കായംകുളം: ചാമ്പ്യൻസ് ബോട്ട് ലീഗ് കായംകുളം ജവഹർ ജലോത്സവത്തിന് മുന്നോടിയായി സംഘടിപ്പിച്ച സാംസ്കാരിക ഘോഷയാത്രയിൽ മോട്ടോർ വാഹനവകുപ്പ് ജില്ലാ എൻഫോഴ്സ്മെന്റ് വിഭാഗം അവതരിപ്പിച്ച ദൃശ്യാവിഷ്കാരം ശ്രദ്ധേയമായി. പ്രായപൂർത്തിയാകാത്തവർ വാഹനം ഓടിച്ച് അപകടങ്ങൾ വർധിക്കുകയും ആളുകൾ മരിക്കുകയും ചെയ്യുന്നതിന്റെ പശ്ചാത്തലത്തിലാണ് ദൃശ്യാവിഷ്കാരം ഒരുക്കിയത്.
പ്രായപൂർത്തിയാകാത്ത കുട്ടി ബൈക്ക് ഓടിക്കുന്നതും നിയമപാലകർ ഇത് പിടികൂടിയതിനെത്തുടർന്ന് വാഹന ഉടമയായ പിതാവിനെ അറസ്റ്റ് ചെയ്ത് ജയിലിൽ അടയ്ക്കുന്നതും ഇത് സഹിക്കാനാവാതെ അമ്മ കരയുന്നതുമായ ദൃശ്യാവിഷ്കാരമാണ് ഒരുക്കിയത്. കുട്ടിക്കളിയല്ല ഡ്രൈവിംഗെന്നും വേഗം നൽകുന്നത്
തീരാവേദനയാണെന്നും എന്നാൽ, വള്ളംകളിയിലെ വേഗം വിജയം നൽകുന്നു എന്ന സന്ദേശവും മോട്ടോർ വാഹനവകുപ്പ് ജില്ലാ എൻഫോഴ്സ് വിഭാഗം നൽകുന്നുണ്ട്. ജില്ലാ എൻഫോഴ്സ്മെന്റ് വിഭാഗം ആർടിഒ എം.ജി. മനോജ്, എംവിഐമാരായ സിബു, വാഗീശ്വരൻ, എഎംവിമാരായ സുനിൽകുമാർ, പ്രജീഷ്, ശ്രീകുമാർ എന്നിവരുടെ നേതൃത്വത്തിലും ശില്പി അനിൽ കട്ടച്ചിറ, കലാകാരൻ നിസാം സാഗറിന്റെ സഹകരണത്തിലുമാണ് ഈ ദൃശ്യാവിഷ്കാരം ഒരുക്കിയത്.