Kerala
കൊയിലാണ്ടി: തെരുവുനായയുടെ കടിയേറ്റ സ്വകാര്യ സ്കൂള് അധ്യാപികയ്ക്ക് 52,000 രൂപ നഷ്ടപരിഹാരം നൽകാൻ ഓംബുഡ്സ്മാൻ ഉത്തരവ്.
2014 മാർച്ചിലാണ് നടുവത്തൂർ പൊന്നാരക്കണ്ടി അനിൽകുമാറിന്റെ മകൾ അമൃത പ്രിയയെ കുറുമയിൽ താഴെവച്ച് തെരുവുനായ കടിച്ചത്. ജോലിക്ക് പോകാനായി രാവിലെ നടന്നുപോകവെ നായ പിറകിലൂടെയെത്തി കടിക്കുകയായിരുന്നു.
തുടര്ന്ന് കോഴിക്കോട് മെഡിക്കൽ കോളജില് വിദഗ്ധ ചികിത്സ നൽകുകയും ചെയ്തു. കടിയേറ്റതിന്റെ ചികിത്സയുമായി ബന്ധപ്പെട്ട് ചെലവായ തുകയ്ക്ക് അമൃതപ്രിയ കീഴരിയൂര് പഞ്ചായത്തിനെ സമീപിച്ചെങ്കിലും തീരുമാനമാകാതെ വന്നപ്പോൾ കോടതിയെ സമീപിക്കുകയായിരുന്നു.
പന്ത്രണ്ട് വർഷം കഴിഞ്ഞാണ് ഇപ്പോൾ 52,000 നൽകാൻ ഓംബുഡ്സ്മാൻ ഉത്തരവായത്. ചെലവായ തുകയുടെ മുഴുവൻ ബില്ലും കോടതിയിൽ സമർപ്പിച്ചിരുന്നു. അതേസമയം നഷ്ടപരിഹാരത്തുക നൽകണമോ എന്ന കാര്യത്തില് തീരുമാനമെടുത്തിട്ടില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ബാബു പറഞ്ഞു.
District News
പത്തനംതിട്ട: ഓഗസ്റ്റ് ആദ്യവാരമുണ്ടായ മിന്നൽ പ്രളയത്തിൽ കാർഷിവിളകൾക്കുണ്ടായ നാശനഷ്ടത്തിന്റെ കണക്കെടുപ്പ് പൂർത്തിയായില്ല. സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാരം ജില്ലയിൽ വൈകും. 427 ഹെക്ടർ സ്ഥലത്തെ കൃഷി പൂർണമായും നശിച്ചുവെന്നാണ് കൃഷിവകുപ്പിന്റെ പക്കലുള്ള കണക്ക്. ഓഗസ്റ്റ് 12നു ജില്ലയിലെത്തിയ കൃഷിമന്ത്രി ടി. സിദ്ദിഖിന്റെ സാന്നിധ്യത്തിൽ നടന്ന അവലോകന യോഗത്തിൽ നൽകിയ കണക്കുകൾക്കപ്പുറത്തേക്ക് പുതിയ വിവരങ്ങൾ കാര്യമായി കൃഷിവകുപ്പിനു ലഭിച്ചിട്ടില്ല.
എന്നാൽ, തിരുവല്ല പെരിങ്ങര മേഖലയിലെ കണക്കെടുപ്പ് പൂർണമായില്ലെന്നാണ് അധികൃതർ പറയുന്നത്. രണ്ടു ദിവസങ്ങൾക്കുള്ളിൽ ഇതു പൂർത്തീകരിച്ചു നൽകണമെന്നാണ് വകുപ്പുതല നിർദേശം.
കൃഷി വകുപ്പ് യുദ്ധകാലാടിസ്ഥാനത്തിലാണ് നാശനഷ്ട കണക്ക് തിട്ടപ്പെടുത്തി വന്നത്. ഓണവിപണി ലക്ഷ്യമിട്ട് പണം പലിശയ്ക്കെടുത്തും സ്ഥലം പാട്ടത്തിനെടുത്തും കൃഷി ഇറക്കിയവരാണ് ഇതിലേറെയും. സർക്കാർ സഹായം ലഭിക്കാതെ തുടർ കൃഷിയിറക്കാൻ കഴിയാത്ത അവസ്ഥയിലാണ് ഇവർ. ധനസഹായം തേടി ഓരോ ദിവസവും കൃഷി ഓഫീസുകളിൽ കയറിയിറങ്ങുന്ന കർഷകരുടെ എണ്ണവും വർധിച്ചിട്ടുണ്ട്. ബാങ്ക് അക്കൗണ്ടുകൾ വഴിയാണ് നഷ്ട പരിഹാരം ലഭിക്കുകയെന്ന് കൃഷി ഓഫീസ് അധികൃതർ കർഷകരോട് പറയുന്നുണ്ടെങ്കിലും പലപ്പോഴും ഇത് വാക്കുതർക്കങ്ങളിലാണ് കലാശിക്കുന്നത്. സർക്കാർ സഹായം ഇനിയും വൈകിയാൽ പ്രതിഷേധ സമരങ്ങൾ സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കർഷകർ.
മിന്നൽ പ്രളയത്തിൽ പമ്പ, അച്ചൻകോവിൽ, മണിമല നദികൾ കരകവിഞ്ഞ് ഒഴുകിയതും ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടായതിനെയും തുടർന്നാണ് താഴ്ന്ന പ്രദേശങ്ങളിലെയും മലയോര മേഖലകളിലെയും കൃഷി വ്യാപകമായി നശിച്ചത്.
Kerala
തിരുവനന്തപുരം: വന്യജീവി ആക്രമണത്തിൽ ജീവന് നഷ്ടപ്പെടുന്നവര്ക്കും പരിക്കേല്ക്കുന്നവര്ക്കും അര്ഹമായ നഷ്ടപരിഹാരം ലഭിക്കാന് ഇനി മന്ത്രിസഭാ തീരുമാനം വരെ കാത്തിരിക്കേണ്ട. നഷ്ടപരിഹാരം നിശ്ചയിക്കുന്നതിനും മാര്ഗരേഖ തയാറാക്കുന്നതിനുമായി സംസ്ഥാന സര്ക്കാര് ചീഫ് വൈല്ഡ് ലൈഫ് വാര്ഡന് അധ്യക്ഷനായി വിദഗ്ധ സമിതിയെ നിയോഗിച്ചു.
സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി മെംബര് സെക്രട്ടറി, ലാന്ഡ് റവന്യു കമ്മീഷണര്, മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്, കൃഷിവകുപ്പ് ഡയറക്ടര് എന്നിവര് സമിതി അംഗങ്ങളായിരിക്കും.
വന്യജീവി ആക്രമണങ്ങളില് മരണം സംഭവിക്കുമ്പോള് നഷ്ടപരിഹാരത്തെച്ചൊല്ലി പ്രദേശങ്ങളില് വലിയ പ്രതിഷേധങ്ങളും തര്ക്കങ്ങളും ഉണ്ടാകുന്നതും, സംസ്കാര ചടങ്ങുകള് വൈകുന്നതും ഒഴിവാക്കാന് കൃത്യമായ മാര്ഗരേഖ രൂപീകരിക്കുന്നതു സഹായിക്കും. നേരത്തേ ഓരോ സംഭവത്തിലും നഷ്ടപരിഹാരം നല്കാന് പ്രത്യേക മന്ത്രിസഭാ തീരുമാനങ്ങള്ക്കായി കാത്തിരിക്കേണ്ടി വരുന്ന സാഹചര്യമുണ്ടായിരുന്നു.
മാധ്യമശ്രദ്ധ ലഭിക്കാത്ത കേസുകളില് വര്ഷങ്ങളോളം നഷ്ടപരിഹാരം വൈകുന്നതും പതിവായിരുന്നു. സംഭവം നടന്നതു റവന്യു ഭൂമിയിലാണോ വനഭൂമിയിലാണോ എന്നതിനെച്ചൊല്ലി വനം-റവന്യു വകുപ്പുകള് തമ്മിലുണ്ടാകുന്ന സാങ്കേതിക, നിയമ തര്ക്കങ്ങള് നഷ്ടപരിഹാരം കണക്കാക്കുന്നതില് വലിയ കാലതാമസത്തിനും കാരണമാകാറുണ്ട്.
District News
കോഴിക്കോട്: വടകര മണിയൂരിൽ കെഎസ്ഇബിയുടെ ജീപ്പിൽ കൊണ്ടുപോയ തോട്ടി തട്ടി വയോധികയ്ക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ ചികിത്സാ ചെലവും നഷ്ടപരിഹാരവും നൽകാൻ കെഎസ്ഇബി വടകര ഇലക്്ട്രിക്കൽ സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനിയർ നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
കെഎസ്ഇബിയുടെ വാഹനത്തിൽ അപകടകരമായ രീതിയിൽ ബ്ലേഡ് ഘടിപ്പിച്ച തോട്ടി കൊണ്ടുപോയതിൽ കൃത്യവിലോപമോ ഗുരുതരമായ അശ്രദ്ധയോ അന്വേഷണത്തിൽ കണ്ടെത്തിയാൽ ജീവനക്കാർക്കെതിരെ അച്ചടക്ക നടപടികൾ സ്വീകരിക്കണമെന്നും കമ്മിഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു.
വാർത്തയുടെ അടിസ്ഥാനത്തിൽ കമ്മിഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്. സെപ്റ്റംബർ 16 നാണ് സംഭവം. 75 വയസുള്ള ജാനകിയുടെ വയറിനും കൈയ്ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. ജീപ്പിൽ നിന്നും പുറത്തേക്ക് നീണ്ടുനിന്ന ബ്ലേഡ് ഘടിപ്പിച്ച തോട്ടി തട്ടിയാണ് ആഴത്തിലുള്ള മുറിവുണ്ടായത്. നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണ് അവർ.
പൊതുസേവനത്തിനായി ഉപയോഗിക്കുന്ന ഔദ്യോഗിക വാഹനത്തിൽ അപകടസാധ്യതയുള്ള ഉപകരണങ്ങൾ യാതൊരു സുരക്ഷയുമില്ലാതെ കൊണ്ടുപോയത് പൊതുജനങ്ങളുടെ ജീവന് ഗുരുതരമായ ഭീഷണി ഉയർത്തുന്ന നടപടിയാണെന്ന് കെ. ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കെഎസ്ഇബി ഉന്നതർ കർശനമായ ജാഗ്രത പുലർത്തണമെന്നും ഉത്തരവിൽ പറഞ്ഞു.സംഭവത്തിൽ അടിയന്തരമായി ഇടപെട്ട് വയോധികയുടെ ചികിത്സാ വിവരങ്ങൾ വടകര ഇലക്്ട്രിക്കൽ സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനിയർ വിലയിരുത്തണം. കെഎസ്ഇബി വാഹനങ്ങളിൽ ഇത്തരം ഉപകരണങ്ങൾ കൊണ്ടുപോകുന്നതിനുള്ള മാനദണ്ഡങ്ങൾ പുറത്തിറക്കണമെന്നും കമ്മിഷൻ നിർദ്ദേശിച്ചു.
വയോധികയ്ക്ക് ലഭ്യമാക്കിയ ചികിത്സ, ചികിത്സാ ചെലവ്, നഷ്ടപരിഹാരം, അന്വേഷണ റിപ്പോർട്ട്, ഉത്തരവാദികൾക്കെതിരെ സ്വീകരിച്ച അച്ചടക്ക നടപടികൾ എന്നിവ സംബന്ധിച്ച് ഡെപ്യൂട്ടി ചീഫ് എന്ജിനിയർ നാലാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മിഷൻ നിർദ്ദേശിച്ചു. ഒക്ടോബറിൽ കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് വീണ്ടും പരിഗണിക്കും.
Kerala
തിരുവനന്തപുരം: വന്യജീവി ആക്രമണത്തിൽ ജീവന് നഷ്ടപ്പെടുന്നവര്ക്കും പരിക്കേല്ക്കുന്നവര്ക്കും അര്ഹമായ നഷ്ടപരിഹാരം ലഭിക്കാന് ഇനി മന്ത്രിസഭാ തീരുമാനം വരെ കാത്തിരിക്കേണ്ട. നഷ്ടപരിഹാരം നിശ്ചയിക്കുന്നതിനും മാര്ഗരേഖ തയാറാക്കുന്നതിനുമായി സംസ്ഥാന സര്ക്കാര് ചീഫ് വൈല്ഡ് ലൈഫ് വാര്ഡന് അധ്യക്ഷനായി വിദഗ്ധ സമിതിയെ നിയോഗിച്ചു. സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി മെമ്പര് സെക്രട്ടറി, ലാന്ഡ് റവന്യൂ കമ്മീഷണര്, മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്, കൃഷി വകുപ്പ് ഡയറക്ടര് എന്നിവര് സമിതി അംഗങ്ങളായിരിക്കും.
വന്യജീവി ആക്രമണങ്ങളില് മരണം സംഭവിക്കുമ്പോള് നഷ്ടപരിഹാരത്തെച്ചൊല്ലി പ്രദേശങ്ങളില് വലിയ പ്രതിഷേധങ്ങളും തര്ക്കങ്ങളും ഉണ്ടാകുന്നതും സംസ്കാര ചടങ്ങുകള് വൈകുന്നതും ഒഴിവാക്കാന് കൃത്യമായ മാര്ഗരേഖ രൂപീകരിക്കുന്നതു സഹായിക്കും. നേരത്തെ ഓരോ സംഭവത്തിലും നഷ്ടപരിഹാരം നല്കാന് പ്രത്യേക മന്ത്രിസഭാ തീരുമാനങ്ങള്ക്കായി കാത്തിരിക്കേണ്ടി വരുന്ന സാഹചര്യമുണ്ടായിരുന്നു.
മാധ്യമശ്രദ്ധ ലഭിക്കാത്ത കേസുകളില് വര്ഷങ്ങളോളം നഷ്ടപരിഹാരം വൈകുന്നതും പതിവായിരുന്നു. സംഭവം നടന്നതു റവന്യൂ ഭൂമിയിലാണോ വനഭൂമിയിലാണോ എന്നതിനെച്ചൊല്ലി വനം-റവന്യൂ വകുപ്പുകള് തമ്മിലുണ്ടാകുന്ന സാങ്കേതിക, നിയമ തര്ക്കങ്ങള് നഷ്ടപരിഹാരം കണക്കാക്കുന്നതില് വലിയ കാലതാമസത്തിനും കാരണമാകാറുണ്ട്.
ഇത്തരം തടസങ്ങള് പരിഹരിക്കാന് ലക്ഷ്യമിട്ടാണ് പുതിയ സമിതി രൂപീകരിച്ചത്. കേസുകള് റിപ്പോര്ട്ട് ചെയ്യുമ്പോള് പരിക്കിന്റെ ആഘാതവും പശ്ചാത്തലവും പരിശോധിച്ച് വ്യക്തതയോടെ കൃത്യമായ തുക നിര്ണയിക്കുക, റവന്യൂ വകുപ്പ് വഴി നഷ്ടപരിഹാര വിതരണം വേഗത്തിലാക്കുക, ദുരന്ത നിവാരണ അഥോറിറ്റിയുടെയും മറ്റ് അനുബന്ധ വകുപ്പുകളുടെയും ഏകോപനത്തിലൂടെ അനാവശ്യ കാലതാമസങ്ങള് ഒഴിവാക്കുക തുടങ്ങിയവയാണ് സമിതിയുടെ ലക്ഷ്യം.
District News
ചെറുപുഴ: വെള്ളപ്പൊക്കത്തിലും ഉരുൾപൊട്ടലിലും നാശനഷ്ടം സംഭവിച്ച ചെറുപുഴ പഞ്ചായത്തിലെ ദുരിതബാധിതർക്ക് നഷ്ടപരിഹാരം ഉടൻ എത്തിക്കണമെന്ന് കേരള കോൺഗ്രസ്-എം പയ്യന്നൂർ നിയോജക മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. ദുരന്തം കഴിഞ്ഞിട്ട് 40 ദിവസം പിന്നിട്ടിട്ടും വീടുകളിൽ വെള്ളം കയറിയവർക്ക് വാഗ്ദാനം ചെയ്ത പതിനായിരം രൂപ നല്കിയിട്ടില്ല. സർക്കാർ സംവിധാനങ്ങൾ നിഷ്ക്രിയമാണെന്നും യോഗം ചൂണ്ടിക്കാട്ടി.
ജില്ലാ പ്രസിഡന്റ് ജോയി കൊന്നയ്ക്കൽ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ഡെന്നി കാവാലം അധ്യക്ഷത വഹിച്ചു. ഹൈപവർ കമ്മിറ്റിയംഗം ജോയിസ് പുത്തൻപുര, മാത്യു കുന്നപ്പള്ളി, സജി കുറ്റിയാനിമറ്റം, കെ.ടി. സുരേഷ് കുമാർ, ജോബിച്ചൻ മൈലാടൂർ, ജോസ് തടത്തിൽ, മാത്യു കാരിത്താങ്കൽ, ബിജു പുള്ളിക്കാട്ടിൽ, നിയോജക മണ്ഡലം സെക്രട്ടറി ബേബി താന്നിയ്ക്കൽ, ജോബിൻ കായമ്മാക്കൽ, ഷിന്റോ കൈപ്പനാനിക്കൽ, ടിമ്മി എലിപ്പുലിക്കാട്ടിൽ, റെജി പുളിക്കൽ, ബെറ്റി തുരുത്തേൽ, ബിജി തോമസ് എന്നിവർ പ്രസംഗിച്ചു.
District News
ഇടുക്കി: കട്ടപ്പനയിൽ ഹോട്ടലിലെ മാലിന്യക്കുഴിയില് കുടുങ്ങി മരിച്ച മൂന്നു തൊഴിലാളികളുടെ കുടുംബങ്ങള്ക്ക് നഷ്ടപരിഹാരം അനുവദിച്ചില്ലെങ്കില് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്നിന്ന് പരമാവധി നഷ്ടപരിഹാരം അനുവദിക്കുന്നതിന് ചീഫ് സെക്രട്ടറി അടിയന്തരമായി നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന് ചെയര്പേഴ്സണ് ജസ്റ്റീസ് അലക്സാണ്ടര് തോമസ് ഉത്തരവിട്ടു.
എംപ്ലോയീസ് കോമ്പന്സേഷന് നിയമത്തിന്റെ അടിസ്ഥാനത്തില് നഷ്ടപരിഹാരം അനുവദിക്കേണ്ട ഉദ്യോഗസ്ഥര് ആരാണെന്ന് ജില്ലാ ലേബര് ഓഫീസര് മുഖാന്തിരം ജില്ലാ കളക്ടര് കണ്ടെത്തണം. ബന്ധപ്പെട്ട അധികാരിയില്നിന്നു നഷ്ടപരിഹാരം അനുവദിപ്പിക്കാനുള്ള നിയമസഹായം മരിച്ചവരുടെ അവകാശികള്ക്ക് ജില്ലാ കളക്ടര് നല്കണമെന്നും ഉത്തരവില് പറയുന്നു.
കഴിഞ്ഞ വര്ഷം ഒക്ടോബര് ഒന്നിനാണ് അപകടമുണ്ടായത്. തമിഴ്നാട് സ്വദേശികളായ ജയരാമന്, മൈക്കിള്, സുന്ദരപാണ്ഡ്യന് എന്നിവരാണ് മരിച്ചത്. സംഭവത്തില് കട്ടപ്പന പൊലിസ് കേസെടുത്തിരുന്നു. മരിച്ച മൂന്നുപേരും നിര്ധന കുടുംബാംഗങ്ങളാണെന്നും ഇവര്ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്നിന്നു നഷ്ടപരിഹാരം അനുവദിക്കാന് സര്ക്കാരിന് ശിപാര്ശ നല്കിയിട്ടുണ്ടെന്നും ജില്ലാ കളക്ടര് കമ്മീഷനെ അറിയിച്ചു.
ന്യൂഡല്ഹി സഫായ് കര്മചാരി, മധുരശ്രേഷ്ഠ എന്നിവരാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കമ്മീഷനില് പരാതി നല്കിയത്. പരാതി പരിഗണിച്ച വേളയില് പരാതിക്കാര് ഹാജരാകുകയോ മറുപടി സമര്പ്പിക്കുകയോ ചെയ്തില്ല. മാത്രമല്ല ക്രൈം കേസ് കോടതിയുടെ പരിഗണനയിലുമാണ്. പരാതിക്കാര് മരിച്ചവരുടെ ആശ്രിതരുമല്ല.
ഈ സാഹചര്യത്തില് പരാതി പരിഗണിക്കാന് കഴിയുന്നതല്ലെങ്കിലും പൊതുതാത്പര്യത്തിന്റെ അടിസ്ഥാനത്തില് പരിഗണിച്ചതാണെന്ന് ജസ്റ്റീസ് അലക്സാണ്ടര് തോമസ് ഉത്തരവില് പറയുന്നു. മരിച്ചവരുടെ ആശ്രിതര്ക്ക് പരമാവധി തുക നഷ്ടപരിഹാരം അനുവദിക്കണമെന്നും കമ്മീഷന് ജില്ലാ കളക്ടര്ക്ക് നിർദേശം നല്കി.
National
ഗോഹട്ടി: ബംഗ്ലാദേശിലേക്ക് നാടുകടത്തിയ സ്ത്രീകളുടെ ബന്ധുക്കൾക്ക് രണ്ടു ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകണമെന്ന് ആസാം സർക്കാരിനോടു ഗോഹട്ടി ഹൈക്കോടതി.
മുംതാസ് ബീഗം, ജഹനാര ബീഗം എന്നിവരെയാണ് ബംഗ്ലാദേശിലേക്കു നാടുകടത്തിയത്. ബന്ധുക്കളെ അറിയിക്കുകയോ നിയമസഹായം തേടാൻ അനുവദിക്കുകയോ ചെയ്യാതെയാണ് ഇവരെ നാടുകടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണു കോടതി നടപടി.
നാഗാവിലെ ജൂറിയയിലുള്ള ഫോറിനേഴ്സ് ട്രൈബ്യൂണലാണ് ഇരുവരും ഇന്ത്യക്കാരല്ലെന്ന് പ്രഖ്യാപിച്ചത്. ആർട്ടിക്കിൾ 21 പ്രകാരം ഇന്ത്യക്കാർക്ക് മാത്രമല്ല, പൗരന്മാരല്ലാത്തവർക്കും ജീവനും വ്യക്തിസ്വാതന്ത്ര്യത്തിനും ഭരണഘടന സംരക്ഷണം ഉറപ്പുനൽകുന്നുവെന്നു ഹൈക്കോടതി പറഞ്ഞു. ട്രൈബ്യൂണലിന്റെ നടപടിയെ ചോദ്യം ചെയ്ത് കോടതിയ സമീപിക്കാനുള്ള സ്വാതന്ത്ര്യം രണ്ടു സ്ത്രീകൾക്കും നിഷേധിക്കപ്പെട്ടു.
കുടുംബാംഗങ്ങളെ അറിയിക്കാതെയാണ് ഇവരെ രാജ്യത്തുനിന്നു പുറത്താക്കിയതെന്നും കോടതി ചൂണ്ടിക്കാട്ടി. 60 ദിവസത്തിനുള്ളിൽ നഷ്ടപരിഹാരം നൽകണമെന്നും ഉത്തരവിൽ പറയുന്നു. ഹർജിക്കാർക്ക് നഷ്ടപരിഹാരത്തിനു സിവിൽ കോടതിയെ സമീപിക്കാൻ കഴിയുമെന്നും കോടതി പറഞ്ഞു.
2015ൽ രജിസ്റ്റർ ചെയ്ത കേസിൽ ജൂറിയയിലെ ഫോറിൻ ട്രൈബ്യൂണൽ 2019 ജൂൺ ആറിന് മുംതാസ് ബീഗത്തെ വിദേശിയായി പ്രഖ്യാപിച്ചു. ഇതിനെതിരേ മുംതാസ് ബീഗം ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതിയുടെ നിര്ദേശപ്രകാരം മേയ് 30ന് മുംതാസ് ട്രൈബ്യൂണലില് ഹാജരായി.
എന്നാല്, കേസ് വീണ്ടും പരിഗണിക്കുന്നതിനു പകരം ട്രൈബ്യൂണല് ജഡ്ജി അവരെ അറസ്റ്റ് ചെയ്യാന് ഉത്തരവിടുകയായിരുന്നു. ഇവരുടെ അഭിഭാഷകൻ മടങ്ങിയ ശേഷമായിരുന്നു അറസ്റ്റ്. ആഴ്ചകളോളം തടങ്കലിൽ പാർപ്പിച്ച ശേഷം ജൂൺ 14ന് അർധരാത്രി മുംതാസിനെ ബിഎസ്എഫ് ബംഗ്ലാദേശിലേക്കു കടത്തിവിട്ടു.
ഇതിനു ശേഷമാണ് തന്റെ ഭാര്യയെ കാണാനില്ലെന്ന് കാട്ടി മുംതാസിന്റെ തായി ഭർത്താവ് മുജമൽ ഹക്ക് ഹൈക്കോടതിയിൽ ഹർജി നൽകിയത്. ഇതോടെയാണ് ഇവരെ ബംഗ്ലാദേശിലേക്ക് അയച്ച വിവരം പുറത്തുവന്നത്. സംഭവത്തില് ഇടപെട്ട കോടതി വിദേശകാര്യ മന്ത്രാലയത്തെ കേസില് കക്ഷിയാക്കുകയും ബംഗ്ലാദേശില്നിന്ന് മുംതാസ് ബീഗത്തെ തിരികെ കൊണ്ടുവരാനുള്ള നടപടികള് സ്വീകരിക്കാന് നിര്ദേശിക്കുകയും ചെയ്തു. നഘാവ് ഫോറിനേഴ്സ് ട്രൈബ്യൂണലിന്റെ നടപടിയെ രൂക്ഷമായി വിമര്ശിച്ച കോടതി, നിയമവിരുദ്ധമായാണു മുംതാസ് ബീഗത്തെ നാടുകടത്തിയതെന്നു നിരീക്ഷിച്ചു.
ട്രൈബ്യൂണൽ നടപടിയില് ദുരുദ്ദേശ്യം വ്യക്തമായിരുന്നുവെന്നും ജസ്റ്റീസുമാരായ കല്യാണ് റായ് സുരാന, സുസ്മിത ഫൂക്കന് ഖൗണ്ട് എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. 2016ൽ രജിസ്റ്റർ ചെയ്ത കേസിൽ 2019 ജൂൺ ഏഴിനാണ് ജഹനാര ബീഗത്തെ വിദേശിയായി പ്രഖ്യാപിച്ചത്.
നാല് സാക്ഷികളിൽ മൂന്നു പേരെ കേൾക്കാതെയായിരുന്നു ട്രൈബ്യൂണൽ നടപടി. കോടതിയെ സമീപിക്കാനുള്ള സവകാശം പോലും നൽകാതെ ജഹനാര ബീഗത്തെ നാടുകടത്തിയെന്ന് മകൻ മുജാഹിദുൽ ഇസ്ലാം ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറയുന്നു.
Kerala
തിരുവനന്തപുരം: സർക്കാർ പദ്ധതികൾക്കുവേണ്ടി ഭൂമി ഏറ്റെടുത്തുകഴിഞ്ഞ് നഷ്ടപരിഹാരം നൽകാതെ കാലതാമസം വരുത്തുന്ന വകുപ്പുകൾക്കെതിരേ കോടതിവിധികൾ വരാൻ തുടങ്ങിയതോടെ സർക്കാർ സംവിധാനം ഉണർന്നു പ്രവർത്തിക്കുന്നു.
ഭൂമി ഏറ്റെടുത്തിട്ടു നഷ്ടപരിഹാരം നൽകുന്നതിൽ കാലതാമസം വരുത്തരുതെന്നു കാണിച്ചു ധനവകുപ്പ് രംഗത്ത് വന്നു. കോടതിയലക്ഷ്യകേസുകൾ ഉൾപ്പെടെ നിരവധി കേസുകൾ എത്തുന്ന സാഹചര്യത്തിലാണ് നഷ്ടപരിഹാരം സംബന്ധിച്ചു സമയബന്ധിതമായി തീർപ്പുകല്പിക്കണമെന്നു ധനവകുപ്പ് നിർദേശിക്കുന്നത്.
ഭൂമി ഏറ്റെടുക്കല് സംബന്ധിച്ച നഷ്ടപരിഹാരക്കേസുകളിലെ എല്ലാ കോടതി ഉത്തരവുകളും മുന്ഗണനാപൂര്വം നടപ്പിലാക്കപ്പെടുന്നുവെന്ന് ഉറപ്പാക്കണമെന്നു കാട്ടി ധനവകുപ്പ് അഡീഷണല് ചീഫ് സെക്രട്ടറി കെ.ആര് ജ്യോതിലാലാണ് ഉത്തരവിറക്കിയത്.
നഷ്ടപരിഹാരം കോടതി നിശ്ചയിച്ച സമയത്തിനുള്ളില് നല്കാനാകുന്നതിനു മുന്കൂട്ടി ഫണ്ട് അനുവദിക്കാനുള്ള നടപടി ആരംഭിക്കണമെന്ന് ഉത്തരവില് പറയുന്നു. സാമ്പത്തിക ബാധ്യതയുള്ള എല്ലാ കേസുകളും ശ്രദ്ധയോടെ നിരീക്ഷിക്കുകയും ജില്ലാ കളക്ടര്മാരും ലാന്ഡ് റവന്യു കമ്മിഷണറും മറ്റു ബന്ധപ്പെട്ട അധികാരികളുമായുള്ള ഫലപ്രദമായ കോ- ഓര്ഡിനേഷന് ഉറപ്പാക്കുകയും ചെയ്യണമെന്നും അഡീഷണല് ചീഫ് സെക്രട്ടറി ഇറക്കിയ ഉത്തരവില് പറയുന്നു.
ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട കേസുകളില് കോടതി ഉത്തരവുകള് കര്ശനമായി പാലിച്ചുകൊണ്ട് നിശ്ചിത സമയത്തിനകം ഭൂവുടമകള്ക്കു നഷ്ടപരിഹാരം ലഭ്യമാക്കണമെന്ന് വ്യക്തമാക്കുന്ന നിര്ണായക നിര്ദേശങ്ങളും വിധികളും സുപ്രീം കോടതിയില് നിന്നും വിവിധ ഹൈക്കോടതികളില് നിന്നും പുറപ്പെടുവിച്ചിട്ടുണ്ട്. അര്ഹമായ ആനുകൂല്യങ്ങള് വൈകിക്കുന്നതു ഭരണഘടനാപരമായ അവകാശങ്ങളുടെ ലംഘനമാണെന്ന് കോടതികള് ചൂണ്ടിക്കാണിക്കുന്നു.
ഭൂമി നഷ്ടപ്പെട്ട വ്യക്തിക്കു ന്യായമായ നഷ്ടപരിഹാരം കൃത്യസമയത്ത് ലഭിക്കുന്നു എന്ന് ഉറപ്പാക്കേണ്ടത് അതത് ലാന്ഡ് അക്വിസിസേഷന് അഥോറിറ്റികളുടെയും റവന്യൂ വകുപ്പിന്റെയും നിയമപരമായ ഉത്തരവാദിത്വമാണ്. ഉത്തരവുകള് സമയബന്ധിതമായി പാലിച്ചില്ലെങ്കില് അത് കോടതി അലക്ഷ്യ നടപടികള്ക്കും വകുപ്പുകള്ക്കെതിരേയുള്ള സാമ്പത്തിക പിഴകള്ക്കും കാരണമാകുമെന്നും അഡീഷണല് ചീഫ് സെക്രട്ടറി ചൂണ്ടിക്കാട്ടുന്നു.
നിലവിലുള്ള കേസുകള് സമയ ബന്ധിതമായി തീര്പ്പാക്കാന് വകുപ്പ് സെക്രട്ടറിമാര് നേതൃത്വം നല്കുന്ന മോണിറ്ററിംഗ് സംവിധാനം ഒരുക്കണമെന്നും സമയബന്ധിതമായി കാര്യങ്ങള് നടപ്പിലാക്കാന് ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തണമെന്നും ഇതില് വീഴ്ച വന്നാല് വകുപ്പ് തലവന്മാരും അഡ്മിനിസ്ട്രേറ്റീവ് സെക്രട്ടറിമാരും ഉത്തരവാദികളായിരിക്കുമെന്നും ഉത്തരവില് കര്ശന നിര്ദേശം നല്കിയിട്ടുണ്ട്.
സ്വകാര്യ സ്ഥലമേറ്റെടുത്തതിനു നഷ്ടപരിഹാരം നല്കുന്നതു സര്ക്കാര് നടത്തുന്ന ജീവകാരുണ്യ പ്രവര്ത്തനം അല്ലെന്നും വര്ഷങ്ങളോളം ഭൂമി ഉപയോഗിക്കാന് കഴിയാത്ത സാഹചര്യമുണ്ടാക്കുകയും പിന്നീടു മഹാമനസ്കത കാട്ടുംപോലെ നഷ്ടപരിഹാരം അനുവദിക്കുകയും ചെയ്യുന്ന സര്ക്കാര് രീതി അംഗീകരിക്കാന് കഴിയില്ലെന്നും ജസ്റ്റീസ് ബി.ആര്.ഗവായ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിറക്കിയത് 2024 ഫെബ്രുവരിയിലാണ്.
Kerala
തിരുവനന്തപുരം: റിസർവേഷൻ ടിക്കറ്റുണ്ടായിട്ടും വനിതാ യാത്രക്കാരിയെ അർധരാത്രി ട്രെയിനിൽ നിന്നും ഇറക്കിവിടുകയും ടിക്കറ്റില്ലാതെ യാത്ര ചെയ്തതിന്റെ പേരിൽ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിടുകയും ചെയ്ത സംഭവത്തിൽ റെയിൽവേ രണ്ടുലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു.
ഒരു മാസത്തിനകം റെയിൽവേ നഷ്ടപരിഹാരം നൽകണം. ഇതിനുശേഷം സംഭവത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥരിൽ നിന്നും അന്വേഷണം നടത്തി ദക്ഷിണ റെയിൽവേ ഡിവിഷണൽ മാനേജർക്ക് തുക നിയമപ്രകാരം ഈടാക്കാവുന്നതാണെന്നും ഉത്തരവിൽ പറഞ്ഞു. തുക നൽകിയ ശേഷം കമ്മീഷനെ രേഖാമൂലം അറിയിക്കണം.
തിരുവനന്തപുരത്ത് താമസിക്കുന്ന തൃശൂർ എരുമപ്പെട്ടി സ്വദേശിനി കെ. ജയസ്മിതയ്ക്ക് തുക നൽകാനാണ് ഉത്തരവ്. 2023 ജൂലൈ 30ന് 16348 നമ്പർ ട്രെയിനിൽ വടക്കാഞ്ചേരിയിൽ നിന്നും തിരുവനന്തപുരത്തേക്കാണ് ടിക്കറ്റ് റിസർവ് ചെയ്ത് ജയസ്മിത യാത്രചെയ്തത്.
റിസർവേഷൻ ഫോമിലെ ഫോൺ നന്പർ ക്ലർക്ക് സൈറ്റിൽ മാറി രേഖപ്പെടുത്തിയതോടെ ടിക്കറ്റ് റിസർവേഷനുമായി ബന്ധപ്പെട്ട് മെസേജ് ലഭിച്ചയാൾ താൻ ബുക്ക് ചെയ്യാത്ത ടിക്കറ്റ് ഓൺലൈൻ കാൻസൽ ചെയ്തതോടെയാണ് ജയസ്മിതയ്ക്ക് ദുരനുഭവമുണ്ടായത്.
International
കാഠ്മണ്ഡു: മിന്നൽപ്രളയത്തിൽ വ്യാപക നാശനഷ്ടങ്ങൾ നേരിട്ടതിനുപിന്നാലെ, വികസിത-വ്യവസായ രാജ്യങ്ങളിൽനിന്നു നഷ്ടപരിഹാരം ആവശ്യപ്പെട്ട് നേപ്പാൾ. പ്രളയബാധിതർക്കു നൽകുന്ന സാമ്പത്തികപിന്തുണ കേവലമൊരു കാരുണ്യപ്രവർത്തനമല്ലെന്നും മറിച്ച് പരിസ്ഥിതിനാശം വരുത്തിവച്ച രാജ്യങ്ങളുടെ നിയമപരവും ധാർമികവുമായ ബാധ്യതയാണെന്നും നേപ്പാൾ വ്യക്തമാക്കി.
ധനസഹായം യാചിക്കുന്ന ശൈലിയിൽനിന്നും മാറി ‘നീതിയും അർഹമായ നഷ്ടപരിഹാരവും’ ആവശ്യപ്പെടുന്ന പുതിയ നയതന്ത്ര ചട്ടക്കൂടിലേക്ക് രാജ്യം മാറുകയാണെന്ന് വിദേശകാര്യ മന്ത്രി ശിശിർ ഖനാൽ അറിയിച്ചു.
വിഷയം ചർച്ച ചെയ്യുന്നതിനായി ഐക്യരാഷ്ട്രസഭയുടെ ‘ലോസ് ആൻഡ് ഡാമേജ് ഫണ്ടിനെ’ നേപ്പാൾ ഔദ്യോഗികമായി സമീപിച്ചു. അടുത്ത യുഎൻ പൊതുസഭയിൽ നേപ്പാൾ പ്രധാനമന്ത്രി ബലേന്ദ്ര ഷാ നേരിട്ടെത്തി ഹിമാലയൻ ആവാസവ്യവസ്ഥയുടെ സംരക്ഷണവും പുനരധിവാസത്തിനായുള്ള കാലാവസ്ഥാ നഷ്ടപരിഹാരവും ആഗോള സമൂഹത്തിനു മുന്നിൽ ഔദ്യോഗികമായി ആവശ്യപ്പെടും.
ആഗോളതലത്തിൽ ഹരിതഗൃഹ വാതകം പുറന്തള്ളുന്നതിൽ വെറും നിസാര പങ്ക് മാത്രമുള്ള നേപ്പാൾ, ആഗോളതാപനം മൂലമുള്ള ദുരന്തങ്ങളുടെ ആഘാതം ഏറ്റവും കൂടുതൽ അനുഭവിക്കേണ്ടിവരുന്നുവെന്ന് നേപ്പാൾ വിദേശകാര്യ മന്ത്രി ചൂണ്ടിക്കാട്ടി.
ആഗോള കാർബൺ പുറന്തള്ളലിന്റെ 45 മുതൽ 48 ശതമാനം വരെ സംഭാവന ചെയ്യുന്നത് ചൈന, അമേരിക്ക, ഇന്ത്യ എന്നീ രാജ്യങ്ങളാണ്. ഇതിൽ ഇന്ത്യയുടെ വിഹിതം ഏഴുമുതൽ എട്ടു ശതമാനം വരെയാണെങ്കിലും പ്രതിശീർഷ കാർബൺ പുറന്തള്ളലിൽ പാശ്ചാത്യ രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യ വളരെ പിന്നിലാണ്.
പ്രതിവർഷം ഒരാൾ പുറന്തള്ളുന്ന കാർബൺ അളവ് അമേരിക്കയിൽ 17 ടണ്ണും ചൈനയിൽ 11 ടണ്ണുമാകുമ്പോൾ ഇന്ത്യയിലിത് വെറും മൂന്നു ടൺ മാത്രമാണ്. അതിനാൽ ചരിത്രപരമായ ഉത്തരവാദിത്വം വികസിത രാജ്യങ്ങൾക്കാണെന്ന നിലപാടാണ് അന്താരാഷ്ട്രവേദികളിൽ ഇന്ത്യ എന്നും സ്വീകരിക്കുന്നത്.
Kerala
തിരുവനന്തപുരം: വന്യജീവി ആക്രമണത്തില് കൊല്ലപ്പെടുന്നവരുടെ കുടുംബത്തിനും കൃഷിനാശം സംഭവിച്ചവര്ക്കും സര്ക്കാര് നല്കുന്ന നഷ്ടപരിഹാരത്തുക അടിയന്തരമായി വര്ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്. കൃഷിനാശത്തിന് നിലവില് നല്കുന്ന നഷ്ടപരിഹാരം ഇരട്ടിയാക്കണമെന്നാണ് സര്ക്കാര് ആഗ്രഹിക്കുന്നത്.
വന്യജീവി ആക്രമണം മൂലമുണ്ടാകുന്ന പ്രശ്നങ്ങള്ക്ക് ശാശ്വത പരിഹാരത്തിനായി കേന്ദ്രസര്ക്കാരില് ശക്തമായ സമ്മര്ദം ചെലുത്തുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്ത്തു. വന്യജീവി ആക്രമണ സംഘര്ഷ ലഘൂകരണ കര്മപദ്ധതി തയാറാക്കുന്നതിന്റെ ഭാഗമായി ചേര്ന്ന മന്ത്രിമാരുടെയും വനാതിര്ത്തി മണ്ഡലങ്ങളെ പ്രതിനിധീകരിക്കുന്ന എംഎല്എമാരുടെയും എംപിമാരുടെയും സമ്മേളനം നിയമസഭാ ബാങ്കെറ്റ് ഹാളില് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.
കര്ഷകരുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന വന്യജീവിശല്യം നിയന്ത്രിക്കാന് 1972ലെ വന്യജീവി സംരക്ഷണ നിയമത്തില് കാലോചിതമായ ഭേദഗതികള് ആവശ്യമാണ്. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കുന്നതിനും വന്യജീവികളുടെ എണ്ണം നിയന്ത്രിക്കുന്നതിനുമുള്ള അധികാരം സംസ്ഥാനത്തിന് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ജനപ്രതിനിധികളെ ഉള്പ്പെടുത്തി പ്രത്യേക സംഘം കേന്ദ്രസര്ക്കാരിനെ സമീപിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വനംവകുപ്പ് ഉദ്യോഗസ്ഥരും കര്ഷകരും തമ്മിലുള്ള അകലം ഒഴിവാക്കി സൗഹൃദാന്തരീക്ഷം സൃഷ്ടിക്കേണ്ടതുണ്ട്. തദ്ദേശ സ്ഥാപനങ്ങളും ജനപ്രതിനിധികളും വനംവകുപ്പും പൊതുജനങ്ങളും ഒരുമിച്ച് പ്രവര്ത്തിച്ചാല് മാത്രമേ വന്യജീവി ആക്രമണ സംഘര്ഷത്തിന് ശാശ്വത പരിഹാരം കാണാനാകൂവെന്നും വനാതിര്ത്തികളില് ഭീതിയോടെ കഴിയുന്ന കര്ഷകര്ക്കും സാധാരണക്കാര്ക്കുമൊപ്പം സര്ക്കാര് ഉണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വനം മന്ത്രി ഷിബു ബേബി ജോണ് അധ്യക്ഷത വഹിച്ച ചടങ്ങില് മന്ത്രിമാരായ എ.പി. അനില്കുമാര്, കെ.എ. തുളസി, റോജി എം. ജോണ്, എന്. ഷംസുദ്ദീന്, ടി. സിദ്ദിഖ്, പി.കെ. ബഷീര്, മോന്സ് ജോസഫ്, ചീഫ് വിപ് അപു ജോണ് ജോസഫ്, എംപിമാര്, എംഎല്എമാര്, തുടങ്ങിയവര് പങ്കെടുത്തു. വന്യജീവി ആക്രമണത്തിനു തടയിടാന് മാസ്റ്റര്പ്ലാന് തയാറായതായി മന്ത്രി ഷിബു ബേബി ജോണ്
തിരുവനന്തപുരം: സംസ്ഥാനത്ത് വന്യജീവികളുടെ ആക്രമണം തടയുന്നതിനുള്ള സമഗ്ര പദ്ധതിയുടെ ഭാഗമായി കേരളത്തെ 14 മേഖലകളായി തിരിച്ച് മാസ്റ്റര് പ്ലാന് തയാറാക്കിയതായി വനം മന്ത്രി ഷിബു ബേബി ജോണ്.
മനുഷ്യവന്യജീവി സംഘര്ഷ ലഘൂകരണ കര്മപദ്ധതി തയാറാക്കുന്നതിന്റെ ഭാഗമായി ചേര്ന്ന മന്ത്രിമാരുടെയും വനാതിര്ത്തി മണ്ഡലങ്ങളെ പ്രതിനിധികരിക്കുന്ന എംഎല്എമാരുടെയും എംപിമാരുടെയും സമ്മേളനത്തില് അധ്യക്ഷത വഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
കര്ഷകരെക്കൂടി വിശ്വാസത്തിലെടുത്താകും വന്യജീവി ആക്രമണം ലഘൂകരിക്കാനും വനം സംരക്ഷിക്കാനുമുള്ള പദ്ധതികള് നടപ്പാക്കുക. വിഷയങ്ങളില് അടിയന്തര ഇടപെടലുകള്ക്കായി നിയോജകമണ്ഡലം, പഞ്ചായത്ത് തലങ്ങളില് പ്രത്യേക സമിതികളും പ്രാദേശിക കമാന്ഡ് സെന്ററുകളും രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇഎസ്എ വിഷയത്തില് കേരളത്തിന് വലിയ വെല്ലുവിളികള് ഇല്ല എന്നാണ് മനസിലാക്കുന്നത്. വനാതിര്ത്തി മേഖലകളിലെ ജനങ്ങളുടെ എല്ലാ ആശങ്കകളും പരിഹരിച്ചു മാത്രമേ സര്ക്കാര് മുന്നോട്ട് പോവുകയുള്ളൂ. കേരളത്തിന്റെ ആശങ്കകള് കേന്ദ്രസര്ക്കാരിന്റെ ശ്രദ്ധയില് പെടുത്തിയിട്ടുണ്ട്.
ഡിവിഷനുകള്ക്ക് പകരം കേരളത്തെ 16 ലാന്ഡ് സ്കൈപ്പ് സോണുകളായി തിരിച്ചുകൊണ്ട് വന്യജീവി ആക്രമണങ്ങള്ക്ക് പരിഹാരം കാണാനുള്ള പ്രവര്ത്തനങ്ങള് കൈക്കൊള്ളും. വനമേഖലയുമായി ബന്ധപ്പെട്ട് പ്രത്യേക റോഡ് നയം രൂപീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്ത്തു.
NRI
ബെർലിൻ: വിമാനത്തിനുള്ളിൽ ഇരിക്കവെ പെട്ടെന്ന് കാബിൻ ജാലകം തകർന്ന് തലയും കൈയും 600 കിലോമീറ്റർ വേഗതയിലുള്ള കാറ്റിലേക്ക് തെറിച്ചുവീണ ഭീകരമായ സംഭവത്തിൽ നിയമപോരാട്ടം ശക്തമാകുന്നു.
കഴിഞ്ഞ ജൂലൈയിൽ തെസലോനികിയിൽ നിന്ന് ജർമനിയിലെ മെമ്മിംഗണിലേക്ക് പറന്ന റയാൻഎയർ (Ryanair) വിമാനത്തിലാണ് ജീവൻ വരെ നീണ്ട ഈ അത്ഭുതാപഹമായ അപകടമുണ്ടായത്.
അപകടത്തിൽ അത്ഭുതകരമായി രക്ഷപ്പെട്ട 61 കാരനായ ല്യുബിഷ കാറോവിച്ച് എന്ന യാത്രക്കാരനുവേണ്ടി അദ്ദേഹത്തിന്റെ അഭിഭാഷകൻ മില്യൺ ഡോളർ നഷ്ടപരിഹാര കേസ് ഫയൽ ചെയ്യാൻ ഒരുങ്ങുകയാണ്.
ഒപ്പം വിമാനത്തിലുണ്ടായിരുന്ന മറ്റ് നിരവധി യാത്രക്കാരെയും അദ്ദേഹം നിയമപരമായി പ്രതിനിധീകരിക്കുന്നുണ്ട്.
എന്താണ് യഥാർഥത്തിൽ സംഭവിച്ചത്?
വിമാനത്തിന്റെ എഞ്ചിന് സംഭവിച്ച തകരാറും പക്ഷികൾ ഇടിച്ചതുമാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ട് വ്യക്തമാക്കുന്നത്. എന്നാൽ പക്ഷികൾ മാത്രമാണ് ഈ ദുരന്തത്തിന് കാര്യമെന്ന വാദം യാത്രക്കാരന്റെ അഭിഭാഷകൻ പൂർണമായും തള്ളിക്കളയുന്നു.
വിമാനത്തിന്റെ അറ്റകുറ്റപ്പണിയിലെ വീഴ്ചകൾ, മെറ്റീരിയൽ തകർച്ച, കൂടാതെ റയാൻഎയർ, ബോയിംഗ്, എഞ്ചിൻ നിർമാതാക്കൾ എന്നിവരുടെ ഭാഗത്തുനിന്നുള്ള സുരക്ഷാ വീഴ്ചകൾ എന്നിവയെക്കുറിച്ച് ഗുരുതരമായ ചോദ്യങ്ങളാണ് അഭിഭാഷകൻ ഉന്നയിക്കുന്നത്.
അപകടം നടന്ന് നിമിഷങ്ങൾക്കകം വിമാനത്തിലുണ്ടായ കടുത്ത മർദ്ദവ്യത്യാസവും ഭീതിയും യാത്രക്കാരെ മാനസികമായി തകർത്തിരുന്നു. വലിയൊരു ദുരന്തം തലനാരിഴയ്ക്കാണ് ഒഴിവായത്.
വിമാനക്കമ്പനികളുടെയും നിർമാതാക്കളുടെയും ഭാഗത്തുനിന്നുള്ള സുരക്ഷാ വീഴ്ചകൾക്കെതിരെ ശക്തമായ നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് ബാധിതരായ യാത്രക്കാരുടെ തീരുമാനം.
District News
മുഖ്യമന്ത്രി നല്കിയ ഉറപ്പ് പാലിച്ചു
അടിമാലി: കൂമ്പന്പാറയ്ക്കു സമീപം മണ്ണിടിച്ചിലുണ്ടായി വീടും സ്ഥലവും നഷ്ടപ്പെട്ട 14 കുടുംബങ്ങള്ക്ക് 10 ലക്ഷം വീതം 1.40 കോടി രൂപ നഷ്ടപരിഹാരമായി നല്കാന് സര്ക്കാര് തീരുമാനിച്ചു. കഴിഞ്ഞ ഒക്ടോബര് 25നു രാത്രിയിലാണ് കനത്തമഴയെത്തുടര്ന്നു കൊച്ചി-ധനുഷ്ക്കോടി ദേശീയപാതയില് മണ്ണിടിച്ചിലുണ്ടായത്.
വീടുകള് പൂര്ണമായി തകര്ന്ന എട്ടു കുടുംബങ്ങള്ക്ക് 10 ലക്ഷം വീതം സര്ക്കാര് അനുവദിച്ചിരുന്നു. ഇതിനു പുറമേയാണ് 14 കുടുംബങ്ങള്ക്കു കൂടി നഷ്ടപരിഹാരം അനുവദിച്ച് ഉത്തരവായത്. ദുരന്തനിവാരണ അഥോറിട്ടി ചെയര്മാന് കൂടിയായ ജില്ലാ കളക്ടര് ഡോ. ദിനേശന് ചെറുവാട്ട് ഇതുസംബന്ധിച്ച ഉത്തരവ് ഉദ്യോഗസ്ഥര്ക്കു കൈമാറി.
നഷ്ടപരിഹാരം ലഭിക്കുന്നതോടെ ഇവരുടെ ഭൂമി പഞ്ചായത്തിന് വിട്ടുനല്കണം. ദുരിതബാധിതരുടെ തകര്ന്ന വീടിന് ഇന്ഷ്വറന്സ് തുക ലഭിക്കുകയാണെങ്കില് ഈ തുക മുഖ്യമന്ത്രിയുടെ ദുരാതാശ്വാസ നിധിയിലേക്ക് തിരികെ അടയ്ക്കണം എന്നതാണ് പ്രധാന വ്യവസ്ഥ. ലഭിക്കുന്ന ഇന്ഷ്വറന്സ് തുക 10 ലക്ഷത്തില് കൂടുതലാണെങ്കില് അധിക തുക കുടുംബങ്ങള്ക്കും അല്ലാത്ത പക്ഷം ലഭിക്കുന്ന തുക മാത്രം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നല്കിയാല് മതി. ഇന്ഷ്വറന്സ് തുക തിരികെ ഈടാക്കുന്നതിനും നിലവിലുള്ള സ്ഥലം പഞ്ചായത്തിന് വിട്ടുനല്കുന്നതിനുമുള്ള സമ്മതപത്രം ബന്ധപ്പെട്ടവരില്നിന്ന് ധനസഹായം നല്കുന്നതിനു മുമ്പ് തഹസില്ദാര് വാങ്ങി സൂക്ഷിക്കണമെന്നും ഉത്തരവില് വ്യക്തമാക്കുന്നു.
മണ്ണിടിച്ചിലിനെത്തുടര്ന്ന് വീടും സ്ഥലവും നഷ്ടപ്പെട്ടവര്ക്ക് നഷ്ടപരിഹാരത്തുക അനുവദിക്കാത്ത സാഹചര്യത്തില് നേരത്തേ ദുരിതബാധിതര് ഉപവാസ സമരവും പിന്നീട് അനിശ്ചിതകാല പ്രതിഷേധ സമരവും നടത്തിയിരുന്നു. ഓണത്തിനു മുമ്പ് നഷ്ടപരിഹാരത്തുക നല്കുമെന്ന മുഖ്യമന്ത്രിയുടെയും റവന്യുമന്ത്രിയുടെയും ഉറപ്പാണ് ഇപ്പോള് പാലിക്കപ്പെട്ടിരിക്കുന്നത്.
Kerala
കൊച്ചി: കാലാവസ്ഥാമാറ്റം മൂലം മത്സ്യത്തൊഴിലാളികള്ക്കു കടലിൽ പോകാനാകാത്ത സാഹചര്യത്തിലുള്ള നഷ്ടപരിഹാരം ഗണ്യമായി വര്ധിപ്പിക്കണമെന്ന് കോസ്റ്റല് ഏരിയ ഡെവലപ്മെന്റ് ഏജന്സി ഫോര് ലിബറേഷന് (കടല്).
കടലില് രൂപപ്പെടുന്ന ന്യൂനമര്ദങ്ങള്, ചുഴലിക്കാറ്റ്, ശക്തമായ കാറ്റ്, ഉയര്ന്ന തിരമാല, മോശം കാലാവസ്ഥ തുടങ്ങിയ സാഹചര്യങ്ങളില് സര്ക്കാര് ഏജന്സികള് നല്കുന്ന മുന്നറിയിപ്പുകള്മൂലം തൊഴിലാളികൾക്ക് മത്സ്യബന്ധനത്തിനു പോകാന് കഴിയാത്ത സാഹചര്യമുണ്ട്.
മത്സ്യത്തൊഴിലാളികളുടെ ജീവന് സംരക്ഷിക്കുന്നതിനായി സര്ക്കാര് മുന്നറിയിപ്പുകള് അനിവാര്യമാണെങ്കിലും കടലില് പോകരുതെന്ന് നിര്ദേശിക്കുമ്പോള്, അതുവഴി നഷ്ടപ്പെടുന്ന ഉപജീവനത്തിനു മതിയായ നഷ്ടപരിഹാരം നല്കേണ്ടതു സര്ക്കാരിന്റെ ഭരണഘടനാപരവും ധാര്മികവുമായ ഉത്തരവാദിത്വമാണ്. കടലില് പോകാന് കഴിയാത്ത ഓരോ ദിവസവും മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ ഏക ഉപജീവനമാര്ഗമാണു നഷ്ടപ്പെടുന്നത്.
നിലവില് അനുവദിക്കുന്ന നഷ്ടപരിഹാരം യഥാര്ഥ വരുമാനനഷ്ടത്തിനും വര്ധിച്ചുവരുന്ന ജീവിതച്ചെലവിനും യാതൊരു വിധത്തിലും ആനുപാതികമല്ല. അതിനാല് മത്സ്യത്തൊഴിലാളികളുടെ ശരാശരി ദിവസവരുമാനം, വിലക്കയറ്റം, കുടുംബച്ചെലവ് എന്നിവ പരിഗണിച്ച് നഷ്ടപരിഹാരത്തുക അടിയന്തരമായി പുനര്നിശ്ചയിക്കണം.
കടലില് കാണാതാകുന്ന ഓരോ മത്സ്യത്തൊഴിലാളിയെയും കണ്ടെത്തുന്നതിനായി ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ ശക്തവും കാര്യക്ഷമവുമായ രക്ഷാപ്രവര്ത്തന സംവിധാനം വേണമെന്നും കടല് ജനറല് സെക്രട്ടറി ജോസഫ് ജൂഡും ഡയറക്ടര് ഫാ. ഡോ. സെലസ്റ്റിന് പുത്തന്പുരയ്ക്കലും ആവശ്യപ്പെട്ടു.
International
വാഷിംഗ്ടൺ: ഇറാനിൽ നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെടാൻ അമേരിക്ക. സമാധാനചർച്ചകളുടെ ഭാഗമായി നഷ്ടപരിഹാരം ആവശ്യപ്പെടുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. അഞ്ച് പതിറ്റാണ്ടായി ഇറാന്റെ പിന്തുണയോടെ നടക്കുന്നുവെന്ന് ആരോപിക്കപ്പെടുന്ന ആക്രമണങ്ങളും അതിക്രമങ്ങളും ചൂണ്ടിക്കാട്ടിയാണ് ആവശ്യം.
ഇരുരാജ്യങ്ങളും തമ്മിലുള്ള സമാധാനചർച്ചകളിൽ വിഷയം ഉൾപ്പെടുത്തുമെന്നും ട്രംപ് വ്യക്തമാക്കി. അമേരിക്ക-ഇസ്രയേൽ സൈനിക നടപടികളെ തുടർന്ന് ഇറാനിലുണ്ടായ നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് ഇസ്ലാമിക് റിപബ്ലിക് പ്രതിനിധികൾ ആവശ്യപ്പെട്ടിരുന്നു.
ഇതിന് മറുപടിയായാണ് സമാനമായി താനും നഷ്ടപരിഹാരം ആവശ്യപ്പെടുകയാണെന്ന് ട്രംപ് അറിയിച്ചത്. ഇറാൻ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടതും പരിക്കേറ്റവരുമായ എല്ലാമനുഷ്യർക്കുമായി ഇറാൻ നഷ്ടപരിഹാരം നൽകണമെന്ന് അമേരിക്കൻ പ്രസിഡന്റ് കൂട്ടിച്ചേർത്തു.
District News
ചാരുംമൂട്: കാലവർഷക്കെടുതിയിൽ കൃഷിനാശം സംഭവിച്ച കർഷകർക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ മറ്റൊരു ദുരിതമാകുന്നു. നടപടിക്രമങ്ങൾ ലഘൂകരിക്കണമെന്ന ആവശ്യം ശക്തമായി. വിളനാശത്തിന് അർഹമായ നഷ്ടപരിഹാരം ലഭിക്കുന്നതിന് നിലവിലുള്ള സങ്കീർണ നടപടിക്രമങ്ങൾ കർഷകർ ക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണെന്ന് കർഷക സംഘടനകളും ചൂണ്ടിക്കാട്ടി.
നഷ്ടപരിഹാരം ലഭിക്കാൻ വില്ലേജ് ഓഫീസുകളിലും കൃഷിഭവനുകളിലും സമർപ്പിക്കേണ്ട ഡിജിറ്റൽ തെളിവുകൾ, ഉടമസ്ഥാവകാശ രേഖകൾ, പോക്കുവരവ് രേഖകൾ, ബാങ്ക് പാസ്ബുക്ക്, ഗസറ്റഡ് ഓഫീസർമാരുടെ സാക്ഷ്യപത്രം എന്നിവ ഉൾപ്പെടെയുള്ള രേഖകൾ സാധാരണക്കാരായ കർഷകർക്ക് വലിയ ഭാരമായി മാറിയിരിക്കുകയാണ്. ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്കായി ദിവസങ്ങളോളം ഓഫീസുകൾ കയറിയിറങ്ങേണ്ട അവസ്ഥയും സ്ഥലപരിശോധനയ്ക്കായി ദിവസങ്ങളോളം കാത്തിരിക്കേണ്ടി വരുന്നതും പരിശോധനകളുടെ പേരിൽ നഷ്ടപരിഹാരം മാസങ്ങളോളം വൈകുന്നതും കർഷകരെ മാനസികമായി തളർത്തുന്നതായി കർഷക സംഘടനകൾ പറയുന്നു.
സഹകരണ ബാങ്കുകളിൽനിന്നും മറ്റ് ധനകാര്യ സ്ഥാപനങ്ങളിൽനിന്നും വായ്പയെടുത്ത് കൃഷി ചെയ്തവരാണ് മഴക്കെടുതിയിൽ ഏറ്റവും കൂടുതൽ ദുരിതത്തിലായത്. വിളനാശത്തെത്തുടർന്ന് വായ്പാ തിരിച്ചടവ് മുടങ്ങുകയും പലിശ വർധിക്കുകയും ജപ്തി നോട്ടീസുകൾ ലഭിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ നഷ്ടപരിഹാരം വേഗത്തിൽലഭിക്കാൻ നടപടിക്രമങ്ങൾ ലഘൂകരിക്കമെന്നാണ് കർഷകരും കർഷക സംഘടനകളും ആവശ്യപ്പെടുന്നത്.
അപേക്ഷാ നടപടികൾ പൂർണമായുംഏക ജാലക സംവിധാനത്തിലൂടെ ഓൺലൈനാക്കണമെന്നും ഉദ്യോഗസ്ഥരുടെ പരിശോധനയിലെ കാലതാമസം ഒഴിവാക്കി ആധാർ ബന്ധിപ്പി ച്ച ബാങ്ക് അക്കൗണ്ടുകളിലേക്ക് നഷ്ടപരിഹാരം വേഗത്തിൽ ലഭിക്കാൻ നടപടി വേണമെന്നുമാണ് കർഷകരുടെ ആവശ്യം.
District News
പത്തനംതിട്ട: മഴക്കെടുതി മൂലം നാശനഷ്ടം സംഭവിച്ചവര്ക്ക് നഷ്ടപരിഹാരം ഉറപ്പാക്കുമെന്ന് മന്ത്രി എ.പി. അനില് കുമാര്. ജില്ലയിലെ പ്രളയ സാഹചര്യം വിലയിരുത്തിയശേഷം റാന്നിയിൽ ചേർന്ന ഉദ്യോഗസ്ഥതല യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. കാര്ഷിക വിളകള്ക്കുണ്ടായ നാശമുള്പ്പെടെ കണക്കെടുക്കും. റാന്നിയിലെ വ്യാപാരികള്ക്കുണ്ടായ നഷ്ടം സര്ക്കാര് അനുഭാവപൂര്വം പരിഗണിക്കും.
എല്ലാ വിഭാഗം ആളുകളെയും സഹായിക്കുകയാണ് സര്ക്കാര് ലക്ഷ്യം. ദുരിതാശ്വാസ ക്യാമ്പുകളില് താമസിക്കുന്നവര് വീടുകളിലേക്ക് തിരിച്ചു ചെല്ലുമ്പോള് ശുചീകരണം ഉള്പ്പെടെ പല പ്രശ്നങ്ങളും നേരിടാം. സന്നദ്ധ സംഘടനകളുടെ സേവനം ഇതിനായി പ്രയോജനപ്പെടുത്തണം. എലിപ്പനി പോലെയുള്ള പകര്വ്യാധികള്ക്കെതിരേ മുന്കരുതല് വേണം. പ്രതിരോധ മരുന്ന് വിതരണം ചെയ്യാന് ആശാപ്രവര്ത്തകര്ക്ക് നിര്ദേശം നല്കും. പത്തനംതിട്ട ജില്ലയ്ക്കായി പ്രത്യേക പാക്കേജാണ് സര്ക്കാര് തയാറാക്കിതെന്നം മന്ത്രി പറഞ്ഞു. ദുരന്താവശ്യങ്ങള്ക്ക് രണ്ട് ഹെലികോപ്റ്ററുകള് തിരുവനന്തപുരത്ത് സജ്ജമാക്കി.
വീടുകളില് ഒറ്റപ്പെട്ട് കഴിയുന്നവര്ക്ക് കൃത്യമായി ഭക്ഷണ പൊതി എത്തിക്കും. മണ്സൂണ് കഴിഞ്ഞിട്ടില്ലാത്തതിനാല് പ്രത്യേക ജാഗ്രത പുലര്ത്തണം. രക്ഷാപ്രവര്ത്തനം വളരെ ശക്തമായ രീതിയില് മുന്നോട്ട് കൊണ്ടുപോകുന്നതിനാണ് ഇപ്പോൾ പ്രധാന്യം നൽകുന്നത്. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറുമ്പോള് ജനങ്ങള്ക്കുണ്ടാകുന്ന പ്രയാസം സ്വാഭാവികമാണ്. എന്നാല് ദുരന്തം ഒഴിവാക്കാന് ഇത് ആവശ്യമാണ്. ക്യാമ്പുകള് വര്ധിപ്പിച്ച് താമസിപ്പിക്കുന്നവരുടെ എണ്ണം പരിമിതപ്പെടുത്തും.
ദുരിതാശ്വാസ ക്യാമ്പുകളില് അവശ്യസാധനങ്ങള് ഉറപ്പാക്കുന്നതില് ജില്ലാ കളക്ടർ പ്രത്യേകം ശ്രദ്ധ നല്കണമെന്നും മന്ത്രി നിർദേശിച്ചു.. ജില്ലയിലെ രക്ഷാപ്രവര്ത്തനം കുറ്റമറ്റ രീതിയില് പുരോഗമിക്കുന്നുണ്ടെന്നും കൂട്ടായ പ്രവര്ത്തനത്താല് ദുരന്തസാഹചര്യം മറികടക്കാനായെന്നും അദ്ദേഹം പറഞ്ഞു.
ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവര്ത്തനത്തില് ഉദ്യോഗസ്ഥര് പ്രത്യേകം ശ്രദ്ധനല്കണമെന്ന് മന്ത്രി പി.സി. വിഷ്ണുനാഥ് നിർദേശിച്ചു. ഉദ്യോഗസ്ഥരുടെ ഒത്തൊരുമയാല് രക്ഷാപ്രവര്ത്തനം ഏകോപിപ്പിച്ചു. ദുരിതബാധിത പ്രദേശങ്ങളില് എന്ഡിആര്എഫ് സംഘങ്ങള് രക്ഷാപ്രവര്ത്തനത്തിന് സജ്ജരാണ്. കൊല്ലത്തുനിന്ന് 14 മത്സ്യബന്ധന ബോട്ടുകള് എത്തിച്ചതായും മന്ത്രി അറിയിച്ചു.എംഎല്എമാരായ പഴകുളം മധു, സി.വി. ശാന്തകുമാര്, ജില്ലാ കളക്ടര് എ. നിസാമുദ്ദീന്, ജില്ല പോലീസ് മേധാവി ആര്. ആനന്ദ്, വിവിധ ഉദ്യോഗസ്ഥര് തുടങ്ങിയവര് പങ്കെടുത്തു.
District News
കാസർഗോഡ്: ജില്ലയിൽ കാലവർഷക്കെടുതിയുമായി ബന്ധപ്പെട്ട് വീടിനും സ്വത്തിനും നാശം നേരിട്ടവർക്കുള്ള നഷ്ടപരിഹാരം മുടങ്ങിയിട്ട് മൂന്നുവർഷമാകുന്നു. 2023 മുതലുള്ള നഷ്ടപരിഹാരം കൊടുക്കാനുണ്ടെന്നാണ് റവന്യൂ അധികൃതരുടെ കണക്ക്. ഇതിനുള്ള തുക 2023 നുശേഷം സർക്കാരിൽനിന്ന് ലഭിച്ചിട്ടില്ലെന്ന് അവർ പറയുന്നു.
കാലവർഷത്തിൽ വീടും മറ്റു കെട്ടിടങ്ങളും പൂർണമായോ ഭാഗികമായോ തകർന്നവരാണ് നഷ്ടപരിഹാരം ലഭിക്കാനുള്ളവരിൽ ഭൂരിപക്ഷവും. സർക്കാരിൽ നിന്ന് ലഭിക്കുന്നത് താരതമ്യേന ചെറിയൊരു തുകയായിട്ടും അതിനുവേണ്ടി വർഷങ്ങൾ കാത്തിരിക്കേണ്ടിവരുന്ന അവസ്ഥയാണെന്ന് ഇവർ പറയുന്നു.
അപകടങ്ങളും നാശനഷ്ടങ്ങളും സംഭവിക്കുമ്പോൾത്തന്നെ പഞ്ചായത്ത് തലത്തിലുള്ള ജനപ്രതിനിധികളും വില്ലേജ് അധികൃതരും സ്ഥലം സന്ദർശിച്ച് നാശനഷ്ടങ്ങൾ വിലയിരുത്തുന്നുണ്ട്. തകർന്ന വീടുകളുടെയും മറ്റും ഫോട്ടോ സഹിതമാണ് നഷ്ടപരിഹാരത്തിനായി വില്ലേജ് ഓഫീസുകളിൽ അപേക്ഷ നൽകുന്നത്. പിന്നെ പലതവണ ഓഫീസുകൾ കയറിയിറങ്ങുകയും അദാലത്തുകളിൽ പങ്കെടുക്കുകയും ചെയ്തിട്ടും നഷ്ടപരിഹാരം എന്നു കിട്ടുമെന്ന കാര്യത്തിൽ ഒരുറപ്പുമില്ലെന്ന് ഇവർ പറയുന്നു.
നഷ്ടപരിഹാരം നൽകുന്നതിനുള്ള തുക വകയിരുത്താൻ പുതിയ സർക്കാരിന്റെ ഭാഗത്തുനിന്ന് നടപടിയുണ്ടായാൽ ഉടൻതന്നെ കുടിശിക കൊടുത്തുതീർക്കുമെന്നാണ് റവന്യൂ അധികൃതരുടെ ഉറപ്പ്.
Kerala
കൊച്ചി: എംഎസ്സി എൽസ 3 കപ്പലപകടത്തിൽ സംസ്ഥാനസർക്കാർ നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത് 9,531 കോടി രൂപ.
സമുദ്ര പരിസ്ഥിതി മലിനീകരണം, പ്രതിരോധ, പരിഹാര ചെലവുകൾ, സാമ്പത്തികനഷ്ടം എന്നീ ഇനങ്ങളിലാണു നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുന്നതെന്ന് കേന്ദ്ര ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാൾ ലോക്സഭയിൽ പറഞ്ഞു.
കപ്പലുടമകളും ഇൻഷ്വറൻസ് കമ്പനിയായ നോർത്ത് സ്റ്റാൻഡേർഡും ചേർന്ന് ക്ലെയിംസ് ഡെസ്ക് സ്ഥാപിച്ചിട്ടുണ്ട്.
Kerala
കൊച്ചി: തൃശൂര് മുണ്ടത്തിക്കോട് വെടിക്കെട്ടുപുര സ്ഫോടനത്തില് നഷ്ടപരിഹാരം നല്കിയതിന്റെ വിശദാംശങ്ങള് സംസ്ഥാനസര്ക്കാര് ഹൈക്കോടതിയെ അറിയിച്ചു. മരിച്ചവരുടെ കുടുംബത്തിനും പരിക്കേറ്റവര്ക്കും നല്കിയ തുകയുടെ കണക്കുകളാണ് അറിയിച്ചത്.
അതേസമയം കേന്ദ്രസര്ക്കാര് തലത്തില് നഷ്ടപരിഹാരം അനുവദിക്കുന്നതിനുള്ള സാധ്യത പരിശോധിച്ച് എതിര് സത്യവാങ്മൂലം സമര്പ്പിക്കാന് അഡീഷണല് സോളിസിറ്റര് ജനറല് സമയം തേടിയതിനെത്തുടര്ന്ന് രണ്ടാഴ്ച സമയം അനുവദിച്ചു.
അപകടത്തിന്റെ പശ്ചാത്തലത്തില് സ്വമേധയാ എടുത്ത പൊതുതാത്പര്യ ഹര്ജിയാണു ചീഫ് ജസ്റ്റീസ് സൗമെന് സെന്, ജസ്റ്റീസ് വി.എം.ശ്യാംകുമാര് എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് പരിഗണിച്ചത്.
ഏപ്രില് 21ലെ വെടിക്കെട്ടുപുര ദുരന്തത്തില് 16 പേരാണു മരിച്ചത്. ഒട്ടേറെ പേര്ക്കു പരിക്കേറ്റിരുന്നു. തൃശൂര് പൂരത്തിനു മുന്നോടിയായി തിരുവമ്പാടി ദേശത്തിനുവേണ്ടി ഒരുക്കിയ കരിമരുന്നുശേഖരമാണ് പൊട്ടിത്തെറിച്ചത്.ഹര്ജി രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കും.
NRI
ടൊറന്റോ: 2015 ജനുവരി ഒന്ന് മുതൽ കാനഡയിൽ ബീഫ് (പോത്തിറച്ചി/മാട്ടിറച്ചി) വാങ്ങിയ ഉപഭോക്താക്കൾക്ക് നഷ്ടപരിഹാരം ലഭിക്കാനുള്ള സാധ്യത തെളിഞ്ഞു. പ്രമുഖ ബീഫ് വിതരണ കമ്പനികൾ ബീഫിന്റെ വിതരണവും വിലയും കൃത്രിമമായി നിയന്ത്രിക്കാൻ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് ഫയൽ ചെയ്ത ദേശീയ ക്ലാസ്-ആക്ഷൻ കേസിൽ ഏകദേശം എട്ട് മില്യൺ കാനഡിയൻ ഡോളറിന്റെ ഒത്തുതീർപ്പ് നിർദേശം സമർപ്പിച്ചതോടെയാണ് പുതിയ നീക്കം.
കേസിൽ JBS USA Company, Swift Beef Company, JBS Packerland Inc., JBS Canada ULC എന്നീ JBS അനുബന്ധ സ്ഥാപനങ്ങളും National Beef Packing Companyയും ചേർന്ന് ഏകദേശം എട്ട് മില്യൺ ഡോളർ നൽകാൻ സമ്മതിച്ചിട്ടുണ്ടെന്ന് ഹർജിക്കാർക്ക് വേണ്ടി ഹാജരായ അഭിഭാഷകർ അറിയിച്ചു. എന്നാൽ, ഈ ഒത്തുതീർപ്പ് കമ്പനികൾ കുറ്റം സമ്മതിക്കുന്നതല്ലെന്നും, കോടതിയുടെ അന്തിമ അംഗീകാരം ലഭിച്ച ശേഷമേ ഇത് പ്രാബല്യത്തിൽ വരികയുള്ളുവെന്നും അവർ വ്യക്തമാക്കി.
2022-ലാണ് കേസ് ഫയൽ ചെയ്തത്. ബീഫ് ഉത്പാദനവും വിതരണവും മനഃപൂർവം നിയന്ത്രിച്ച് വില ഉയർത്താൻ കമ്പനികൾ തമ്മിൽ ഗൂഢാലോചന നടത്തിയെന്നാണ് ഹർജിയിലെ പ്രധാന ആരോപണം. അതേസമയം, Cargill, Tyson കമ്പനികൾക്കെതിരായ നിയമനടപടികൾ ഇപ്പോഴും തുടരുകയാണ്.
കോടതി ഒത്തുതീർപ്പിന് അന്തിമ അംഗീകാരം നൽകിയാൽ, അർഹരായ ഉപഭോക്താക്കൾക്ക് നഷ്ടപരിഹാരം വിതരണം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങളും അപേക്ഷ സമർപ്പിക്കേണ്ട രീതിയും പിന്നീട് ഔദ്യോഗികമായി പ്രഖ്യാപിക്കും.
Kerala
കൽപ്പറ്റ: കള്ളാടിയിലുണ്ടായ മണ്ണിടിച്ചിലിൽ ജീവൻ നഷ്ടപ്പെട്ടവർക്കും പരിക്കേറ്റവർക്കും നിർമാണ കമ്പനി നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി ടി.സിദ്ദിഖ്. ദുരന്തത്തിൽ മരണപ്പെട്ട ഏഴു പേരുടെ കുടുംബങ്ങൾക്ക് ആറു ലക്ഷം രൂപയും കരാർ തൊഴിലാളിയായ അൽമോന്റെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപയും കമ്പനി നൽകും.
അപകടത്തിൽ പരിക്കേറ്റ ഒമ്പതു പേരിൽ ആറ് പേർക്ക് രണ്ടര ലക്ഷം രൂപ വീതം സാമ്പത്തിക സഹായം കൈമാറും. നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ഗുരുതരാവസ്ഥയിൽ കഴിയുന്ന മറ്റ് മൂന്ന് പേർക്ക് രണ്ടര ലക്ഷ രൂപയേക്കാൾ ഉയർന്ന തുക നൽകാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
മണ്ണിടിച്ചിലിനെ തുടർന്ന് പ്രദേശത്ത് അടിഞ്ഞുകൂടിയ മണ്ണ് എത്രയും വേഗം നീക്കം ചെയ്യാൻ കമ്പനിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടാതെ സ്കൂളുകൾ അടക്കമുള്ള അവശ്യ സർവീസുകൾക്കുള്ള വാഹന ഗതാഗതം നിലവിൽ മീനാക്ഷി പാലത്തിലൂടെ അനുവദിക്കും.
ഈ പാലത്തിന്റെ ബലക്ഷയം കൃത്യമായി പരിശോധിച്ചു റിപ്പോർട്ട് സമർപ്പിക്കാൻ പൊതുമരാമത്ത് വകുപ്പിനെ ചുമതലപ്പെടുത്തിയതായും മന്ത്രി കൂട്ടിച്ചേർത്തു. അതേസമയം മണ്ണിടിച്ചിൽ ദുരന്തത്തിൽ കാണാതായ എട്ടുപേരുടെയും മൃതദേഹം കണ്ടെത്തി.
Kerala
തിരുവനന്തപുരം: പ്രകൃതിക്ഷോഭം ഉൾപ്പെടെയുള്ള കാരണങ്ങളാൽ കൃഷികൾക്കു നാശമുണ്ടാകുന്പോൾ നൽകുന്ന വളരെ പരിമിതമായ നഷ്ടപരിഹാര തുക വർധിപ്പിക്കാൻ സർക്കാർ. ഇപ്പോൾ കർഷകർക്കു വിളനാശത്തിനു നൽകിവരുന്ന തുക ഏറെ പരിമിതമാണെന്നും ഇത് വർധിപ്പിക്കാൻ നടപടികൾ ആരംഭിച്ചതായും കൃഷിമന്ത്രി ടി. സിദ്ദിഖ് ദീപികയോടു പറഞ്ഞു.
വിളനാശം മൂലം കർഷകർക്കു പ്രതിസന്ധിയുണ്ടാവുന്പോൾ പരമാവധി സഹായം നൽകേണ്ടതു സർക്കാരാണ്. ഇക്കാര്യത്തിൽ അടിയന്തര നടപടികളാണ് സർക്കാരിന്റെ ഭാഗത്തു നിന്നുമുണ്ടാവുകയെന്നും മന്ത്രി വ്യക്തമാക്കി.
കൃഷിവകുപ്പിലെ ഉന്നതോദ്യോഗസ്ഥരുമായി ഇക്കാര്യത്തിൽ ആശയവിനിമയം നടത്തിയതായും ഉടൻതന്നെ ഇവർ സർക്കാരിന് റിപ്പോർട്ട് നല്കുമെന്നും അതിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.
വർഷങ്ങളോളം കൃഷി ചെയ്തുണ്ടാക്കുന്ന കാർഷികവിളകൾ പ്രകൃതി ക്ഷോഭംമൂലം നശിച്ചുപോകുന്പോൾ നിലവിൽ കർഷകർക്കു സർക്കാർ നൽകുന്ന നഷ്ടപരിഹാരത്തുക വളരെക്കുറവാണെന്നു തനിക്കു നൂറു ശതമാനം ബോധ്യമുണ്ടെന്നു പറഞ്ഞ മന്ത്രി യുഡിഎഫ് സർക്കാർ അധികാരമേറ്റ ഉടൻതന്നെ ഇക്കാര്യത്തിൽ ഉദ്യോഗസ്ഥരുമായി പലവട്ടം കൂടിക്കാഴ്ച നടത്തിയതായും വ്യക്തമാക്കി.
പതിറ്റാണ്ടുകളോളം കാലം വിളവെടുക്കാവുന്ന ഒരു ഗ്രാന്പൂ മരത്തിനു പ്രകൃതി ക്ഷോഭം മൂലം നാശമുണ്ടായൽ ലഭിക്കുന്ന നഷ്ടപരിഹാരം ആകെ 1000 രൂപമാത്രമാണ്. ഏഴു വർഷം വരെ പ്രായമായ തെങ്ങിനു പരമാവധി ലഭിക്കുന്ന നഷ്ടപരിഹാരം 400 രൂപ. ഒരു കാപ്പിച്ചെടിക്കു കൃഷിനാശമുണ്ടായാൽ ലഭിക്കുന്ന തുക 150 രൂപ മാത്രം.
ഒരു ഹെക്ടർ ഏലത്തിനു പരമാവധി നഷ്ടപരിഹാരം ആയി ലഭിക്കുന്നത് 60,000 രൂപ ഇത്തരത്തിൽ നഷ്ടപരിഹാരത്തുക വളരെ കുറവാണെന്ന യാഥാർഥ്യം സർക്കാർ ഉൾക്കൊള്ളുന്നതായും ഇതിന്റെ അടിസ്ഥാനത്തിലാണു കൃഷിവകുപ്പിൽനിന്നു റിപ്പോർട്ട് തേടിയിട്ടുള്ളതെന്നും കൃഷിമന്ത്രി വ്യക്തമാക്കി.
കുടിശിക 92 കോടി!
നിലവിൽ കർഷകർക്കു കൃഷിനാശം ഉൾപ്പെടെയുള്ളവയുടെ നഷ്ടപരിഹാരമായി 92 കോടി രൂപ നൽകാൻ കുടിശികയായുണ്ട്. ഇത് നൽകുന്നതിനുള്ള നടപടികൾ വേഗത്തിലാക്കും.
കർഷകർ സഹായത്തിനായി വർഷങ്ങളോളം കാത്തു നിൽക്കേണ്ട സാഹചര്യം ഒരിക്കലും ഉണ്ടാവാൻ പാടില്ലെന്ന നിലപാടാണു സർക്കാരിനുള്ളത്. വിദേശങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്ന കാർഷികോത്പന്നങ്ങൾ അന്താരാഷ്ട്രതലത്തിലുള്ള സർട്ടിഫിക്കറ്റിംഗിന് അനുയോജ്യമായ ഗുണനിലവാരത്തിൽ ഉത്പാദിപ്പിക്കാനുള്ള നടപടി കൈക്കൊള്ളുമെന്നും കൃഷിമന്ത്രി ടി.സിദ്ദിഖ് വ്യക്തമാക്കി.
National
ന്യൂഡൽഹി: റോഡപകടത്തിൽ പരിക്കേറ്റ് പൂർണമായും കിടപ്പിലായ തൃശൂർ സ്വദേശി റംഷാദ് എന്ന യുവാവിന് നഷ്ടപരിഹാരത്തുക ഉയർത്തി നൽകാൻ സുപ്രീംകോടതി ഉത്തരവ്.
കേസിൽ തൃശൂർ മോട്ടോർ അപകട ക്ലെയിംസ് ട്രൈബ്യൂണൽ ആദ്യം അനുവദിച്ച 64,71,050 രൂപ ഹൈക്കോടതി 93,23,450 രൂപയായി ഉയർത്തിയിരുന്നു. എന്നാൽ ഇതു പര്യാപ്തമല്ലെന്നു ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജിയിലാണ് നഷ്ടപരിഹാരത്തുക 1,46,80,160 രൂപയാക്കി ഉയർത്തി ജസ്റ്റീസുമാരായ സഞ്ജയ് കരോൾ, അഗസ്റ്റിൻ ജോർജ് മസിഹ്, അരുൺ പള്ളി എന്നിവരടങ്ങിയ സുപ്രീംകോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടത്.
അപകടസമയത്ത് കേരളത്തിലെ വിദഗ്ധ തൊഴിലാളികളുടെ കുറഞ്ഞ വേതനം അടിസ്ഥാനമാക്കി റംഷാദിന്റെ പ്രതിമാസ വരുമാനം 18900 രൂപയായി പുനർ നിർണയിച്ചുകൊണ്ടാണ് സുപ്രീംകോടതി നടപടി.
National
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി സിജെപി സ്ഥാപകൻ അഭിജിത്ത് ദീപ്കെ. ചോദ്യപേപ്പർ ചോർച്ചക്കിടെ ആത്മഹത്യ ചെയ്ത വിദ്യാർഥികളുടെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് ആവശ്യം.
വിദ്യാഭ്യാസ സമ്പ്രദായത്തിലെ പരാജയങ്ങൾക്ക് ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കണം. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്രപ്രധാനെ പുറത്താക്കണമെന്നും തുറന്ന കത്തിൽ അഭിജിത്ത് ആവശ്യപ്പെട്ടു.
പല മാതാപിതാക്കളും മക്കളുടെ വിദ്യാഭ്യാസത്തിനായി ലോണുകളെടുത്തിരുന്നതടക്കം കത്തില് അദ്ദേഹം പരാമര്ശിക്കുന്നുണ്ട്. വരാനിരിക്കുന്ന പുനഃപരീക്ഷയിലെ അനിശ്ചിതത്വത്തെ കുറിച്ചുള്ള ആശങ്ക കുട്ടികളില് തീവ്രമായിക്കൊണ്ടിരിക്കുകയാണെന്നും അഭിജിത്ത് കത്തില് സൂചിപ്പിക്കുന്നുണ്ട്.
Kerala
കൊച്ചി : വിവാഹത്തിനു ശേഷവും ഭാര്യ മറ്റൊരാളുമായി ബന്ധം തുടർന്നത് തന്റെ സ്വകാര്യ ജീവിതത്തെ തകർത്തുവെന്നാരോപിച്ച് സമർപ്പിച്ച ഹർജിയിൽ യുവാവിന് 15 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച് കുടുംബക്കോടതി. എറണാകുളം മരട് സ്വദേശിയായ യുവാവിന്റെ പരാതിയിലാണ് പത്തനംതിട്ട കുടുംബക്കോടതിയുടെ നിർണായക ഉത്തരവ്.
മുൻ ഭാര്യയുടെ ബന്ധുക്കളും സുഹൃത്തും ചേർന്ന് യുവാവിന് 15 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകണമെന്നാണ് കോടതി വിധിച്ചത്. ഹർജി നൽകിയ 2018 ജൂലൈ മുതൽ ആറ് ശതമാനം പലിശയും ഇതിനോടൊപ്പം നൽകണം. വിവാഹസമയത്ത് വരന്റെ കുടുംബം നൽകിയ 32 ഗ്രാം സ്വർണ്ണാഭരണങ്ങൾ അല്ലെങ്കിൽ അതിന്റെ നിലവിലെ വിപണിമൂല്യം ആറ് ശതമാനം പലിശ സഹിതം ഭാര്യ തിരികെ നൽകണം.
യുവതിയുടെ അമ്മ, സഹോദരന്മാർ, സുഹൃത്ത് എന്നിവർക്കും നഷ്ടപരിഹാരം നൽകാനുള്ള ബാധ്യതയുണ്ടെന്നും കോടതി വ്യക്തമാക്കി. ഇവരുടെ സജീവ പങ്കാളിത്തവും ഗൂഢാലോചനയും വിവാഹജീവിതം തകരാൻ കാരണമായെന്ന് കോടതി കണ്ടെത്തി. ഹർജിക്കാരന്റെയും യുവതിയുടെയും രണ്ടാം വിവാഹമായിരുന്നു ഇത്.
National
നാഗ്പൂർ: തനിക്ക് ജോലിയില്ലെന്ന കാരണത്താൽ പ്രായപൂർത്തിയാകാത്ത മക്കൾക്ക് ജീവനാംശം നൽകുന്നതിൽനിന്ന് ഒഴിഞ്ഞുമാറാൻ പിതാവിന് കഴിയില്ലെന്ന് ബോംബെ ഹൈക്കോടതി.
ജീവനാംശ തുക കുറയ്ക്കണമെന്നാവശ്യപ്പെട്ട് ഒരു വ്യക്തി നൽകിയ ഹർജി തള്ളിക്കൊണ്ടാണ് ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ച് വിധി പുറപ്പെടുവിച്ചത്. ജസ്റ്റിസ് എം.എം. നേർലിക്കറാണ് ഇതുസംബന്ധിച്ചുള്ള വിധി പുറപ്പെടുവിച്ചത്.
തന്റെ രണ്ട് മക്കൾക്കു പ്രതിമാസം 4000രൂപ വീതം നൽകണമെന്ന് കുടുംബകോടതി വിധി ചോദ്യം ചെയ്താണ് ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്.
ഓട്ടോറിക്ഷ ഓടിച്ച് ഉപജീവനം നടത്തിയിരുന്ന ഇയാൾ, വിവാഹമോചന സമയത്ത് ഭാര്യക്ക് നഷ്ടപരിഹാരം നൽകാനായി വാഹനം വിൽക്കേണ്ടി വന്നെന്നും നിലവിൽ വരുമാനം ഇല്ലാത്തതിനാൽ പ്രതിമാസം 3000 രൂപ മാത്രമേ നൽകാൻ സാധിക്കുവെന്നുമാണു വാദിച്ചത്.
ശാരീരികശേഷിയുള്ള വ്യക്തിക്ക് തൊഴിലില്ലായ്മ ചൂണ്ടിക്കാട്ടി ഉത്തരവാദിത്വത്തിൽനിന്നു പിന്മാറാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
District News
വില്ലടം: പേരാപ്പാടം ഭാഗത്തു മിന്നൽച്ചുഴലിക്കാറ്റിൽ നാശനഷ്ടങ്ങളുണ്ടായ സ്ഥലങ്ങൾ രാജൻ പല്ലൻ എംഎൽഎ സന്ദർശിച്ചു. നാശനഷ്ടങ്ങളുടെ കണക്കെടുക്കാൻ തഹസിൽദാരെ ചുമലപ്പെടുത്തിയതായും അർഹമായ നഷ്ടപരിഹാരം നൽകാൻ നടപടിയുണ്ടാകുമെന്നും അറിയിച്ചു.
വാഹനഗതാഗതത്തിനു തടസമില്ലാതാക്കാനും വൈദ്യുതി പുനഃസ്ഥാപിക്കാനുമുള്ള നടപടികൾക്കു നിർദേശം നല്കിയതായും അറിയിച്ചു.
ചാലക്കുടിയിൽ രണ്ടു ക്യാമ്പുകൾ തുറന്നു
മണ്ണിടിച്ചിലിനു സാധ്യതയുള്ളതിനാൽ ചാലക്കുടി താലൂക്കിലെ മലയോരമേഖലയിൽ രണ്ടു ക്യാമ്പുകൾ തുറന്നു. കാവനാട് ഗ്രാമമന്ദിരം, അവിട്ടപ്പിള്ളി എന്നിവിടങ്ങളിലെ ക്യാന്പുകളിലായി ഏഴു കുടുംബങ്ങളാണ് കഴിയുന്നത്. ഇവിടങ്ങളിൽ അടിസ്ഥാനസൗകര്യങ്ങൾ ഉറപ്പുവരുത്താൻ തഹസിൽദാർക്കും ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സെക്രട്ടറിമാർക്കും ജില്ലാ കളക്ടർ നിർദേശം നൽകി.
നാല് കണ്ട്രോള് റൂമുകള് തുറന്നു
ഇരിങ്ങാലക്കുട: മഴ അതിശക്തമായി തുടരുന്ന സാഹചര്യത്തില് ഏത് അടിയന്തരസാഹചര്യവും നേരിടുന്നതിനായി തൃശൂര് റൂറല് പോലീസ് ജില്ലയില് 24 മണിക്കൂറും പ്രവര്ത്തിക്കുന്ന നാല് കണ്ട്രോള് റൂമുകള് തുറന്നതായി ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാര് അറിയിച്ചു.
ചാലക്കുടി, കൊടുങ്ങല്ലൂര്, ഇരിങ്ങാലക്കുട സബ് ഡിവിഷന് ഓഫീസുകളിലും തൃശൂര് റൂറല് ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയത്തിലുമാണ് കണ്ട്രോള് റൂമുകള് പ്രവര്ത്തനം തുടങ്ങിയത്.
അടിയന്തര സാഹചര്യങ്ങളില് പൊതുജനങ്ങള്ക്ക് ബന്ധപ്പെടാം. കൊരട്ടി, ചാലക്കുടി, അതിരപ്പിള്ളി, കൊടകര, വെള്ളിക്കുളങ്ങര, പുതുക്കാട്, വരന്തരപ്പിള്ളി പോലീസ് സ്റ്റേഷന് പരിധികളില് താമസിക്കുന്നവര്ക്കു ചാലക്കുടി കണ്ട്രോള് റൂമില് ബന്ധപ്പെടാം. കൊടുങ്ങല്ലൂര്, മതിലകം, കയ്പമംഗലം, വലപ്പാട്, വാടാനപ്പിള്ളി, അഴീക്കോട് കോസ്റ്റല് പോലീസ് സ്റ്റേഷന് പരിധികളില് താമസിക്കുന്നവര്ക്ക് കൊടുങ്ങല്ലൂര് കണ്ട്രോള് റൂമില് ബന്ധപ്പെടാം.
ഇരിങ്ങാലക്കുട, കാട്ടൂര്, ചേര്പ്പ്, അന്തിക്കാട്, ആളൂര്, മാള പോലീസ് സ്റ്റേഷന് പരിധികളില് താമസിക്കുന്നവര്ക്ക് ഇരിങ്ങാലക്കുട കണ്ട്രോള് റൂമില് ബന്ധപ്പെടാം. ഇതുകൂടാതെ ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയത്തില് പ്രവര്ത്തിക്കുന്ന ജില്ലാ കണ്ട്രോള് റൂം നമ്പറിലും ബന്ധപ്പെടാവുന്നതാണ്. ജില്ലാ കണ്ട്രോള് റൂം: 0480 2991368, ചാലക്കുടി: 9497933756, കൊടുങ്ങല്ലൂര്: 04802800561, ഇരിങ്ങാലക്കുട: 0480 2828000.
ഒരു കോടിയുടെ നഷ്ടം: പഞ്ചായത്ത്പ്രസിഡന്റ്
നടത്തറ: ചുഴലിക്കാറ്റിൽ ഏകദേശം ഒരു കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി നടത്തറ പഞ്ചായത്ത് പ്രസിഡന്റ് ജോബി ജോസ് പറഞ്ഞു.
വിവിധ വകുപ്പുകൾ നാശനഷ്ടം സംബന്ധിച്ച കണക്കുകൾ ശേഖരിച്ചുവരികയാണ്. മേഖലയിലെ വൈദ്യുതിവിതരണം ഇന്നു വൈകുന്നേരത്തോടെ പുനഃസ്ഥാപിക്കാനാകുമെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
District News
എടക്കര: വഴിക്കടവ് ആനമറിയിൽ കാട്ടാനയുടെ ആക്രമണത്തിൽ വീടിന്റെ അടുക്കള തകർന്നവർക്ക് വനംവകുപ്പ് നഷ്ടപരിഹാരം ഉടൻ നൽകുമെന്ന് ആര്യാടൻ ഷൗക്കത്ത് എംഎൽഎ. കഴിഞ്ഞ ദിവസം കാട്ടാന ആക്രമണത്തിൽ പുഞ്ചക്കൊല്ലി കുമാരദാസൻ, മൊളയപറന്പിൽ സൈനബ എന്നിവരുടെ വീടുകളുടെ അടുക്കള ഷെഡുകൾ തകർന്നിരുന്നു. ഭക്ഷ്യവസ്തുക്കളടക്കം കാട്ടാന നശിപ്പിക്കുകയും ചെയ്തു. എംഎൽഎ സ്ഥലം സന്ദർശിച്ച ശേഷമാണ് ഇക്കാര്യം അറിയിച്ചത്.
നിലന്പൂർ നോർത്ത് ഡിഎഫ്ഒ ധനേഷ്കുമാറുമായി എംഎൽഎ ചർച്ച നടത്തുകയും ചെയ്തു. കാട്ടാന ശല്യം തടയാൻ വനം ദ്രുത കർമസേനയുടെ രാത്രികാല പട്രോളിംഗ് ഊർജിതമാക്കാനും നിർദേശം നൽകി. സോളാർ തൂക്കുവേലി നിർമാണത്തിന് കരാർ ഏറ്റെടുത്ത ഏജൻസിയുമായി ബന്ധപ്പെട്ട് നിർമാണം അടിയന്തരമായി ആരംഭിക്കാൻ ആര്യാടൻ ഷൗക്കത്ത് എംഎൽഎ നിർദേശം നൽകി.
നിലന്പൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബോബി സി. മാന്പ്ര, വഴിക്കടവ് പഞ്ചായത്ത് പ്രസിഡന്റ് റംലത്ത് നെയ്തക്കോടൻ, പഞ്ചായത്തംഗം ഗോപിനാഥൻ, സി.യു. ഏലിയാസ്, സുനീർ മണൽപ്പാടം, പി.വി. മാത്യു, റെജി കണ്ടത്തിൽ, മുജീബ് എരഞ്ഞിയിൽ, മാനു കോന്നാടൻ, ഗോപി ആനമറി, പി.കെ. റജീബ് എന്നിവർ സംബന്ധിച്ചു.
NRI
ലണ്ടൻ: യുകെയിൽ കെയർ വീസയിലെത്തി ജോലി ലഭിക്കാതെ കടുത്ത ദാരിദ്ര്യത്തിലായ മലയാളി യുവാവിന് നിയമപോരാട്ടത്തിൽ ചരിത്ര വിജയം. ഒരൊറ്റ ദിവസം പോലും ജോലി നൽകാതെ ഒരു വർഷത്തോളം വഞ്ചിച്ച യുകെയിലെ കെയർ കമ്പനി, യുവാവിന് 30 ലക്ഷത്തിലധികം രൂപ വേതനമായി നൽകാൻ ബ്രിട്ടനിലെ എംപ്ലോയ്മെന്റ് ട്രിബ്യൂണൽ ഉത്തരവിട്ടു.
കേരളത്തിൽ നിന്നുള്ള കമ്പ്യൂട്ടർ സയൻസ് ബിരുദധാരിയായ ഷബിൻ ഷാജി (33) എന്ന യുവാവാണ് യുകെയിലെ റിക്രൂട്ട്മെന്റ് തട്ടിപ്പിനെതിരേ പോരാടി ഈ ലാൻഡ്മാർക്ക് വിധി (Landmark case) സ്വന്തമാക്കിയത്. "സ്വാൻ കെയർ സൊല്യൂഷൻസ് ലിമിറ്റഡ്' എന്ന കമ്പനിക്കെതിരേയാണ് കോടതി വിധി പുറപ്പെടുവിച്ചത്.
യുകെയിൽ ആരോഗ്യമേഖലയിൽ വലിയ തൊഴിലവസരങ്ങൾ ഉണ്ടെന്ന പരസ്യങ്ങൾ കണ്ട്, ഒരു യൂട്യൂബ് ഇൻഫ്ലുവൻസർ വഴി പരിചയപ്പെട്ട ഏജന്റുമാർക്ക് 17 ലക്ഷം രൂപയോളം നൽകിയാണ് ഷബിൻ യുകെയിലെത്തിയത്.
വാട്സ്ആപ് വഴി നടത്തിയ അഭിമുഖത്തിന് ശേഷം സ്വാൻ കെയർ സൊല്യൂഷൻസ് കമ്പനി ഇദ്ദേഹത്തിന് സ്പോൺസർഷിപ്പ് സർട്ടിഫിക്കറ്റ് (CoS) നൽകി. എന്നാൽ 2023-ൽ യുകെയിലെ സ്റ്റാഫോർഡിൽ എത്തിയ ഷബിന്, ഡ്രൈവിംഗിനായി കാർ വാങ്ങുകയും ഓൺലൈൻ പരിശീലനം പൂർത്തിയാക്കുകയും ചെയ്തിട്ടും കമ്പനി ഷിഫ്റ്റുകൾ ഒന്നും നൽകിയില്ല.
ജോലി ചോദിച്ചപ്പോഴൊക്കെ "നിങ്ങളുടെ ഊഴം വരുമ്പോൾ അറിയിക്കാം' എന്ന് പറഞ്ഞ് കമ്പനി അധികൃതർ കൈമലർത്തുകയായിരുന്നു. സ്പോൺസേർഡ് വിസയിലായതിനാൽ ആഴ്ചയിൽ 20 മണിക്കൂറിൽ കൂടുതൽ മറ്റ് ജോലികൾ ചെയ്യാനും ഇദ്ദേഹത്തിന് നിയമപരമായി സാധിക്കുമായിരുന്നില്ല.
ജോലിയും കൂലിയുമില്ലാതെ യുകെയിൽ അകപ്പെട്ടുപോയ തന്റെ ദുരിതകാലത്തെക്കുറിച്ച് ഷബിൻ കോടതിയിൽ പറഞ്ഞത് കണ്ണീരണിയിക്കുന്നതായിരുന്നു. "പണമില്ലാതെ പൂർണമായും ഞാൻ തകർന്നുപോയി. വെള്ളം കുടിച്ചും കാലാവധി തീരാറായ വിലകുറഞ്ഞ ബ്രെഡ് വാങ്ങിയുമാണ് ജീവൻ നിലനിർത്തിയതെന്നും ഷബിൻ ഷാജി പറഞ്ഞു.
യുകെയിലെ തൊഴിലാളി സംരക്ഷണ ചാരിറ്റിയായ വർക്ക് റൈറ്റ്സ് സെന്ററിന്റെ സഹായത്തോടെയാണ് ഷബിൻ നിയമപോരാട്ടം നടത്തിയത്. ഒരു തൊഴിലാളി ജോലി ചെയ്യാൻ തയാറായി ഇവിടെയുള്ളപ്പോൾ അവർക്ക് വേതനം നൽകാതിരിക്കുന്നത് കടുത്ത നിയമലംഘനമാണെന്ന് എംപ്ലോയ്മെന്റ് ജഡ്ജ് കേറ്റ് എഡ്മണ്ട്സ് വ്യക്തമാക്കി. കമ്പനി ഷബിനെ ഒരു സീറോഅവർ തൊഴിലാളിയെപ്പോലെയാണ് പരിഗണിച്ചതെന്നും എന്നാൽ വീസ നിയമപ്രകാരം അത് തെറ്റാണെന്നും ജഡ്ജി ചൂണ്ടിക്കാട്ടി.
ശമ്പള കുടിശികയ്ക്ക് പുറമെ, കൃത്യമായ തൊഴിൽ കരാർ നൽകാത്തതിനും പരാതി പരിഹരിക്കാതിരുന്നതിനും കമ്പനിക്ക് കോടതി പിഴ ചുമത്തിയിട്ടുണ്ട്. കൂടാതെ ഈ കമ്പനിയുടെ വീസ സ്പോൺസർഷിപ്പ് ലൈസൻസ് ആഭ്യന്തര മന്ത്രാലയം റദ്ദാക്കുകയും ചെയ്തു.
യുകെയിൽ കെയർ വീസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ വാങ്ങി ആളുകളെ എത്തിക്കുകയും പിന്നീട് ജോലി നൽകാതെ വഞ്ചിക്കുകയും ചെയ്യുന്ന കെയർ കമ്പനികൾക്കുള്ള ശക്തമായ താക്കീതാണ് ഈ വിധിയെന്ന് ലണ്ടനിലെ പ്രവാസി സംഘടനകൾ വിലയിരുത്തി.
വീസ നിയമങ്ങളിൽ അടിയന്തിര പരിഷ്കാരം കൊണ്ടുവരണമെന്ന് വർക്ക് റൈറ്റ്സ് സെന്റർ ചീഫ് എക്സിക്യൂട്ടീവ് ഡോറ ഒലിവിയ ആവശ്യപ്പെട്ടു.
Kerala
കൊച്ചി: വാഹനാപകടത്തില് നഷ്ടമാകുന്ന അവയവങ്ങള്ക്കു പകരം കൃത്രിമ അവയവങ്ങള് ഇടയ്ക്കിടെ മാറ്റിവയ്ക്കേണ്ടി വരുന്നതിന്റെ ചെലവുകൂടി പരിഗണിച്ചു വേണം ബന്ധപ്പെട്ട കേസുകളില് നഷ്ടപരിഹാരം നിശ്ചയിക്കാനെന്നു ഹൈക്കോടതി.
ഗുണനിലവാരമുള്ള കൃത്രിമ അവയവങ്ങള്ക്കുള്ള ചെലവും ഇവയുടെ പരിപാലന ചെലവുമടക്കം പരിഗണിക്കണം. കാറിടിച്ചുണ്ടായ അപകടത്തില് ഗുരുതരമായി പരിക്കേറ്റതിനാല് വലതുകാല് മുട്ടിനു മുകളില് മുറിച്ചുനീക്കേണ്ടിവന്ന യുവാവിനുള്ള നഷ്ടപരിഹാരം 54.98 ലക്ഷം രൂപയായി ഉയര്ത്തിയ ഉത്തരവിലാണ് ജസ്റ്റീസ് എം.ബി. സ്നേഹലതയുടെ നിര്ദേശം.
International
ടെഹ്റാൻ: യുദ്ധം അവസാനിപ്പിക്കാൻ പുതിയ നിർദേശങ്ങൾ അമേരിക്കയ്ക്കു കൈമാറിയതായി ഇറേനിയൻ ഡെപ്യൂട്ടി വിദേശകാര്യമന്ത്രി കാസിം ഗരിബബാദി അറിയിച്ചു.
ഇറാനോടു ചേർന്ന പശ്ചിമേഷ്യൻ പ്രദേശങ്ങളിൽനിന്ന് അമേരിക്കൻ സേന പിന്മാറുക, യുഎസ്-ഇസ്രേലി ആക്രമണത്തിനു നഷ്ടപരിഹാരം നല്കുക, ലബനൻ അടക്കം എല്ലായിടത്തും ആക്രമണം അവസാനിപ്പിക്കുക, ഇറാനെതിരായ ഉപരോധങ്ങൾ പിൻവലിക്കുക, മരവിപ്പിച്ചിരിക്കുന്ന ആസ്തികൾ വിട്ടുനല്കുക, അമേരിക്കയുടെ നാവിക ഉപരോധം അവസാനിപ്പിക്കുക തുടങ്ങിയവയാണു നിർദേശങ്ങൾ. ഇവ അമേരിക്കയ്ക്കു കൈമാറിയതായി മധ്യസ്ഥശ്രമങ്ങൾ നടത്തുന്ന പാക്കിസ്ഥാൻ സ്ഥിരീകരിച്ചു.
ഇറാൻ മുന്പു വച്ച നിർദേശങ്ങളും ഇപ്പോഴത്തേതും തമ്മിൽ വ്യത്യാസങ്ങളില്ല. മുന്പത്തെ നിർദേശങ്ങളെ അമേരിക്കൻ പ്രസിഡന്റ് ട്രംപ് ‘ചവറ്’ എന്നു പറഞ്ഞ് തള്ളിക്കളയുകയാണുണ്ടായത്.
Kerala
കല്പ്പറ്റ: വാഹനാപകടത്തില് ഗുരുതര പരിക്കേറ്റ രണ്ട് യുവാക്കള്ക്ക് നഷ്ടപരിഹാരം നല്കാന് ജില്ലാ എംഎസിടി ജഡ്ജ് എ.വി. ഉണ്ണിക്കൃഷ്ണന് ഉത്തരവായി. പള്ളിക്കുന്ന് സ്വദേശി ജസീല് ജോസ്, ബത്തേരി സ്വദേശി അരുണ് എന്നിവര്ക്ക് യുണൈറ്റഡ് ഇന്ത്യ ഇന്ഷ്വറന്സ് കമ്പനി യഥാക്രമം 65,43,170 ഉം 81,32,900 ഉം രൂപ നഷ്ടപരിഹാരവും കോടതിച്ചെവും നല്കാണ് ഉത്തരവ്.
ബത്തേരി ബാറിലെ അഭിഭാഷകൻ ടി.ആര്. ബാലകൃഷ്ണന് മുഖേയനയാണ് യുവാക്കള് ട്രിബ്യൂണലില് ഹര്ജി സമര്പ്പിച്ചത്.
2023 ഡിസംബര് 18നാണ് യുവാക്കള് അപകടത്തില്പ്പെട്ടത്. ജസീല് ജോസ് രാത്രി തന്റെ വീട്ടിലെ പിറന്നാള് ആഘോഷം കഴിഞ്ഞ് അരുണിനെ ബത്തേരിയില് വിടാന് പോകുമ്പോള് കൃഷ്ണഗിരി ഇറക്കത്തിലെ വളവിലായിരുന്നു അപകടം.
യുവാക്കള് സഞ്ചരിച്ച ബൈക്കില് ലോറികളെ മറികടന്ന് അമിതവേഗതയിലെത്തിയ കാര് ഇടിക്കുകയായിരുന്നു. അപകടത്തില് അരുണിന്റെ വലതുകാല് മുട്ടിന് താഴെ അറ്റു. ജസീലിന്റെ വലതുകകൈയുടെ സ്വാധീനം ഭാഗികമായി നഷ്ടപ്പെട്ടു. അപകടത്തെത്തുടര്ന്ന് കാര് നിര്ത്താതെ പോയിരുന്നു.
Kerala
കണ്ണൂർ: മന്ത്രി വീണാ ജോർജിനെതിരേ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കരിങ്കൊടി കാട്ടിയതിന് വധശ്രമ കേസിൽ ജയിലിൽ കഴിയേണ്ടിവന്ന കെഎസ്യു പ്രവർത്തകർ മന്ത്രി വീണാ ജോർജ്, മന്ത്രിയുടെ ഗൺമാൻ, കേസെടുത്ത പോലീസുകാർ എന്നിവർക്കതിരേ നിയമനടപടിക്കൊരുങ്ങുന്നു.
കേസിൽ റിമാൻഡിലായി 15 ദിവസം ജയിലിലടയ്ക്കപ്പെട്ട ഒരോരുത്തർക്കും 25 ലക്ഷം രൂപ വീതം നഷ്ടപരിഹാരം ആവശ്യപ്പെട്ട് അഭിഭാഷകനും കോൺഗ്രസ് നേതാവുമായ ടി.ഒ. മോഹനൻ മുഖേനയാണു ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്യുക.
കെഎസ്യു പ്രവർത്തകർ തന്നെ ആക്രമിച്ചു വധിക്കാൻ ശ്രമിച്ചെന്നായിരുന്നു മന്ത്രി വീണാ ജോർജ് സംഭവ സമയത്ത് പറഞ്ഞിരുന്നത്. രണ്ടു മാസത്തിനു ശേഷം തന്റെ നേർക്ക് ആക്രമണം നടന്നിട്ടില്ലെന്നാണ് മന്ത്രി പോലീസിനു മൊഴി നൽകിയത്.
അക്രമത്തിൽ പരിക്കുപറ്റിയാൽ മെഡിക്കോ ലീഗൽ കേസ് ആയിട്ടാണു കേസെടുക്കേണ്ടതെന്നിരിക്കേ തനിക്ക് പരിക്ക് പറ്റിയിട്ടില്ല എന്ന് മന്ത്രി പറഞ്ഞതോടുകൂടി ആ കേസ് അപ്രസക്തമാകുകയാണെന്ന് അഡ്വ. ടി.ഒ. മോഹനൻ പറഞ്ഞു.
ഉച്ചകഴിഞ്ഞ് 3.15ന് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നടന്ന സംഭവത്തിൽ അപ്പോൾ തന്നെ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തെങ്കിലും രാത്രി 10.45 ഓടെ മാത്രമാണ് എഫ്ഐആർ ഇട്ടത്. അതുവരെ അവരെ കസ്റ്റഡിയിൽ പാർപ്പിച്ചത് നിയമവിരുദ്ധമാണെന്നും ടി.ഒ. മോഹനൻ പറഞ്ഞു. കെഎസ്യു പ്രവർത്തകരെ മനഃപൂർവം ജയിലിലടപ്പിക്കണമെന്ന ലക്ഷ്യത്തോടെയായിരുന്നു മന്ത്രിയും ഗൺമാനും പ്രവർത്തിച്ചത്.
ജയിലിൽ കഴിയേണ്ടി വന്നവർ അനുഭവിച്ച അപമാനത്തിനും മാനസിക പീഡനത്തിനും 25 ലക്ഷം വീതം സർക്കാർ നഷ്ടപരിഹാരം നൽകുക, ഈ തുക മന്ത്രിയിൽനിന്നും ഗൺമാനിൽ നിന്നും കേസെടുത്ത പോലീസ് ഉദ്യോഗസ്ഥരിൽനിന്നും ഈടാക്കണമെന്നും ആവശ്യപ്പെട്ടാണ് ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്യുകയെന്നും അഡ്വ. ടി.ഒ. മോഹനൻ പറഞ്ഞു.
Kerala
വയനാട്: വാഹനാപകടത്തില് ഇടതുകൈ മുട്ടിനു മുകളില് അറ്റുപോയ യുവാവിന് കെഎസ്ആര്ടിസി 1.5 കോടി രൂപ നഷ്ടപരിഹാരം നല്കാന് വയനാട് മോട്ടോര് ആക്സിഡന്റ് ക്ലയിംസ് ട്രിബ്യൂണല് ഉത്തരവായി.
അമ്പലവയല് മാളിക കുന്നത്തൊടി മുഹമ്മദ് അസ്ലമിന്റെ ഹര്ജിയിലാണ് എംഎസിടി ജഡ്ജ് എ.വി. ഉണ്ണിക്കൃഷ്ണന്റെ ഉത്തരവ്. 1,40,34,550 രൂപയും ഈ തുകയുടെ എട്ട് ശതമാനം പലിശയും കോടതി ചെലവുമാണ് ഹര്ജിക്കാരന് കോര്പറേഷന് നല്കേണ്ടത്.
ബത്തേരി ബാറിലെ അഡ്വ.ടി.ആര്. ബാലകൃഷ്ണന് മുഖേനയാണ് ഹര്ജി സമര്പ്പിച്ചത്. 2023 ജനുവരി 17ന് മാളികളില്നിന്ന് ബത്തേരിക്ക് കെഎസ്ആര്ടിസി ബസില് യാത്രചെയ്യവേ മംഗലംകാപ്പിലുണ്ടായ അപകടത്തിലാണ് മുഹമ്മദ് അസ്ലമിന്റെ ഇടതുകൈ അറ്റത്.
എതിരേ വന്ന വാഹനത്തിന് ഡ്രൈവര് അശ്രദ്ധമായി അരികുകൊടുത്തപ്പോള് ബസ് മുഹമ്മദ് അസ്ലമിന്റെ ഇടത് കൈ ചേര്ത്ത് ഇലക്ട്രിക് പോസ്റ്റില് ഉരയുകയായിരുന്നു. ഉടന് ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും തുടര്ന്ന് കോഴിക്കോട് മെഡിക്കല് കോളജ് ആശുപത്രിയിലും ചികിത്സ ലഭ്യമാക്കിയെങ്കിലും കൈ തുന്നിച്ചേര്ക്കാന് കഴിഞ്ഞില്ല.
അപകടസമയം ബത്തേരി കേരള അക്കാദമി ഓഫ് എന്ജിനിയറിംഗില് ഫാര്മസി കോഴ്സ് വിദ്യാര്ഥിയായിരുന്നു മുഹമ്മദ് അസ്ലം. ബസിന് ഇന്ഷ്വറന്സ് ഉണ്ടായിരുന്നില്ല.
Kerala
കൊച്ചി: ലൈംഗികാതിക്രമത്തിന് ഉള്പ്പെടെ ഇരയായ സ്ത്രീകള്ക്കും കുട്ടികള്ക്കുമടക്കം സംസ്ഥാനം അംഗീകരിച്ച നഷ്ടപരിഹാരവും മധ്യസ്ഥഫീസും വേഗത്തില് വിതരണം ചെയ്യാൻ സംസ്ഥാന ലീഗല് സര്വീസസ് അഥോറിറ്റി (കെല്സ) മെംബര് സെക്രട്ടറിയോട് ഹൈക്കോടതി നിര്ദേശിച്ചു.
അടുത്ത സാമ്പത്തികവര്ഷത്തില് ആവശ്യമായ തുകകള് പരാമര്ശിച്ച് ഇതുസംബന്ധിച്ച് റിപ്പോര്ട്ട് സമര്പ്പിക്കാന് ചീഫ് ജസ്റ്റീസ് സൗമെന് സെന്, ജസ്റ്റീസ് വി.എം. ശ്യാംകുമാര് എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ച് ഉത്തരവിട്ടു.
മധ്യസ്ഥ കേന്ദ്രങ്ങളുടെ അടിസ്ഥാനസൗകര്യ ആവശ്യകതകള് അടക്കമുള്ള വിഷയത്തില് സ്വമേധയാ സ്വീകരിച്ച ഹര്ജി ഉള്പ്പെടെ പരിഗണിച്ചാണു നടപടി. ബന്ധപ്പെട്ട വിഷയത്തില് മധ്യസ്ഥഫീസ് വര്ധിപ്പിക്കണമെന്നായിരുന്നു ഒരു ആവശ്യം.
Kerala
കൊച്ചി: കുട്ടനാട്ടിലെ പ്രളയദുരിതത്തിനിരയായവരുടെ നഷ്ടപരിഹാരത്തിന് അര്ഹരായവര് ഇനിയുമുണ്ടെങ്കില് കണ്ടെത്തണമെന്നു ഹൈക്കോടതി. ദുരന്ത നിവാരണ അഥോറിറ്റിയുടെ ചുമതലയുള്ള റവന്യൂ അഡീ. സെക്രട്ടറി പരിശോധന നടത്തണം.
ജില്ലാ കളക്ടര് മുഖേന തുക വിതരണത്തിന് തുടര്നടപടികള് സ്വീകരിക്കണമെന്നും ചീഫ് ജസ്റ്റീസ് സൗമെന് സെന്, ജസ്റ്റീസ് വി.എം. ശ്യാംകുമാര് എന്നിവരുള്പ്പെട്ട ഡിവിഷന് ബെഞ്ച് ഉത്തരവിട്ടു. അര്ഹരെ നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡങ്ങള് കര്ശനമായി പാലിച്ചുവേണം നടപടികളെന്നും നിര്ദേശിച്ചു.
നഷ്ടപരിഹാരത്തിനായി അര്ഹരെ കണ്ടെത്തുന്നതില് സുതാര്യത ഉറപ്പു വരുത്തണമെന്നാവശ്യപ്പെട്ട് പൊതുപ്രവര്ത്തകന് ജെയ്സപ്പന് മത്തായി നല്കിയ ഹര്ജി തീര്പ്പാക്കിയാണ് ഉത്തരവ്.
ഹൈക്കോടതി നേരത്തേ പുറപ്പെടുവിച്ച ഉത്തരവിനെത്തുടര്ന്ന് സര്ക്കാര് 3,800 രൂപ വീതം സഹായധനം അനുവദിച്ചിരുന്നു. 3,232 കുടുംബങ്ങളെയാണ് അര്ഹരായി കണ്ടെത്തിയത്. പിന്നീട് ദുരന്തത്തിന്റെ തീവ്രത പരിഗണിച്ച് 10,000 രൂപവരെയായി നഷ്ടപരിഹാരം വര്ധിപ്പിച്ചു.
Kerala
ഇരിട്ടി: ആനത്താര പദ്ധതിക്കായി ഭൂമി ഏറ്റെടുത്ത വകയിൽ നഷ്ടപരിഹാരം ലഭിക്കാത്ത സ്ഥല ഉടമയ്ക്ക് കണ്ണൂർ ജില്ലാ കളക്ടറുടെ ഔദ്യോഗിക വാഹനം ഉൾപ്പെടെ ഏഴു സർക്കാർ വാഹനങ്ങൾ ജപ്തി ചെയ്ത് നഷ്ടപരിഹാരം നല്കാൻ തലശേരി ലാൻഡ് അക്വിസിഷൻ കോടതിയുടെ ഉത്തരവ്.
കൊട്ടിയൂർ നെല്ലിയോടി സ്വദേശി കെ.വി. സെബാസ്റ്റ്യൻ നല്കിയ എക്സിക്യൂഷൻ പരാതിലാണ് കോടതിയുടെ ഉത്തരവ്.
കൊട്ടിയൂർ നെല്ലിയോടിയിൽ അറുപതോളം കുടുംബങ്ങളുടെ 32 ഹെക്ടർ ഭൂമിയാണ് ആനത്താര പദ്ധതിക്കായി 2012ൽ നാമമാത്ര നഷ്ടപരിഹാരം നല്കി ഏറ്റെടുക്കുന്നത്. ഇതിനെതിരേ ഭൂവുടമകൾ തലശേരി എൽഎആർ കോടതിയിൽ കേസ് ഫയൽ ചെയ്തു. 2018ൽ നഷ്ടപരിഹാരത്തുക വർധിപ്പിച്ച് കോടതി ഉത്തരവായി.
തലശേരി സബ് കോടതി വിധിക്കെതിരേ സർക്കാർ അപ്പീൽ നല്കി. ഭൂവുടമകളും കേസിൽ കക്ഷി ചേർന്നു. സർക്കാരിന്റെ അപ്പീൽ പരിഗണിച്ച ഹൈക്കോടതി സബ് കോടതി വർധിപ്പിച്ച തുകയേക്കാൾ കൂടുതൽ തുക നഷ്ടപരിഹാരമായി നിശ്ചയിച്ചുകൊണ്ട് സർക്കാർ അപ്പീൽ തള്ളി. രണ്ടു മാസത്തിനുള്ളിൽ സ്ഥലം ഉടമകൾക്ക് പണം അനുവദിക്കണമെന്നായിരുന്നു ഉത്തരവ്.
ഒന്നര വർഷമായിട്ടും നഷ്ടപരിഹാരത്തുക അനുവദിക്കാഞ്ഞതിനെത്തുടർന്നാണ് സ്ഥലം ഉടമയായ കെ.വി. സെബാസ്റ്റ്യൻ, അഡ്വ. ജോസ് കുമ്പുക്കൽ മുഖേന തലശേരി ലാൻഡ് അക്വിസിഷൻ കോടതിയിൽ എക്സിക്യൂഷൻ ഹർജി നൽകിയത്.
ഈ ഹർജി അനുവദിച്ചുകൊണ്ടാണ് ജില്ലാ കളക്ടറുടെ ഔദ്യോഗിക വാഹനം ഉൾപ്പെടെ ജപ്തിചെയ്ത് ലേലം ചെയ്തു വിറ്റ് ഹർജിക്കാരന് നഷ്ടപരിഹാരം അനുവദിക്കണമെന്ന് ഉത്തരവായിരിക്കുന്നത്.
Kerala
കൊച്ചി: കുവൈറ്റില്നിന്ന് നാടു കടത്തി കൊച്ചിയിലെത്തിയ ശേഷം കാണാതായ ബംഗളൂരു സ്വദേശി സൂരജ് ലാമ മരിക്കാനിടയായ സംഭവത്തില് നഷ്ടപരിഹാരം ആവശ്യപ്പെട്ട് മകന്റെ ഹര്ജി. നേരത്തെ നല്കിയ ഹേബിയസ് കോര്പസ് ഹര്ജിയില് ഭേദഗതി വരുത്തിയാണ് മകന് സാന്റന് ലാമ നഷ്ടപരിഹാരം ഉള്പ്പെടുത്തി ഹര്ജി നല്കിയിരിക്കുന്നത്.
സര്ക്കാര് ഉദ്യോഗസ്ഥര്ക്കുണ്ടായ വീഴ്ച മൂലം ഒരു വ്യക്തിയുടെ ജീവന് നഷ്ടപ്പെടാനിടയായതിനാല് നഷ്ടപരിഹാരം നല്കാന് ഭരണഘടനാപരമായ ഉത്തരവാദിത്തം സര്ക്കാറിനുണ്ടെന്നാണ് സുപ്രീം കോടതി ഉത്തരവുകളടക്കം നിരത്തി ഹര്ജിയിലെ വാദം. ഭേദഗതി അനുവദിച്ച ജസ്റ്റീസ് എ.കെ. ജയശങ്കരന് നമ്പ്യാര്, ജസ്റ്റീസ് ജോബിന് സെബാസ്റ്റ്യന് എന്നിവരടങ്ങുന്ന ഡിവിഷന്ബെഞ്ച് ഹര്ജി പിന്നീട് പരിഗണിക്കാന് മാറ്റി.
കുവൈറ്റില് നിന്ന് നാടുകടത്തിയതിനെ തുടര്ന്ന് ഒക്ടോബര് അഞ്ചിന് പുലര്ച്ചെ 2.15ന് കൊച്ചിയില് വിമാനമിറങ്ങിയ സൂരജ് ലാമയെ സംരക്ഷിക്കുന്ന കാര്യത്തില് വിമാനത്താവളം മുതല് മെഡിക്കല് കോളജ് വരെ വീഴ്ച ഉണ്ടായെന്ന് വിശദീകരിച്ച് എറണാകുളം റേഞ്ച് ഡിഐജി നേരത്തെ റിപ്പോര്ട്ട് നല്കിയിരുന്നു.
Kerala
കൊച്ചി: കുറ്റകൃത്യങ്ങള്ക്ക് ഇരയാകുന്ന സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്ക്ക് കോടതികള് വിധിച്ച നഷ്ടപരിഹാരത്തുക വിതരണം ചെയ്യുന്നില്ലെങ്കില് ട്രഷറി അക്കൗണ്ടില് നിന്ന് ഈടാക്കാന് ഉത്തരവിടുമെന്ന് ഹൈക്കോടതി.
തുക വിതരണം ചെയ്യാത്തതിന്റെ വിശദീകരണം നല്കാന് വീണ്ടും ഹര്ജി പരിഗണിക്കുന്ന 23ന് നേരിട്ട് ഹാജരാകാന് ധനകാര്യ സെക്രട്ടറിക്ക് ചീഫ് ജസ്റ്റീസ് സൗമെന് സെന്, ജസ്റ്റീസ് വി.എം. ശ്യാംകുമാര് എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് നിര്ദേശം നല്കി.
തുക വിതരണം ചെയ്യാത്തതിന്റെ കാരണം വ്യക്തമാക്കി സത്യവാങ്മൂലം നല്കണമെന്നും കോടതി നിര്ദേശിച്ചു.
വിക്ടിം കോംപന്സേഷന് സ്കീം പ്രകാരം 2022 മുതല് 47 കോടി രൂപയും മീഡിയേറ്റര്മാരുടെ ഫീസ് ഇനത്തില് 10 കോടി രൂപയുമാണ് നല്കാനുള്ളത്. തുടര്ന്ന് കോടതി സ്വമേധയാ സ്വീകരിച്ച ഹര്ജിയാണ് പരിഗണനയിലുള്ളത്.
Kerala
കൊച്ചി: കുവൈറ്റില്നിന്നു നാടുകടത്തി കൊച്ചിയിലെത്തിയശേഷം കാണാതായ ബംഗളൂരു സ്വദേശി സൂരജ് ലാമ മരിക്കാനിടയായ സംഭവത്തില് നഷ്ടപരിഹാരം ആവശ്യപ്പെട്ടു മകന്റെ ഹര്ജി.
നേരത്തേ നല്കിയ ഹേബിയസ് കോര്പസ് ഹര്ജിയില് ഭേദഗതി വരുത്തിയാണ് മകന് സാന്റന് ലാമ നഷ്ടപരിഹാരം ഉള്പ്പെടുത്തി ഹര്ജി നല്കിയിരിക്കുന്നത്.
സര്ക്കാര് ഉദ്യോഗസ്ഥര്ക്കുണ്ടായ വീഴ്ചമൂലം ഒരു വ്യക്തിയുടെ ജീവന് നഷ്ടപ്പെടാനിയായതിനാല് നഷ്ടപരിഹാരം നല്കാന് ഭരണഘടനാപരമായ ഉത്തരവാദിത്വം സര്ക്കാരിനുണ്ടെന്നാണ് സുപ്രീംകോടതി ഉത്തരവുകളടക്കം നിരത്തി ഹര്ജിയിലെ വാദം.
ഭേദഗതി അനുവദിച്ച ജസ്റ്റീസുമാരായ എ.കെ. ജയശങ്കരന് നമ്പ്യാര്, ജോബിന് സെബാസ്റ്റ്യന് എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് ഹര്ജി പിന്നീട് പരിഗണിക്കാനായി മാറ്റി.
കുവൈറ്റില്നിന്നു നാടുകടത്തിയതിനെത്തുടര്ന്ന് ഒക്ടോബര് അഞ്ചിനു പുലര്ച്ചെ 2.15ന് കൊച്ചിയില് വിമാനമിറങ്ങിയ സൂരജ് ലാമയെ സംരക്ഷിക്കുന്ന കാര്യത്തില് വിമാനത്താവളം മുതല് മെഡിക്കല് കോളജ് വരെ വീഴ്ച ഉണ്ടായെന്നു വിശദീകരിച്ച് എറണാകുളം റേഞ്ച് ഡിഐജി നേരത്തേ റിപ്പോര്ട്ട് നല്കിയിരുന്നു.
Business
കൊല്ലം: അനുദിനം വർധിച്ചുവരുന്ന ഡിജിറ്റൽ സാമ്പത്തിക തട്ടിപ്പുകളിൽനിന്നു സാധാരണക്കാരായ ബാങ്ക് ഉപയോക്താക്കളെ സംരക്ഷിക്കാൻ വിപ്ലവാത്മകമായ നീക്കവുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ചെറിയ മൂല്യമുള്ള വഞ്ചനാപരമായ ഇലക്ട്രോണിക് ബാങ്കിംഗ് ഇടപാടുകൾക്കു നഷ്ടപരിഹാരം ഉറപ്പാക്കുന്ന പുതിയ കരട് ചട്ടങ്ങൾ ആർബിഐ പുറത്തിറക്കി.
ഇതനുസരിച്ച് 50,000 രൂപ വരെയുള്ള ഡിജിറ്റൽ തട്ടിപ്പ് ക്ലെയിമുകൾക്കു ഭാഗികമായോ പൂർണമായോ ഉള്ള നഷ്ടപരിഹാരം ലഭിക്കും. ഉപയോക്താക്കൾ നേരിടുന്ന അറ്റ നഷ്ടത്തിന്റെ 85 ശതമാനം അല്ലെങ്കിൽ പരമാവധി 25,000 രൂപ (ഏതാണോ കുറവ് അത്) തിരികെ നൽകാനാണ് റിസർവ് ബാങ്കിന്റെ നിർദേശം.
ഡിജിറ്റൽ ഇടപാടുകളിൽ തട്ടിപ്പ് നടന്നാൽ പലപ്പോഴും ഉപയോക്താവ് അശ്രദ്ധ കാണിച്ചുവെന്ന പേരിൽ ബാങ്കുകൾ കൈമലർത്തുന്ന രീതിക്ക് ഇതോടെ മാറ്റം വരും. ഒരു ഇടപാടിൽ ഉപയോക്താവിന് ബാധ്യതയുണ്ടെന്നു തെളിയിക്കേണ്ട ഉത്തരവാദിത്തം ഇനി മുതൽ ബാങ്കുകൾക്കായിരിക്കും. 2026 ജൂലൈ ഒന്നു മുതലോ അതിനു ശേഷമോ നടത്തുന്ന ഇടപാടുകൾക്കായിരിക്കും ഈ പുതിയ നിയമം ബാധകമാകുക.
രാജ്യത്തു നടക്കുന്ന മൊത്തം സൈബർ തട്ടിപ്പുകളിൽ 65 ശതമാനത്തോളവും 50,000 രൂപയിൽ താഴെയുള്ള തുകകളാണെന്ന കണ്ടെത്തലിനെത്തുടർന്നാണ് ആർബിഐ ഇത്തരമൊരു പരിധി നിശ്ചയിച്ചിരിക്കുന്നത്. ബാങ്കിന്റെ അശ്രദ്ധ മൂലമോ അല്ലെങ്കിൽ ഏതെങ്കിലും മൂന്നാം കക്ഷിയുടെ സുരക്ഷാ വീഴ്ച മൂലമോ തട്ടിപ്പ് നടന്നാൽ ഉപയോക്താവിനു യാതൊരു ബാധ്യതയും ഉണ്ടാകില്ലെന്ന് മാത്രമല്ല, ആ ഇടപാട് പൂർണമായും റദ്ദാക്കാനും അവർക്ക് അവകാശമുണ്ട്.
നഷ്ടപരിഹാരം കിട്ടാൻ
നഷ്ടപരിഹാരം ലഭിക്കാനായി ഉപയോക്താക്കൾ പാലിക്കേണ്ട കൃത്യമായ നിബന്ധനകളും ആർബിഐ മുന്നോട്ടുവച്ചിട്ടുണ്ട്. തട്ടിപ്പ് നടന്ന വിവരം ശ്രദ്ധയിൽപ്പെട്ട് അഞ്ചു ദിവസത്തിനുള്ളിൽ ബന്ധപ്പെട്ട ബാങ്കിലും നാഷണൽ സൈബർ ക്രൈം ഹെൽപ്പ് ലൈനിലും (1930) റിപ്പോർട്ട് ചെയ്തിരിക്കണം.
ബാങ്കിന്റെ ആന്തരിക പരിശോധനയിൽ നഷ്ടം യഥാർഥമാണെന്നു ബോധ്യപ്പെട്ടാൽ മാത്രമേ ക്ലെയിം അനുവദിക്കൂ.
പരാതി ലഭിച്ചാൽ 30 ദിവസത്തിനുള്ളിൽ ബാങ്കുകൾ അതു പരിശോധിച്ചു നടപടി സ്വീകരിക്കണം. ഒരാൾക്കു തന്റെ ജീവിതകാലത്ത് ഒരേയൊരു തവണ മാത്രമേ ഈ ആനുകൂല്യം ലഭിക്കൂ എന്ന നിബന്ധനയും കരട് ചട്ടത്തിലുണ്ട്. 2026 ഏപ്രിൽ ആറു വരെ പൊതുജനങ്ങളിൽനിന്നും വിവിധ പങ്കാളികളിൽനിന്നും നിർദേശങ്ങൾ സ്വീകരിച്ച ശേഷമായിരിക്കും ഇത് അന്തിമമാക്കുക.
അശ്രദ്ധ കാണിച്ചാൽ
നഷ്ടപരിഹാര തുക എങ്ങനെ പങ്കിടണം എന്നതിനെക്കുറിച്ചും ആർബിഐ കൃത്യമായ ചട്ടക്കൂട് തയാറാക്കിയിട്ടുണ്ട്. 29,412 രൂപയിൽ താഴെയുള്ള നഷ്ടങ്ങൾക്ക് 65 ശതമാനം ആർബിഐ നേരിട്ട് വഹിക്കും. ബാക്കി തുക ഉപഭോക്താവിന്റെ ബാങ്കും തുക എത്തിയ ഗുണഭോക്തൃ ബാങ്കും പത്തു ശതമാനം വീതം വഹിക്കണം. വലിയ തുകകളുടെ കാര്യത്തിലും ആർബിഐയുടെയും ബാങ്കുകളുടെയും വിഹിതം കൃത്യമായി നിർവചിച്ചിട്ടുണ്ട്.
അതേസമയം, പാസ്വേഡ്, ഒടിപി, കാർഡ് വിവരങ്ങൾ തുടങ്ങിയവ തട്ടിപ്പുകാർക്കു കൈമാറുന്നതും ബാങ്കുകളിൽ നിന്നുള്ള ഔദ്യോഗിക മുന്നറിയിപ്പുകൾ അവഗണിച്ച് സംശയാസ്പദമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതും ഉപയോക്തൃ അശ്രദ്ധയായി കണക്കാക്കും. എന്നാൽ, കൃത്യമായ ഇടപാട് അലേർട്ടുകൾ അയയ്ക്കാതിരിക്കുന്നതും സുരക്ഷാ ക്രമീകരണങ്ങളിലെ വീഴ്ചയും ബാങ്കുകളുടെ ഭാഗത്തെ പിഴവായി കണക്കാക്കി ഉപയോക്താവിനെ സംരക്ഷിക്കുകയും ചെയ്യും.
District News
നെടുംകുന്നം: നെടുംകുന്നം ഫാർമേഴ്സ് ക്ലബ് സൊസൈറ്റിയുടെ നേതൃത്വത്തിൽ അഞ്ച് ഏക്കറോളം സ്ഥലത്ത് കൃഷി ചെയ്ത 3000 ത്തോളം ഏത്തവാഴ വരൾച്ച മൂലം നശിച്ചു.
മഴയുടെ അഭാവവും കാലാവസ്ഥ വ്യതിയാനവും കനത്ത ചൂടുമാണ് കൃഷി നശിക്കാൻ കാരണം. ആയിരക്കണക്കിന് ഏത്തവാഴ കുലകൾ ഒടിഞ്ഞുവീണ് നശിച്ചു.
വരൾച്ചമൂലം നശിച്ച വാഴത്തോട്ടം ജില്ലാ പഞ്ചായത്തംഗം എൻ. അജിത് മുതിരമല, കൃഷി വകുപ്പ് ജില്ലാ ഓഫീസർ ഡോ. ലെൻസി തോമസ്, കോട്ടയം കൃഷി ഡെപ്യൂട്ടി ഡയറക്ടർ പി.ജി. സീന, വാഴൂർ കൃഷി അസി.ഡയറക്ടർ സിമി ഇബ്രാഹിം, നെടുംകുന്നം കൃഷി ഓഫീസർ അനിൽ സെബാസ്റ്റ്യൻ എന്നിവർ സന്ദർശിച്ചു. നെടുംകുന്നം പഞ്ചായത്ത് വരൾച്ചാബാധിത പ്രദേശമായി പ്രഖ്യാപിക്കണമെന്ന് നെടുംകുന്നം ഫാർമേഴ്സ് സൊസൈറ്റി ആവശ്യപ്പെട്ടു.
സൊസൈറ്റി പ്രസിഡന്റ് വി.വി. സാബു അധ്യക്ഷത വഹിച്ചു. പി.സി. മാത്യു, വി. എ. ചാക്കോ, സി.ബി. സദാശിവൻ , കെ.ഡി. സാബു, ജോസഫ് ജോൺ തുടങ്ങിയവർ പ്രസംഗിച്ചു.
Kerala
തിരുവനന്തപുരം: വൈദ്യുതി കണക്ഷനുമായി ബന്ധപ്പെട്ട സേവനങ്ങൾ ഉപയോക്താവിന് ലഭ്യമാക്കേണ്ട സമയപരിധിയിൽ കുറവു വരുത്തുന്നതിനും സേവനം ലഭ്യമാക്കിയില്ലെങ്കിൽ ഉപയോക്താവിനു നൽകേണ്ട നഷ്ടപരിഹാരത്തുക വർധിപ്പിക്കുന്ന നിർദേശത്തിനുമെതിരേ കെഎസ്ഇബി.
ഉപയോക്താവ് അപേക്ഷിക്കാതെ തന്നെ നഷ്ടപരിഹാരം നേരിട്ടോ വൈദ്യുതി ബില്ലിൽ ഇളവു ചെയ്തോ നൽകണമെന്ന നിർദേശവും കരട് ചട്ടത്തിലുണ്ട്. ഇതിൽ സമയപരിധി കുറച്ചതും നഷ്ടപരിഹാരത്തുക വർധിപ്പിച്ചതുമായ നിർദേശങ്ങൾ പിൻവലിക്കണമെന്നായിരുന്നു കെഎസ്ഇബിയുടെ ആവശ്യം.
Kerala
തിരുവനന്തപുരം: ഇടുക്കി ജില്ലയിലെ ഏലം കൃഷിക്കുണ്ടായ നാശത്തിന് നഷ്ടപരിഹാരം അനുവദിക്കാൻ മന്ത്രിസഭാ തീരുമാനം.
ഏലം കൃഷിനാശത്തിന് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയായി അഞ്ച് കോടി രൂപ ഇടുക്കി പാക്കേജിന്റെ മാർഗരേഖയിൽ ഇളവു നൽകി അനുവദിച്ചു.
ഫണ്ട് അടിയന്തരമായി കൃഷിവകുപ്പിന് നൽകണമെന്ന വ്യവസ്ഥയിലാണ് അനുമതി നൽകിയത്.
Kerala
കോഴിക്കോട്: വലിയങ്ങാടിയിൽ കെട്ടിടം തകർന്ന് മരിച്ച നാലുപേരുടെ കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപ വീതവും പരിക്കേറ്റയാൾക്ക് 50,000 രൂപയും ധനസഹായം നൽകുമെന്ന് കോഴിക്കോട് കോർപ്പറേഷൻ മേയർ ഒ. സദാശിവൻ.
കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ കോൺക്രീറ്റ് സ്ലാബ് തകർന്നുവീണുണ്ടായ അപകടത്തിൽ അത്തോളി സ്വദേശികളായ കൊളക്കാട് കൊടുവമ്പത്ത് താഴെകുനി അഷ്റഫ് (56), കൊങ്ങന്നൂർ കുനിയിൽ കടവ് മല്ലിശ്ശേരി താഴെ നുജൂം വീട്ടിൽ ബഷീർ (65), കിണാശേരി കുളംകുഴിനിലം ബൈത്തുൽ ഹുദയിൽ ജബ്ബാർ (60), തിരുവങ്ങൂർ സ്വദേശി വിനോദ് (55) എന്നിവരാണ് മരിച്ചത്.
അതേസമയം, പൊളിച്ചുപണിയാൻ തീരുമാനിച്ച കെട്ടിടമാണ് തകർന്നതെന്നും എന്നാൽ ലൈസൻസുള്ളവരെ ഇറക്കിവിട്ടിരുന്നില്ലെന്നും മേയർ പറഞ്ഞു.
അപകടമുണ്ടായ കെട്ടിടം അൺഫിറ്റ് പട്ടികയിൽ ഇല്ല. റിപ്പോർട്ട് കിട്ടിയ ഉടൻ ആളുകളെ ഇറക്കിവിടാൻ കഴിയില്ല. കോർപറേഷനിൽ 16 കെട്ടിടങ്ങൾ അപകടാവസ്ഥയിലാണെന്ന് 2022ൽ കണ്ടെത്തിയിരുന്നവെന്നും മേയർ പറഞ്ഞു.
തിങ്കളാഴ്ച രാവിലെയാണ് അപകടമുണ്ടായത്. താഴെനിലയിലെ ഗോഡൗണിൽ നിന്ന് സാധനങ്ങൾ മാറ്റാനെത്തിയ തൊഴിലാളികളും ഏജന്റുമാണ് മരിച്ചത്. താഴെ വിശ്രമിക്കുകയായിരുന്ന തൊഴിലാളികൾ, തകർന്നുവീണ സൺഷേഡ് സ്ലാബുകൾക്ക് അടിയിൽപെടുകയായിരുന്നു.
നാല് ഇരുചക്രവാഹനങ്ങളും തകർന്നു. പരിക്കേറ്റവരെ ഉടൻ സമീപത്തെ ബീച്ച് ഗവ. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Kerala
തൃശൂർ: വയനാട്ടിലെ മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിൽ കടകളും സംരംഭങ്ങളും നഷ്ടപ്പെട്ടവർക്കും സർക്കാർ ധനസഹായം നൽകുമെന്നു മന്ത്രി കെ. രാജൻ.
2025 ജൂലൈ 30നു ചേർന്ന യോഗത്തിൽ നഷ്ടപരിഹാരം സംബന്ധിച്ചു പഠിക്കാനായി വയനാട് ജില്ലാ കളക്ടറെയും ജില്ലാ വ്യവസായവകുപ്പിന്റെ മേധാവിയെയും തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടറെയും ചുമതലപ്പെടുത്തിയിരുന്നു. ഒരു സബ് കമ്മിറ്റി നിശ്ചയിച്ച് റിപ്പോർട്ട് സർക്കാരിലേക്കു നൽകി. ഈ റിപ്പേർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ ചേർന്ന മന്ത്രിസഭായോഗത്തിൽ പരമാവധി സഹായം നൽകാൻ തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു.
ദുരന്തത്തിൽ 52 കടയുടമകളുടെ 126 കടമുറികളാണുനഷ്ടമായത്. 126 കടമുറികളിൽ 52 കടയുടമകളുടെ ഓരോ കടമുറിക്ക് ഏഴു ലക്ഷം രൂപയും അതിൽ കൂടുതൽ വരുന്ന ഓരോ കടമുറികും 2.5 ലക്ഷം രൂപ വീതവും നൽകുമെന്നും മന്ത്രി അറിയിച്ചു.
72 പേരുടെ 83 സംരംഭങ്ങൾ അവിടെ ആരംഭിച്ചിരുന്നതായും അതിൽ ഇൻഡസ്ട്രിയൽ രംഗത്തുള്ള സംരംഭങ്ങൾക്കു നഷ്ടത്തിന്റെ 50 ശതമാനം തുകയോ ഏറ്റവും കൂടിയത് 20 ലക്ഷം രൂപയോ നൽകാനും കൊമേഴ്സ്യൽ സർവീസ് രംഗത്തുള്ള സംരംഭങ്ങൾക്കു നഷ്ടത്തിന്റെ 50 ശതമാനം തുകയോ ഏറ്റവും കൂടിയാൽ പത്തുലക്ഷം രൂപയോ നൽകാനും ട്രേഡ് രംഗത്തുള്ള സംരംഭങ്ങൾക്കു നഷ്ടത്തിന്റെ 50 ശതമാനം തുകയോ ഏറ്റവും കൂടിയത് ഏഴു ലക്ഷം രൂപയോ നൽകാനും തീരുമാനിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽനിന്നെടുത്തായിരിക്കും ആ പണം ലഭ്യമാക്കുക.
കഴിഞ്ഞതവണ ദുരന്തബാധിതരുടെ വായ്പമേലുള്ള പലിശ എഴുതിത്തള്ളണമെന്ന സർക്കാരിന്റെ അഭിപ്രായം ബാങ്കുകൾ പൊതുവായി അംഗീകരിച്ചതായും മന്ത്രി പറഞ്ഞു. സിബിൽ സ്കോർ കുറയുന്നത് ഒഴിവാക്കുന്ന കാര്യവും പരിഗണിക്കാമെന്ന് അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പത്രസമ്മേളനത്തിൽ പറഞ്ഞു.
Kerala
കൊച്ചി: ശസ്ത്രക്രിയയ്ക്കിടെ വീട്ടമ്മയുടെ വയറ്റില് കത്രിക കുടുങ്ങിയ സംഭവത്തില് ഇന്നു തന്നെ പരാതി നല്കി നിയമപരമായി മുന്നോട്ടു പോകുമെന്നു ഉഷ ജോസഫിന്റെ മകന് ഷിബിന്. ഡോക്ടര്ക്കെതിരെ നടപടി എടുക്കണമെന്നും നഷ്ടപരിഹാരം വേണമെന്നും ഷിബിന് മാധ്യമങ്ങളോടു പ്രതികരിച്ചു.
അമ്പലപ്പുഴ പോലീസിലും എറണാകുളം പോലീസിനും പരാതി കൊടുക്കും. നമ്മള്ക്കു വന്നതു പോലെ മറ്റാര്ക്കും വരാന് പാടില്ലെന്നു കരുതിയാണ് കേസുമായി മുന്നോട്ടുപോകുന്നത്. ഡോക്ടര്ക്കെതിരെ നടപടി എടുക്കണം. നഷ്ടപരിഹാരം വേണം. പല സ്ഥലത്തും ചികിത്സയ്ക്കായി പോയി. അമ്മ ഒരുപാട് അനുഭവിച്ചു. ഇതാണ് പ്രശ്നമെന്നു കണ്ടുപിടിക്കാനായില്ല. ഇപ്പോഴാണ് അറിയുന്നത്.
വീട്ടിൽ പോയി കണ്ടു
ഡോക്ടറുടെ വീട്ടില്പോയി പൈസ കൊടുത്തു കണ്സൾട്ട് ചെയ്ത ശേഷമാണ് ശസ്ത്രക്രിയ നടത്തിയത്. വീട്ടില് പോയി കണ്ടതിനു ശേഷമാണ് ഡോക്ടര് ലളിതാംബിക വണ്ടാനത്തേക്കു റെഫര് ചെയ്തത്. ഇനി വണ്ടാനം മെഡിക്കല് കോളജിലേക്കുതന്നെ പോയി ഓപ്പറേഷന് നടത്താൻ അമ്മയ്ക്കു നല്ല പേടിയുണ്ട്.
ഇടയ്ക്കു വേദന വരുമ്പോള് ഓപ്പറേഷന് ചെയ്തതു കൊണ്ടായിരിക്കുമെന്നാണ് കരുതിയത്.
വേദന വന്ന് ആശുപത്രിയില് പോയപ്പോള് മൂത്രത്തില് കല്ലാണെന്നായിരുന്നു അവർ സംശയിച്ചിരുന്നത്. അതിനു വേണ്ടി എക്സറേ എടുത്തപ്പോഴാണ് കത്രിക കണ്ടെത്തിയത്. വേദന വരുമ്പോഴൊക്കെ ആശുപത്രിയില്നിന്നു മരുന്നു തന്നു വിടുകയാണ് ചെയ്തിട്ടുള്ളത്. ആശുപത്രിയില്നിന്ന് ആരും ബന്ധപ്പെട്ടിട്ടില്ല. ഞങ്ങള് അങ്ങോട്ടു പോയപ്പോള് തിങ്കളാഴ്ച വന്നാല് മതി സര്ജറി ചെയ്തു മാറ്റി തരാമെന്നാണ് പറഞ്ഞതെന്നും ഷിബിന് പറഞ്ഞു.
Kerala
തിരുവനന്തപുരം: വന്യജീവി ആക്രമണത്തെ തുടർന്നുണ്ടാകുന്ന വിളനാശത്തിനുള്ള നഷ്ടപരിഹാരത്തുക വർധിപ്പിക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ.
വളർത്തുമൃഗങ്ങൾ കൊല്ലപ്പെട്ടാൽ നൽകുന്ന നഷ്ടപരിഹാരത്തുകയും വന്യജീവി ആക്രമണത്തിൽ പരിക്കേറ്റ് ദീർഘകാല ചികിത്സയിലാകുന്നവർക്കുള്ള ധനസഹായവും വർധിപ്പിക്കുമെന്നും നിയമസഭയിൽ ബജറ്റ് ചർച്ചയ്ക്കുള്ള മറുപടിയിൽ മന്ത്രി വ്യക്തമാക്കി.
സ്കൂൾ വിദ്യാർഥികളുടെ ഇൻഷ്വറൻസ് ഈ വർഷം മുതൽ നടപ്പിലാക്കും. സംസ്ഥാനത്തെ കരാർ ജീവനക്കാരുടെയും ദിവസവേതനക്കാരുടെയും വേതനം അഞ്ചു ശതമാനം വർധിപ്പിച്ചു. പ്രീപ്രൈമറി ആയമാരുടെ പ്രതിമാസ വേതനത്തിൽ 500 രൂപയുടെ വർധന വരുത്തി.
ലംപ്സംഗ്രാന്റ് പത്ത് ശതമാനം വർധിപ്പിച്ചു. എസ്സി എസ്ടി പ്രമോട്ടർമാരുടെ അലവൻസ് ആയിരം രൂപ വർധിപ്പിച്ചതായും മന്ത്രി പറഞ്ഞു. ഇതുൾപ്പെടെ ബജറ്റിന്റെ ഭാഗമായി എഴുപതോളം പുതിയ പ്രഖ്യാപനങ്ങളും ധനമന്ത്രി സഭയിൽ നടത്തി.
കാഷ്യു കോർപറേഷനിലെയും കാപെക്സിലെയും തൊഴിലാളികളുടെ ഗ്രാറ്റുവിറ്റി ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കും. നോണ് ജേർണലിസ്റ്റ് പെൻഷൻ വർധിപ്പിക്കും. കയർ തൊഴിലാളികളുടെ റിട്ടയർമെന്റ് ബെനിഫിറ്റ് കുടിശിക നൽകുന്നതിനുള്ള നടപടി സ്വീകരിക്കും.
കൈത്തറി നെയ്ത്തുകാർക്കും അനുബന്ധ തൊഴിലാളികൾക്കുമുള്ള പ്രൊഡക്ഷൻ ഇൻസെന്റീവ് തുക നൽകാനുള്ള നടപടി സ്വീകരിക്കും. കളമശേരി മണ്ഡലത്തിലെ ആലുവ ആലങ്ങാട് റോഡിന്റെ വീതി കൂട്ടുന്നതിനും കളമശേരി പോളിടെക്നിക്കിന്റെ ഓഡിറ്റോറിയം നിർമാണം പൂർത്തീകരിക്കുന്നതിനുമുള്ള തുക അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു.
National
ന്യൂഡൽഹി: രാജ്യത്തെ ആദായനികുതി ഘടനയിൽ വലിയ മാറ്റങ്ങൾ പ്രഖ്യാപിച്ച് ധനമന്ത്രി നിർമല സീതാരാമൻ. 2026 ഏപ്രിൽ ഒന്ന് മുതൽ പുതിയ ആദായനികുതി നിയമം നിലവിൽ വരുമെന്ന് മന്ത്രി സഭയിൽ അറിയിച്ചു. നികുതിദായകർക്ക് നടപടിക്രമങ്ങൾ എളുപ്പമാക്കുന്നതിനും നിയമങ്ങൾ ലഘൂകരിക്കുന്നതിനുമാണ് ഈ പുതിയ മാറ്റം.
നിലവിലെ രീതിയിൽതന്നെ ജൂലൈ 31 വരെ ടാക്സ് റിട്ടേണുകൾ സമർപ്പിക്കാൻ നികുതിദായകർക്ക് സമയം ലഭിക്കും. വാഹനാപകടങ്ങളിൽ ലഭിക്കുന്ന നഷ്ടപരിഹാര തുകയുടെ പലിശയ്ക്കുള്ള ആദായനികുതി ഒഴിവാക്കി. അപകടത്തിൽപ്പെട്ടവർക്കും അവരുടെ കുടുംബങ്ങൾക്കും വലിയ ആശ്വാസം നൽകുന്ന പ്രഖ്യാപനമാണിത്. വിദേശ ആസ്തി വെളിപ്പെടുത്താത്തവർക്ക് ആറു മാസം സമയം നൽകും.
Kerala
തൃശൂർ: വാഹനാപകടത്തിൽ നട്ടെല്ലിനു ക്ഷതമേറ്റ യുവാവിനു 95 ലക്ഷം രൂപ നഷ്ടപരിഹാരം. വിയ്യൂർ പെട്രോൾപന്പിനു സമീപം കാർ ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ നട്ടെല്ലിനു ഗുരുതര പരിക്കേറ്റ സെബിൻ സണ്ണിക്കാണ് നാഷണൽ ഇൻഷുറൻസ് കന്പനി നഷ്ടപരിഹാരം നൽകിയത്.
ഇലക്ട്രോണിക്സിൽ ഡിപ്ലോമ നേടിയ ആളാണ് സെബിൻ. തൃശൂർ ജില്ലാ ലീഗൽ സർവീസസ് അഥോറിറ്റി സംഘടിപ്പിച്ച ലോക് അദാലത്തിലാണ് കേസ് ഒത്തുതീർപ്പായത്.
ജില്ലാ കോടതി അങ്കണത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി പി.പി. സൈതലവി ചെക്ക് കൈമാറി.
ഡിഎൽഎസ്എ സെക്രട്ടറി ഇൻചാർജ് ടി.കെ. മമതയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ എംഎസിടി ജഡ്ജി രവിചന്ദർ, ഇൻഷുറൻസ് കന്പനി ചീഫ് ബിസിനസ് ഓഫീസർ വിനീശൻ വിജയൻ, ഹബ് ഇൻ ചാർജ് സുനിത ആൻ തോമസ്, ഡെപ്യൂട്ടി മാനേജർ ടി.എസ്.സാബു, അഡ്വ. പി.ബി. ജയശ്രീ, ഹർജി ഭാഗം അഡ്വ. ടി.എസ്. ജോഷി, അഡ്വ. മറിയാമ്മ കെ. ഇട്ടൂപ്പ്, അഡ്വ. സീബ മാത്യൂസ് എന്നിവർ പങ്കെടുത്തു.
National
ന്യൂഡൽഹി: ദീഘദൂര വിമാനയാത്രയിൽ മോശം സേവനത്തിന്റെ പേരിൽ ഉപഭോക്താവിന് 1.5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഡൽഹി ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ എയർ ഇന്ത്യയോടു നിർദേശിച്ചു.
ഗുണനിലവാരമില്ലാത്ത സീറ്റുകൾ, പ്രവർത്തനരഹിതമായ വിനോദ സംവിധാനങ്ങൾ, മോശം ഭക്ഷണവും ശുചിമുറിയും, പ്രതികരണമില്ലാത്ത കാബിൻ ക്രൂ തുടങ്ങിയ കാര്യങ്ങളാണു പരാതിക്കാരൻ ഉന്നയിച്ചത്.
വലിയ തുക യാത്രയ്ക്കായി നൽകിയിട്ടും അത്യാവശ്യ സേവനങ്ങൾ ലഭ്യമാക്കാൻ വിമാനക്കന്പനി പരാജയപ്പെട്ടുവെന്നു ചൂണ്ടിക്കാട്ടിയ കമ്മീഷൻ പരാതിക്കാരായ പിതാവിനും മകൾക്കും 50,000 രൂപ വീതം നഷ്ടപരിഹാരവും 50,000 രൂപ കോടതിച്ചെലവായും നൽകാൻ ഉത്തരവിട്ടു.
2023ൽ ഡൽഹിയിൽനിന്നു ന്യൂയോർക്കിലേക്ക് യാത്ര ചെയ്യുന്പോഴാണ് പരാതിക്കാർക്കു വിമാനക്കന്പനിയിൽനിന്ന് മോശമായ അനുഭവം നേരിട്ടത്. അതേസമയം ബിസിനസ് ക്ലാസിലേക്ക് അപ്ഗ്രേഡ് ചെയ്യാൻ ആവശ്യപ്പെട്ടതു നിരസിച്ചതാണ് പരാതിക്കു കാരണമെന്നാണ് എയർ ഇന്ത്യയുടെ വാദം.
എന്നാൽ, ഇതു നിലനിൽക്കുന്നതല്ലെന്നു നിരീക്ഷിച്ച കമ്മീഷൻ പണം നൽകിയ യാത്രക്കാരന് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ വിമാനക്കന്പനികൾക്കു നിയമപരമായ ബാധ്യതയുണ്ടെന്ന് നിരീക്ഷിച്ചു.
എന്നാൽ, ടിക്കറ്റ് ബുക്ക് ചെയ്യാൻ തെരഞ്ഞെടുത്ത പ്ലാറ്റ്ഫോമിൽനിന്നും നഷ്ടപരിഹാരം ആവശ്യപ്പെട്ടെങ്കിലും കമ്മീഷൻ അതു നിരസിച്ചു. യാത്ര പൂർത്തിയാക്കിയ സാഹചര്യത്തിൽ ടിക്കറ്റ് ചാർജ് തിരികെ നൽകണമെന്ന പരാതിക്കാരന്റെ ആവശ്യവും കോടതി തള്ളി.
Kerala
കോട്ടയം: കഴിഞ്ഞ പത്തു വർഷത്തിനിടെ കേരളത്തിൽ പേവിഷബാധമൂലം മരിച്ചത് 118 പേർ. ഇവരിൽ മിക്കവർക്കും തെരുവുനായ്ക്കളുടെ കടിയേറ്റാണ് പേവിഷബാധയുണ്ടായത്. ഇത്തരത്തിൽ തെരുവുനായ്ക്കളുടെ കടിയേറ്റു മരിക്കുന്നവരുടെ ആശ്രിതർക്ക് നഷ്ടപരിഹാരമോ പരിക്കേൽക്കുന്നവർക്ക് ചികിത്സച്ചെലവോ കിട്ടുന്നുമില്ല.
2016 ഏപ്രിൽ ഒന്നു മുതൽ 2025 ഒക്ടോബർ 30 വരെയുള്ള കണക്കനുസരിച്ച് ഏറ്റവും കൂടുതൽ പേർ പേവിഷബാധയേറ്റു മരിച്ചത് കൊല്ലം ജില്ലയിലാണ്; 21 പേർ. തിരുവനന്തപുരം -16, പാലക്കാട് -13, ആലപ്പുഴ -12, തൃശൂർ -11, എറണാകുളം -ഒമ്പത്, കോഴിക്കോട് -ഒമ്പത്, പത്തനംതിട്ട -എഴ്, കണ്ണൂർ -ഏഴ്, മലപ്പുറം -നാല്, ഇടുക്കി -മൂന്ന്, വയനാട് -മൂന്ന്, കോട്ടയം -രണ്ട്, കാസർഗോഡ് -ഒന്ന് എന്നിങ്ങനെയാണ് മരണമുണ്ടായത്.
ഒന്നേകാൽ വയസുള്ള പിഞ്ചുകുഞ്ഞു മുതൽ 90 വയസുള്ള വയോധിക വരെ ഈ കാലഘട്ടത്തിൽ തെരുവുനായ്ക്കളുടെ കടിയേറ്റു മരിച്ചു. പത്തു വയസിൽ താഴെയുള്ള 12 കുട്ടികളും 10 മുതൽ 20 വയസുവരെയുള്ള ഒമ്പത് പേരും മരിച്ചവരിൽ ഉൾപ്പെടുന്നു. മുപ്പതുവയസു വരെ-ആറ്, 40 വരെ-17, 50 വരെ -24, 60 വരെ-27, 70 വരെ-15, 80 വരെ-നാല്, 80നു മുകളിൽ പ്രായമുള്ളവർ മൂന്ന് എന്നിങ്ങനെയാണ് മരണസംഖ്യ.
ആരോഗ്യകേരളം ലോകനിലവാരത്തിലാണെന്ന് അവകാശപ്പെടുമ്പോഴും പേവിഷബാധയേറ്റ 95 ശതമാനം പേർക്കും വാക്സിൻ എടുക്കാൻ കഴിഞ്ഞിരുന്നില്ല എന്നും ഫാർമേഴ്സ് അവയർനസ് റിവൈവൽ മൂവ്മെൻറ്റ് (ഫാം) ജനറൽ സെക്രട്ടറി സിജുമോൻ ഫ്രാൻസിസിന് ലഭിച്ച വിവരാവകാശ രേഖപ്രകാരമുള്ള മറുപടിയിൽ പറയുന്നു.
തെരുവുനായ ആക്രമണങ്ങൾ സംബന്ധിച്ച കാര്യങ്ങൾ നോക്കാൻ ചുമതല ഏൽപ്പിച്ചിരിക്കുന്നത് തദ്ദേശ സ്വയംഭരണ വകുപ്പിനെയാണ്. വകുപ്പിന്റെ പ്രിൻസിപ്പൽ ഡയറക്ടറേറ്റിൽനിന്നു സിജുമോൻ ഫ്രാൻസിസിന് ലഭിച്ച മറുപടി പ്രകാരം തദ്ദേശ വകുപ്പിൽനിന്നോ ദുരിതാശ്വാസ നിധിയിൽനിന്നോ ഇത്തരം മരണങ്ങൾക്കും ചികിത്സച്ചെലവിനും നഷ്ടപരിഹാരം നല്കുന്നില്ല.
എന്നാൽ, സുപ്രീംകോടതി നിർദേശിച്ചതനുസരിച്ച് രൂപീകരിച്ച ജസ്റ്റീസ് സിരിജഗൻ കമ്മിറ്റിയാണ് ചികിത്സയ്ക്കായി നഷ്ടപരിഹാരം കൊടുക്കാൻ പഞ്ചായത്തുകൾക്ക് നിർദേശം നല്കിവന്നിരുന്നത്.
സിരിജഗൻ കമ്മിറ്റി തുടരണോ വേണ്ടയോ എന്ന് നിർദേശിക്കാതെ കേസ് സുപ്രീംകോടതി തീർപ്പാക്കിയതിനാൽ കമ്മിറ്റിയുടെ പ്രവർത്തനം നിലച്ചു. പകരം കേരളാ ലീഗൽ സർവീസ് അതോറിറ്റിയുടെ കീഴിൽ എല്ലാ ജില്ലകളിലും ഡിസ്ട്രിക്ട് സ്ട്രേ ഡോഗ് വിക്ടിം കമ്മിറ്റി രൂപീകരിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചെങ്കിലും ഇതുവരെയും പ്രവർത്തനം ആരംഭിച്ചിട്ടില്ല . ഫലത്തിൽ , തെരുവുനായയുടെ കടിയേറ്റാൽ സ്വന്തമായി ചികിത്സിച്ച് രക്ഷപ്പെടുക എന്നുള്ളതാണ് കേരളത്തിലെ അവസ്ഥ. എന്നാൽ, കർണാടകയിൽ തെരുവുനായ കടിച്ച് മരിച്ചാൽ സർക്കാർ അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം നൽകും.
Kerala
കൊച്ചി: വിദേശത്തുനിന്നു മകളുടെ വിവാഹത്തിനായി എത്തിയയാളെ മാല പൊട്ടിക്കല് കേസില് പ്രതിയാക്കിയ സംഭവത്തില് നഷ്ട പരിഹാരത്തിന് ഉത്തരവിട്ട് ഹൈക്കോടതി.
15 ദിവസത്തെ അവധിക്കെത്തിയതിനു പിന്നാലെ കേസില് തെറ്റായി പ്രതിചേര്ത്തതിലൂടെ മാനസികപീഡനത്തിനിരയാകുകയും പൊതു മധ്യത്തില് അവഹേളിക്കപ്പെടുകയും ചെയ്തുവെന്നു വിലയിരുത്തിയാണു തലശേരി തജ്നാസില് വി.കെ. താജുദീന് 10 ലക്ഷം രൂപയും ഭാര്യക്കും മൂന്നു മക്കള്ക്കുമായി ഒരു ലക്ഷം രൂപ വീതവും നല്കാന് ജസ്റ്റീസ് പി.എം. മനോജ് ഉത്തരവിട്ടത്.
താജുദ്ദീനും ഭാര്യയും മൂന്ന് മക്കളുമാണു ഹര്ജി നല്കിയത്. എതിര്കക്ഷികളായ എസ്ഐ പി. ബിജു, എഎസ്ഐമാരായ യോഗേഷ്, ടി. ഉണ്ണികൃഷ്ണന് എന്നിവരില്നിന്ന് ഈ തുക നിയമപരമായി ഈടാക്കുന്ന കാര്യം സര്ക്കാരിന് തീരുമാനിക്കാമെന്നും ഉത്തരവില് പറയുന്നു.
2018 ജൂണ് 11ന് പുലര്ച്ചെ സഹോദരിയുടെ വീട്ടില്നിന്നു മടങ്ങുമ്പോള് കതിരൂരില് വച്ച് ചക്കരക്കല് എസ്ഐയായിരുന്ന ബിജുവും സംഘവും കാര് തടഞ്ഞ് താജുദീനെയും കുടുംബത്തെയും ബലമായി സ്റ്റേഷനിലേക്കു കൊണ്ടുപോകുകയായിരുന്നു.
ഹര്ജിക്കാരനെ കള്ളനെന്നു വിളിച്ച് ആക്ഷേപിച്ച പോലീസ് സംഘം ആറ് ദിവസം മുമ്പ് ഒരു യുവതിയുടെ അഞ്ചരപ്പവന്റെ മാല പൊട്ടിച്ചതില് കുറ്റസമ്മതം നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. വെള്ള സ്കൂട്ടറിലെത്തിയ ഒരാള് മാലപൊട്ടിക്കുന്ന ദൃശ്യങ്ങളും കാണിച്ചു. അത് മറ്റൊരാളാണെന്നും ടവര് ലൊക്കേഷനടക്കം പരിശോധിക്കണമെന്നും ഹര്ജിക്കാരനും കുടുംബവും അപേക്ഷിച്ചെങ്കിലും അവഗണിച്ചു.
ജയിലിലായതിനെത്തുടര്ന്ന് നിശ്ചിത സമയത്ത് തിരികെ എത്താത്തതിനാല് ഖത്തര് അധികൃതരും 23 ദിവസം ജയിലിലാക്കി. ജോലി നഷ്ടമായതോടെ ഇന്ത്യയിലേക്ക് തിരിച്ചയച്ചു. ഭാര്യ നസ്രീന മുഖ്യമന്ത്രിക്കു നല്കിയ നിവേദനത്തെ തുടര്ന്ന് ഡിവൈഎസ്പി വകുപ്പുതല അന്വേഷണം നടത്തി.
പോലീസിനു പിഴവ് പറ്റിയതായി റിപ്പോര്ട്ട് നല്കിയതിനെത്തുടര്ന്ന് എസ്ഐ ബിജുവിനെയടക്കം സ്ഥലം മാറ്റി. ഇതിനിടെ യഥാര്ഥ പ്രതിയുടെ ഭാര്യ വിവരം പുറത്തുവിട്ടതിനെ തുടര്ന്ന് കേസിന്റെ വസ്തുത പുറത്തു വന്നു. തുടര്ന്നാണ് താജുദീനും കുടുംബവും ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് അഡ്വ. ടി. ആസഫലി മുഖേന ഹൈക്കോടതിയെ സമീപിച്ചത്.
Kerala
കോഴിക്കോട്: നടക്കാവ് പോലീസ് സ്റ്റേഷനില് നടന്ന കസ്റ്റഡി മര്ദനക്കേസില് കുറ്റക്കാരായ ഡിവൈഎസ്പി, മുന് എസിപി എന്നിവരില്നിന്ന് തുക ഈടാക്കി പരാതിക്കാരനു നഷ്ടപരിഹാരം നല്കാന് ആഭ്യന്തര വകുപ്പിന്റെ അനുമതി.
നടക്കാവ് പോലീസ് സ്റ്റേഷനിലെ മുന് എസ്ഐ ജീവന് ജോര്ജ്, മുന് കോഴിക്കോട് നോര്ത്ത് എസിപി സി.എം. പ്രദീപ് കുമാര് എന്നിവരില്നിന്ന് 25,000 രൂപ വീതം ഈടാക്കി പരാതിക്കാരനായ രാജേഷിനാണു നല്കുക.
2008 നടന്ന ഹിയറിംഗില് രാജേഷിന് 50,000 രൂപ നഷ്ടപരിഹാരം നല്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ഉത്തരവിട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ടു വര്ഷങ്ങള് നീണ്ട നിയമനടപടികള്ക്കു ശേഷമാണ് മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ് നടപ്പാക്കാന് ആഭ്യന്തര വകുപ്പ് അനുമതി നല്കിയത്. പ്രദീപ് കുമാര് പോലീസ് സേനയില്നിന്നു വിരമിച്ചതിനാല് അദ്ദേഹത്തിന്റെ ഡിആര് കുടിശികയില്നിന്ന് 25,000 രൂപ ഈടാക്കാനാണ് അനുമതി.
ജീവന് ജോര്ജ് നിലവില് ഡിവൈഎസ്പിയാണ്. അദ്ദേഹത്തിന്റെ ശമ്പളത്തില്നിന്ന് 25,000 രൂപ ഈടാക്കും. നടക്കാവ് പോലീസ് സ്റ്റേഷനില്വച്ച് നിയമവിരുദ്ധമായി കസ്റ്റഡിയില് വയ്ക്കുകയും ശാരീരികമായി പീഡിപ്പിക്കുകയും ചെയ്തുവെന്നായിരുന്നു രാജേഷിന്റെ പരാതി.
District News
മഞ്ചേരി: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ തെരുവുനായ ആക്രമണത്തിന് ഇരയായവർക്ക് 5,29,766 രൂപ നഷ്ടപരിഹാരം നൽകുന്നതിന് സ്ട്രേ ഡോഗ് വിക്ടിം കോന്പൻസേഷൻ കമ്മിറ്റി സർക്കാരിലേക്ക് ശിപാർശ ചെയ്തു.
ജില്ലാ നിയമസേവന അഥോറിറ്റി സെക്രട്ടറി ചെയർപേഴ്സണും ജില്ലാ മെഡിക്കൽ ഓഫീസർ, തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടർ, ജില്ലാ മൃഗസംരക്ഷണ ഓഫീസർ എന്നിവർ അംഗങ്ങളുമായുള്ള കമ്മിറ്റിയുടെ മൂന്നാമത് സിറ്റിംഗിലാണ് ശിപാർശ.
സിറ്റിംഗ് പരിഗണിച്ച 19 പരാതികളിൽ 11 എണ്ണത്തിലാണ് നഷ്ടപരിഹാരത്തിന് ശിപാർശ നൽകിയത്.മഞ്ചേരി ജില്ലാ നിയമസേവന അഥോറിറ്റി കോണ്ഫറൻസ് ഹാളിൽ നടന്ന സിറ്റിംഗിൽ അഥോറിറ്റി സെക്രട്ടറിയും സീനിയർ ഡിവിഷൻ സിവിൽ ജഡ്ജുമായ ഷാബിർ ഇബ്രാഹിം മുണ്ടേക്കാട്ട്, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ടി.കെ. ജയന്തി, തദ്ദേശ സ്വയംഭരണവകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടർ വി.കെ. മുരളി, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. സക്കറിയ എന്നിവർ പങ്കെടുത്തു.
തെരുവുനായ ആക്രമണം: ഹർജി നൽകാം
മഞ്ചേരി: ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം ജില്ലയിൽ തെരുവ്നായ ആക്രമണം മൂലമുണ്ടാകുന്ന അപകടങ്ങൾക്ക് നഷ്ടപരിഹാരം നിജപ്പെടുത്തുന്നത് സ്ട്രേ ഡോഗ് വിക്ടിം കോന്പൻസേഷൻ കമ്മിറ്റിയാണ്.
നഷ്ടപരിഹാരത്തിനായി മഞ്ചേരിയിലെ ജില്ലാ നിയമസേവന അഥോറിറ്റിയിലോ താലൂക്ക് നിയമസേവന കമ്മിറ്റികളിലോ ഹർജി നൽകാം.
ജസ്റ്റിസ് സിരിജഗൻ കമ്മിറ്റി മുന്പാകെ നിലവിലുണ്ടായിരുന്ന ജില്ലയിലെ 283 ഹർജികൾ ജില്ലാ നിയമസേവന അഥോറിറ്റിയുടെ പരിഗണനയ്ക്ക് ലഭിച്ചിട്ടുണ്ട്. ഫോണ്:9188127501.
Kerala
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ ലിഫ്റ്റിൽ 42 മണിക്കൂർ രോഗി കുടുങ്ങിയ സംഭവത്തിൽ അഞ്ചു ലക്ഷം രൂപ സർക്കാർ നഷ്ടപരിഹാരം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സണ് ജസ്റ്റീസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു.
പോങ്ങുംമൂട് സ്വദേശി രവീന്ദ്രൻ നായർക്ക് രണ്ടുമാസത്തിനുള്ളിൽ നഷ്ടപരിഹാരം നൽകണം. അതിനുശേഷം ഈ തുക ഉത്തരവാദികളിൽനിന്നും നിയമാനുസൃതം ഈടാക്കാം. ലിഫ്റ്റിന്റെ സർവീസ് നടത്തുന്ന കന്പനിക്കു വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ അവർക്കെതിരേ നിയമാനുസൃതം നടപടിയെടുക്കാനുള്ള സ്വാതന്ത്ര്യം സർക്കാരിനുണ്ട്. നഷ്ടപരിഹാരം നൽകിയ ശേഷം നടപടി റിപ്പോർട്ട് കമ്മീഷൻ ഓഫീസിൽ സമർപ്പിക്കണം.
രവീന്ദ്രൻ നായർക്കു ലിഫ്റ്റിൽ കുടുങ്ങിയതുമായി ബന്ധപ്പെട്ടുള്ള ശാരീരിക, മാനസിക ബുദ്ധിമുട്ടുകൾക്കു സാധ്യമായ എല്ലാ ചികിത്സയും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ട് സൗജന്യമായി നൽകണം. ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ സേവനം ആവശ്യമുണ്ടെങ്കിൽ അതും ലഭ്യമാക്കണമെന്നും ജസ്റ്റീസ് അലക്സാണ്ടർ തോമസ് ഉത്തരവിൽ പറഞ്ഞു.
രവീന്ദ്രൻ നായർ കഴിഞ്ഞ വർഷം ജൂലൈ 13ന് രാവിലെ 11.15 മുതൽ ജൂലൈ 15 രാവിലെ ആറു വരെ ലിഫ്റ്റിൽ കുടുങ്ങിയെന്ന വസ്തുതയിൽ എതിർകക്ഷികൾക്ക് തർക്കമില്ലെന്ന് ഉത്തരവിൽ പറഞ്ഞു. തകരാറിലായ ലിഫ്റ്റ് ലോക്ക് ചെയ്യുകയോ സൂചനാബോർഡ് സ്ഥാപിക്കുകയോ ചെയ്തിരുന്നില്ല.
രാവിലെ 10 മുതൽ വൈകുന്നേരം അഞ്ചു വരെയെങ്കിലും ലിഫ്റ്റ് ഓപ്പറേറ്ററെ നിയമിക്കാനുള്ള ഉത്തരവാദിത്വം മെഡിക്കൽ കോളജിനുണ്ട്. അതു പാലിക്കപ്പെട്ടില്ല. ഈ ലിഫ്റ്റ് അടിക്കടി തകരാറിലാവുന്നതും നന്നാക്കിയാൽ വീണ്ടും തകരാറിലാവുന്നതും പതിവാണെന്ന് അന്വേഷണ റിപ്പോർട്ടിലുണ്ട്. അപ്പോൾ കൂടുതൽ ജാഗ്രത കാണിക്കേണ്ടതായിരുന്നു. ദിവസവും ആയിരകണക്കിനു രോഗികളെത്തുന്ന മെഡിക്കൽ കോളജിൽ ഇത്തരം ഒരു സംഭവം നടന്നത് ഗൗരവത്തോടെ കമ്മീഷൻ കാണുന്നു.
രവീന്ദ്രൻ നായരുടെ ജീവൻ തന്നെ അപകടത്തിലാവുമായിരുന്നു. ഭാഗ്യം കൊണ്ടു മാത്രമാണ് അദ്ദേഹം രക്ഷപ്പെട്ടത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഭാഗത്ത് ഗുരുതരമായ കൃത്യവിലോപവും വീഴ്ചയും ഉണ്ടായിട്ടുണ്ട്.
നഷ്ടപരിഹാരം ലഭിക്കണമെന്ന ആവശ്യം ന്യായമാണെന്നും രോഗി മരിക്കാനുള്ള സാധ്യത വരെയുണ്ടായിരുന്ന സംഭവത്തിൽ ജീവനക്കാരുടെ ഉത്തരവാദിത്വം പോലെ സ്റ്റേറ്റിനും ബാധ്യതയുണ്ടെന്നും ഉത്തരവിൽ പറഞ്ഞു. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിനു പുറമെ രവീന്ദ്രൻ നായരും പരാതി നൽകിയിരുന്നു.
District News
ഇരിട്ടി: സ്ഥാലം ഉടമകളുടെ എതിർപ്പിനെ തുടർന്ന് നിർത്തിവച്ചിരുന്ന വയനാട് കരിന്തളം 400 കെ.വി. ലൈൻ നഷ്ടപരിഹാര പാക്കേജ് സംബന്ധിച്ച മന്ത്രിസഭയുടെ തീരുമാനം ഉടൻ ഉണ്ടാകുമെന്ന് സൂചന . നഷ്ടപരിഹാരം സംബന്ധിച്ച ചർച്ചകൾ അവസാനഘട്ടത്തിലാണ്. ഉഡുപ്പി-കരിന്തളം പ്രഖ്യാപനം വന്നതോടെയാണ് വയനാട് കരിന്തളം നഷ്ടപരിഹാര പാക്കേജും ഉടൻ ഉണ്ടാകുമെന്ന സൂചന പുറത്തുവരുന്നത്.
സർക്കാർ പ്രഖ്യാപിക്കുന്ന പാക്കേജ് അനുസരിച്ചായിരിക്കും കർഷകരുടെ പ്രതികരണവും പദ്ധതി യുടെ മുന്നോട്ടുള്ള പ്രവർത്തനവും. ഇപ്പോൾ പ്രഖ്യാപിച്ച ഉഡുപ്പി- കരിന്തളം പാക്കേജ് വയനാട്- കരിന്തളം പവർ ഹൈവേയിൽ ഭൂമി നഷ്ടമാകുന്ന കർഷകർ നേരത്തെ തന്നെ തള്ളിയിരുന്നു . നിലവിലെ ഉഡുപ്പി-കരിന്തളം പാക്കേജിനേക്കാൾ മെച്ചപ്പെട്ട പാക്കേജ് പ്രഖ്യാപിച്ചാൽ മാത്രമേ കർഷകർ പ്രതിരോധം അവസാനിപ്പിക്കുകയുള്ളൂവെന്നാണ് ആക്ഷൻ കമ്മിറ്റിയുടെ തീരുമാനം .
നിലവിൽ സർക്കാർ പ്രഖ്യാപിച്ച പാക്കേജ് വയനാട് -കരിന്തളം റീച്ചിലെ കർഷകർക്ക് സ്വീകാര്യമല്ലെന്നും ടവർ സ്ഥാപിക്കുന്ന സ്ഥലത്തിന് സെന്റിന് ഒരുലക്ഷം രൂപയും ലൈൻ കടന്നുപോകുന്ന സ്ഥലത്തിന് സെന്റിന് 50,000 രൂപയും നൽകണമെന്നാണ് കർഷകരുടെ ആവശ്യം. കൂടാതെ ലൈൻ വീടിന് മുകളിലൂടെ കടന്നുപോകുന്ന സ്ഥലങ്ങളിൽ ചതുരശ്ര അടിക്ക് 2000 രൂപയും നല്കണമെന്നാണ് കർഷകരുടെ ആവശ്യം.
ഉഡുപ്പി കരിന്തളം പാക്കേജ് പ്രഖ്യാപിച്ചതിന്റെ മറവിൽ വയനാട് കരിന്തളം റീച്ചിൽ അതേ പാക്കേജ് കൊണ്ടുവരാനുള്ള കെഎസ്ഇബിയുടെയും സർക്കാരിന്റേയും ഒത്തുകളിയാണെന്ന ആക്ഷേപവും കർഷകർ ഉയത്തുന്നുണ്ട് .
വയനാട് -കരിന്തളം പാക്കേജ് പ്രഖ്യാപിക്കാത്ത സഹചര്യത്തിൽ ഇതിനെതിരേ പ്രതികരിക്കേണ്ടെന്നാണ് ആക്ഷൻ കൗൺസിലിന്റെ തീരുമാനം. ന്യായമായ നഷ്ടപരിഹാരം ലഭിക്കാതെ കൃഷിഭൂമിയിൽ പ്രവേശിക്കാൻ അനുവദിക്കില്ലെന്ന നിലപാടിൽ തന്നെയാണ് കർഷകർ.
Kerala
കൊച്ചി: കലൂർ ജവാഹർലാൽ നെഹ്റു ഇന്റർനാഷണൽ സ്റ്റേഡിയത്തിന്റെ ഗാലറിയിൽനിന്നുവീണ് പരിക്കേറ്റ സംഭവത്തിൽ രണ്ടുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉമാ തോമസ് എംഎൽഎ സ്റ്റേഡിയത്തിന്റെ ഉടമകളായ ജിസിഡിഎയ്ക്ക് വക്കീൽ നോട്ടീസ് അയച്ചു.
നഷ്ടപരിഹാരം നൽകിയില്ലെങ്കിൽ നിയമപരമായ തുടർനടപടി സ്വീകരിക്കുമെന്ന് അഡ്വ. പോൾ ജേക്കബ് വഴി നൽകിയ വക്കീൽനോട്ടീസിൽ പറയുന്നു.
ഗിന്നസ് റിക്കാഡ് ലക്ഷ്യമിട്ട് സംഘടിപ്പിച്ച മൃദംഗനാദം നൃത്തസന്ധ്യയ്ക്കിടെയായിരുന്നു എംഎൽഎ ഗാലറിയിൽ താത്കാലികമായി ഒരുക്കിയ ഉദ്ഘാടനവേദിയിൽനിന്ന് വീണത്.
മൃദംഗ വിഷൻ ആൻഡ് ഓസ്കർ ഇവന്റ് മാനേജുമെന്റായിരുന്നു പരിപാടിയുടെ സംഘാടകർ. ഒൻപത് ലക്ഷംരൂപ വാടകയ്ക്കായിരുന്നു സ്റ്റേഡിയം നൃത്തപരിപാടിക്കായി നൽകിയത്.
12,000 പേർ ഒരുമിച്ച് നൃത്തം ചെയ്യുന്നതായിരുന്നു പരിപാടി. സംഘാടകരുടെ വിശ്വാസ്യതപോലും പരിശോധിക്കാതെയാണ് ജിസിഡിഎ സ്റ്റേഡിത്തിൽ പരിപാടി അനുവദിച്ചതെന്ന് നോട്ടീസിൽ ആരോപിക്കുന്നു.
ഗാലറിയുടെ മുകളിൽ താത്കാലികമായി തയ്യാറാക്കിയ വേദിക്ക് യാതൊരു സുരക്ഷയും ഉണ്ടായിരുന്നില്ല. തറനിരപ്പിൽനിന്ന് 10.5 മീറ്റർ ഉയരത്തിലായിരുന്നു ഇത്. കൈവരി ഉണ്ടായിരുന്നില്ല. മുൻനിര സീറ്റിനുമുൻപിൽ ഉണ്ടായിരുന്നത് 50 സെന്റീ മീറ്റർ സ്ഥലമാണ്. ഇതിലൂടെ നടക്കുമ്പോഴാണ് തലയടിച്ച് താഴോട്ടുവീണത്. സ്ട്രെച്ചർ പോലും അവിടെ ഉണ്ടായിരുന്നില്ല.
10 മിനിറ്റ് എടുത്തു അപകടത്തിനുശേഷം സ്റ്റേഡിയത്തിന് പുറത്ത് എത്തിക്കാൻ. ഒൻപതുദിവസത്തിനുശേഷമാണ് ബോധം വീണ്ടെടുക്കാനായത്. മാസങ്ങൾ എടുത്തു സ്വതന്ത്രമായി നടക്കാൻ. ഇപ്പോഴും പൂർണമായും ആരോഗ്യം വീണ്ടെടുക്കാനായിട്ടില്ല. അപകടത്തിന്റെ ആഘാതം ഇപ്പോഴും തുടരുകയാണ്.
സ്റ്റേഡിയം വാടകയ്ക്ക് നൽകുമ്പോൾ അവിടെ എത്തുന്നവർ സുരക്ഷിതരായിരിക്കും എന്ന് ഉറപ്പാക്കാൻ ജിസിഡിഎയ്ക്ക് ബാധ്യതയുണ്ട്.
എന്തിനുവേണ്ടിയാണോ സ്റ്റേഡിയം ഉപയോഗിക്കേണ്ടത്, അത്തരം ആവശ്യങ്ങൾക്കേ നൽകാവു. അരലക്ഷത്തോളം ആളുകൾ ഒത്തുകൂടിയ പരിപാടിയിൽ സുരക്ഷ ഉറപ്പാക്കുന്നതിൽ വീഴ്ചയുണ്ടായി. ജിസിഡിഎയുടെ അറിവോടെയാണ് സ്റ്റേഡിയം സംഘാടകർ നിയമവിരുദ്ധമായി ഉപയോഗിച്ചത് എന്നേ കരുതാനാകൂ.
ഇതാണ് തന്റെ അപകടത്തിനും അതിലൂടെ തൃക്കാക്കര നിയമസഭാമണ്ഡലത്തിലെ ജനങ്ങൾക്കടക്കം നഷ്ടങ്ങൾ ഉണ്ടാകാൻ ഇടയാക്കിയതും. അതിനാൽ രണ്ടുകോടി രൂപ നഷ്ടപരിഹാരം വേണമെന്നാണ് ആവശ്യപ്പെടുന്നത്.