ചെറുതോണി: കൊമ്പൊടിഞ്ഞാലിൽ നാലംഗ കുടുംബം ദുരൂഹ സാഹചര്യത്തിൽ മരണമടഞ്ഞ് ഒരു വർഷം പൂർത്തിയായിട്ടും അന്വേഷണം എങ്ങുമെത്തിയില്ലെന്നാരോപിച്ച് ജനകീയ സമിതിയുടെ ആഭിമുഖ്യത്തിൽ ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. കൊന്നത്തടി പഞ്ചായത്തിലെ കൊമ്പൊടിഞ്ഞാലിൽ തെള്ളിപ്പടവിൽ ശുഭ, ശുഭയുടെ അമ്മ പൊന്നമ്മ, മക്കളായ അഭിനന്ദ്, അഭിനവ് എന്നിവരാണ് 2025 മേയ് ഒന്പതിന് വീടിനുള്ളിൽ പൊള്ളലേറ്റു മരിച്ചത്.
ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ കെഎസ്ഇബിയുടെ അന്വേഷണത്തിൽ തീപിടിത്തമുണ്ടായത് ഷോർട്ട് സർക്യൂട്ട് മൂലമല്ലെന്ന് കണ്ടെത്തിയിരുന്നു.
പോലീസ് അന്വേഷണം പ്രഹസനമാണെന്നും കുറ്റവാളികളെ കണ്ടെത്തുന്നതിൽ പോലീസ് മനഃപൂർവം വീഴ്ചവരുത്തുകയാണെന്നും നേതാക്കൾ ആരോപിച്ചു.
കളക്ടറേറ്റ് കവാടത്തിൽ പോലീസ് മാർച്ച് തടഞ്ഞു. തുടർന്നു നടന്ന പ്രതിഷേധ യോഗം ജില്ലാ പഞ്ചായത്തംഗം പി.എ. സജി ഉദ്ഘാടനം ചെയ്തു. സമരസമിതി ചെയർമാൻ അനിൽ ദേവസ്യ, വിനോദ് കറുകപ്പിള്ളിൽ, സാബു വെള്ളാരംപാറയിൽ, ഷാജി ചേലമറ്റം എന്നിവർ പ്രസംഗിച്ചു. നിരവധിപ്പേർ പ്രതിഷേധസമരത്തിൽ പങ്കെടുത്തു.