തൃശൂർ: സംഘടനാതലത്തിൽ തിരുത്തേണ്ട കാര്യങ്ങൾ കൃത്യമായി തിരുത്തി സിപിഎമ്മും ഇടതുപക്ഷപ്രസ്ഥാനങ്ങളും കൂടുതൽ കരുത്തോടെ തിരിച്ചുവരുമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പാർട്ടി ജില്ലാ വിപുലീകൃതകമ്മിറ്റിയിൽ വ്യക്തമാക്കി. സംഘടനാരംഗത്തുണ്ടായ പോരായ്മകളെപ്പറ്റിയും അതിനടിസ്ഥാനപ്പെടുത്തി വരുത്തേണ്ട തിരുത്തലുകളെക്കുറിച്ചുമാണു വിപുലീകരിച്ച ജില്ലാകമ്മിറ്റി ചർച്ച ചെയ്യുന്നതെന്നും തെറ്റുകൾ തിരുത്തി കാര്യങ്ങൾ തിരിച്ചുപിടിക്കുകതന്നെയാണു പാർട്ടിയുടെ ലക്ഷ്യമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഉപതെരഞ്ഞെടുപ്പുഫലങ്ങൾ പാർട്ടിയുടെ ജനകീയ അടിത്തറ ഉറപ്പിക്കുന്നതാണ്. ഉപതെരഞ്ഞെടുപ്പ് നടന്ന 38 സീറ്റുകളിൽ മുന്പ് 15 സീറ്റുകളിൽ മാത്രം ജയിച്ചിരുന്ന സ്ഥാനത്ത് ഇത്തവണ 18 സീറ്റിലേക്ക് ഉയർത്താൻ ഇടതുമുന്നണിക്കു സാധിച്ചു. കുറച്ച് സീറ്റുകളുടെ വിജയം ചൂണ്ടിക്കാട്ടി സിപിഎമ്മിനെയും എൽഡിഎഫിനെയും എഴുതിത്തള്ളാൻ നോക്കുന്നവർക്ക് അതിശക്തമായ തിരിച്ചുവരവിലൂടെ പാർട്ടി മറുപടി നൽകും.
കേന്ദ്ര ഏജൻസിയായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ രാഷ്ട്രീയ ഉപകരണമാക്കിമാറ്റി സിപിഎമ്മിനെയും നേതാക്കളെയും വേട്ടയാടാനാണു കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. കരുവന്നൂർ ബാങ്ക് കേസിൽ പ്രതികളായവരെ മാപ്പുസാക്ഷികളാക്കുകയും ഭീഷണിപ്പെടുത്തി വ്യാജമൊഴികൾ ഉണ്ടാക്കി പാർട്ടിനേതാക്കളെ പ്രതിചേർക്കാൻ ശ്രമിക്കുകയുമാണു ചെയ്തത്. പിണറായി വിജയനെയും മറ്റു നേതാക്കളെയും ലക്ഷ്യമിട്ട് സമാന വേട്ടയാടലാണു നടക്കുന്നത്.
റെയ്ഡുകളുടെ പേരിൽ കുടുംബങ്ങളെ ഭീഷണിപ്പെടുത്തിയും സമ്മർദ്ദത്തിലാക്കിയും എഴുതിവാങ്ങുന്ന വ്യാജമൊഴികളുടെ അടിസ്ഥാനത്തിലാണ് ആരോപണങ്ങൾ ചമയ്ക്കുന്നത്. ഇത്തരത്തിൽ ഭീഷണിപ്പെടുത്തി എഴുതിവാങ്ങിയ മൊഴികൾ പിന്നീട് ബന്ധപ്പെട്ടവർ തന്നെ തള്ളിക്കളഞ്ഞിട്ടുണ്ടെന്നും യാതൊരു തെളിവുമില്ലാത്ത ഈ ആരോപണങ്ങളെ രാഷ്ട്രീയമായും നിയമപരമായും ചെറുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.