കോഴിക്കോട്: പ്രാദേശിക എതിർപ്പുകൾ തള്ളി തിരുവനന്തപുരം സീറ്റ് സിഎംപിക്ക് വിട്ടു നൽകാൻ തീരുമാനിച്ച് കോൺഗ്രസ്. കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലാണ് ഇക്കാര്യം സിഎംപി സംസ്ഥാന നേതൃത്വത്തെ അറിയിച്ചത്.
ഇവിടെ സിഎംപി നേതാവ് സി.പി. ജോൺ മത്സരിക്കും. എന്നാൽ തിരുവനന്തപുരം സീറ്റ് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് ശരത്ചന്ദ്ര പ്രസാദ് ദേശീയ നേതാക്കളെ കണ്ടു.
കോൺഗ്രസ് നേതാക്കളായ വി.എസ്. ശിവകുമാർ, ശരത് ചന്ദ്രപ്രസാദ് എന്നിവരുടെ എതിർപ്പ് അവഗണിച്ചാണ് തിരുവനന്തപുരം സീറ്റ് സിഎംപിക്ക് വിട്ടു നൽകാൻ കോൺഗ്രസ് തീരുമാനിച്ചത്. ഇതു സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് സിഎംപി നേതൃത്വത്തിന് കൈമാറി.
പ്രാദേശിക എതിർപ്പുകൾ പാർട്ടി നേതൃത്വം പരിഹരിക്കുമെന്നും നേതാക്കൾ ഉറപ്പുനൽകി. ഇതോടെ സി.പി. ജോൺ തിരുവനന്തപുരത്ത് മത്സരിക്കുമെന്ന് ഉറപ്പായി. സിഎംപി ആവശ്യപ്പെട്ട രണ്ടാം സീറ്റ് മുസ്ലീം ലീഗിന്റെ കൈവശമുളള കുന്ദമംഗലമാണ്. ഈ സീറ്റ് ലീഗ് വിട്ടു നൽകിയില്ലെങ്കിൽ കുന്ദംകുളം സിഎംപിക്ക് നൽകും.