Kerala
പാലക്കാട്: അട്ടപ്പാടിയിൽ സ്വതന്ത്രനായി മത്സരിക്കുന്ന മുൻ സിപിഎം ഏരിയ സെക്രട്ടറിക്ക് സിപിഎം നേതാവിന്റെ വധഭീഷണി.
പാലക്കാട് അട്ടപ്പാടി അഗളി പഞ്ചായത്തിലെ 18-ാം വാര്‍ഡിലെ സ്വതന്ത്ര സ്ഥാനാർഥിയായ സിപിഎം മുൻ ഏരിയ സെക്രട്ടറി വി.ആര്. രാമകൃഷ്ണനെയാണ് സിപിഎം അഗളി ലോക്കൽ സെക്രട്ടറി എൻ. ജംഷീർ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയത്.
നാമനിര്‍ദേശ പത്രിക പിൻവലിച്ചില്ലെങ്കിൽ തട്ടിക്കളയുമെന്നും പാര്‍ട്ടിക്കെതിരെ മത്സരിച്ചാൽ കൊല്ലേണ്ടിവരുമെന്നുമാണ് സംഭാഷണത്തിൽ പറയുന്നത്. മത്സരിക്കുന്നതിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ അതിന് സാധ്യമല്ലെന്നാണ് രാമകൃഷ്ണൻ പറയുന്നത്. തുടര്‍ന്ന് ഞങ്ങള്‍ക്ക് തന്നെ നിങ്ങളെ കൊല്ലേണ്ടിവരുമെന്നാണ് ജംഷീര്‍ പറയുന്നത്.
അതേസമയം, പത്രിക പിൻവലിക്കില്ലെന്നും അഴിമതിയും കൊള്ളരുതായ്മയും ആണ് അട്ടപ്പാടിയിൽ നടക്കുന്നതെന്നും അതിനെതിരെ പോരാടാനാണ് തീരുമാനമെന്നും വി.ആർ. രാമകൃഷ്ണൻ പറഞ്ഞു.
Kerala
കൊല്ലം: കൊല്ലം മേയർ ഹണിബെഞ്ചമിനെതിരെ വധഭീഷണി മുഴക്കിയ സംഭവത്തിലെ പ്രതി പിടിയിൽ. തിരുവനന്തപുരം സ്വദേശി അനിൽ കുമാറാണ് പിടിയിലായത്. ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.
ഇയാൾ നേരത്തെ മേയറുടെ വീടിന് സമീപത്ത് താമസിച്ചിരുന്നെന്ന് പോലീസ് പറഞ്ഞു. ഇയാളുടെ പേരിൽ പല സ്റ്റേഷനുകളിലായി നിരവധി കേസുകൾ ഉണ്ടെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം അനിൽ കുമാർ മേയറുടെ വീടിന് സമീപത്ത് കത്തിയുമായി നടക്കുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. സംഭവത്തിൽ മേയർ കമ്മീഷണർക്ക് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പോലീസ് പിടികൂടിയിരിക്കുന്നത്.