Kerala
കൊച്ചി: ബജറ്റിനെ പരിഹസിച്ച് നടൻ ജോയ് മാത്യൂ. വോട്ട് ചുരത്താൻ കിറ്റിന്റെ സാധ്യതകൾ ഇല്ലാതായപ്പോള്, ഇനി ഒരേയൊരു രക്ഷ ഒരിക്കലും നടപ്പിലാക്കാൻ സാധിക്കാത്ത സ്വപ്നങ്ങൾ കുത്തിനിറച്ച ബജറ്റ് മാത്രമാണെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
വല്ലാതെ എണ്ണതേപ്പിക്കല്ലേ ബാൽ ഗോപാലേട്ടായെന്ന പരിഹാസത്തോടെയാണ് ജോയ് മാത്യൂ പോസ്റ്റ് അവസാനിപ്പിക്കുന്നത്. ബജറ്റിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശനടക്കം പ്രതിപക്ഷ നേതാക്കളും രംഗത്തെത്തിയിരുന്നു.
പൂച്ച പെറ്റുകിടക്കുന്ന ഖജനാവുള്ള സംസ്ഥാനത്ത് അവതരിപ്പിച്ച ബജറ്റിൽ ജനങ്ങൾ വിശ്വസിക്കില്ലെന്നും വി.ഡി.സതീശൻ പറഞ്ഞു.
Kerala
കൊച്ചി: മുഖ്യമന്ത്രിയുടെ നാട്ടിൽ യുഡിഎഫ് പ്രവർത്തകരെ മർദിച്ച സിപിഎം ക്രിമിനലുകളെ അടിയന്തരമായി അറസ്റ്റ് ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. നടപടിക്ക് പൊലീസ് തയാറായില്ലെങ്കിൽ മുഖംമൂടി സംഘങ്ങളെ അയച്ചത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന് കരുതേണ്ടി വരുമെന്നും സതീശൻ ഫെയ്സ്ബുക്കിൽ കുറിച്ചു.
"പിണറായി വിജയന്റെ നിയമസഭ മണ്ഡലമായ ധർമ്മടത്തെ വേങ്ങാട് പഞ്ചായത്ത് പതിനാറാം വര്ഡിലെ യുഡിഎഫ് സ്ഥാനാര്ഥി ഷീനയെയും പോളിംഗ് ഏജന്റ് നരേന്ദ്രബാബുവിനെയുമാണ് പട്ടാപ്പകൽ മുഖംമൂടി ധരിച്ചെത്തിയ സിപിഎം ക്രിമിനലുകൾ ആക്രമിച്ചത്. നരേന്ദ്രബാബുവിന്റെ ഓഫീസും വാഹനവും തല്ലിത്തകർത്തിട്ടും സിപിഎം ക്രിമിനൽ സംഘാംഗങ്ങളെ പോലെ പൊലീസ് നോക്കി നിന്നു.'-സതീശൻ കുറിച്ചു.
"വോട്ടെടുപ്പ് ദിനത്തിൽ സാദിഖ് എന്ന പ്രവർത്തകനെയും സിപിഎം ക്രിമിനലുകൾ ആക്രമിച്ചിരുന്നു. ആ സംഭവത്തിലും പോലീസ് നടപടി എടുത്തിട്ടില്ല. ക്രിമിനൽ സംഘങ്ങളെ ഉപയോഗിച്ച് യുഡിഎഫ് പ്രവർത്തകരെ ഭീഷണിപ്പെടുത്തിയും ആക്രമിച്ചും കണ്ണൂരിലെ ചില തദ്ദേശ സ്ഥാപനങ്ങളിൽ ഏകപക്ഷീയ വിജയം പ്രഖ്യാപിച്ച സിപിഎം കേരളത്തിൻ്റെ ജനാധിപത്യ ബോധത്തെയാണ് വെല്ലുവിളിക്കുന്നത്.'-സതീശൻ കുറ്റപ്പെടുത്തി.
സ്വന്തം ജില്ലയിലും നാട്ടിലും ഏകപക്ഷീയമായി വിജയിച്ചെന്നും എതിർ രാഷ്ട്രീയ പാർട്ടി പ്രവർത്തകരെ ആക്രമിച്ചെന്നും വീമ്പ് പറയുന്നതാണോ പിണറായി വിജയന്റെ എം.വി ഗോവിന്ദൻ്റെയും ജനാധിപത്യവും സോഷ്യലിസവും?
നാടിനെ കൊള്ളയടിച്ചും അഴിമതി നടത്തിയും ഗുണ്ടാസംഘങ്ങളെ തീറ്റിപ്പോറ്റിയും നിങ്ങൾ കെട്ടിപ്പൊക്കിയ അധികാര കൊട്ടാരത്തിൻ്റെ അടിവേര് ജനങ്ങൾ അറുത്ത് തുടങ്ങിയിട്ടുണ്ട്. അത് നാളെ വരുന്ന ജനവിധിയിലും പ്രതിഫലിക്കും. പരാജയഭീതിയിൽ പ്രകോപിതരായിട്ട് കാര്യമില്ലെന്നാണ് ക്രിമിനൽ സംഘങ്ങളോട് പറയാനുള്ളത്. ഞങ്ങളുടെ പ്രവർത്തകർക്കെതിരെ അക്രമം തുടരാനാണ് തീരുമാനമെങ്കിൽ അതേ നാണയത്തിൽ തിരിച്ചടിക്കുക തന്നെ ചെയ്യും.
National
ന്യൂഡൽഹി: ഉത്തർപ്രദേശ് സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. യോഗി ആദിത്യനാഥ് സർക്കാർ കൊളോണിയൽ കാലഘട്ടത്തിലെ മനോഭാവം പുലർത്തുന്നെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം.
ജില്ലാ മജിസ്ട്രേറ്റ് (കളക്ടർ) ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ ഭാര്യമാരെ സഹകരണസംഘങ്ങളുടെയും സമാന സ്ഥാപനങ്ങളുടെയും എക്സ് ഒഫീഷ്യോ അംഗങ്ങളായി നിയമിക്കുന്ന രീതിയെയാണ് കോടതി രൂക്ഷമായി വിമർശിച്ചത്. കൊളോണിയൽ കാലത്തെ രീതി പിന്തുടരുന്ന ഇത്തരം നടപടി അവസാനിപ്പിക്കാൻ രണ്ടുമാസത്തിനകം ബന്ധപ്പെട്ട വകുപ്പുകളിൽ മാറ്റംവരുത്താൻ ഉത്തർപ്രദേശ് സർക്കാരിന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് നിർദേശംനൽകി.
ഉത്തർപ്രദേശിലെ ഒട്ടേറെ സഹകരണ സ്ഥാപനങ്ങളുടെ പ്രസിഡന്റ് ഉൾപ്പെടെയുള്ള പദവികൾ ചീഫ് സെക്രട്ടറി, ജില്ലാമജിസ്ടേറ്റ് തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരുടെ ഭാര്യമാർക്ക് നൽകുന്ന വ്യവസ്ഥകളാണ് നിലവിലുള്ളത്. ജനാധിപത്യ തത്ത്വങ്ങളുമായി ഒട്ടും യോജിച്ചുപോകാത്തവയാണ് ഇത്തരം വ്യവസ്ഥകൾ -കോടതി ചൂണ്ടിക്കാട്ടി.
ബുലന്ദ്ശഹറിലെ വനിതാ സ്വയംസഹായസംഘമായ സിഎം ജില്ലാ മഹിളാസമിതി നൽകിയ ഹർജിയിലാണ് വിമർശനം. സമിതിയുടെ എക്സ് ഒഫീഷ്യോ പ്രസിഡന്റായി ജില്ലാ മജിസ്ട്രേറ്റിന്റെ ഭാര്യയെ നിയമിച്ചത് ചോദ്യംചെയ്താണ് കോടതിയെ സമീപിച്ചത്.
Kerala
കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർഥികളെ സിപിഎം നേതാക്കൾ ഭീഷണിപ്പെടുത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.പാർട്ടി സെക്രട്ടറിയുടെ നിയോജക മണ്ഡലത്തിൽ വേറെ ആരും നോമിനേഷൻ കൊടുക്കാൻ പാടില്ലെന്നാണ് സിപിഎമ്മിന്റെ സമീപനം.
സിപിഎം നേതാക്കൾ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി നാമ നിർദ്ദേശപത്രിക തള്ളാനും പിൻവലിപ്പിക്കാനും ശ്രമിക്കുകയാണ്. സിപിഎമ്മിന്റേത് വിചിത്രമായ നടപടികളെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. സംസ്ഥാനത്ത് ഇതുവരെയും കാണാത്ത രീതികളാണ് നടക്കുന്നത്. ഒപ്പ് സ്വന്തമാണെന്ന് പറഞ്ഞിട്ട് പോലും റിട്ടേണിംഗ് ഓഫീസർ എതിർക്കുന്നു.
സിപിഎം ഫാസിസ്റ്റ് പാർട്ടിയായി മാറുകയാണെന്നും സതീശൻ ആരോപിച്ചു. നീതിപൂർവമായി തെരഞ്ഞെടുപ്പ് നടത്തുന്നതിനെ സിപിഎം തടയുന്നു. എന്ത് തോന്നിവാസവും കാണിക്കാം എന്നതാണ് ധാരണ. എന്തൊക്കെ കാണിച്ചാലും സിപിഎം തെരഞ്ഞെടുപ്പിൽ ജയിക്കില്ല.
നാമ നിർദ്ദേശപത്രികകൾ തള്ളിയതിനെതിരെ യുഡിഎഫ് കോടതിയെ സമീപിക്കുമെന്നും വി. ഡി.സതീശൻ കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എതിർ സ്ഥാനാർഥികളെ സിപിഎം ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. യു.ഡി.എഫിന്റെ സ്ഥാനാർത്ഥി പത്രിക തള്ളാൻ ഉദ്യോഗസ്ഥർ കൂട്ട് നിൽക്കുന്നുണ്ടെന്നും സതീശൻ കുറ്റപ്പെടുത്തി. ഇതിനെ നിയമ പരമായി നേരിടും എന്നും വിഡി സതീശൻ പറഞ്ഞു.
"സംസ്ഥാന സെക്രട്ടറിയുടെ വാർഡിൽ പോലും എതിരാളികളെ ഭീഷണിപ്പെടുത്തുകയാണ് സിപിഎം.
കണ്ണൂരിലേത് എതിര് സ്ഥാനാര്ഥികളെയോ എതിര് രാഷ്ട്രീയത്തെയോ അനുവദിക്കാത്ത സിപിഎം കാടത്തമാണ്.'-സതീശൻ പറഞ്ഞു.
സ്വന്തം ജില്ലയിലും വാര്ഡിലും ജനാധിപത്യവും സ്വാതന്ത്ര്യവും അനുവദിക്കാത്ത പിണറായി വിജയനും എം.വി. ഗോവിന്ദനുമാണോ ഫാസിസ്റ്റ് വിരുദ്ധ ക്ലാസെടുക്കുന്നത്? യുഡിഎഫ് സ്ഥാനാര്ഥികളുടെ നാമനിര്ദേശ പത്രികകള് തള്ളാന് ഒരു സംഘം തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര് ശ്രമിച്ചു എന്നും സതീശൻ ഒരിക്കൽ കൂടി പറഞ്ഞു.
National
ന്യൂഡൽഹി: രാഷ്ട്രീയത്തിലെ കുടുംബവാഴ്ച അവസാനിപ്പിക്കണമെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗവും എംപിയുമായ ഡോ.ശശി തരൂർ. കുടുംബവാഴ്ച ജനാധിപത്യത്തിന് വെല്ലുവിളിയാണ്. കുടുംബമഹിമയ്ക്കല്ല മറിച്ച് കഴിവിനായിരിക്കണം ജനാധിപത്യത്തിൽ പ്രഥമ പരിഗണ നൽകേണ്ടത്.
പ്രോജക്ട് സിന്റിക്കേറ്റിൽ ഒക്ടോബർ 31 ന് പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് അദ്ദേഹം ഇന്ത്യൻ രാഷ്ട്രീയത്തിലെ കുടുംബ വാഴ്ചയ്ക്ക് എതിരെ ആഞ്ഞടിച്ചത്. ഇന്ത്യൻ രാഷ്ട്രീയം ഒരു കുടുംബ ബിസിനസ് എന്ന തലക്കെട്ടിലാണ് ലേഖനം.
കോൺഗ്രസിൽ നെഹ്റു-ഗാന്ധി കുടുംബമെന്ന പോലെ രാഷ്ട്രീയ രംഗത്താകെ ഈ കുടുംബവാഴ്ച നിലനിൽക്കുന്നുണ്ടെന്നും ലേഖനത്തിൽ പറയുന്നു.
രാഷ്ട്രീയ അധികാരം നിയന്ത്രിക്കുന്ന കുടുംബങ്ങൾക്ക് സാമ്പത്തിക ശക്തിയും വേണ്ടുവോളമുണ്ടെന്നും ഇത് അധികാരത്തിലിരുന്ന് സമാഹരിച്ചതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു. എന്നാൽ ഈ ലേഖനം ബിജെപി ബിഹാറിൽ ആയുധമാക്കുകയാണ്.
തരൂർ എഴുതിയ ലേഖനം കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, ആർജെഡി നേതാവ് തേജസ്വി യാദവ് എന്നിവരെ ഉദ്ദേശിച്ചാണെന്നാണ് ബിജെപി ആരോപിച്ചു.
Kerala
പാലക്കാട്: രാഷ്ട്രപതി ദ്രൗപദി മുര്മുവിന്റെ ശബരിമല ദര്ശനത്തെ വിമര്ശിച്ച് ഡിവൈഎസ്പിയുടെ വാട്സ്ആപ്പ് സ്റ്റാറ്റസ്. ആലത്തൂര് ഡിവൈഎസ്പി ആര്.മനോജ് കുമാറിന്റേതാണ് വിവാദ സ്റ്റാറ്റസ്.
ഒരു വ്യക്തിക്കായി ഭക്തരെ തടയരുതെന്നും തൊഴാന് ആര്ക്കും വിഐപി പരിഗണന നല്കരുതെന്നുമുള്ള ഹൈക്കോടതി വിധികള് കാറ്റില് പറത്തിയാണ് രാഷ്ട്രപതിയുടെ സന്ദര്ശനം. ഇത് പിണറായി വിജയനോ ഇടതുമന്ത്രിമാരോ ആയിരുന്നെങ്കില് എന്താകുമായിരുന്നു പുകിലെന്നുമാണ് സ്റ്റാറ്റസ്.
യൂണിഫോമിട്ട സെക്യൂരിറ്റി ഉദ്യോഗസ്ഥര് 18 -ാം പടി കയറിയും പലവിധ ആചാര ലംഘനങ്ങള് ഇന്ത്യന് പ്രസിഡന്റും സെക്യൂരിറ്റി ഉദ്യോഗസ്ഥരും നടത്തിയപ്പോള് സംഘികളും കോണ്ഗ്രസും ഒരുവിധ നാമജപ യാത്രകളും നടത്തിയില്ല. മാപ്രകള് ചിലച്ചില്ല.
ഇത് പിണറായി വിജയനോ, ഇടത് മന്ത്രിമാരോ ആയിരുന്നെങ്കിലോ? എന്താകും പുകില്? അപ്പോള് പ്രശ്നം വിശ്വാസമോ ആചാരമോ അല്ല. എല്ലാം രാഷ്ട്രീയമാണ് എന്നായിരുന്നു ഡിവൈഎസ്പിയുടെ പോസ്റ്റ്.
അതേ സമയം ട്രെയിൻ യാത്രക്കിടെ വാട്സ്ആപ്പിൽ വന്ന കുറിപ്പ് അബദ്ധത്തിൽ സ്റ്റാറ്റസാവുകയായിരുന്നുവെന്നാണ് ഡിവൈഎസ്പിയുടെ വിശദീകരണം.