റോം: നിർമിതബുദ്ധി (എഐ) സാങ്കേതികവിദ്യ മാനവരാശിക്കു ഭീഷണിയാകുമെന്ന വിദഗ്ധരുടെ മുന്നറിയിപ്പുകളെ ഗൗരവത്തോടെ കാണുന്നുണ്ടെങ്കിലും തനിക്ക് ആശങ്കയില്ലെന്ന് ലെയോ പതിനാലാമൻ മാർപാപ്പ. ഫ്രാൻസിലെ നാലുദിവസത്തെ സന്ദർശനം പൂർത്തിയാക്കി മെറ്റ്സിൽനിന്നു റോമിലേക്ക് മടങ്ങുന്നതിനിടെ വിമാനത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എഐ സാങ്കേതികവിദ്യ മനുഷ്യകുലത്തിന്റെ നാശത്തിനു വഴിവയ്ക്കുമെന്ന വാദങ്ങൾ വെറും വ്യാജവാർത്തയല്ലെന്ന് മാർപാപ്പ ചൂണ്ടിക്കാട്ടി. എഐ വികസനത്തിൽ മനുഷ്യന്റെ നിയന്ത്രണം തെറ്റിപ്പോകാതിരിക്കാനും ഇതുസംബന്ധിച്ച് കൂടുതൽ പഠനങ്ങൾ നടത്താനുമായി വത്തിക്കാൻ പ്രത്യേക കമ്മിഷൻ രൂപീകരിച്ചിട്ടുണ്ട്. വരാനിരിക്കുന്ന അപകടങ്ങൾ കണ്ടില്ലെന്നു നടിക്കാനാകില്ല. എഐ മാനവരാശിയെ നശിപ്പിക്കുന്ന ഘട്ടത്തിലേക്ക് എത്താതിരിക്കാൻ കർശനമായ നിയന്ത്രണങ്ങളും സംവാദങ്ങളും ആവശ്യമാണെന്നും മാർപാപ്പ പറഞ്ഞു.
ലൂർദ് സന്ദർശനത്തിനിടെ ദയാവധത്തിനെതിരേ സംസാരിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിന്, സഭയുടെ സാമൂഹിക ദർശനം വ്യക്തമാക്കുക മാത്രമാണു ചെയ്തതെന്നും രാഷ്ട്രീയത്തിൽ ഇടപെട്ടിട്ടില്ലെന്നും മാർപാപ്പ മറുപടി നൽകി. രോഗവും വേദനയും സഹിക്കുന്ന ഓരോ വ്യക്തിയുടെയും ജീവിതത്തിന് വലിയ മൂല്യമുണ്ടെന്നാണു സഭ വിശ്വസിക്കുന്നതെന്നു മാർപാപ്പ വ്യക്തമാക്കി.
അർഥശൂന്യമായ യുദ്ധങ്ങൾ അവസാനിപ്പിക്കാൻ റഷ്യയും യുക്രെയ്നും ചർച്ചയുടെ മേശപ്പുറത്തേക്കു വരണമെന്ന് മാർപാപ്പ ആവശ്യപ്പെട്ടു. ആയുധക്കച്ചവടത്തിലൂടെ കോടികൾ കൊയ്യുന്ന ചിലരുടെ സ്വാർഥതയാണ് ഇത്തരം യുദ്ധങ്ങൾ നീണ്ടുപോകാൻ കാരണം.
ആയുധ നിർമാണത്തിനായി ഒഴുക്കുന്ന പണം ലോകത്തിലെ പട്ടിണിയും ഭവനരഹിതരുടെ പ്രശ്നങ്ങളും തൊഴിലില്ലായ്മയും പരിഹരിക്കാൻ ഉപയോഗിക്കണം. സമാധാനവും മാനവികതയും മുൻനിർത്തി സഭ എപ്പോഴും ശബ്ദമുയർത്തും. ആയുധങ്ങൾ ഉപയോഗിച്ച് കാര്യങ്ങൾ അടിച്ചേൽപ്പിക്കുന്നതിനു പകരം സംഭാഷണങ്ങളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാൻ നേതാക്കൾ തയാറാകണമെന്നും മാർപാപ്പ ആവശ്യപ്പെട്ടു.