ലണ്ടൻ: ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട പ്രോഗ്രാമിംഗ് ഭാഷകളിലൊന്നായ ജാവയിൽ ഒരു പതിറ്റാണ്ടിലേറെയായി നിലനിന്നിരുന്ന അതീവ ഗുരുതരമായ സുരക്ഷാ പിഴവ് നിർമിതബുദ്ധിയുടെ സഹായത്തോടെ കണ്ടെത്തി. 'കാലിഫ്' എന്ന സൈബർ സുരക്ഷാ സ്റ്റാർട്ടപ്പ് കമ്പനിയാണ് ജാവയുടെ മെമ്മറി സംവിധാനത്തിലുള്ള ഈ പിഴവ് കണ്ടെത്തിയത്.
'ജാവ4ഷെൽ' എന്ന് പേരിട്ടിരിക്കുന്ന ഈ സുരക്ഷാ പിഴവിലൂടെ, ഹാക്കർമാർക്ക് വിദൂരത്തിരുന്നുകൊണ്ട് തന്നെ ജാവയുടെ മെമ്മറി സിസ്റ്റത്തിലേക്ക് അനാവശ്യ കമാൻഡുകൾ നൽകാൻ സാധിക്കുമായിരുന്നു. പൊതുജനങ്ങൾക്ക് ഇതുവരെ ലഭ്യമാക്കിയിട്ടില്ലാത്ത ഓപ്പൺ എഐയുടെ 'ജിപിടി-6 സൈബർ' എന്ന മോഡൽ ഉപയോഗിച്ചുള്ള പരീക്ഷണത്തിലാണ് ഈ പിഴവ് പുറത്തുവന്നത്.
12 വർഷത്തോളമായി ആരുടെയും ശ്രദ്ധയിൽപ്പെടാതെ ഒളിഞ്ഞിരുന്ന പിഴവാണിതെന്ന് പ്രമുഖ എഐ ഗവേഷകനായ പ്രൊഫസർ ടോബി വാൽഷ് പറഞ്ഞു. മനുഷ്യർക്ക് ഒറ്റയ്ക്ക് കണ്ടെത്താൻ പ്രയാസമുള്ള ഇത്തരം സങ്കീർണമായ പിഴവുകൾ എഐ ഇപ്പോൾ വളരെ വേഗത്തിൽ കണ്ടെത്തുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംഭവത്തിന് പിന്നാലെ ജാവയുടെ ഉടമകളായ ഒറാക്കിൾ ചൊവ്വാഴ്ച അടിയന്തര സുരക്ഷാ അപ്ഡേറ്റ് പുറത്തിറക്കിയിട്ടുണ്ട്.
ആപ്പിൾ, ആമസോൺ തുടങ്ങിയ വൻകിട ടെക് കമ്പനികൾ മുതൽ ബാങ്കുകൾ, ആശുപത്രികൾ, വ്യോമയാന മേഖല, ടെലികമ്മ്യൂണിക്കേഷൻ, ദേശീയ സുരക്ഷാ സംവിധാനങ്ങൾ എന്നിവയെല്ലാം ജാവയെയാണ് ആശ്രയിക്കുന്നത്. അതിനാൽ, ഈ പിഴവ് പരിഹരിക്കപ്പെട്ടില്ലെങ്കിൽ നിർണായകമായ സാമ്പത്തിക സംവിധാനങ്ങളെയും ഉപഭോക്താക്കളുടെ വിവരങ്ങളെയും ഹാക്കർമാർക്ക് ചോർത്താൻ സാധിക്കുമെന്ന് സൈബർ സുരക്ഷാ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
അടുത്തിടെ മൈക്രോസോഫ്റ്റ്, ആപ്പിൾ, യുഎസ് ദേശീയ സുരക്ഷാ ഏജൻസി, പ്രമുഖ യുഎസ് ബാങ്കുകൾ എന്നിവയുടെ പ്രവർത്തനങ്ങളിൽ സാങ്കേതിക തടസങ്ങൾ നേരിട്ടിരുന്നു. എന്നാൽ ഇവയ്ക്ക് ജാവയിലെ സുരക്ഷാ പിഴവുമായി ബന്ധമുണ്ടെന്നതിന് തെളിവുകളില്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കി. നേരത്തെ, വിക്കിപീഡിയ ഉൾപ്പെടെ മൂന്ന് കോടിയിലധികം വെബ്സൈറ്റുകൾ ഉപയോഗിക്കുന്ന പിഎച്ച്പി പ്രോഗ്രാമിംഗ് ഭാഷയിലുള്ള സമാനമായ സുരക്ഷാ പിഴവും കാലിഫ് കണ്ടെത്തിയിരുന്നു.