നിക്ഷേപകരെ ഞെട്ടിച്ച് ഓഹരി സൂചിക വീണ്ടും ഇടിഞ്ഞു. ജനുവരിയിൽ സൂചന നൽകിയതാണു വിപണിയിൽ സംഭവിക്കുന്ന ദുർബലാവസ്ഥയെ കുറിച്ച്. പിന്നിട്ടവാരം സെൻസെക്സ് 4355 പോയിന്റും നിഫ്റ്റി സൂചിക 1299 പോയിന്റും ഇടിഞ്ഞു, അഞ്ച് ശതമാനം തകർച്ചയാണ് ഒറ്റ ആഴ്ചയിൽ. ഒരു മാസകാലയവിൽ മുൻനിര സൂചികകൾ ഒമ്പത് ശതമാനം ഇടിഞ്ഞു.
പശ്ചിമേഷ്യൻ സംഘർഷത്തിനിടയിൽ ഇന്ത്യൻ ഓഹരി വിപണിയുടെ മൂല്യത്തിൽ 29.54 ലക്ഷം കോടി രൂപയുടെ ഇടിവ്. ഫെബ്രുവരി അവസാനം വിപണി മൂല്യം ഏകദേശം 463.26 ലക്ഷം കോടി രൂപയായിരുന്നു. കഴിഞ്ഞവാരം വിപണി മൂല്യത്തിൽ വീണ്ടും 15.9 ലക്ഷം കോടി രൂപ കുറഞ്ഞു.
മധ്യപൂർവേഷ്യയിലെ സംഘർഷാവസ്ഥ കണക്കിലെടുത്തു വിദേശ ഓപ്പറേറ്റർമാർ ബാധ്യതകൾ നിത്യേന വിറ്റു. തുടർച്ചയായ നാലാം വാരമാണ് അവർ വില്പനയിൽ നിലകൊള്ളുന്നത്. പിന്നിട്ടവാരം 35,052.03 കോടി രൂപയുടെ ഓഹരികൾ വിറ്റു. ഈ മാസം അവർ ഇതിനകം 56,883 കോടി രൂപയുടെ വില്പന നടത്തി. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ 59,899 കോടിയുടെ വില്പന നടത്തിയ ശേഷം ആദ്യമായാണ് ഇത്ര കനത്ത തോതിൽ ഓഹരികൾ അവർ വിറ്റഴിക്കുന്നത്. പിന്നിട്ട മാസം അവരുടെ വില്പന 6640 കോടി രൂപ മാത്രമായിരുന്നു. ആഭ്യന്തര ഫണ്ടുകൾ പോയവാരം 37,739.78 കോടി രൂപയുടെ ഓഹരികൾ വാങ്ങി.
വിദേശ ഇടപാടുകാർ രൂപ വിറ്റ് ഡോളർ ശേഖരിച്ചതും മധ്യപൂർവേഷ്യയിലെ സംഘർഷ സാഹചര്യവും രൂപയിൽ സമ്മർദം ഉളവാക്കി. രൂപ 91.90 ൽ നിന്നും റിക്കാർഡ് തകർച്ചയായ 92.47ലേക്ക് ഇടിഞ്ഞ ശേഷം വ്യാപാരാന്ത്യം 92.45 ലാണ്. ഡെയ്ലി ചാർട്ട് വിലയിരുത്തിയാൽ രൂപയുടെ മൂല്യം 93.25ലേക്ക് ദുർബലമാകാം.
നിഫ്റ്റിയുടെ പ്രകടനം
മുൻനിര, രണ്ടാം നിര ഓഹരികളിൽ അലയടിച്ച വില്പന തരംഗത്തിൽ നിഫ്റ്റി സൂചിക മുൻവാരം സൂചിപ്പിച്ച 23,162ലെ സപ്പോർട്ട് തകർത്ത് 23,119ലേക്ക് ഇടിഞ്ഞെങ്കിലും വ്യാപാരാന്ത്യം 23,151 പോയിന്റിലാണ്. ഈ വാരം 22,748 പോയിന്റിൽ ആദ്യ താങ്ങുണ്ട്, അത് നഷ്ടപ്പെട്ടാൽ 22,345ൽ സപ്പോർട്ട് കണ്ടെത്താം. വിപണി തിരിച്ചുവരവിനു ശ്രമിച്ചാൽ 23,924 - 24697ൽ തടസം നേരിടാം.
നിഫ്റ്റിയുടെ മറ്റ് സാങ്കേതിക വശങ്ങൾ വീക്ഷിച്ചാൽ സൂപ്പർ ട്രെൻഡും പാരാബോളിക്ക് എസ്എആറും എംഎസിഡിയും ദുർബലാവസ്ഥയിലേയ്ക്ക് മുഖം തിരിച്ചു. അതേസമയം സ്റ്റോക്കാസ്റ്റിക്ക് ആർഎസ്ഐ, സ്റ്റോക്കാസ്റ്റിക്ക് ഫാസ്റ്റ് തുടങ്ങിയവ ഓവർ സോൾഡ് മേഖലയിലേക്ക് നീങ്ങിയത് ഒരു വിഭാഗം ഫണ്ടുകളെ താഴ്ന്ന റേഞ്ചിൽ പുതിയ നിക്ഷേപത്തിനു പ്രേരിപ്പിക്കാം.
നിഫ്റ്റി മാർച്ച് ഫ്യൂച്ചേഴ്സ് 23,199ലാണ്. പിന്നിട്ടവാരം അഞ്ചര ശതമാനം ഇടിവ് സംഭവിച്ചു. തിരിച്ചുവരവിന്റെ സൂചനകൾ ഇനിയും തെളിയാത്തതിനാൽ നിലവിലെ ഡൗൺ ട്രെൻഡിൽ മാർച്ച് സീരീസ് 22,700 - 22,200ലേക്ക് നീങ്ങാം. മുന്നേറിയാൽ നിലവിൽ 24,400ൽ തടസം നേരിടാം. ഫ്യൂച്ചേഴ്സ് മാർച്ച് സീരീസ് ഓപ്പൺ ഇന്ററസ്റ്റ് 157 ലക്ഷം കരാറുകളിൽ നിന്നും 200 ലക്ഷത്തിലേക്ക് കയറി.
സെൻസെക്സ് പ്രകടനം
സെൻസെക്സ് 78,918ൽ നിന്നും കൂടുതൽ മികവിനു ശ്രമിച്ചെങ്കിലും കളംപിടിക്കാനായില്ല. ഇതിനിടയിലെ വില്പന സമ്മർദത്തിൽ വെള്ളിയാഴ്ച 74,470 പോയിന്റിലേക്കു താഴ്ന്ന വ്യാപാരാന്ത്യം 74,563ലാണ്. ഈവാരം 77,094ലാണ്. ആദ്യ പ്രതിരോധം മറികടന്നാൽ 79,625നെ ലക്ഷ്യമാക്കാം, വില്പന സമ്മർദം തുടർന്നാൽ 73,251 – 71,929 പോയിന്റിൽ താങ്ങുണ്ട്.
സ്വർണവിലയിൽ ചാഞ്ചാട്ടം
രാജ്യാന്തര വിപണിയിൽ സ്വർണത്തിനു ദീർഘകാല സപ്പോർട്ട് നഷ്ടപ്പെടുന്നു. ന്യൂയോർക്കിൽ 5167 ഡോളറിൽ നീങ്ങിയ സ്വർണം വാരമധ്യം 5236ലേക്ക് കയറി. ഇതിനിടയിൽ യുഎസ് ഡോളർ സൂചികയിലെ മികവ് കണ്ട് ഫണ്ടുകൾ സ്വർണം വിറ്റ് ഡോളറിനായി ഉത്സാഹിച്ചു. ഒക്ടോബറിൽ നിന്നുള്ള ട്രെൻഡ് ലൈൻ സപ്പോർട്ട് വാരാന്ത്യം സ്വർണത്തിന് നഷ്ടപ്പെട്ട് 5009 ഡോളർ വരെ ഇടിഞ്ഞ ശേഷം 5018ലാണ്. ഇനി മുന്നേറാൻ ശ്രമിച്ചാൽ 5137 ഡോളറിൽ പ്രതിരോധം തല ഉയർത്താൻ ഇടയുള്ളതിനാൽ കരുതലോടെ പുതിയ വാങ്ങലുകൾക്ക് മുതിരുക.
ആഭ്യന്തര സ്വർണ വില മൂന്നാഴ്ചയായി പത്ത് ഗ്രാമിന് 1.58 - 1.64 ലക്ഷം രൂപ റേഞ്ചിലാണ്. മാർച്ച് ആദ്യം 1.70ലേക്ക് ഒരു വേള അടുത്തെങ്കിലും വാങ്ങലുകാരുടെ പിന്തുണ ഉറപ്പ് വരുത്താനായില്ല. ദീർഘ കാലയളവിലേക്കുള്ള വാങ്ങൽ താത്പര്യം കുറയുന്നതു കണക്കിലെടുത്താൽ 1.58 ലക്ഷത്തിലെ സപ്പോർട്ട് മഞ്ഞലോഹത്തിനു നഷ്ടപ്പെട്ടാൽ 1.50 ലക്ഷത്തിലേക്ക് തിരുത്തൽ പ്രതീക്ഷിക്കാം.