കോഴിക്കോട് : ബാലുശേരി-കോഴിക്കോട് റൂട്ടിൽ യാത്രക്കാർക്ക് ഭീഷണിയായ മരങ്ങൾ മുറിച്ചുമാറ്റണമെന്ന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ ഒരാഴ്ചക്കകം അറിയിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. ഇത്തരം കാര്യങ്ങൾ പൊതുജനങ്ങളുടെ സുരക്ഷയെ ബാധിക്കുന്ന ഗൗരവമേറിയ വിഷയമാണെന്നും അത് മനുഷ്യാവകാശ ലംഘനമായി കണക്കാക്കുമെന്നും കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു.
അപകടഭീഷണിയുള്ള മരങ്ങൾ മുറിക്കാൻ കമ്മീഷൻ നാലുവർഷം മുമ്പ് നൽകിയ ഉത്തരവ് നടപ്പാക്കിയില്ലെന്ന പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്. കോഴിക്കോട് പൊതുമരാമത്ത് വകുപ്പ് (റോഡ്സ്) എക്സിക്യുട്ടീവ് എന്ജിനീയര്ക്കും ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്കുമാണ് (സോഷ്യൽ ഫോറസ്ട്രി) കമ്മീഷൻ നിർദ്ദേശം നൽകിയത്.
ജൂൺ 23 ന് വെസ്റ്റ്ഹിൽ പൊതുമരാമത്ത് റസ്റ്റ് ഹൌസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. മഴക്കാലത്ത് മരങ്ങളും ശിഖരങ്ങളും വീണ് ജനങ്ങൾക്ക് ജീവാപായം ഉൾപ്പെടെയുള്ള അപകടങ്ങൾ സംഭവിക്കുന്നത് ദിനംപ്രതി വാർത്തയാകാറുണ്ടെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. ഇത്തരത്തിലുള്ള അപകടസാധ്യതകൾ ഒഴിവാക്കാൻ കമ്മീഷൻ പരാതികളുടെ അടിസ്ഥാനത്തിലും സ്വമേധയായും കേസുകൾ രജിസ്റ്റർ ചെയ്യാറുണ്ട്. അപ്രകാരം നൽകിയ ഒരു നിർദ്ദേശമാണ് അവഗണിക്കപ്പെട്ടത്.
ബാലുശേരി മുക്ക് മുതൽ കാരപ്പറമ്പ് വരെ അപകടഭീഷണി ഉയർത്തുന്ന അറുപതോളം മരങ്ങൾ ഇപ്പോഴും റോഡരികിൽ നിൽക്കുന്നതായി പത്രവാർത്തയിൽ പറയുന്നു. ഉത്തരവിന്റെ അടിസ്ഥാനത്തിൽ കാക്കൂർ അങ്ങാടിയിലെ രണ്ടു മരങ്ങളും മറ്റ് സ്ഥലങ്ങളിലെ അപകടകരമായ മരക്കൊമ്പുകളും മുറിച്ചുമാറ്റിയിരുന്നു.