മണ്ണഞ്ചേരി: യുവാവിനെ ദുബായിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. പഞ്ചായത്ത് രണ്ടാം വാർഡ് പാപ്പാളി പനയിൽ ജംഗ്ഷന് സമീപം വലിയ വീട്ടിൽ ശിവദാസിന്റെ മകൻ ഷിൻ ദാസിനെ (26) ആണ് മരിച്ച നിലയിൽ ദുബായ് പോലീസ് മോർച്ചറിയിൽ കണ്ടെത്തിയതായി നാട്ടിൽ ബന്ധുക്കൾക്ക് വിവരം ലഭിച്ചത്. ദുബായിൽ എക്സ്പേർട്ട് പ്ലസ് എന്ന റിക്രൂട്ടിംഗ് കമ്പനിയിൽ ആറുമാസം മുമ്പ് ജോലിക്കായി പോയ ഷിൻദാസിനെപ്പറ്റി മൂന്ന്, നാല് ദിവസമായി അറിവൊന്നും ഉണ്ടായിരുന്നില്ല.
ഫോണിൽ വിളിച്ചിട്ട് കിട്ടിയിരുന്നില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. തുടർന്ന് കഴിഞ്ഞ ദിവസം ഷിൻദാസിന്റെ ബന്ധു തിരുവനന്തപുരത്തെ ദുബായ് എംബസിയിൽ രേഖാമൂലം പരാതി നൽകിയിരുന്നു. ഇതിനിടെ തിങ്കളാഴ്ച ഉച്ചയോടെ കായംകുളം സ്വദേശിയും ദുബായിൽ ജോലിനോക്കുന്നതുമായ യുവാവാണ് ഷിൻ ദാസിന്റെ മൃദദേഹം ദുബായി പോലീസിന്റെ മോർച്ചറിയിൽ സൂക്ഷിക്കുന്നതായി നാട്ടിൽ ബന്ധുകളെ അറിയിച്ചത്. തുടർന്ന് ഷിൻദാസിന്റെ സ്പോൺസറെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഓട്ടോറിക്ഷ ഡ്രൈവറാണ് പിതാവ് ശിവദാസ്. ഷിംദാസ് (ബിഎസ്എഫ്) ഏക സഹോദരനാണ്.