ന്യൂഡല്‍ഹി: ഇന്ത്യ-അമേരിക്ക വ്യാപാര കരാറിനെതിരേ വിമര്‍ശനവുമായി സിപിഎം പോളിറ്റ് ബ്യൂറോ. ഇരു രാജ്യങ്ങളും രൂപരേഖ പ്രഖ്യാപിച്ച ഇടക്കാല കരാറിന്റെ വിവരങ്ങള്‍ ഓരോന്നായി പുറത്തുവരുമ്പോള്‍ അമേരിക്കയ്ക്ക് ഇന്ത്യ നല്കിയ ഇളവുകള്‍ രാജ്യത്തിന്റെ കാര്‍ഷിക മേഖലയെയും സമ്പദ് വ്യവസ്ഥയെയും പരമാധികാരത്തെയും ഗുരുതരമായി ബാധിക്കുമെന്ന് പോളിറ്റ് ബ്യൂറോ വാര്‍ത്താക്കുറിപ്പിലൂടെ ആരോപിച്ചു.
ലഭ്യമായ വിവരങ്ങളനുസരിച്ച് അമേരിക്ക ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുന്ന പരുത്തി, സോയാബീന്‍ എണ്ണ, മറ്റു ചില ഭക്ഷ്യകാര്‍ഷിക ഉത്പന്നങ്ങള്‍ എന്നിവയുടെ ഇറക്കുമതി തീരുവ പൂജ്യം ആക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സമ്മതിച്ചിട്ടുണ്ട്. ഇത് രാജ്യത്തുടനീളമുള്ള ലക്ഷക്കണക്കിന് ആപ്പിള്‍, പരുത്തി, സോയാബീന്‍ കര്‍ഷകരുടെ ഉപജീവനമാര്‍ഗം ഇല്ലാതാക്കും.
ന്യൂസിലന്‍ഡ് പോലുള്ള രാജ്യങ്ങളുമായി നേരത്തേ ഒപ്പുവച്ച വ്യാപാര കരാറുകള്‍ നിമിത്തം ഹിമാചല്‍ പ്രദേശ്, ജമ്മു-കാഷ്മീര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ ആപ്പിള്‍ കര്‍ഷകര്‍ കഷ്ടപ്പെടുകയാണ്. അമേരിക്കയുമായുള്ള കരാര്‍ ഈ മേഖലയെ കൂടുതല്‍ തകർക്കുമെന്നും പിബി ചൂണ്ടിക്കാട്ടി.
ഇതോടൊപ്പം ഭക്ഷ്യ, കാര്‍ഷിക ഉത്്പന്നങ്ങള്ക്കുള്ള താരിഫ് ഇതര തടസങ്ങള്‍ നീക്കംചെയ്യാന്‍ സര്‍ക്കാര്‍ സമ്മതിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. അങ്ങനെ സംഭവിച്ചാല്‍ ഇന്ത്യന്‍ കര്‍ഷകര്‍ക്കുള്ള പിന്തുണയും സബ്സിഡിയും പിന്‍വലിക്കുന്നതിന് കാരണമാകും. ഇന്ത്യന്‍ കാര്‍ഷിക മേഖല കൂടുതല്‍ പ്രതിസന്ധി നേരിടുമെന്നും പി ബി ആരോപിച്ചു.
റഷ്യയില്‍നിന്നുള്ള എണ്ണ വാങ്ങലില്‍ ഉള്‍പ്പെടെ അമേരിക്ക ഇന്ത്യയുടെ നയങ്ങളില്‍ ഇടപെടുന്നത് രാജ്യത്തിന്റെ പരമാധികാരത്തിനു നേരേയുള്ള ആക്രമണമാണ്. അതോടൊപ്പം പ്രതിരോധ വിതരണങ്ങളെ ആശ്രയിക്കുന്നത് വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമായത് അത്യന്തം അപലപനീയമാണ്. ഇത് ഇന്ത്യയുടെ തന്ത്രപരമായ താത്പര്യങ്ങള്‍ക്ക് ക്ഷതമേല്‍പ്പിക്കും. കരാറിന്റെ പൂര്‍ണരൂപം പുറത്തുവിടുന്നതോടൊപ്പം പാര്‍ലമെന്റിന് മുന്നില്‍ സമര്‍പ്പിക്കാനും കേന്ദ്ര സര്‍ക്കാര്‍ തയാറാകണമെന്ന് സിപിഎം ആവശ്യപ്പെട്ടു.