തൃശൂർ: യുഎൻഎ സമരത്തിന്റെ പേരിൽ ജൂബിലി മിഷൻ ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിന്റെ പ്രവേശനകവാടം തടഞ്ഞനടപടി തീർത്തും പ്രതിഷേധാർഹമാണെന്ന് ആശുപത്രി സംരക്ഷണ സമിതി. പാവപ്പെട്ട രോഗികളുടെ ജീവൻ പണയംവച്ചുകൊണ്ട് നടത്തുന്ന ഇത്തരം അക്രമസമരങ്ങളിൽ പങ്കെടുക്കുന്നവർക്കെതിരേ അടിയന്തര നിയമനടപടികൾ സ്വീകരിക്കണമെന്ന് സമിതി മാനേജ്മെന്റിനോട് ആവശ്യപ്പെട്ടു.
യുഎൻഎയുടെ ആഭ്യന്തര പ്രശ്നങ്ങളിൽനിന്ന് ശ്രദ്ധ തിരിച്ചുവിടാൻ ഹൈക്കോടതി വിധിയെപ്പോലും അവഗണിച്ച് സമരം നടത്തുന്നവർക്കെതിരേ തൃശൂരിലെ പൊതുസമൂഹം ശക്തമായി രംഗത്തുവരണമെന്ന് യോഗം അഭ്യർഥിച്ചു.
മിനിമം വേതന വർധനവിനുവേണ്ടി സെക്രട്ടറിയേറ്റിലേക്കും കളക്ടറേറ്റുകളിലേക്കും മാർച്ച് നടത്തുന്നതിനുപകരം, ബിഷപ്ഹൗസിലേക്കും ആശുപത്രിയിലേക്കും സമരം നടത്തുന്നവരുടെ യഥാർഥലക്ഷ്യം മിഷൻ ആശുപത്രി അടച്ചുപൂട്ടിക്കുക എന്നതാണെന്നു സമിതി ആരോപിച്ചു.
തൃശൂരിൽ മറ്റു പല ആശുപത്രികളിലും കുറഞ്ഞ വേതനം നൽകുമ്പോൾ അവിടെയൊന്നും സമരം ചെയ്യാതിരിക്കുകയും, താരതമ്യേന കൂടിയ ശമ്പളം നൽകുന്ന സ്ഥാപനങ്ങളിൽ സമരം നടത്തുകയും ചെയ്യുന്ന യുഎൻഎ, വിശ്വാസികളുടെ ക്ഷമയെ പരീക്ഷിക്കരുതെന്നും യോഗം മുന്നറിയിപ്പ് നൽകി.
വികാരി ജനറൽ മോൺ. ജെയ്സൺ കൂനംപ്ലാക്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ കത്തോലിക്ക കോൺഗ്രസ് ഡയറക്ടർ ഫാ. ഫ്രാൻസിസ് പള്ളിക്കുന്നത്ത്, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ജോഷി വടക്കൻ, ഏകോപനസമിതി സെക്രട്ടറി ഷിന്റോ മാത്യു, ഷെവ. അഡ്വ. ബിജു കുണ്ടുകുളം, ജോജു മഞ്ഞില, ജോർജ് ചിറമ്മൽ, എൻ.പി. ജാക്സൺ, അലോഷ്യസ് കുറ്റിക്കാട്ട്, ഡിൽജോ തരകൻ തുടങ്ങിയവർ പ്രസംഗിച്ചു.