റാന്നി: ശബരിമല തീർഥാടകർ സഞ്ചരിച്ച കാറും മിനിബസും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ആറു പേര്‍ക്ക് പരിക്കേറ്റു.
കാർ യാത്രക്കാരനായിരുന്ന ആന്ധ്രാപ്രദേശ് ഓങ്കോള്‍ ജില്ലയില്‍ ബാല്ക്കട്ടിബാല് സ്വദേശി വിനോദ്(22) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ കാര്‍ യാത്രികരായ നരസിംഹ(29), കോട്ടിറെഢി (27), ശിവ (18), മിനി ബസ് യാത്രികരായ തമിഴ്നാട് തിരുച്ചിറപ്പള്ളി സ്വദേശികളായ ശരവണവേല്‍ (55),മുരളി(41), ഇസക്കിയപ്പന്‍(38) എന്നിവരെ റാന്നി താലൂക്ക് ആശുപത്രിയില്‍ പ്രഥമശുശ്രൂഷ നല്കിയ ശേഷം കോട്ടയം മെഡിക്കല്‍ കോളജിൽ പ്രവേശിപ്പിച്ചു.
പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിൽ മന്ദിരം ജംഗ്ഷനു സമീപം ഇന്നലെ ഉച്ചയോടെയാണ് അപകടം. ശബരിമല ദർശനത്തിനുശേഷം എരുമേലി വഴി വന്ന ആന്ധ്രപ്രദേശ് സ്വദേശികൾ സഞ്ചരിച്ച കാറിന്റെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന് പറയുന്നു.
കാർ പെട്ടെന്നു നിയന്ത്രണംവിട്ട് റോഡിന്റെ വലതുഭാഗത്തേക്ക് കയറുകയും എതിർദിശയിൽ വന്ന മിനിബസിൽ ഇടിക്കുകയുമായിരുന്നു. ശബരിമല ദർശനത്തിനായി എരുമേലിയിലേക്കു പോയ തമിഴ്നാട് സംഘം സഞ്ചരിച്ച മിനി ബസിലേക്കാണ് കാർ ഇടിച്ചു കയറിയത്. ഇടിയുടെ ആഘാതത്തിൽ മിനി ബസിന്റെ മുൻഭാഗം പൂർണമായി തകർന്നു. ഇതിലെ യാത്രക്കാരിൽ ചിലർ വാഹനത്തിനു വെളിയിലേക്ക് വീണു. കൈകാലുകൾക്കും തലയ്ക്കും ഇവർക്ക് പരിക്കേറ്റു.
പൂര്‍ണമായും തകര്‍ന്ന കാറില്‍ നിന്നും യാത്രക്കാരെ കാര്‍ വെട്ടിപൊളിച്ചാണ് പുറത്തെടുത്തത്. വിനോദ് സംഭവസ്ഥലത്തു തന്നെ മരണപ്പെട്ടിരുന്നു. വളരെ ബുദ്ധിമുട്ടിയാണ് പോലീസും അഗ്നിശമന സേനയും നാട്ടുകാരും ചേർന്ന് കാർ യാത്രക്കാരെ പുറത്തെത്തിച്ചത്.