സമൂഹ മാധ്യമ പ്ലാറ്റ്ഫോമായ എക്സ് തങ്ങളുടെ കൺഡന്റ് ക്രിയേറ്റർമാർക്കുള്ള മോണിറ്റൈസേഷൻ നിയമങ്ങൾ കൂടുതൽ കർശനമാക്കുന്നു. മറ്റുള്ളവരുടെ പോസ്റ്റുകളും വീഡിയോകളും അനുവാദമില്ലാതെ പകർത്തി പണമുണ്ടാക്കുന്നവർക്കും, വ്യാജമായി എൻഗേജ്മെന്റ് കൂട്ടുന്നവർക്കുമെതിരെയാണ് എക്സിന്റെ പുതിയ നീക്കം. ഇതിനായി തങ്ങളുടെ ഏറ്റവും പുതിയ 'ഗ്രോക്ക്' മോഡലാണ് എക്സ് രംഗത്തിറക്കിയിരിക്കുന്നത്.
പുതിയ ഗ്രോക്ക് എഐ മോഡലിന് മുൻപത്തെക്കാൾ മൂന്നിരട്ടി വേഗതയിൽ കോപ്പിയടിച്ച പോസ്റ്റുകൾ കണ്ടെത്താനാകുമെന്ന് എക്സ് വ്യക്തമാക്കി. മോഷ്ടിക്കപ്പെട്ട വീഡിയോകൾ മാത്രമല്ല, വലിയ രീതിയിൽ വൈറലാകുന്ന ടെക്സ്റ്റ് പോസ്റ്റുകൾ ക്രെഡിറ്റ് നൽകാതെ റീപോസ്റ്റ് ചെയ്താലും ഈ എഐ സംവിധാനം കൃത്യമായി കണ്ടെത്തും.
യഥാർഥ വീഡിയോകളിൽ വാട്ടർമാർക്കോ, സ്വന്തം ഇൻട്രോയോ , മറ്റ് എഡിറ്റിങ്ങുകളോ ചേർത്ത് സ്വന്തമെന്ന രീതിയിൽ പ്രചരിപ്പിക്കാൻ ശ്രമിച്ചാലും ഇനി രക്ഷയുണ്ടാകില്ല. ഇത്തരം പോസ്റ്റുകൾക്ക് ലഭിക്കുന്ന വ്യൂസ് എഐ തിരിച്ചറിയും.
മറ്റുള്ളവരുടെ പോസ്റ്റുകൾ മോഷ്ടിച്ച് പങ്കുവെക്കുന്ന പോസ്റ്റുകളിൽ നിന്നുള്ള പരസ്യവരുമാനം ഇനി മുതൽ ആ പോസ്റ്റുകളുടെ യഥാർഥ ഉടമസ്ഥർക്ക് നൽകുമെന്ന് എക്സ് അറിയിച്ചു.
കഴിഞ്ഞ പരിശോധനയിൽ മാത്രം ഇത്തരത്തിൽ മോഷ്ടിക്കപ്പെട്ട 1.5 ദശലക്ഷം പോസ്റ്റുകൾ കണ്ടെത്തിയതായും, ഇതിലൂടെ ലഭിച്ച 1 മില്യൺ ഡോളറിലധികം (ഏകദേശം 8.3 കോടിയിലധികം രൂപ) തുക യഥാർഥ ക്രിയേറ്റർമാരിലേക്ക് എക്സ് തിരിച്ചുവെച്ചതായും എക്സിന്റെ പ്രൊഡക്ട് ഹെഡ് നികിത ബിയർ വെളിപ്പെടുത്തി.
'ഫോളോ ചെയ്താൽ തിരിച്ചു ഫോളോ ചെയ്യാം' തുടങ്ങിയ വാഗ്ദാനങ്ങൾ നൽകി കൃത്രിമമായി ലൈക്കുകളും കമന്റുകളും കൂട്ടുന്ന അക്കൗണ്ടുകൾക്കെതിരെയും നടപടിയുണ്ടാകും. മൂന്നിൽ കൂടുതൽ തവണ ഇത്തരത്തിലുള്ള എൻഗേജ്മെന്റ് ട്രിക്കുകൾ ഉപയോഗിക്കുന്ന ക്രിയേറ്റർമാരെ എക്സിന്റെ റവന്യൂ ഷെയറിങ് പ്രോഗ്രാമിൽ നിന്നും സ്ഥിരമായി പുറത്താക്കും.
കൂടാതെ ഇവരുടെ അക്കൗണ്ടുകൾ സസ്പെൻഡ് ചെയ്യാനും സാധ്യതയുണ്ട്.ഇതുകൂടാതെ എഐ അധിഷ്ഠിത സ്പാമുകളും ബോട്ടുകളും ഇല്ലാതാക്കാനുള്ള ശ്രമങ്ങളും എക്സ് ശക്തമാക്കിയിട്ടുണ്ട്.
മിനിറ്റിൽ 208 ബോട്ടുകളെ വരെ നിലവിൽ എക്സ് കണ്ടെത്തി സസ്പെൻഡ് ചെയ്യുന്നുണ്ട്. ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, റെഡ്ഡിറ്റ് തുടങ്ങിയ മറ്റ് പ്ലാറ്റ്ഫോമുകളും സമാനമായ എഐ സംവിധാനങ്ങൾ ഉപയോഗിക്കുന്നുണ്ടെങ്കിലും, കോപ്പിയടി തടയുന്നതിൽ വിപ്ലവകരമായ മാറ്റമാണ് പുതിയ അപ്ഡേറ്റിലൂടെ എക്സ് ലക്ഷ്യമിടുന്നത്.