അമ്മാൻ: ജോർദാനെ ഞെട്ടിച്ച പള്ളിയാക്രമണത്തിൽ കുറ്റക്കാരെന്നു കണ്ടെത്തിയ മൂന്നു പ്രതികളെ തൂക്കിക്കൊല്ലാൻ കോടതിവിധി. പ്രതികളിൽ രണ്ടുപേർ സഹോദരങ്ങളും മൂന്നാമൻ ഇവരുടെ അടുത്ത ബന്ധുവുമാണ്.
കഴിഞ്ഞമാസം 23ന് കരാക്കിലെ ഗ്രീക്ക് ഓർത്തഡോക്സ് പള്ളിയിൽ മൃതസംസ്കാരച്ചടങ്ങ് നടക്കുന്നതിനിടെയുണ്ടായ വെടിവയ്പിൽ ഒന്പതു പേരാണു കൊല്ലപ്പെട്ടത്. 34 പേർക്കു പരിക്കേൽക്കുകയും ചെയ്തു. വെടിവയ്പിനു ശേഷം കടന്നുകളഞ്ഞ മൂന്നു പേരെയും മൂന്നു ദിവസത്തിനുശേഷം ഏറ്റുമുട്ടലിലാണ് പിടികൂടിയത്. ഇവരുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ജോർദാൻ പൗരന്മാരാണെന്നാണു സൂചന.
പ്രതികൾ തീവ്രവാദ പ്രവർത്തനം, തീവ്രവാദ ആശയങ്ങൾ പ്രചരിപ്പിക്കൽ, ഗൂഢാലോചന, ആയുധം കൈവശം വയ്ക്കൽ തുടങ്ങിയ കുറ്റങ്ങൾ ചെയ്തതായി കോടതി കണ്ടെത്തിയെന്ന് ജോർദാൻ സായുധ സേന അറിയിച്ചു. ന്യൂനപക്ഷ ക്രൈസ്തവർക്കു നേരേയുണ്ടായ ആക്രമണത്തെ ഉരുക്കുമുഷ്ടിയോടെ നേരിടാൻ ജോർദാനിലെ അബ്ദുള്ള രാജാവ് നിർദേശം നല്കി. ഇതിനു പിന്നാലെ സിറിയയിലെ ഇസ്ലാമിക് സേറ്റ് ഭീകരതാവളങ്ങളിൽ ജോർദാൻ സേന വ്യോമാക്രമണം നടത്തിയിരുന്നു.