജ് തകർന്നുവീണത്. മുകളിലുണ്ടായിരുന്ന എല്ലാവരും താഴേക്ക് പതിച്ചു. ഉടൻ തന്നെ അവിടെയുള്ളവരെല്ലാം ചേർന്ന് രക്ഷാപ്രവർത്തനത്തം നടത്തി.
Kerala
കണ്ണൂർ: എസ്ഐആർ ക്യാമ്പിന് ശേഷം വീട്ടിലേക്ക് മടങ്ങുമ്പോൾ ബിഎൽഒ കുഴഞ്ഞുവീണു. അഞ്ചരക്കണ്ടി കുറ്റിക്കര സ്വദേശി വലിയവീട്ടിൽ രാമചന്ദ്രൻ (53) ആണ് കുഴഞ്ഞു വീണത്. എസ്ഐആർ ക്യാമ്പിന് ശേഷം വീട്ടിലേക്ക് മടങ്ങി പോകുന്നതിനിടെയാണ് കുഴഞ്ഞു വീണത്.
ജോലിസമ്മർദമാണ് കുഴഞ്ഞ് വീണതിന് കാരണമെന്ന് കുടുംബം ആരോപിച്ചു. രാമചന്ദ്രനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ണൂർ ഡിഡിഇ ഓഫീസിലെ ക്ലർക്കാണ് രാമചന്ദ്രൻ.
ബൂത്ത് ലെവൽ ഓഫീസർമാർ കഠിനമായ ജോലി സമ്മർദ്ദമാണ് അനുഭവിക്കുന്നതെന്ന ആരോപണങ്ങളാണ് ഉയരുന്നത്. എന്നാൽ എസ്ഐആര്‍ സമയക്രമം മാറ്റില്ലെന്നും ഡിസംബര്‍ ഒന്‍പതിന് തന്നെ കരട് പട്ടിക പ്രസിദ്ധീകരിക്കുമെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ഇന്ന് വ്യക്തമാക്കിയിട്ടുണ്ട്.
Kerala
ആലപ്പുഴ: ഗവ. ഡെന്റൽ കോളജ് ആശുപത്രിയിലെ സീലിംഗ് അടർന്നു വീണ് രോഗിക്ക് പരിക്കേറ്റു. എക്സ്റേ മുറിയുടെ വാതിലിനു സമീപമാണ് സീലിംഗ് അടർന്നു വീണത്.
ഇവിടെ നിൽക്കുകയായിരുന്ന ആറാട്ടുപുഴ വലിയഴീക്കൽ തറയിൽ കടവ് ഹരിതയ്ക്ക് (29) ആണ് പരിക്കേറ്റത്. ഹരിതയെ മെഡിക്കൽ കോജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ 11.30നാണ് അപകടമുണ്ടായത്.
District News
തുവൂർ: വീടിന്റെ വാതിൽ തുറന്നാൽ കാണുന്നത് റോഡാണ്. പക്ഷേ റോഡിൽ നിന്ന് വീട്ടുമുറ്റത്തെത്താൻ വഴിയില്ല. തുവൂർ അക്കരപ്പുറം ഹെൽത്ത് സെന്റർ -മസ്ജിദ് റോഡിന്റെ സംരക്ഷണ ഭിത്തിയാണ് പുത്തൂർ അബുവിന്റെ വീട്ടിലേക്കുള്ള വഴി തടസപ്പെടുത്തിയത്. വർഷങ്ങൾക്ക് മുന്‍പ് സംരക്ഷണ ഭിത്തി തകർന്നതോടെ റോഡിലൂടെയുള്ള യാത്രയും ദുരിത പൂർണമാണ്. അക്കരപ്പുറം എൽപി സ്കൂളിലേക്ക് സ്കൂൾ ബസുകൾ ഉൾപ്പെടെ പോകുന്ന റോഡാണിത്.
സംരക്ഷണ ഭിത്തി തകർന്നതിനെ തുടർന്ന് റോഡിന്റെ ഒരു വശം ഒലിച്ചുപോയി. വലിയ ഗർത്തവും രൂപപ്പെട്ടിട്ടുണ്ട്. മഴ കനത്താൽ റോഡ് പൂർണമായും താഴ്ന്ന് പോകാനും ഇടയുണ്ട്. 2018 ലാണ് സംരക്ഷണ ഭിത്തി തകർന്നത്. പിന്നീടങ്ങോട്ടുണ്ടാകുന്ന ഓരോ മഴക്കാലത്തും അൽപാൽപ്പമായി ഭിത്തിയുടെ വശങ്ങൾ പുത്തൂർ അബുവിന്റെ വീട്ടുമുറ്റത്തെത്തും.
മഴ പെയ്ത വെള്ളം എത്തുന്നതും അബുവിന്റെ വീട്ടുമുറ്റത്തേക്ക് തന്നെ. വർഷങ്ങൾക്ക് മുന്‍പ് ശാസ്ത്രീയമല്ലാത്ത രീതിയിലാണ് സംരക്ഷണ ഭിത്തി നിർമിച്ചതെന്നത് വ്യക്തമാണ്. വാതിൽ തുറന്നാൽ കാണുന്നത് റോഡാണെങ്കിലും വീട്ടുമുറ്റത്തേക്ക് വാഹനം എത്താനും വഴിയില്ല. ഉയരത്തിൽ സംരക്ഷണ ഭിത്തി നിർമിച്ചതിനാൽ റോഡിൽ നിന്ന് വീട്ടിലേക്ക് വാഹനം എത്തിക്കാനുള്ള വഴി ഒരുക്കലും പ്രതിസന്ധി സൃഷ്ടിച്ചു.
ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് വിനിയോഗിച്ച് സംരക്ഷണ ഭിത്തി നിർമിക്കുന്ന സമയത്ത് അബു വിദേശത്തായതിനാൽ ആരും ഇക്കാര്യം ശ്രദ്ധിച്ചതുമില്ല. പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കളക്ടർക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയെങ്കിലും പരിഹാരമായില്ല. ഏത് നിമിഷവും തകരാൻ സാധ്യതയുള്ള സംരക്ഷണ ഭിത്തി പുതുക്കിപണിത് യാത്രക്കാർക്കും അബുവിനും കുടുംബത്തിനും സുരക്ഷയൊരുക്കണമെന്ന് നാട്ടുകാരും ആവശ്യപ്പെട്ടു.
District News
പാറശാല: ഇന്നലെ രാവിലെ മുതല്‍ പാറശാല മേഖലയിലുണ്ടായ കനത്ത മഴയില്‍ സ്കൂളിന്റെ ചുറ്റുമതില്‍ തകര്‍ന്നു സമീപത്തെ ട്രാന്‍സ്ഫോര്‍മറിനു മുകളിലേക്കു വീണു.
പരശുവയ്ക്കല്‍ ഗവ. എല്‍പി സ്കൂളിന്റെ പരശുവയ്ക്കല്‍ നെടിയാംകോട് റോഡിനോടു ചേര്‍ന്നുവരുന്ന മതിലാണ് തകര്‍ന്നുവീണത്. തകര്‍ന്ന ചുറ്റുമതിലിനോടു ചേര്‍ന്ന് പുതിയ ഇരുനില മന്ദിരത്തിന്റെ നിര്‍മാണം നടന്നുവരുകയാണ്. രാവിലെ പത്തരയോടുകൂടിയാണ് ചുറ്റുമതില്‍ തകര്‍ന്ന് ട്രാന്‍സ്ഫോര്‍മറിലേക്ക് പതിച്ചത്.
Kerala
കൊച്ചി: എറണാകുളം തമ്മനത്ത് കുടിവെള്ള ടാങ്ക് തകർന്നു. ജല അതോറിറ്റിയുടെ ഫീഡർ ടാങ്കിന്റെ ഭിത്തിയാണ് തകർന്നത്.
ഞായറാഴ്ച രാത്രിയാണ് സംഭവം. ടാങ്ക് തകർന്നതിനെ തുടർന്ന് മേഖലയാകെ വെള്ളക്കെട്ടിലായി. വീടുകളിൽ ഉൾപ്പെടെ വെള്ളം കയറിയിട്ടുണ്ട്.
ഒരു കോടി 38 ലക്ഷം ലിറ്റർ ശേഷിയുള്ള ടാങ്ക് ആണ് തകർന്നത്. മഴ പെയ്ത് വെള്ളം കയറി എന്നാണ് ആദ്യം പ്രദേശ വാസികൾ പറഞ്ഞത്. എന്നാല്‍ പിന്നീടാണ് ടാങ്ക് തകര്‍ന്നതാണ് എന്ന മനസിലായത്.
വെള്ളം കയറിയതോടെ പ്രദേശത്തെ ചെറിയ റോഡുകളിലുൾപ്പെടെ വെള്ളം കയറിയതോടെ പ്രദേശവാസികൾ ബുദ്ധിമുട്ടിയായിട്ടുണ്ട്. ഉമ തോമസ് എംഎൽഎ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.