ചിറ്റൂർ: ആളിയാറിൽ ഡാമിൽനിന്ന് കേരളത്തിന് വെള്ളം നൽകില്ലെന്ന തമിഴ്നാട് സർക്കാരിന്റെ തീരുമാനത്തിനെതിരേ ചിറ്റൂരിൽ കർഷകപ്രതിഷേധം.
പറമ്പിക്കുളം- ആളിയാർ ജലസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ചിറ്റൂർ അണിക്കോട് ജംഗ്ഷനിലായിരുന്നു പ്രതിഷേധ ധർണ.
ചിറ്റൂർമേഖല അതിരൂക്ഷമായ വരൾച്ചയിലേക്ക് നീങ്ങുമെന്നും വിഷയത്തിൽ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്നും കർഷകർ ആവശ്യപ്പെട്ടു. കേരളത്തിന് ആളിയാർവെള്ളം ലഭിച്ചില്ലെങ്കിൽ ശിരുവാണിയിൽനിന്ന് തമിഴ്നാടിനു വെള്ളം നൽകില്ലെന്ന് പറയാനുള്ള ആർജവം അധികാരികൾ കാണിക്കണം.
ചിറ്റൂരിന് ലഭിക്കേണ്ട 7.25 ടിഎംസി വെള്ളം ഏതു സാഹചര്യത്തിലും ലഭ്യമാക്കണമെന്ന് കരാറിൽ വ്യവസ്ഥയുണ്ട്. ആവശ്യത്തിലധികം വെള്ളമുണ്ടായിട്ടും കേരളത്തിന് വെള്ളം നിഷേധിക്കുന്ന തമിഴ്നാടിന്റെ നടപടി അംഗീകരിക്കാനാവില്ലെന്നും കർഷകർ പറഞ്ഞു.
പറമ്പിക്കുളം ആളിയാർ ജലസംരക്ഷണ സമിതി ചെയർമാൻ പി.സി. ശിവശങ്കരൻ ധർണ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ എ.കെ. ഓമനക്കുട്ടൻ അധ്യക്ഷത വഹിച്ചു. ദേശീയ കർഷക സംരക്ഷണ സമിതി പ്രസിഡന്റ് പാണ്ടിയോട് പ്രഭാകരൻ, ചിറ്റൂർ- തത്തമംഗലം നഗരസഭാ ചെയർപേഴ്സൺ ആർ. ബാബു, പറമ്പിക്കുളം- ആളിയാർ ജലസംരക്ഷണ സമിതി ജോയിന്റ് കൺവീനർമാരായ അബ്ദുൾ അസീസ്, കെ.കെ. സുരേന്ദ്രൻ, ദേശീയ കർഷക സമാജം ജോയിന്റ് സെക്രട്ടറി അരവിന്ദാക്ഷൻ, ദേശീയ കർഷക സംരക്ഷണ സമിതി സെക്രട്ടറി ബിജു പ്രസംഗിച്ചു.