കോട്ടയം: ഒരു ജനതയുടെ സ്വപ്ന സാക്ഷാത്കാരമായിരുന്നു ഇന്നലെ പൂവണിഞ്ഞത്. കോടിമത രണ്ടാം പാലത്തിന്റെ ഉദ്ഘാടനം ആഘോഷമാക്കി മാറ്റി കോട്ടയം നിവാസികള്‍.
നൂറുകണക്കിനാളുകളാണ് ഉദ്ഘാടന സമ്മേളനത്തിനായി എത്തിച്ചേര്‍ന്നത്. വാദ്യമേളങ്ങളുടെയും താലപ്പൊലികളുടെയും അകമ്പടിയോടെ മന്ത്രി പി.കെ. ബഷീറിനെയും സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനെയും ഉദ്ഘാടനത്തിനായി പാലത്തിലേക്ക് ആനയിച്ചപ്പോള്‍ കോടിമത ജനസാഗരമായി, ഒപ്പം ആവേശം കോടിമത പാലവും കടന്നു. ഉദ്ഘാടന സമ്മേളനത്തിനു വളരെ മുമ്പു തന്നെ ആളുകള്‍ കോടിമതയിലേക്ക് ഒഴുകിയെത്തി.
മന്ത്രിക്കും കോട്ടയത്തിന്റെ പ്രിയ എംഎല്‍എ കൂടിയായ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ആളുകള്‍ ജയ് വിളിച്ചു.
ഉദ്ഘാടനത്തിനു ശേഷം ഗതാഗതത്തിനു തുറന്നുകൊടുത്ത പാലത്തിൽ രാത്രിയില്‍ മനോഹരമായ കാഴ്ച സമ്മാനിക്കുന്നതിനായി ദീപാലങ്കാരങ്ങളുമൊരുക്കിയിട്ടുണ്ട്.
രാത്രിയിലും നിരവധിയാളുകളാണ് പാലം കാണുന്നതിനായി എത്തിയത്.