എടക്കര: മുൻ മന്ത്രിയുടെ വാഗ്ദാനം നടപ്പായില്ല. പുഞ്ചക്കൊല്ലിയിലെ ആദിവാസികൾക്ക് ഇത്തവണയും പുന്നപ്പുഴ മുറിച്ച് കടക്കാൻ ചങ്ങാടം തന്നെ ശരണം. കഴിഞ്ഞ നിലന്പൂർ ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണാർഥം പുഞ്ചക്കൊല്ലി നഗർ സന്ദർശിക്കാനെത്തിയ പട്ടികജാതി-വർഗ വികസന മന്ത്രി ഒ.ആർ. കേളു പുന്നപ്പുഴ മുറിച്ച് കടക്കുന്പോൾ ചങ്ങാടത്തിന്റെ നിയന്ത്രണം തെറ്റി പുഴയിൽ കുടുങ്ങിയിരുന്നു.
ഇതേത്തുടർന്ന് പുഞ്ചക്കൊല്ലി, അളയ്ക്കൽ ആദിവാസി നഗറുകളിലേക്ക് പുന്നപ്പുഴയ്ക്ക് കുറുകെ അടിയന്തരമായി പാലം പണിയുമെന്ന് മന്ത്രി ഉറപ്പുനൽകിയിരുന്നു. എന്നാൽ പാലം ഇപ്പോഴും മണ്ണ് പരിശോധനയിൽ ഒതുങ്ങിനിൽക്കുകയാണ്.
2019 ലെ പ്രളയത്തിലാണ് പുന്നപ്പുഴയ്ക്ക് കുറുകെയുണ്ടായിരുന്ന പാലം ഒലിച്ചുപോയത്. ഇതോടെ ഈ രണ്ട് നഗറുകളിലെയും അഞ്ഞൂറോളം വരുന്ന ആദിവാസികൾ പുന്നപ്പുഴ കടന്ന് പുറംലോകവുമായി ബന്ധപ്പെടാൻ മുളകൾ കൊണ്ട് കെട്ടിയുണ്ടാക്കുന്ന ചങ്ങാടങ്ങളെയാണ് മഴക്കാലത്ത് ആശ്രയിക്കുന്നത്. തെരഞ്ഞെടുപ്പ് വേളകളിൽ വോട്ട് തേടിയെത്തുന്ന എംഎൽഎമാരും മന്ത്രിമാരും വാഗ്ദാനങ്ങൾ കൊണ്ട് ആദിവാസികളെ സുഖിപ്പിച്ച് മടങ്ങുകയാണ് പതിവ്. വാഗ്ദാനങ്ങൾ പാഴ്വാക്കുകളായി മാറുന്പോൾ ആദിവാസികൾക്ക് ആവശ്യം നടക്കണമെങ്കിൽ ചങ്ങാടം തന്നെ വേണം.
ഇത്തവണ പുഞ്ചക്കൊല്ലി വനസംരക്ഷണ സമിതിയാണ് ചങ്ങാടത്തിന്റെ ചെലവ് വഹിച്ചത്. നാടുകാണിച്ചുരത്തിൽ മുളകൾ കട്ടയിട്ട് പോയതിനാൽ മരത്തിൻകടവ് വനത്തിൽ നിന്നാണ് ചങ്ങാടത്തിനാവശ്യമായ മുളകൾ ശേഖരിച്ചത്.
നെല്ലിക്കുത്ത് ഡെപ്യൂട്ടി റേഞ്ച് ഓഫീസർ വി. രാജേഷ്, വനസംരക്ഷണ സമിതി സെക്രട്ടറിയും ബിഎഫ്ഒയുമായ ദൃശ്യ, ബിഎഫ്ഒ സലാഹുദീൻ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ മുഹമ്മദ് ഷെരീഫ്, പ്രദീപ് കുമാർ എന്നിവരുടെ മേൽനോട്ടത്തിലായിരുന്നു ചങ്ങാട നിർമാണം. പുഞ്ചക്കൊല്ലി നഗറിലെ ശബരീഷ്, രതീഷ്, മുരളി, മാഞ്ചൻ, ആനമറി സ്വദേശി മുഹമ്മദാലി എന്നിവർ ചങ്ങാടം നിർമാണത്തിന് നേതൃത്വം നൽകി.