തലശേരി: പ്രസവ ശസ്ത്രക്രിയ വൈകിയതിനാൽ ഗർഭപാത്രത്തിൽ കുഞ്ഞ് മരിച്ചതായി പരാതി. പേരാവൂർ വെള്ളാർവള്ളിയിലെ തൈക്കണ്ടിയിൽ വിജേഷാണ് തലശേരി ജനറൽ ആശുപത്രിയിലെ ഗൈനോക്കോളജിസ്റ്റ് ഡോ. പ്രീജയ്ക്കെതിരേ തലശേരി പോലീസിൽ പരാതി നൽകിയത്. ഒമ്പതു മാസം ഗർഭിണിയായ ഭാര്യ ശ്രീജയെ (40) ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയാണ് വിജേഷും ബന്ധുക്കളും ചേർന്ന് പ്രസവത്തിനായി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
വ്യാഴാഴ്ച പുലർച്ചെ നാലോടെ പ്രസവവേദന വന്ന ശ്രീജയെ ലേബർ റൂമിലേക്ക് മാറ്റി. മണിക്കൂറു കൾക്ക് ശേഷം രാവിലെ എട്ടോടെ ഗർഭപാത്രത്തിൽനിന്നും കുഞ്ഞ് പാതിയേ പുറത്തു വരുന്നുള്ളൂ വെന്നും ഉടൻ ഓപ്പറേഷൻ വേണമെന്നും ഡോക്ടർ പറഞ്ഞു. എന്നാൽ ഒരു മണിക്കൂർ കഴിഞ്ഞിട്ടും ഓപ്പറേഷൻ ചെയ്തില്ല. ഗർഭപാത്രത്തിൽ തന്നെ കുഞ്ഞ് മരിച്ചതായി അറിയിക്കുകയായിരുന്നുവെന്ന് വിജേഷ് പരാതിയിൽ പറയുന്നു.
ശസ്ത്രക്രിയ വൈകിച്ചതാണ് കുഞ്ഞ് മരിക്കാനിടയാക്കിയെന്നാണ് വിജേഷിന്റെ ആരോപണം. എന്നാൽ ഗർഭപാത്രത്തിൽ വച്ചുതന്നെ കുഞ്ഞും മറുപിള്ളയും വേർപെട്ടുപോകുന്ന അമ്പ്രാഷ്യോ പ്ലാസന്റ എന്ന അപൂർവ അവസ്ഥയാണ് കുഞ്ഞിന്റെ മരണത്തിനിടയാക്കിയതെന്നാണ് ഡോക്ടർ പ്രീജ പറയുന്നത്.