ഫാ. ജിസണ് വേങ്ങശേരി
മിശിഹായെ കാണാൻ ജ്ഞാനികൾക്ക് വഴികാട്ടിയായത് കിഴക്കുദിച്ച നക്ഷത്രമായിരുന്നു. അവരെ നയിച്ച നക്ഷത്രം കൃത്യമായി മിശിഹായുടെ അടുക്കലേക്ക് അവരെ എത്തിച്ചു. ഇതുപോലൊരു നക്ഷത്രം നമ്മുടെ ജീവിതത്തിലും ആവശ്യമാണ്; പ്രത്യേകിച്ച് യുവജനങ്ങൾക്ക്. മൊബൈൽ ഫോൺ സ്ക്രോൾ ചെയ്യുന്ന കൗമാരക്കാരുടെയും യുവജനങ്ങളുടെയും കണ്ണുകളിൽ മിന്നിമറയുന്നത് അൽഗോരിതമെന്ന മിഥ്യാനക്ഷത്രമാണ്. അതുകൊണ്ടുതന്നെ സമൂഹങ്ങളുടെ ഹൃദയമിടിപ്പായ യുവജനങ്ങളോടൊപ്പം നിൽക്കാനും ശ്രദ്ധിക്കാനും അവരോടൊപ്പം നടക്കാനും ഈ ക്രിസ്മസ് നമ്മെ ക്ഷണിക്കുന്നു.
ദിവ്യശിശുവിന്റെ ജനനത്തോടെ ബെത്ലഹേമിലെ ഹേറോദേസ് രാജാവ് നിരവധി നിരപരാധികളായ കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയത് നാം ബൈബിളിൽ കാണുന്നുണ്ട്. അത് ഇന്നും ആവർത്തിക്കപ്പെടുന്നു. പ്രത്യക്ഷത്തിലുള്ള ഒരു കൊലപാതകമോ മരണമോ അല്ല ഇത് അർഥമാക്കുന്നത്. ലഹരിയുടെയും മറ്റ് ആസക്തികളുടെയുമൊക്കെ രൂപത്തിൽ ഹേറോദേസിന്റെ പടയാളികളുടെ രൂപത്തിൽ ഇന്നും നമ്മുടെ സമൂഹത്തിൽ ഇത് നിലനിൽക്കുന്നു. ലഹരിവസ്തുക്കളാൽ നിശബ്ദമായി നശിപ്പിക്കപ്പെടുന്ന ഒരു തലമുറ. സ്കൂൾ കുട്ടികളിലേക്കുപോലും എത്തുന്ന മയക്കുമരുന്ന്, കുടുംബങ്ങളെ നശിപ്പിക്കുന്ന മദ്യം, ശരീരങ്ങളെയും മനസുകളെയും ഭാവിയെയും തകർക്കുന്ന ആസക്തികൾ തുടങ്ങിയവയിൽനിന്നുണ്ടാകുന്ന ദുരന്തങ്ങൾ നാം നിത്യവും കണ്ടുകൊണ്ടിരിക്കുന്നു.
എന്നാൽ സുവിശേഷം നമുക്ക് വെളിപ്പെടുത്തിത്തരുന്ന ഒന്നാണ് പ്രത്യാശ. ജോസഫിന്റെ അനുസരണത്തിലൂടെയും മാലാഖയുടെ മാർഗനിർദേശത്തിലൂടെയും ദൈവം മിശിഹായെ സംരക്ഷിക്കുന്നു. അതുപോലെ, നമ്മുടെ കുടുംബങ്ങളും സ്കൂളുകളും സമൂഹവും കുട്ടികളെ സംരക്ഷിക്കുന്ന രക്ഷാധികാരികളായി മാറണം. ഭയപ്പെടുത്തലിലൂടെയല്ല, മറിച്ച് സാന്നിധ്യത്തിലൂടെയും അവബോധത്തിലൂടെയും സ്നേഹത്തിലൂടെയുമാണ് ഇത് ചെയ്യേണ്ടത്. ഈ ക്രിസ്മസ് കാലത്ത് നാം നമ്മുടെ വീടുകളെയും ഗ്രാമങ്ങളെയും നഗരങ്ങളെയും ആരാധനാലയങ്ങളെയും പ്രകാശപൂരിതമാക്കുന്നതിനൊപ്പം നമ്മുടെ കുട്ടികൾ ഭയത്തിന്റെയും അനിശ്ചിതത്വത്തിന്റെയും ഇരുട്ടിലൂടെ നടക്കുമ്പോൾ അവരെ നയിക്കാൻ കഴിയുന്ന ഒരു നക്ഷത്രം നാം തെളിയിക്കണം. കിഴക്കുദിച്ച ആ നക്ഷത്രത്തെ ഇന്നു നമുക്ക് ‘ജാഗ്രത’ എന്നോ ‘ജ്ഞാനം’ എന്നോ ഒക്കെ വിളിക്കാം. ജ്ഞാനികളെ നയിച്ച ‘നക്ഷത്രം’ നമ്മളെയെല്ലാം നയിക്കട്ടെ അതിന്റെ തിളക്കം അത്യധികം ആവശ്യമുള്ള ഒരു ലോകത്ത് മറ്റുള്ളവർക്ക് വഴികാട്ടട്ടെ.