National
ന്യൂഡൽഹി: സെൻസസിന്റെ ആദ്യഘട്ടമായ ഹൗസ് ലിസ്റ്റിംഗ്, ഹൗസിംഗ് സെൻസസ് നടപടികൾ 23 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും പൂർത്തിയായതായി കേന്ദ്രസർക്കാർ അറിയിച്ചു.
വ്യക്തികൾക്കു ഡിജിറ്റലായി സ്വയം വിവരങ്ങൾ നൽകാൻ കഴിയുന്ന 15 ദിവസത്തെ സെൽഫ് എന്യൂമറേഷൻ പ്രക്രിയ കേരളത്തിലും നാഗാലാൻഡിലും പുരോഗമിക്കുകയാണെന്നും തുടർന്ന് ജൂലൈ ഒന്നുമുതൽ ജൂലൈ 30 വരെ ഇവിടങ്ങളിൽ എന്യൂമറേറ്റർമാർ ഫീൽഡ് സന്ദർശനം നടത്തുമെന്നും കേന്ദ്രം വ്യക്തമാക്കി.
സെൽഫ് എന്യൂമറേഷൻ പൂർത്തിയാക്കിയ വ്യക്തികൾ അവരുടെ ജനറേറ്റ് ചെയ്ത സെൽഫ് എന്യൂമറേഷൻ ഐഡി കൈയിൽ സൂക്ഷിക്കുകയും ഫീൽഡ് സന്ദർശനം നടത്തുന്ന എന്യൂമറേറ്ററുമായി അതു പങ്കുവയ്ക്കുകയും ചെയ്യണം. സെൽഫ് എന്യൂമറേഷൻ പൂർത്തിയാക്കാത്ത കുടുംബങ്ങൾ എന്യൂമറേറ്റർമാർ ഭവനസന്ദർശനത്തിനെത്തുന്പോൾ വിവരങ്ങൾ പങ്കുവച്ചാൽ മതി.
ഫീൽഡിലെത്തിയുള്ള ഹൗസ് ലിസ്റ്റിംഗ് വിവരശേഖരണം നിലവിൽ ഹിമാചൽപ്രദേശ്, ഗുജറാത്ത്, ജമ്മുകാഷ്മീർ, ലഡാക്ക്, പുതുച്ചേരി, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ പുരോഗമിക്കുകയാണ്.
ഏപ്രിൽ ഒന്നിന് ആരംഭിച്ച ഹൗസ് ലിസ്റ്റിംഗ് നടപടി രാജ്യത്ത് സെപ്റ്റംബർ 30 വരെയാണ് നടക്കുക. സെൻസിന്റെ രണ്ടാം നടപടിയായ ജനസംഖ്യാ കണക്കെടുപ്പ് അടുത്ത വർഷം ഫെബ്രുവരിയിലുണ്ടാകും.
ജാതിസംബന്ധമായ ചോദ്യങ്ങൾ സെൻസസിന്റെ രണ്ടാം ഘട്ടത്തിലുണ്ടാകുമെന്നും കേന്ദ്രം ആവർത്തിച്ചു.
Kerala
കൊച്ചി: സ്കൂള് വിദ്യാര്ഥികൾക്ക് ആദ്യ ടേമിലേക്ക് ആവശ്യമായ പാഠപുസ്തകങ്ങളുടെ അച്ചടി പൂര്ത്തിയായതായി കേരള ബുക്സ് ആന്ഡ് പബ്ലിക്കേഷന് സൊസൈറ്റി (കെബിപിഎസ്) മാനേജിംഗ് ഡയറക്ടര് സുനില് ചാക്കോ.
ആദ്യടേമിലേക്കായി 3,57,00,000 പുസ്തകങ്ങള് അച്ചടിക്കാനായിരുന്നു നിര്ദേശം. 2,86,00,000 പുസ്തകങ്ങളുടെ അച്ചടിയാണ് പൂര്ത്തിയാക്കിയത്. സ്കൂള് തുറന്ന് രണ്ടു മാസം കഴിഞ്ഞ് ആവശ്യമുള്ള പ്രവൃത്തിപരിചയ പാഠപുസ്തകങ്ങളും ആദ്യടേമിലെ അച്ചടി ഓര്ഡറിലുണ്ടായിരുന്നു. ഈ പുസ്തകങ്ങളുടെ അച്ചടി ജൂണ് ആദ്യം പൂര്ത്തിയാകുമെന്നും അദ്ദേഹം പറഞ്ഞു.
അച്ചടിച്ച പുസ്തകങ്ങള് ജില്ലാ ടെക്സ്റ്റ് ബുക്ക് ഹബ്ബുകളില് എത്തിച്ച് സ്കൂള് സൊസൈറ്റികള്ക്കു വിതരണം ചെയ്യുന്ന നടപടി അവസാനഘട്ടത്തിലാണ്.
അടുത്ത ഒരാഴ്ചയ്ക്കുള്ളില് തന്നെ വിതരണം പൂര്ത്തിയാക്കും വിധമാണ് ക്രമീകരണം. ജില്ലാ കേന്ദ്രങ്ങളില്നിന്ന് സ്കൂള് സൊസൈറ്റികള്ക്കുള്ള വിതരണം കുടുംബശ്രീ മുഖേനയാണു നടത്തിക്കൊണ്ടിരിക്കുന്നത്.
ഒന്നുമുതല് പത്തുവരെയുള്ള കുട്ടികള്ക്ക് രണ്ടു ഘട്ടങ്ങളിലായി ആകെ 5,59,00,000 പുസ്തകങ്ങളാണ് അച്ചടിക്കേണ്ടത്. രണ്ടാംടേമിലേക്കുള്ള പാഠപുസ്തകങ്ങളുടെ അച്ചടി ഉടന് തുടങ്ങും. പുറംചട്ട പേപ്പര് ലഭിക്കുന്നതില് തടസം നേരിട്ടെങ്കിലും അച്ചടിയെ കാര്യമായി ബാധിക്കാത്തരീതിയില് അതു പരിഹരിച്ചിരുന്നു.തമിഴ്, കന്നഡ, മൈനോറിറ്റി പാഠപുസ്തകങ്ങളുടെ അച്ചടിയും പൂര്ത്തിയായി.
അതേസമയം, പേപ്പറുകളുടെ ലഭ്യതക്കുറവുമൂലം പാഠപുസ്തകങ്ങളുടെ അച്ചടി വൈകുന്നുവെന്ന് കെബിപിഎസ് സ്റ്റാഫ് ആന്ഡ് വര്ക്കേഴ്സ് യൂണിയന് (ഐഎന്ടിയുസി) പ്രസിഡന്റ് കെ.കെ. ഇബ്രാഹിംകുട്ടി ആരോപിച്ചു. ആറ്, ഏഴ്, എട്ട്, ഒന്പത് ക്ലാസുകളിലെ പാഠപുസ്തകങ്ങളുടെ അച്ചടിയാണ് ഇനി നടക്കാനുള്ളത്.
തമിഴ്നാട്ടിലെ ന്യൂസ്പ്രിന്റ് ഫാക്ടറികള്ക്കു ലോട്ടറി, പുസ്തകം എന്നിവ അച്ചടിച്ചതില് 400 കോടിയോളം രൂപ കഴിഞ്ഞ പിണറായി സര്ക്കാര് നല്കാനുണ്ട്. ഈ കുടിശിക നിലനില്ക്കുന്നതിനാല് അച്ചടിക്കുള്ള പേപ്പറുകള് നല്കാന് പ്രിന്റിംഗ് പ്രസുകള് വിസമ്മതിച്ചതാണ് പ്രതിസന്ധിക്കു കാരണമായതെന്നും അദ്ദേഹം പറഞ്ഞു.
Kerala
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര് രത്തന് ഖേല്ക്കര്. പോളിംഗ് ദിനമായ ഒമ്പതിന് ശമ്പളത്തോടുകൂടിയ അവധി പ്രഖ്യാപിച്ചു.
ആകെ 2,71,42,952 വോട്ടർമാരാണ് സംസ്ഥാനത്തുള്ളത്. 883 സ്ഥാനാർഥികൾ മത്സരരംഗത്തുണ്ട്. തെരഞ്ഞെടുപ്പിനായി 30,471 പോളിംഗ് സ്റ്റേഷനുകളും 24 ഓക്സിലറി ബൂത്തുകളും സജ്ജീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 1200ൽ അധികം വോട്ടർമാരുള്ള ബൂത്തുകൾക്ക് പ്രത്യേക ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുണ്ട്.
352 ബൂത്തുകൾ വനിതകൾ നിയന്ത്രിക്കുന്നതും 37 ബൂത്തുകൾ ഭിന്നശേഷിക്കാർ നിയന്ത്രിക്കുന്നതുമാണ്. വീട്ടിൽ വോട്ട് ചെയ്യാനുള്ള സൗകര്യം ഉപയോഗിച്ച് 98 ശതമാനം പേർ ഇതിനകം വോട്ട് രേഖപ്പെടുത്തിയെന്നും പോസ്റ്റൽ വോട്ടുകളിൽ 95 ശതമാനവും പൂർത്തിയായെന്നും രത്തൻ ഖേൽക്കർ അറിയിച്ചു.
പോളിംഗ് ഉദ്യോഗസ്ഥരിൽ 40 ശതമാനം പേർ ഇതിനകം വോട്ട് രേഖപ്പെടുത്തി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 46.71 കോടി രൂപയുടെ പിടിച്ചെടുത്തെന്നും അധികൃതർ അറിയിച്ചു. 29ന് വൈകുന്നേരം 6.30 വരെ എക്സിറ്റ് പോളുകൾ പ്രസിദ്ധീകരിക്കാൻ വിലക്കുണ്ടെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര് അറിയിച്ചു.
Kerala
പീരുമേട്: ഘടകകക്ഷികളുമായുള്ള ചര്ച്ചകള് വേഗത്തില് പൂര്ത്തിയാക്കുമെന്ന് എഐസിസി ജനറല് സെക്രട്ടറി കെ.സി.വേണുഗോപാല്. രാഹുല്ഗാന്ധിയോടൊപ്പം ജില്ലയിലെത്തിയ അദ്ദേഹം മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു.
നൂറിലധികം സീറ്റുകള് നേടി ജയിക്കാവുന്ന രാഷ്ട്രീയ കാലാവസ്ഥയാണ് നിലവിലുള്ളത്. സിറ്റിംഗ് എംപിമാര് മത്സരിക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് പ്രചരണത്തില് രാഹുല് ഗാന്ധി മുന്നില് തന്നെയുണ്ടാകും. സര്ക്കാരിനെതിരെയുള്ള വികാരമായിരുന്നു പുതുയുഗ യാത്ര.
ജനം യുഡിഎഫിന് വിജയിപ്പിക്കാന് തയാറായി നില്ക്കുകയാണ്. അതിന്റെ സ്പിരിറ്റ് കളയുന്ന ഒരു സമീപനവും ആരില് നിന്നും ഉണ്ടാകാന് പാടില്ല.എല്ലാ തലങ്ങളിലും ചര്ച്ച നടത്തിയാകും സ്ഥാനാര്ത്ഥികളെ പ്രഖ്യാപിക്കുകയെന്നും കെ.സി.വേണുഗോപാല് പറഞ്ഞു.
Kerala
തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. കേരളത്തിലും ഗൾഫിലും ലക്ഷദ്വീപിലുമായുള്ള 3,047 പരീക്ഷാ കേന്ദ്രങ്ങളിലായി 4,18,516വിദ്യാർഥികളാണ് പരീക്ഷയ്ക്കായി രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഈ മാസം അഞ്ചു മുതലാണ് പരീക്ഷ.
ഉത്തരക്കടലാസുകളുടെ വിതരണം പൂർത്തിയായി. ചോദ്യപേപ്പർ 41 ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലും എത്തിച്ചതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. പരീക്ഷയ്ക്ക് ആവശ്യമായ ചീഫ് സൂപ്രണ്ട്, ഡെപ്യൂട്ടി ചീഫ് സൂപ്രണ്ട് എന്നിവരുടെ നിയമനം പൂർത്തീകരിച്ചു.
എസ്എസ്എൽസി പരീക്ഷയുടെ ഇൻവിജിലേഷൻ ജോലിക്കായുള്ളത് 26,000 അധ്യാപകരാണ്. ഈ മാസം 30ന് എസ്എസ്എൽസി പരീക്ഷ പൂർത്തിയാക്കിയശേഷം ഏപ്രിൽ ഏഴിന് മൂല്യനിർണയം ആരംഭിച്ച് 28ന് പൂർത്തിയാക്കും. മേയ് മൂന്നാംവാരത്തിനുള്ളിൽ ഫലപ്രഖ്യാപനം നടത്തും.
Kerala
തിരുവനന്തപുരം: തീവ്ര വോട്ടർപട്ടിക പരിഷ്കരണം (എസ്ഐആർ)അവസാനിപ്പിക്കുന്നതിന്റെ ഭാഗമായുള്ള ഹിയറിംഗ് നടപടികൾ അന്തിമഘട്ടത്തിലേക്ക്.
ഇന്നലെ വൈകുന്നേരം വരെയുള്ള കണക്കുകൾ അനുസരിച്ച് സംസ്ഥാനത്തെ 122 നിയോജക മണ്ഡലങ്ങളിൽ നോട്ടീസ് നൽകിയവരുടെ ഹിയറിംഗ് പൂർത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ ഡോ. രത്തൻ യു. കേൽക്കർ പറഞ്ഞു.
അവശേഷിക്കുന്ന 18 നിയോജക മണ്ഡലങ്ങളിൽ അടുത്ത ദിവസം തന്നെ നടപടി പൂർത്തീകരിക്കാൻ ആവശ്യമായ നിർദേശം നൽകിയിട്ടുണ്ട്. നോട്ടീസ് നൽകിയ എല്ലാവരെയും കൃത്യമായി ഹിയറിംഗ് നടത്തി ഒരു വോട്ടറുടെ അവകാശം പോലും നിഷേധിക്കാതെ വോട്ടർ പട്ടിക പരിഷ്കരിക്കുന്നതിനാണ് പ്രഥമ പരിഗണന നൽകിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
തിങ്കളാഴ്ച രാവിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ മാധ്യമ പ്രവർത്തകരെ കാണും. ചൊവ്വാഴ്ച രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗവും ചേരും.
നിയമസഭാ തെരഞ്ഞെടുപ്പു മുന്നൊരുക്കങ്ങൾ വിലയിരുത്താൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ 22നും 23നും കേരളത്തിലെത്തും.
Kerala
കോട്ടയം: കാരിത്താസ് ആശുപത്രിയിലെ ജീവനക്കാരുടെ ക്ഷേമത്തിനായി ആശുപത്രി മാനേജ്മെന്റിന്റെ നേതൃത്വത്തില് നടപ്പിലാക്കി വരുന്ന ഭവനപദ്ധതി പൂര്ത്തീകരിച്ചു.
ആദ്യഘട്ട വീടുകളുടെ താക്കോല് കൈമാറിയതായി കാരിത്താസ് ആശുപത്രി ഡയറക്ടര് റവ. ഡോ. ബിനു കുന്നത്ത് അറിയിച്ചു. കാരിത്താസ് ആശുപത്രി ജീവനക്കാര്ക്കായി ഏര്പ്പെടുത്തിയിരിക്കുന്ന എച്ച് എസ്ഡബ്ലിയു (ഹെല്ത്ത് സേഫ്റ്റി വെല്ബീയിംഗ്) എന്ന പദ്ധതിയില് ഉള്പ്പെടുത്തിയാണ് ജീവനക്കാര്ക്കായി ഭവനപദ്ധതി നടപ്പിലാക്കിയത് .
സ്വന്തമായി ഭൂമിയുണ്ടായിട്ടും വീടില്ലാതിരുന്ന ജീവനക്കാര്ക്ക് വേണ്ടിയാണ് ഭവന പദ്ധതി. 10 ജീവനക്കാര്ക്കാണ് ആദ്യഘട്ടത്തില് വീടുകള് നല്കുന്നത്. രണ്ട് കിടപ്പുമുറികളും ഒരു ഹാളും ഒരു അടുക്കളയും ഒരു ബാത്റൂമുമാണ് ഭവനപദ്ധതിയിലുള്ളത്.
ഭവന പദ്ധതിയില് ഉള്പ്പെട്ട10 വീടുകളില് അഞ്ച് വീടുകളുടെ പണി പൂര്ത്തീകരിച്ച് താക്കോല് കൈമാറി. മൂന്ന് വീടുകളുടെ പണി അവസാനഘട്ടത്തിലാണ്. രണ്ടെണ്ണത്തിന്റെ പണികള് പുരോഗമിക്കുകയുമാണെന്നും കാരിത്താസ് ആശുപത്രി ഡയറക്ടര് റവ. ഡോ. ബിനു കുന്നത്ത് അറിയിച്ചു.
കാരിത്താസ് ആശുപത്രിയിലെ എല്ലാ ജീവനക്കാര്ക്കും അനുകൂലമായ തൊഴില് സാഹചര്യം സൃഷ്ടിക്കുന്നതിലും പിന്തുണ നല്കുന്നതിലും മാനേജ്മെന്റ് എന്നും പ്രതിജ്ഞാബദ്ധമാണ്. കാരിത്താസിലെ എല്ലാ ജീവനക്കാര്ക്കും ആരോഗ്യ പരിശോധനാ പാക്കേജുകള് ഉറപ്പുവരുത്താറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
കഴിഞ്ഞ മൂന്ന് വര്ഷമായി ഗ്രേറ്റ് പ്ലേസ് ടു വര്ക്ക് സര്ട്ടിഫിക്കറ്റ് നേടി മുന്നോട്ട് പോകുന്ന സ്ഥാപനമാണ് കാരിത്താസ് ആശുപത്രി . ആശുപതിയിലെ ജീവന ക്കാരെയും കുടുംബാംഗങ്ങളെയും ചേര്ത്ത് പിടിക്കുന്ന സമീപനമാണ് മാനേജ്മെന്റ് കൈക്കൊണ്ടുവരുന്നതെന്ന് റവ.ഡോ. ബിനു കുന്നത്ത് പറഞ്ഞു.
Kerala
തിരുവനന്തപുരം: കേരളത്തിന്റെ സാമൂഹിക പുരോഗതിയുടെ ചരിത്രത്തെ അടിസ്ഥാനപ്പെടുത്തിയുള്ള വിജ്ഞാന യാത്ര-ചീഫ് മിനിസ്റ്റേഴ്സ് മെഗാക്വിസ് മത്സരം സംസ്ഥാന വ്യാപകമായി 12ന് രാവിലെ 11 ന് ആരംഭിക്കും. സ്കൂൾ കോളജ് വിദ്യാർഥികൾക്കുള്ള പ്രാഥമികതല മത്സരങ്ങളുടെ ഒരുക്കങ്ങൾ പൂർത്തിയായി. 12,000ത്തോളം സ്കൂളുകളിലും 1200ലധികം കോളജുകളിലും നടക്കുന്ന ക്വിസ് മത്സരത്തിൽ അഞ്ചു ലക്ഷത്തിലധികം വിദ്യാർഥികൾ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഓൺലൈൻ രജിസ്ട്രേഷൻ പൂർത്തിയാക്കിയ സ്കൂളുകളും കോളജുകളും രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പരിലേക്ക് ലഭിക്കുന്ന എസ്എംഎസ് മുഖേന യൂസർനെയിമും പാസ്വേഡും സെറ്റ് ചെയ്യണം. തുടർന്ന് www. cmmegaquiz.kerala.gov.in എന്ന വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് വിവരങ്ങൾ പരിശോധിക്കണം. സ്കൂൾ, കോളജ് നോഡൽ ഓഫീസർ 12ന് രാവിലെ 10.30ന് ഐഡിയിൽ ലോഗിൻ ചെയ്ത് രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പരിലേക്ക് ലഭിക്കുന്ന ഒടിപി ഉപയോഗിച്ച് ചോദ്യ പേപ്പർ ഡൗൺലോഡ് ചെയ്യണം. രാവിലെ 11.10 ഓടെ ഉത്തരസൂചികയും ഡൗൺലോഡ് ചെയ്യാം. മത്സരാർഥികളുടെ ഇരിപ്പിടങ്ങൾ രാവിലെ 10.30നകം സജ്ജമാക്കണം. മത്സരം പൂർണമായും എഴുത്തു പരീക്ഷയായിരിക്കും. എല്ലാ ക്ലാസുകളിലും മത്സരം നടക്കും.
പ്രാഥമിക മത്സരത്തിനായി 30 ചോദ്യങ്ങളും ടൈബ്രേക്കർ സെഷനായി 10 ചോദ്യങ്ങളുമാണുള്ളത്. മൂല്യനിർണയം പൂർത്തിയാക്കി വിജയികളെ പ്രഖ്യാപിക്കും. വീണ്ടും സമനില വന്നാൽ, പ്രാഥമിക 30 ചോദ്യങ്ങളിലെ നക്ഷത്ര ചിഹ്നം നൽകിയ ചോദ്യങ്ങൾക്ക് ശരിയായ ഉത്തരം നൽകിയവരെ വിജയികളായി പരിഗണിക്കും. ക്വിസിന്റെ പഠനസഹായ സാമഗ്രിയായ എന്റെ കേരളം പ്രത്യേക പതിപ്പിന്റെ ഡിജിറ്റൽ കോപ്പി വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാം.
സംസ്ഥാനത്തെ 8 മുതൽ 12 വരെ ക്ലാസുകളിലുള്ള വിദ്യാർഥികൾക്കും സർവകലാശാല, കോളജ് വിദ്യാർഥികൾക്കും പ്രത്യേകം മത്സരങ്ങളാണ് നടത്തുന്നത്. സ്കൂൾതല മത്സര വിജയികൾക്ക് ഒന്നാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും രണ്ടാം സമ്മാനമായി മൂന്ന് ലക്ഷം രൂപയും മൂന്നാം സമ്മാനമായി രണ്ട് ലക്ഷം രൂപയും ലഭിക്കും. കോളജ്തല മത്സര വിജയികൾക്ക് ഒന്നാം സമ്മാനമായി മൂന്നു ലക്ഷം രൂപയും രണ്ടാം സമ്മാനമായി രണ്ടു ലക്ഷം രൂപയും മൂന്നാം സമ്മാനമായി ഒരു ലക്ഷം രൂപയും നൽകും. മെമന്റോ, പ്രശസ്തി പത്രം എന്നിവയും വിജയികൾക്ക് ലഭിക്കും.
സ്കൂൾ തലത്തിൽ സ്കൂൾ, വിദ്യാഭ്യാസ ജില്ല, ജില്ല, സംസ്ഥാന തലങ്ങളിലാണ് മത്സരം സംഘടിപ്പിക്കുക. ഈ മത്സരങ്ങളിലുണ്ടാവുന്ന വിദ്യാർഥികളുടെ പ്രാതിനിധ്യം വലിയ ചരിത്രമാകും. സ്കൂൾ തലത്തിൽ വ്യക്തിഗതമായി നടത്തുന്ന മത്സരത്തിനു ശേഷം വിദ്യാഭ്യാസ ജില്ല മുതൽ മത്സരം ടീമുകളാകും മത്സരിക്കുക. കോളജ് വിഭാഗത്തിൽ കോളജ്, ജില്ല, സംസ്ഥാന തലങ്ങളിലായിരിക്കും മത്സരം. കോളജ് തലത്തിൽ വ്യക്തിഗതമായും പിന്നീട് ടീമായും മത്സരിക്കാവുന്ന രീതിയിലാണ് ക്രമീകരിച്ചിട്ടുള്ളത്. സംസ്ഥാന തലത്തിൽ നടക്കുന്ന ഗ്രാൻഡ് ഫിനാലെയിലൂടെ ഇരു വിഭാഗങ്ങളിലെയും അന്തിമ വിജയിയെ കണ്ടെത്തും.
ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് പൊതുവിദ്യാഭ്യാസ വകുപ്പും ഉന്നത വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ചാണ് ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ് മത്സരം സംഘടിപ്പിക്കുന്നത്.